ചൊവ്വാഴ്ച, ഏപ്രിൽ 04, 2017
കിടപ്പാടം
വ്യാഴാഴ്‌ച, ജൂൺ 04, 2015
ആ മരം ♠ മരക്കവിതകൾ ♠
വിവർത്തന ശേഷമുള്ള
തെങ്ങുകളാണു ഞങ്ങൾമറന്നുവോ?
(തെങ്ങുകൾ)
കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാൻ
(രണ്ട് മരങ്ങൾ)
വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ
(രണ്ട് മരങ്ങൾ)
അപ്പാ,
നീ പറയുമായിരുന്നു
ഏത് മരം കൊണ്ടാണപ്പാ ?
അതു വാതിലാകും
ഉള്ളിൽ കയറിച്ചെന്നു
കസേരയായി ഇരിക്കും
ഷീണിച്ച് തളർന്ന്
കട്ടിലായി കിടക്കും
ഒരു കണിക്കൊന്ന നട്ടു
മഴയത്തും വെയിലത്തും നിലാവത്തും
ഞാനതിനു കാവൽ നിൽക്കും
കൈവെള്ളയിൽ അതിന്റെ
പച്ചയും കൊമ്പുകളും ഇലകളും
പച്ച കുത്തും
(നിനക്ക് പകരം )
ക്ലിനിക്കിലെ ഡോക്ടർ, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടൽ,
മഴ, എവിടത്തെയും ആകാശം സൂര്യൻ , ചന്ദ്രൻ
വഴിവക്കിലെ ഒരാല്‍മരം
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണൽ നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
ഓര്മ്മയിൽ
ഉള്ളം നടുങ്ങുകയും
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി
ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു
Labels: കവിത, കുഴൂർ, കുഴൂര്‍ വില്‍സന്റെ കവിതകള്‍, മരക്കവിത, മരക്കവിതകൾ, Tree, Tree poems
ബുധനാഴ്‌ച, മേയ് 21, 2014
മർവ മർവ
എന്നായിരുന്നില്ലേ ?
ആ ജന്മത്തിൽ
മർവ മർവ
എന്ന് വിളിച്ച്
എന്റെ ചുണ്ടുകൾ
തേഞ്ഞുപോയത്
നാവിന്റെ
ഒരു വശം തളർന്ന് പോയത്
ഒക്കെ
എനിക്കോർമ്മയുണ്ട്
നീയിടാറുള്ള
ആ നീല ഫ്രോക്കില്ലേ
അതിപ്പോൾ
ഞാൻ കണ്ടു
എന്റെ ശവകുടീരം
തുടക്കുന്ന
ബംഗാളിപ്പയ്യന്റെ കയ്യിൽ
തുടച്ച് കഴിഞ്ഞ്
അവൻ
അടുത്തതിലേക്ക്
നീങ്ങിയപ്പോൾ
ഞാനവനെ തടഞ്ഞു
അത് കൊണ്ട്
മറ്റൊരു കുടീരവും
തുടയ്ക്കരുതെന്ന് പറഞ്ഞു
കാര്യം മനസ്സിലായെന്ന് തോന്നുന്നു
എന്റെ നെഞ്ചിൽ തന്നെ
ഇട്ടിട്ട് പോയി
അതിനുള്ളിലൂടെ
ആകാശം കാണുകയാണു
നീ ഒരു കിളിയായി
എന്റെ ആകാശത്ത് കൂടെ
പറന്ന് കളിക്കുന്നു
ഞാനെന്റെ
നെഞ്ചിൽ
നിനക്കുള്ള
നെന്മണികൾ
വിതറിയിരിക്കുന്നു
Labels: കുഴൂർ, കുഴൂര്‍ വില്‍സന്റെ കവിതകള്‍, പുതുകവിത, മർവ, വയലറ്റ്
ബുധനാഴ്‌ച, മേയ് 14, 2014
തിന്താരു
