ഞായറാഴ്‌ച, ഏപ്രിൽ 01, 2007


കണ്ണ്

ഏതാണ്ട്‌ ഇത്‌ പോലൊരു
ദിവസമായിരുന്നു
രാമചന്ദ്രനെയും ശിവനേയും
പൊട്ടിമേരിയേയും ഒറ്റയ്ക്കാക്കി
ആറാം ക്ലാസ്സില്‍ പിന്നെയുമിരുത്തി
അവര്‍ 43 പേര്‍
7-A യിലേക്ക്‌ വരിവരിയായിപ്പോയത്‌

അന്ന് വരാതിരുന്ന ആ കരച്ചില്
‍ഇപ്പോള്‍ എവിടെ നിന്ന് വരുന്നു

രാമചന്ദ്രന്‍ അന്നു പണിക്കു പോയിരുന്നു
ശിവന്റെയമ്മ പിച്ചക്കാരിയായിരുന്നു
പൊട്ടിമേരിക്ക്‌ പേരില്‍ തന്നെയുണ്ടായിരുന്നു

എനിക്കെന്തിന്റെയായിരുന്നു കുറവ്‌

മീനാക്ഷി ടീച്ചര് ‍അന്ന് ചോദിച്ചതുമിതാണു
അമ്മയായിരുന്നുവെങ്കില്‍
ഒന്നു പോയെന്നെങ്കിലും
ഉത്തരം നല്‍കാമായിരുന്നു

മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത്‌ പിന്നീടാണു


കണ്ണ്‍ പറ്റിയതാണു ടീച്ചറേ


ഉത്തരം ശരിയായെങ്കില്
‍മാര്‍ക്ക്‌ തന്നെന്നെ ഏഴിലേക്ക്‌ പറഞ്ഞുവിട്‌


^2007

29 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

“മീനാക്ഷിടീച്ചറുടെ വലതു മുല
ക്യാന്‍സര്‍ വന്ന്
മുറിച്ചുകളഞ്ഞത്‌ പിന്നീടാണു


കണ്ണ്‍ പറ്റിയതാണു ടീച്ചറേ


ഉത്തരം ശരിയായെങ്കില്
‍മാര്‍ക്ക്‌ തന്നെന്നെ ഏഴിലേക്ക്‌ പറഞ്ഞുവിട്‌“

എന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച 2 കണ്ണുകളേ ഉള്ളൂ.
ഒരു വെള്ളിയാഴ്ച ഉച്ചയ്ക്കു.

ഇതു പണ്ടാണ്‍. 2 വര്‍ഷം
ഒരേ ക്ലാസ്സില്‍ ഇരുന്നതിന്‍റെ ഓര്‍മ്മ.

അനിലന്‍ പറഞ്ഞു...

കെ.പി.സുധീരയാണോ പ്രിയ എ.എസോ... ഒറ്റമുലച്ചി എന്ന് കഥയെഴുതിയിട്ടുണ്ട് എന്റെ നാട്ടിലെ കഥയെഴുത്തുകാരിയായിരുന്ന സുഷമയെപ്പറ്റി. സുന്ദരിയായിരുന്നു, സ്കൂളില്‍ പഠിപ്പിച്ചിട്ടില്ല, പാരലല്‍കോളേജില്‍ പഠിപ്പിച്ചിട്ടുണ്ട്. ആരുടെ കണ്ണുപറ്റിയാണാവോ... കഥയില്ലായ്മകള്‍ എന്ന പേരില്‍ സുഷമയുടെ കഥാപുസ്തകം മാത്രമേ ഇപ്പോള്‍ ജീവിച്ചിരിപ്പുള്ളൂ.
വിത്സന്‍ എന്നെ കൊണ്ടുപോയത് അപ്പുമാഷെ സ്കൂളിലെ മീനാക്ഷിടീച്ചറുടെ ക്ലാസിലേയ്ക്കോ അതോ...

kaithamullu - കൈതമുള്ള് പറഞ്ഞു...

എന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച 2 കണ്ണുകളേ ഉള്ളൂ.
ഒരു വെള്ളിയാഴ്ച ഉച്ചയ്ക്കു.

-വിത്സാ‍ാ‍ാ‍ാ‍ാ‍ാ‍ാ!

കുറുമാന്‍ പറഞ്ഞു...

പാവം മീനാക്ഷിടീച്ചര്‍

കുട്ടികളുടെ കണ്ണേറ്റു സ്തനച്ഛേദനം(ഇങ്ങിനെയല്ലെയാവോ)ചെയ്യേണ്ടി വന്നുവല്ലെ :(

ഗന്ധര്‍വ്വന്‍ പറഞ്ഞു...

സ്തനച്ഛേദനവും അനിലിന്റെ കമെന്റും ...

