വ്യാഴാഴ്‌ച, ഏപ്രിൽ 26, 2007


തീവണ്ടിയോ സൈക്കിളോ

വേണ്ട തീ,വണ്ടി
ഉള്ളിലെപ്പോഴും ആളിക്കത്തില്ലേ
നില്‍ക്കുമ്പോള്‍ നീറിപ്പുകയില്ലേ

എങ്കിലുമുണ്ട്‌ പ്രലോഭനത്തിന്റെ
നൂറുചക്രങ്ങള്‍കാ
ത്തു നില്‍ക്കാന്‍ ആയിരം കണ്ണുകള്
‍യാത്രയാക്കനും സ്വീകരിക്കാനും
പച്ച ചുകപ്പന്‍ വേഷങ്ങള്

‍ആപത്തിലും
കാലാവസ്ഥ മാറ്റത്തില്‍ പോലും
കൊടിമാറ്റങ്ങള്

‍പെരിയാറിനും, നിളക്കും മേല്
‍പരിഹാസ്യരായ്‌ കിടക്കുന്ന പാലങ്ങളിലൂടെ
തേരട്ടയായ്‌

മലയാളവും തമിഴും കന്നഡയും കടന്ന്
നാനാത്വത്തില്‍ ഏകത്വമെന്നര്‍ത്ഥം വരുന്ന
ഇംഗ്ലീഷ്‌ പാട്ടും പാടി

പാലക്കാട്ട്‌ പതിരളന്ന്
ഗോതമ്പ്‌ മണികള്‍ കൊറിച്ച്‌
വെടിയൊച്ചകള്‍ കേട്ട്‌
പുക മുകളിലേക്കൂതി ടെന്‍ഷനൊതുക്കി
ഒരേ ഉദരത്തിലേക്കു കരിക്കും കൊക്കോക്കോളയും നിറച്ച്‌

താനാരോ തന്നാരോ തകബോലോ തരരയില്‍ ലയിച്ച്‌
സംഘം ചേരലിന്റെ
ബാഗ്‌ പൈപ്പര്‍ ഛര്‍ദ്ദി ഏറ്റുവാങ്ങി
സത്യപ്രതിജ്ഞക്കു പോകുന്ന എം.പിക്കും
തൊഴില്‍ രഹിതനായ കള്ളവണ്ടിക്കാരനും
സ്വപ്നങ്ങളുള്ള രാത്രി സമ്മാനിച്ച്‌
കള്ളനും പോലീസുകാരനും
ഇരുട്ടിന്റെ സ്വാതന്ത്ര്യം അനുവദിച്ച്‌

ഐസ്ക്രീം പാര്‍ലറായ്‌
കിടപ്പറയായ്‌
പ്രസവ മുറിയായി

കാടും മലയുംമഞ്ഞും മഴയും കടന്ന്
പലതരം കൊള്ളികള്‍ നിറഞ്ഞ
തീപ്പെട്ടിക്കൂടുകളായി
നീളുന്ന വേഗമായി....

എങ്കിലും വേണ്ട ഈ ചതുരവടിവ്‌
ഏണിയിലൂടെയുള്ള പാമ്പുയാത്ര
പലനിറങ്ങള്‍ക്കും തലവയ്ക്കുന്ന ഷണ്ഡത്വം

പിന്നെയുമുണ്ട്‌
ഏതു രാത്രിയില്‍
ആരുടെ അമ്മ
ആരുടെ കാമുകി
ആരുടെ ആരുമല്ലാത്തവര്‍
കവിതയെഴുതിക്കളയും ഉടല്‍ കൊണ്ട്‌

കവിത എനിക്കിഷ്ടമല്ല

കാറ്റ്‌ നിറഞ്ഞോ
പോകാം സൈക്കിളേ
നമ്മെ ഇടവഴികള്‍
എത്തുന്നിടത്തെത്തിക്കട്ടെ

^ 1998