ഞായറാഴ്‌ച, ജൂൺ 01, 2008
മെയ് 29 ആറ് മണി കഴിഞ്ഞ് 32 മിനിറ്റ്

വഴിയരികില്‍ മരം
പൂത്ത് നില്‍ക്കുന്നത് കാണുമ്പോഴുള്ള
ഒരിത് പോലെ
വളരെ വയസ്സായ സ്ത്രീ
ചിരിക്കുന്നത് കാണുമ്പോള്‍
ഉണ്ടാകുന്ന ഒരത് പോലെ
പുലര്‍ച്ചെ ഒരൊച്ച കേട്ടപ്പോള്‍
ഒരിത്, ഒരത്
വിളിക്കാതെ മംഗളകര്‍മ്മങ്ങള്‍ക്ക്
കയറി വരുന്ന സ്ന്ന്യാസിയെക്കണക്കെ
കണ്ണുനീര്‍
ഇരിക്കാന്‍ വയ്യ
നടക്കാന്‍ വയ്യ
ആഹ്ലാദത്തിന്റെ പൊറുതികേട്
എന്തൊക്കെയോ ചെയ്യണമെന്ന്
കരുതി കരുതി ഒന്നും ചെയ്യാതെ
ആഹ്ലാദത്തിന്റെ വലിയ ഐസ് കട്ട
പോര,
ആനന്ദത്തിന്റെ മഞ്ഞുമല
ചൊവ്വാഴ്ച, ജനുവരി 29, 2008
അല്ലെങ്കില്‍ വഴിവക്കിലെ ഒരാല്‍മരം
ആരുടേയുമല്ല, എന്നെ വിടൂ
ഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ
പ്ലീസ് എന്നെ വിടൂ
ഉണ്ടായപ്പോള്‍ അപ്പനുമമ്മയും വിളിച്ചു
എന്റെ മകന്‍ എന്റെ മകന്‍
ഞങ്ങളുടെ മകന്‍
അന്നുറക്കെ കരഞ്ഞത് എന്നെ വിടൂ വിടൂ
ഞാനാരുടേതുമല്ലെന്നും പറഞ്ഞാണ്‍, അല്ല
ഞാനാരുടേതുമല്ല
മമ്മോദീസ മൂക്കുമ്പോള്‍ കരഞ്ഞതും അതിനാണ്‍
എന്നെ വിടൂ എന്നെ വിടൂ
ഞാന്‍ ക്ര്യിസ്ത്യാനിയുടേതല്ല
ഹിന്ദുവിന്റേതല്ല ജൂതന്റെയും ബുദ്ധന്റേയുമല്ല
എന്നെ വിടൂ എന്നെ വിടൂ എന്നാണ്‍ ഞാനന്ന് കരഞ്ഞത്
ഞാന്‍ ആരുടേയുമല്ല.
ഞാന്‍ എന്റേതല്ല
ഞാന്‍ ആരുടേയുമല്ല, നിന്റേതുമല്ല
ആരുടേയുമല്ല
ചുംബനത്തിനോ, വിവാഹത്തിനോ, മരണത്തിനോ
എന്റെ മേല്‍ യാതൊരവകാശങ്ങളുമില്ല
ആരുടേതുമല്ലാതായിരിക്കലാണ്‍ എനിക്ക് ജീവിതം
പബ്ലിക്ക് ബൂത്തിലെ ടെലഫോണ്‍
കഫേയിലെ കമ്പ്യൂട്ടര്‍, നിരത്തിലെ റഷ്യക്കാരി
ചായക്കടയിലെ കപ്പ്, പരാതിപ്പുസ്തകത്തിലെ പേന
ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടര്‍, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടല്‍,
മഴ, എവിടത്തെയും ആകാശം സൂര്യന്‍ , ചന്ദ്രന്‍
അല്ലെങ്കില്‍
വഴിവക്കിലെ ഒരാല്‍മരം
ചൊവ്വാഴ്ച, ഡിസംബർ 04, 2007
നൃത്തം
കോര്‍ണേഷിലെ ഉദ്യാനത്തില്‍
കമ്പിവലയിട്ട മൈതാനത്തില്‍
അറബ് കൌമാരം പന്ത് തട്ടുമ്പോള്‍
ചാരെ കല്ബഞ്ചിലിരിക്കുന്ന
ഒരു സുഡാന്കാരനു
കാലുകള് പൊരുപൊരുക്കുന്നു
ഗോളടിക്കാനറിയുന്നവന്
പന്ത് തട്ടാനുള്ള വിശപ്പാണ്