പുഷ്പാംഗദന്‍ മാഷിന്റെ മകളായ സുഷമ വളരെയേറെ അറിയപ്പെടേണ്ടുന്ന
വ്യക്തിത്വമായിരുന്നു.
അംകണം അവരുടെ പേരില്‍ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ജീവിതത്തിന്റെ അന്ത്യ ഘട്ടങ്ങളീല്‍ പോലും കാരുണ്യ പ്രവര്‍ത്തനങ്ങളും
മറ്റുമായി മറ്റുള്ളവര്‍ക്ക്‌ നന്മ പകരുവാന്‍ ശ്രമിച്ച ധീരതയേയും നമിച്ചേ
പറ്റു.
കീമ്മോതെറപ്പി ചെയ്യുന്ന ഡോക്ടറെപ്പോലും അതിശയിപ്പിക്കും വിധത്തില്‍
സന്തോഷവതിയായിരുന്നിരുന്നു അവര്‍.

വിവാഹ നിശ്ചയത്തിന്റെ നാളൂകള്‍ അടുക്കവെ ആണ്‌ ഒരു മറുകുപോലെ
അര്‍ബുദ ബാധയുടെ ആദ്യകണിക.....
നമുക്കാണവരുടെ മരണംകൊണ്ട്‌ ദുരന്തമുണ്ടായത്‌.
അവര്‍ വിധിക്ക്‌ കീഴടങ്ങുകയല്ല, പൊരുതി വീരമൃത്യു
വരിക്കുകയായിരുന്നു.


വില്‍സന്റെ കവിത സത്യമായിരിക്കണം.
റേഡിയേഷനല്ലെ കണ്ണുകളീലൂടെ.

വികരണവും പ്രതിഫലനവും
വഴിയല്ലെ വസ്തുക്കളെ നാം ദര്‍ശിക്കുന്നത്‌.
വികിരണത്തില്‍ കാന്തിക ശക്തി കൂടുമ്പോള്‍ ആരോഗ്യത്തെ ഹനിക്കുന്നു.
കാണൂന്നവന്റേയും കാണപ്പെട്ടതിന്റേയും.

ഭയം മൂലമൊ എന്തോ എന്റെ നോട്ടത്തിലെ റേഡീയേഷന്‍ അപകടകരമാവുന്നില്ല.
അല്ലെങ്കില്‍.........
എത്രപേര്‍ അമലയില്‍.

വിശാല മനസ്കന്‍ പറഞ്ഞു...

എനിക്കെന്തിന്റെയായിരുന്നു കുറവ്‌
മീനാക്ഷി ടീച്ചര് ‍അന്ന് ചോദിച്ചതുമിതാണു.

'കണ്ണ്‍ പറ്റിയതാണു ടീച്ചറേ!!'

മിടുക്കന്‍.

ഓ.ടോ.

ഇനി ഞാന്‍ വിത്സന്റെ മുന്നില്‍ നിന്ന് എങ്ങിനെ ഷര്‍ട്ട് മാറൂം?

vishak sankar പറഞ്ഞു...

വിത്സാ...
കവിതയിലെ അര്‍ബുദക്കാഴ്ച്ചകള്‍ ഉറക്കംവരാത്ത ചില കൌമാരരാത്രികളിലേയ്ക്ക് എന്നെ നാടുകടത്തി.

വര്‍ത്തമാനത്തിന്റെ കണ്ണാടിയിലേയ്ക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ കണ്ണുകാണുമോ എന്തോ?

കവിത ഏറെ ഇഷ്ടമായി.നന്ദി.

കണ്ണൂസ്‌ പറഞ്ഞു...

നെടുവീര്‍പ്പിട്ടു.

ദില്‍ബാസുരന്‍ പറഞ്ഞു...

തട്ടി. മനസില്‍ തട്ടീന്ന്.

മനോജ് കുറൂര്‍ പറഞ്ഞു...

‘അന്ന് വരാതിരുന്ന ആ കരച്ചില്
‍ഇപ്പോള്‍ എവിടെ നിന്ന് വരുന്നു’
അതുകൊണ്ടല്ലേ വിത്സാ നീ കവിയായത്?

paathiraamazha പറഞ്ഞു...

വല്ലാതെ നൊന്തു. എത്രയോ പേര്‍, എന്തുമാത്രം വേദന സഹിച്ചു ജീവിക്കുന്നു. ക്യാന്‍സര്‍ എന്ന മഹാവ്യാധി പടര്‍ന്നു ചിതലെടുക്കുന്ന ശരീരം പേറി...... പാവം മീനാക്ഷി റ്റീച്ചര്‍.( എണ്റ്റെ ചന്ദ്രമതി റ്റീച്ചറിനെ ഓര്‍മ്മിപ്പിച്ചു ഈ കവിത. )

sunil പറഞ്ഞു...

nannayittundu veendum ezhuthanam

nirakanchiri പറഞ്ഞു...

