ചൊവ്വാഴ്ച, ഏപ്രിൽ 10, 2007


ചരക്കുവണ്ടി

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


ചായ കാപ്പി വിളികളില്ല,
കണ്ണീര്‍ പൊഴിച്ച്‌, കൈവീശി
വിട പറയലിന്റെ നിശബ്ദനാടകം
കെട്ടിപ്പിടിച്ചൊച്ച വച്ച്‌
സ്വീകരിക്കലിന്‍ കോലാഹല-
മൊന്നുമില്ലാതെ മനോരമയില്
‍മംഗളത്തില്‍ മാധ്യമങ്ങളില്
‍ലോക്കല്‍ പേജില്‍ ബിറ്റുവാര്‍ത്തയായി
രണ്ടു കോളത്തിലൊരു ചിത്രമായ്‌


മേനക വഴിവരും ബസ്സിനായി
കാത്തു നില്‍ക്കവേ
പത്മവഴി മാത്രം വരുന്നു വണ്ടികള്
‍മാറിക്കയറുവാനില്ല മോഹം
കാലുകള്‍ കണ്ണുകള്‍ മത്സരിക്കുന്നു
കാത്തുനില്‍പ്പിന്റെ കഥകളില്‍


ഏത്‌ ഗട്ടറിന്റെയഗാധതയില്
‍ബ്രേക്ക്‌ ഡൗണായി നിന്റെ പേടമാന്‍ വേഗം
ആരുടെയള്ളിന്റെ കൂര്‍മുനയില്
‍വെടിപ്പഞ്ചറായി നിന്റെ ചക്രങ്ങള്


‍കാര്‍ബണ്‍ പുകയില്‍ ഞാന്
‍കാത്തുവിയര്‍ത്തു നില്‍ക്കുമ്പോള്
‍സമയം പോയ്‌ പഞ്ചിംഗ്‌ ക്യാബിനി-
ലെത്തനിനിയൊരു മിനിട്ട്‌ മാത്രമെന്ന്
വായുപിടിച്ച്‌ നീ നിര്‍ത്താതെ പോകുമോ ?


മാരുതിക്കാറില്‍ ലൈലന്‍ഡിടിച്ചു
രണ്ടുപേര്‍ മരിച്ച വാര്‍ത്ത കേട്ടു നാം
കൂട്ടിയിടി ചുംബനം പോലെന്നു
ഉപമയുണ്ടാക്കി ചിരിച്ചു ഞാന്

‍ചുംബനങ്ങളില്‍ തരിപ്പണമാകുമോ
ഈ ഹൈവേയില്‍ ചില മാരുതിക്കാറുകള്


‍ചുംബനം മരണം പോലഗാധമെന്നു
ഉള്ളിലെ ചില കവിതകള്‍
ഉറക്കം പോലതിഹ്യ്‌വസമെന്ന്
ജീവിതത്തില്‍ മലയാളം നിഘണ്ടു


ടെലഫോണ്‍ ചിലക്കുന്നു പേടിയാകുന്നു
കേള്‍ക്കേണ്ടതേതു യാത്രാമൊഴി
കല്ല്യാണത്തിനു തീര്‍ച്ചയായും
വരണേയെന്നു നവചന്ദ്രികമാര്‍
ഉത്തരാധുനിക ക്ഷണം നടത്തുമ്പോള്‍
കന്യകേ, നീയെന്റെ
ഫോണ്‍ നമ്പര്‍ മറന്നുപോകുമോ ?
വിലാസമെഴുതിയ ഡയറി കളഞ്ഞുപോകുമോ ?


ഇടപ്പള്ളി പള്ളിയില്
‍മെഴുതിരി കത്തിക്കുവാന്‍
കടം വാങ്ങിയ ചില്ലറ
തിരികെ കൊടുത്തില്ലയിതേവരെ
കോഴിക്കൊതിയനാം
പുണ്യവാളനോടിനി കടം പറഞ്ഞിടാം


റോഡപകടങ്ങളില്‍ ചതരഞ്ഞു
പോയവര്‍ക്കായി ഊണൊരുക്കി
കാത്തിരിക്കും പോലെ
ടെലഫോണിനു മുന്‍പിലും
തപാല്‍പ്പെട്ടിക്കു പിന്നിലും
കാത്തു തന്നെയിരിക്കുന്നു ചിലര്‍


മറിയമേ, പ്രണയമേ
ശവക്കല്ലറയില്‍ നിന്നുപോലും
ഉയിര്‍ത്തെഴുന്നേല്‍ക്കും നിത്യദാഹമേ
ബസ്സില്‍, ഫോണില്‍, മരണവീട്ടിലും
നിന്റെ ചങ്ങലയില്‍പിടഞ്ഞു മരിക്കുന്നു ഞാന്‍


മനോരമ വരുമ്പോള്
‍നേരം വെളുക്കുന്നു
ഏഷ്യാനെറ്റില്‍ സുപ്രഭാതം
ഉച്ചവാര്‍ത്തയിലെട്ടു മരണം



പ്രഭാതമായ്‌ ഉച്ചയായ്‌ സന്ധ്യയായ്‌
കോര്‍പ്പറേഷന്‍ വണ്ടി തിരിച്ചു പോകുന്നു
ഈ പാതിരാത്രിയില്
‍നഗരത്തില്‍ കറങ്ങുന്ന
പോലീസു വണ്ടിയില്‍ ഉരുക്കനാം
പോലീസുകാരന്റെ മടിയില്‍
തല വച്ചുറങ്ങുന്നു മഗ്ദലന


ഇരുപതാം നൂറ്റാണ്ടില്
‍യേശു പോലീസുകാരന്റെ
മകനായി പിറന്നിടാം


തട്ടുകടയിലൊറ്റക്കിരിക്കുമ്പോള്
‍രാത്രി നിലവിളിക്കുന്നുയിങ്ങനെ
"എനിക്കുറക്കം വരുന്നു
ഒഴിഞ്ഞുപോകുമോ പിശാചുക്കളേ
ഇനിയെന്നില്‍ കുറച്ച്‌ തളര്‍ന്ന വേശ്യകള്
‍സ്വപനമില്ലാതുറങ്ങുന്ന തെണ്ടികള്‍"

പാളം തെറ്റിയ ചരക്കുവണ്ടിയായ്‌
പ്രണയം നിലച്ചേ കിടക്കുന്നു


^1998