ഏറ്റവും വലിയ വിശപ്പെന്ന് കരയുന്നു
ഞാനോ ? എനിക്ക് പേരില്ല
പ്രളയത്തില്
വഞ്ചിയും വലയും നഷ്ട്ടപ്പെട്ട് നീന്തുമ്പോള്
കൂറ്റന് സ്രാവുകളുടെ കൂട്ടത്തെക്കണ്ട്
ശരീരം തരിക്കുന്ന മുക്കുവന്
നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ
ഒട്ടകപ്പുറത്ത്
മരുഭൂമിയില് ഇഴയുന്ന
നീന്തല്ക്കാരന്
മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട
ഒരിക്കല്‍, പത്താം നിലയില്‍
സിമന്റ് ചുമക്കുമ്പോള്‍
ഒരു നിമിഷം
ഒരു നിമിഷം
സൂര്യന്‍ വലിയൊരു പന്തായി പ്രലോഭിപ്പിച്ചു
ആകാശമൈതാനത്ത്
തട്ടി തട്ടി മുന്നേറുമ്പോള്‍
കിട്ടിയ അടിയുടെ പാട് മുതുകത്ത്
ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്
ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല
മുന്നിലെ മൈതാനത്തിപ്പോള്‍
അറബിക്കുട്ടികളില്ല
പന്ത്,പന്ത്,പന്ത് മാത്രം
അത് ഒറ്റയ്ക്ക്
അങ്ങോട്ടുമിങ്ങോട്ടും പായുന്നു
പുറത്തേയ്ക്കോടുന്നു
ഗോള്‍മുഖത്തേയ്ക്ക് കുതിയ്ക്കുന്നു
ചിലപ്പോള്‍ എവിടെയോ ഒളിയ്ക്കുന്നു
ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ
ഒരു പിടച്ചില്‍ കാല്‍ വിരലുകളില്‍
പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി
ഞായറാഴ്‌ച, നവംബർ 11, 2007
മുറിച്ച് കടക്കല്‍
റോഡ് മുറിച്ച് കടക്കുകയായിരുന്നു
മറ്റെന്തും മുറിക്കുന്നത് പോലെയല്ല
ഒരു ട്രെയിലര്‍
പല കഷണങ്ങളായിവീതം വയ്ക്കുകയോ
ഹമ്മര്‍
ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കുകയോ
ഒരു പാട്ട വണ്ടി
കാലോ കയ്യോ എടുത്ത് കൊണ്ട്
പോവുകയോ ചെയ്യാം
വാഹനാപകടത്തില്‍ മരിയ്ക്കണമെങ്കില്‍
ഇഷ്ട്ടമുള്ള ചുവന്ന ലാന്‍സര്‍കാര്‍ തന്നെ
വരണമെന്നത് അന്ത്യാഭിലാഷമായാലും
ഏത് കോടതി കേള്‍ക്കാനാണ്
റോഡിനപ്പുറം ഒരു വേപ്പ് മരമുണ്ട്
അതില്‍ കരിംപച്ച ഇലകള്‍ കാണുന്നുണ്ട്
ഇല്ല, കയ്പ്പ് കാണുന്നില്ല
കാണുമായിരിക്കും
റോഡ് മുറിച്ച് കടക്കേണ്ടതുണ്ട്
എന്നിട്ട്
അക്കരെ ആ പച്ചയ്ക്ക്
കീഴെ അല്‍പ്പം നില്‍ക്കേണ്ടതുണ്ട്
ആ കിളികള്‍ ഓടിപ്പോകേണ്ടതുണ്ട്
(അങ്ങനെ പറക്കണ്ട)
പോയ പോലെ തന്നെ തിരിച്ച് വരേണ്ടതുണ്ടു
എന്നിട്ടോ, മുറിച്ച് കടന്നത് റോഡല്ലേ
അതിന്റെ ഒരു ഇത് ഇല്ലാതിരിക്കുമോ ?