ബാഗുചുമലിലിട്ട് ഓടിപ്പോകുന്ന കുട്ടിയുടെ ചിത്രമുള്ള ബോര്‍ഡ് കണ്ട്‌ നാം വേഗത കുറയ്ക്കുമ്പോള്‍ ഓര്‍മകള്‍ക്ക് വേഗംകൂടും. പിന്നെ ഒന്നു മുന്നോട്ടു നടന്ന് ഇടത്തേ ഇടവഴിയിലേക്കു തിരിഞ്ഞാല്‍ പണ്ട് നടന്ന വഴിയായി. അല്പംകൂടി കഴിഞ്ഞാല്‍ പ്രീതി തിരിഞ്ഞുപോകുന്ന ഇടവഴി..., കാറ്റ്.., കര്‍ക്കിടകം.., കോലായി.., അമ്മ....

സ്ക്കൂളിനെ ചുറ്റിപ്പറ്റി വിത്സന്റെ മനസ്സ് ഒരു പാവം കുട്ടിയെപ്പോലെ...

(2002 ജനുവരി 8നു ആലോചിച്ചത്)

ഇവനിപ്പോഴും കവിത അമ്മതന്നെ..

ഹരിപ്രസാദ്,
രാഷ്ട്രദീപിക

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"കെ.പി.സുധീരയാണോ പ്രിയ എ.എസോ... ഒറ്റമുലച്ചി എന്ന് കഥയെഴുതിയിട്ടുണ്ട്..
വിത്സന്‍ എന്നെ കൊണ്ടുപോയത് അപ്പുമാഷെ സ്കൂളിലെ മീനാക്ഷിടീച്ചറുടെ ക്ലാസിലേയ്ക്കോ അതോ... "

ടി.പി. അനില്‍കുമാറിനെ എവിടേക്കും കൊണ്ടുപോകാന്‍ എന്റെ കവിത വളര്‍ന്നിട്ടില്ല.

deepesh പറഞ്ഞു...

കുഴൂരിണ്റ്റെ മനസ്സില്‍ കുസ്രുതിയുടെ കുറൂകലുകലുണ്ട്‌.

കുറുകി വരുന്ന ഓര്‍മ്മകളായി അതു നമ്മളെ തൊടൂകയും ഒന്ന്‌ ഞെട്ടിപ്പിക്കുകയും ചിരിപ്പിച്ച്‌ നമ്മളെ സ്വയം തിരിചറിയിപ്പിക്കുകയും ചെയ്യുന്നു.

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"എന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച 2 കണ്ണുകളേ ഉള്ളൂ.
ഒരു വെള്ളിയാഴ്ച ഉച്ചയ്ക്കു.

-വിത്സാ‍ാ‍ാ‍ാ‍ാ‍ാ‍ാ! "
കൈതമുള്ളിന്റെ ആ വിളി ഉള്ളില്‍ കോറി...

~*~മഴതുള്ളി~*~ പറഞ്ഞു...

ഇതാണ്
കവി

ഉത്തരം ശരിയായെങ്കില്
‍മാര്‍ക്ക്‌ തരൂ

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"ബാഗുചുമലിലിട്ട് ഓടിപ്പോകുന്ന കുട്ടിയുടെ ചിത്രമുള്ള ബോര്‍ഡ് കണ്ട്‌ നാം വേഗത കുറയ്ക്കുമ്പോള്‍ ഓര്‍മകള്‍ക്ക് വേഗംകൂടും. പിന്നെ ഒന്നു മുന്നോട്ടു നടന്ന് ഇടത്തേ ഇടവഴിയിലേക്കു തിരിഞ്ഞാല്‍ പണ്ട് നടന്ന വഴിയായി. അല്പംകൂടി കഴിഞ്ഞാല്‍ പ്രീതി തിരിഞ്ഞുപോകുന്ന ഇടവഴി..., കാറ്റ്.., കര്‍ക്കിടകം.., കോലായി.., അമ്മ....

സ്ക്കൂളിനെ ചുറ്റിപ്പറ്റി വിത്സന്റെ മനസ്സ് ഒരു പാവം കുട്ടിയെപ്പോലെ...

(2002 ജനുവരി 8നു ആലോചിച്ചത്)

ഇവനിപ്പോഴും കവിത അമ്മതന്നെ..

ഹരിപ്രസാദ്,"
ഹരി ഈ കവിതയില്‍ അമ്മയെ കണ്ടെടുത്തതില്‍ സന്തോഷം.

മുല എന്ന വാക്കു ഉള്ളതുകൊണ്ടാണോ
പെണ്ണുങ്ങളെ ആരും കണ്ടില്ല.

10 തല ഒരുമിച്ചു ചേര്‍ന്നാലും
2 ചേരില്ല എന്നാണല്ലോ ?