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍
ഒരു ട്രെയിലര്‍വന്നു
അതിന്റെ ഡ്രൈവര്‍ഒരു തമിഴനായിരുന്നു
ഹമ്മര്‍വന്നു
അതില്‍ഒരച്ഛനും അയാളുടെ കൂട്ടുകാരനും
അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു
ആ കുഞ്ഞു ഉറക്കെ പാട്ട് പാടുകയായിരുന്നു
കൂട്ടുകാരന്‍ അയാളുടെ കൂട്ടുകാരിയെ
ഓര്‍ത്തിരിക്കുകയായിരുന്നു
പാട്ട വണ്ടിയും വന്നും
അതില്‍അടുത്ത നൂറ്റാണ്ടിലേക്ക് കരുതി വച്ച
വീഞ്ഞ് കുപ്പികളായിരുന്നു
എന്നിട്ടോ
ട്രെയിലര്‍പല കഷണങ്ങളാക്കി വീതം വച്ചു
ഹമ്മര്‍ഒരു നിമിഷം കൊണ്ട് അജ്ഞാതനാക്കി
പാട്ട വണ്ടി
രണ്ട് കയ്യും, ഒരു കാലും
രണ്ട് കാതുകളും എടുത്ത് കൊണ്ട് പോയി
ഇപ്പോള്‍ അവിടെ നിന്ന്
ഇങ്ങോട്ട് നോക്കുന്നത്
അവിടെ എത്തിയ ആളോ
ഇവിടെ നിന്നിരുന്ന ആളോ
റോഡ് മുറിച്ച് കടന്ന ആളോ
തിരിച്ച് വരേണ്ട ആളോ ?
ഞായറാഴ്‌ച, ജൂലൈ 15, 2007
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
ശരീരമേ, ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകള്‍
അതു തന്നെ
അല്ലാതെ ഈ പൂച്ച
ഇന്ന് മൂന്നാം തവണയും
നിന്ന് ചുറ്റുന്നതിനു
മറ്റ് കാരണങ്ങളൊന്നുമില്ല
ഇന്നലെ മിഴുങ്ങിയ മീനുകളെ,
പിടക്കാതെ
ആ പൂച്ചയുടെ ഉണ്ടന്‍ കണ്ണുകള്‍
അകന്നു പോകുന്ന വരെയെങ്കിലും
ഉദരമേ നിന്റെ തിരമാലകളുടെ
ചെറുചലനങ്ങളാല്‍ ഉലയ്ക്കാതെ
ശരീരമേ ശരീരമേ
കടല്‍ക്കരയില്‍ സൂക്ഷിച്ച്
പണ്ട് ഉള്ളില്‍ കയറിയ
മീനുകളെല്ലാം
ജന്മദേശം കണ്ട് കുതിച്ചാല്‍
അവരുടെ കൂട്ടുകാര്‍
ഓരോ കോശങ്ങളിലും
മുട്ടിനോക്കിയാല്‍
ശരീരമേ നിന്റെ ശരീരം
ഒരു കരയില്‍ നിറയെ
മീനുമ്മകളുമായി അടിഞ്ഞാല്‍
ശരീരമേ
നീ കൊതിയോടെ നോക്കിയതെല്ലാം
വിശപ്പോടെ
വലിച്ച് വാരി തിന്നതെല്ലാം
ആര്‍ത്തിയോടെ
വെട്ടിവിഴുങ്ങിയതെല്ലാം
പതുക്കെ പതുക്കെ നുണഞ്ഞതെല്ലാം
എപ്പോഴെങ്കിലും
മുന്നിലവതരിച്ചാല്‍
അവതരിച്ചാല്‍
ശരീരമേ ശരീരമേ
കുഞ്ഞുങ്ങളെ കാണുമ്പോള്‍
മുപ്പതാണ്ട് മുന്‍പത്തെ
മുലപ്പാല്‍ പുറത്തേക്കു പരന്നാല്‍
കയിലപ്പവും, കരള്‍ വറുത്തതും
കുഞ്ഞ് വായകളെ തേടിയിറങ്ങിയാല്‍
കുടിച്ച മദ്യമെല്ലാം കൂട്ടുകാരെ
കാണുമ്പോള്‍ ചാടിയിറങ്ങിയാല്‍
പാതിരാവില്‍ കൂവിത്തിമിര്‍ത്താല്‍
ആരും കേള്‍ക്കാതെ ഒരു തെറിക്കവിത ചൊല്ലിയാല്‍
ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
എന്തെങ്കിലുമൊക്കെ കണ്ട്
ഉമിനീരും, വിയര്‍പ്പും, നനവുകളും
പുറത്തെയ്ക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
പച്ചപ്പു കണ്ട് ഉള്ളിലെ പശുക്കളും പോത്തുകളും എരുമകളും
മുയലുകളും മറ്റും മേയാനിറങ്ങിയാല്‍
തവളകള്‍ മഴക്കാറ് കണ്ടു പേക്രാന്‍ തുടങ്ങിയാല്‍
ഉള്ളില് ചേക്കേറിയ കൊക്കും, കാക്കയും
ആകാശം കണ്ട് പറന്നാല്‍
ആ പിടയെ കണ്ട് പൂവന്
മുറ്റത്തേക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
ഉള്ളിലെ മീനുകളും, ജന്തുക്കളും, കിളികളും
ഒരുമിച്ച് പുറത്ത് കടന്നാല്‍
ശരീരമേ ശരീരമേ
ശരീരത്തിന്റെ ആത്മാവേ...
ബുധനാഴ്‌ച, മേയ് 16, 2007
അജ്മാനിലെ കടപ്പുറത്ത്
വീണ്ടുമൊരു കടല്‍ത്തീരം
കാല്‍വിരലുകള്‍ നനയിച്ചു കുട്ടിക്കാലം
മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും
കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്ന്നയാള്‍
മലയാളമറിയാത്ത പെണ്ണാണ്‍
വിവര്‍ത്തനം ചെയ്യണം
^2006
ഞായറാഴ്‌ച, ഏപ്രിൽ 01, 2007
കണ്ണ്
ഏതാണ്ട് ഇത് പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക് വരിവരിയായിപ്പോയത്
അന്ന് വരാതിരുന്ന ആ കരച്ചില്
ഇപ്പോള്‍ എവിടെ നിന്ന് വരുന്നു
രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക് പേരില്‍ തന്നെയുണ്ടായിരുന്നു
എനിക്കെന്തിന്റെയായിരുന്നു കുറവ്
മീനാക്ഷി ടീച്ചര് അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു
മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത് പിന്നീടാണു
കണ്ണ്‍ പറ്റിയതാണു ടീച്ചറേ
ഉത്തരം ശരിയായെങ്കില്
മാര്‍ക്ക് തന്നെന്നെ ഏഴിലേക്ക് പറഞ്ഞുവിട്
^2007
തിങ്കളാഴ്‌ച, ഫെബ്രുവരി 12, 2007
എന്നെയറിയില്ല
അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും
ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്
അതില്‍ നിറയെ മീനുകളും
ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല
ആ മീനുകള്
ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം
ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ
കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്
ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
അയാളറിയുന്നുണ്ടാകുമോയെന്നും
അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല
ആ എന്തെങ്കിലും വിചാരിക്കട്ടെ
അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം
എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു
അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു
ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ് വലിക്കുന്നത്
അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു
അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ
ആകില്ലഅയാള്‍ കറുത്തതു തന്നെ
ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍
കറുത്തതല്ലാത്ത ഞാന്‍
^ 2006
ചൊവ്വാഴ്ച, ഫെബ്രുവരി 06, 2007
12 വര്‍ഷം പഴക്കമുള്ള ആകാശം കടല്‍ കാട്
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ തിരിയാനിടമില്ലാത്ത
സിറ്റൗട്ടിലിരുന്ന് ആകാശം കണ്ടു.
ആ ആകാശംആകാശത്തേക്കാള്‍ നിറഞ്ഞു
ഇപ്പോള്‍ താഴേയ്ക്കു ചാടുമേയെന്ന്
നക്ഷത്രങ്ങള്‍ കുതറി.
അവസാന ബെല്ലടിച്ചിട്ടും
സ്കൂളിലേക്കോടാതെ കുട്ടികള്‍
മാവിന്‍ചുവട്ടില്‍ നില്‍ക്കുംപോലെ
ഞങ്ങള്‍ താഴെ.