ദേവസേന പറഞ്ഞു...

മുല എന്നു കണ്ടാലോ, കേട്ടാലോ തല തിരിക്കുന്ന സ്ത്രീകള്‍ പഴങ്കഥയായിരിക്കുന്നതു അറിഞ്ഞില്ലേ ഇവിടെയാരും?

കവിത ഇഷ്ടമായി-ന്നു പറഞ്ഞിരുന്നു.

മുലകള്‍ക്കിടയില്‍ മുഖമമര്‍ത്തിയുറങ്ങാന്‍ മല്‍സരിക്കുന്ന മൂന്നെണ്ണത്തിനെ ഓര്‍മ്മിപ്പിച്ചു കവിതയുടെ പിന്മൊഴികളില്‍ ചിലത്‌.

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"
ഇനി ഞാന്‍ വിത്സന്റെ മുന്നില്‍ നിന്ന് എങ്ങിനെ ഷര്‍ട്ട് മാറൂം? "

വിശാലാ അല്ലെങ്കിലും നീ ഒരു കട്ടയാഡാ.

(ഞാന്‍ ആ ടയ്പ്പു അല്ല)

Manu പറഞ്ഞു...

kavitha nannaayi...

devasena :)

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"വിത്സാ...
കവിതയിലെ അര്‍ബുദക്കാഴ്ച്ചകള്‍ ഉറക്കംവരാത്ത ചില കൌമാരരാത്രികളിലേയ്ക്ക് എന്നെ നാടുകടത്തി.

വര്‍ത്തമാനത്തിന്റെ കണ്ണാടിയിലേയ്ക്ക് ഉണര്‍ന്നു നോക്കുമ്പോള്‍ കണ്ണുകാണുമോ എന്തോ?

കവിത ഏറെ ഇഷ്ടമായി.നന്ദി. "

നന്നായി വിശാഖ്, ചില കാര്യങ്ങള്‍ നിന്നെപ്പോലുള്ളവര്‍ക്കേ മനസ്സിലാകൂ

അനിലന്‍ പറഞ്ഞു...

തോന്നല്‍

മൊബൈല്‍ മണികേട്ടു
തിരിഞ്ഞു നോക്കുമ്പോള്‍
കിണുങ്ങിയോടുന്നു
കുരുന്ന്

ചിരിച്ചതാവാം
കൊലുസ്
കിലുങ്ങിയതാവാം

അങ്ങനെയൊന്നും
ആവണമെന്നുമില്ല

vishak sankar പറഞ്ഞു...

വിത്സാ,
ഒന്നു രണ്ടാഴ്ച്ചയായി അനിലിന്റെ ബ്ലോഗിലേയ്ക്ക് എത്തുവാന്‍ പറ്റുന്നില്ല.എന്റെ ബ്ലോഗില്‍ ലിങ്കുണ്ടായിരുന്നതാണ്.ഇവിടെനിന്നും നോക്കി.നോട്ട് ഫൌണ്ട് എന്നാണ് മറുപടി.നിങ്ങള്‍ തമ്മില്‍ കോണ്ടാക്ട് ഉണ്ടാവുമെന്ന് ഊഹിച്ചാണ് ഇവിടെ ഈ കുറിപ്പ് ഇടുന്നത്.

ഇടയ്ക്കിടെ പോയിരിക്കാറുള്ള ചങ്ങാടമായിരുന്നു.കാണാതായപ്പൊള്‍ ഒരു അസ്വസ്ഥത..അതാ.please help.

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

ആരോടാ പിണക്കം എന്നറിയില്ല.
ബ്ലോഗ് നശിപ്പിച്ചു കളഞ്ഞു.
അതിന്‍റെ പേരില്‍ ഒന്നു പിണങ്ങുകയും ചെയ്തു.
തിരിച്ച് വരുമായിരിക്കും. വിശാഖ്

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

:)

e-യോഗി പറഞ്ഞു...

നിത്യവും എന്നൊടൊപ്പം എന്നെ അനുഗമിക്കുന്ന എന്റെ പ്രിയ സുഹ്രത്തേ. ലോകവര്‍ത്തമാനങ്ങള്‍ പറഞ്ഞുതന്നു എന്റ്ടെ യാത്രയുടെ വിരസതയകറ്റുന്ന എന്‍ പ്രിയ കൂട്ടുകാരാ. നിന്റെയി കാക്കികുപ്പായത്തില്‍ ഒരു കവിയും കവിതയും ഉണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. നന്നായിരിക്കുന്നു. നന്മ്മകള്‍ നേരുന്നു.

Pramod.KM പറഞ്ഞു...

ഈ കവിതക്ക് എന്തിന്റെ ആണ്‍ കുറവ്!;)
വില്സണ്‍ ചേട്ടാ..കലക്കി.

സിബു::cibu പറഞ്ഞു...

ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...