കാറ്റെപ്പോള്‍ വേണമെങ്കിലും വരും.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ പുകയും മണവും നിറഞ്ഞ
അടുക്കളയിലിരുന്ന്
കടല്‍ കണ്ടു.
ആ കടല്‍ കടലിനേക്കാള്‍ പരന്നു.
ആഴത്തിലൂടെ നീന്തിയ മീനുകള്
ചോദിച്ചു പോരുന്നോ?
ഉച്ചയായി വിശന്നിട്ടും
ഒരു വരാല്‍ വരാനുണ്ടെന്നു കാത്ത്
പിന്നെയുമിരിക്കുന്ന ചൂണ്ടക്കാരനെപ്പോലെ
ഞങ്ങള്
കണ്ണീരിന്റേയും കൈത്തോടിന്റേയും വഴികള്
കടല്‍മീനുകള്‍ക്കറിയില്ല.
കാര്‍മേഘം എപ്പോള്‍ വേണമെങ്കിലും വരാം.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ കര്‍ട്ടനുകളില്ലാത്ത
ജനാലയ്ക്കരികിലിരുന്ന്
കാടു കണ്ടു.
ആ കാട് കാടിനേക്കാള്‍ കറുത്തു.
എന്തേ വരാന്‍ വൈകിയെന്ന പരിഭവം നടിച്ച്
മരങ്ങള്‍.
ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും
നിലാവ്.
മിന്നാമിനുങ്ങുകള്‍ നെല്‍ക്കതിരുകള്‍ കാണുംപോലെ
ഞങ്ങള്‍.
വെളിച്ചപ്പെടാത്ത മുറിവുകളുണ്ട്.
ഒരിടിമിന്നല്‍ എപ്പോള്‍ വേണമെങ്കിലും വരും.
12 വര്‍ഷം പഴക്കമുള്ള
ഒരു ലാന്‍സര്‍ കാറായിരുന്നു
ഞങ്ങളുടെ വീട്.
അതിന്റെ പരുത്തതും അല്ലാത്തതുമായ
ഇടങ്ങളിലിരുന്ന്
ഞങ്ങള്‍ പരസ്പരം
വിശപ്പും ദാഹവും മാറ്റി
കലഹിച്ചു
പ്രാര്‍ത്ഥിച്ചു
വിശുദ്ധപുസ്തകം വായിച്ചു
ഇടയ്ക്കിടെ ആരും കാണാതെ
അവള്‍ പാവക്കുഞ്ഞുങ്ങള്‍ക്ക്
മാമം കൊടുത്തു
താരാട്ടുപാടിയുറക്കി.
അപ്പോഴെല്ലാം സിഗരറ്റുവലിയ്ക്കാനെന്ന വ്യാജേന
ഞാന്‍ പുറത്തേയ്ക്കുപോയി
അപ്പോള്‍ ഞങ്ങള്‍ക്കിടയില്‍
ആകാശം കടല്‍ കാട്.
^ 2006
ഞായറാഴ്‌ച, ഫെബ്രുവരി 04, 2007
www . സൌഗന്ധികം . com
സൌഗന്ധികം സെര്‍ച്ചു ചെയ്യുന്നതിനിടയില്
നാലു വൈറസുകള്‍ ഭീമന്റെ വഴി മുടക്കി
ഗദകൊണ്ടും കരുത്തുറ്റ മാംസപേശികള്‍ കൊണ്ടും
അവറ്റകളെ തുരത്താനാകാതെ കുഴഞ്ഞു
പല തവണയും സൗഗന്ധികത്തിന്റെ സ്പെല്ലിംഗ് തെറ്റി
പൂക്കളായ പൂക്കളെക്കുറിച്ചുള്ള
മുഴുവന്‍ സൈറ്റുകളിലും ചുറ്റി നടന്നുകണ്ണുകള്‍ കഴച്ചു
മുക്കുറ്റി.com ബോഗണ്‍വില്ല.com
ഓര്‍ക്കിഡ് തുമ്പ
മൗസില്‍ തൊട്ടപ്പോള്‍ ചുരുങ്ങിപ്പോയ തൊട്ടാവാടി.com
മുള്ളുകൊള്ളാത്ത യാത്ര
കരിങ്കല്‍ ശരീരത്തിനുള്ളിലെ നീരുറവയില്‍ചില പൂക്കള്‍ വിരിഞ്ഞു
പൂ പൂ എന്നു ഇടക്കിടെ പിറുപിറുത്തു
മാംസപുഷ്പ്പങ്ങള്‍ പൂത്തുലയുന്ന വളക്കൂറുള്ള ഡോട്ട് കോമുകള്
വിവസ്ത്രയാക്കപ്പെട്ട ഭാര്യയെ ഇടക്കെല്ലാം മറന്നു
മല്ലന്മാരെക്കുറിച്ചുള്ള വെബ് പേജുകള്‍ക്കു
മുന്‍പില്‍ അല്‍ഭുതപ്പെട്ടിരിക്കുമ്പോള്‍
ഒരു മെസേജു
വിഷയം-സൗഗന്ധികത്തെക്കുറിച്ചു സൂചന
ഇന്‍ബോക്സില് സൗഗന്ധികത്തിന്റെ
ലക്ഷണങ്ങളുമായി ബ്ലാക്ക് മൂണ്‍
ലാറ്റിനമേരിക്കയില്‍ നിന്നുള്ള
സുഗന്ധമില്ലാത്ത പുഷ്പ്പത്തെ അയാള്‍ ഇഷ്ടപ്പെട്ടു
ഇ വനത്തിലൂടെ
ഇനി ഒരടിപോലും വയ്യെന്നു ഉള്ളിലുറച്ചു
ബ്ലാക്കുമൂണ്‍ ഡൗണ്‍ലോഡ് ചെയ്തു
മോര്‍ഫു ചെയ്തു ചില്ലറ മാറ്റങ്ങള്
പിന്നെ ഒരു കളര്‍പ്രിന്റ്
അഞ്ചെണ്ണത്തിന്റെ ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന പാഞ്ചാലി തുള്ളിച്ചാടി
സൗഗന്ധികത്തിന്റെ നാലു ഫോട്ടോസ്റ്റാറ്റു കോപ്പികള്‍
എടുത്തു ഡോക്ടറേറ്റിനുള്ള അപേക്ഷാഫോറവുമായി
പൂമുഖത്തേക്കു പോയി
ചരിത്രത്തില്‍ സുഗന്ധമില്ലാത്തഒരു നുണ വിരിഞ്ഞു
^ 2000
ചൊവ്വാഴ്ച, ജനുവരി 30, 2007
ഒരു കോഴിക്കവിത
അടുക്കളക്കാരീ
എത്ര നേരമായിങ്ങനെ
വെന്തുവോയെന്നു
നുള്ളി നോക്കുന്നു
അപ്പാടെ നീ പുഴുങ്ങിയ
ഈ ശരീരത്തില്‍
എല്ലാം പാകമായെന്നു തോന്നുന്നു
നീ തിരുമ്മിയിട്ട
വേപ്പിലകളെ നല്ല പരിചയം
ആ വേപ്പുമരത്തിന്റെ
താഴെ ഞാന്‍ കുറെ നടന്നിട്ടുണ്ട്
നിനക്കറിയുമോ...
അല്ലെങ്കില്‍ വേണ്ട ബോറടിക്കും
കരളിന്റെ വേവു കൂടിക്കാണും
ദശയുടെ ഓരോ അണുവിലും
മുളകും മല്ലിയും
കുരുമുളകും ശരിക്കു പിടിച്ചിട്ടുണ്ടു
നീറുന്നതു അതിനാലല്ല
കരിയുന്നതിനു മുന്‍പു
പിള്ളാര്‍ക്കും കൊടുത്തു
അവര്‍ കളഞ്ഞതു പോലും
അപ്പാടെ കഴിച്ചു
നീ മയങ്ങാതെ തീരില്ല
ഈ നീറ്റല്‍
^ 2007
വെള്ളിയാഴ്‌ച, ജനുവരി 26, 2007
അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്
അന്തോണീസ്
പുണ്യാളനു മുന്നില്‍
ഉരുകിയൊലിച്ചിരുന്ന
മെഴുകുകള്‍ കൊണ്ടു
കടലാസു ചുരുട്ടി
പുതിയ മെഴുകുതിരി
ഉണ്ടാക്കുക എന്നതു
കുട്ടിക്കാലത്തെ ഞങ്ങളുടെ
ശീലങ്ങളില്‍ ഒന്നായിരുന്നു
കിടപ്പാടം പണയപ്പെട്ട
ത്രേസ്യേടത്തിയുടെയും
കല്ല്യാണമുറക്കാത്ത
സെലീനയുടെയും
മക്കളില്ലാത്ത അന്തപ്പേട്ടന്റേയും
വസന്ത വന്നു കോഴികള്
ചത്തുപോയ
തങ്കമ്മചേച്ചിയുടെയും
മെഴുകുതിരികള്‍ഞങ്ങള്‍ക്കു വേണ്ടി
അന്നങ്ങനെ നിന്നുരുകി
കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി
അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു
ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ
^ 2007
ഞായറാഴ്‌ച, ജനുവരി 21, 2007
വിവര്‍ത്തന ശേഷം കുമാരന്‍ ഗര്‍ജ്ജനമംഗലം എന്ന ഭാഷ
മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്
ഞാനുണ്ടായിരുന്നു
തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി
ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു
നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്
ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു
ഇന്നിപ്പോള്‍ വിവര്‍ത്തനശേഷം
കണ്ണാടിയില്‍ നോക്കുമ്പോള്
വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്‍ക്കിടയില്
അതു പതുങ്ങിക്കിടക്കുന്നു
ഉപകളുടെ വയറു ചാടി
അലങ്കാരത്തിലെ ദുര്‍മേദസ്സു
എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ
നടക്കാന്‍ വയ്യ
ഇരുന്നിരുന്നു എഴുന്നേല്‍ക്കാനേ വയ്യ
പുതിയതൊക്കെയും
വെട്ടിവിഴുങ്ങണമെന്നുണ്ടു
പക്ഷേ കാണുമ്പോഴേ വരും ഓക്കാനം
വ്യായാമം മുടങ്ങിയാല്
പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ
400 പേജിന്റെയാല്‍മകഥ
^ 2005
തിങ്കളാഴ്‌ച, ജനുവരി 15, 2007
വായന
തകിലിന്റെ താളത്തില്‍
തുള്ളുന്നൊരാള് കേള്‍ക്കുകയില്ല
മ്യഗത്തിന്‍ നിലവിളി
തബലയുടെ താളത്തില്‍
മുറുകുന്നൊരാള് വായിക്കുകയില്ല
തുകലിന്റെ ഓര്മ്മകള്
പ്രണയമായ് പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്
വാങ്ങി ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ
ധൈര്യമേറുവാന്
വാല്‍മോതിരമണിയുന്നവന്
കാണുകയില്ല
കൂര്‍ത്ത തോട്ടിക്കു താഴെ
പേടിച്ചു നില്‍ക്കുമൊരു
ജീവനെ
കേള്‍ക്കുകയില്ല
ചങ്ങലക്കിലുക്കങ്ങള്‍
ഈ വരികള്‍
വായിക്കുന്നയാള്
വായിക്കുകയില്ല...
^ 2003
തിങ്കളാഴ്‌ച, ജനുവരി 08, 2007
ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍
അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍
പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ
അവന്‍റെയൊരു കൈവിരല്‍
ഉരുകിയൊലിച്ച
ആല്‍മാവിന്‍റെ
ശരീരം നീ കണ്ടിട്ടുണ്ടോ
ഉള്ളിലെ ശില്പ്പവും
9,01,2007
തിങ്കളാഴ്‌ച, ജൂലൈ 10, 2006
വെള്ളമേ ചൂടാവല്ലേ
കുളിക്കാന്‍
ചെന്നപ്പോള്‍
വെള്ളം ചൂടായി
ചൂടാവല്ലേ വെള്ളമേ
എന്നു പറഞ്ഞു നോക്കി
ഒടുവില്‍
ഞാന്‍ തണുത്തു
Labels: കവിത, കുഴൂര്‍ വില്‍സന്റെ കവിതകള്‍, മലയാള കവിത