ബേക്കറി വാങ്ങിയപ്പോൾ
പുതുമ മൗലികത എന്നീ
കാരണങ്ങളാൽ
കയ്പ്പ് എന്ന് പേരിട്ടു
ലഡ്ഡു കയ്ക്കുന്നു
ജിലേബി കയ്ക്കുന്നു
ചെറിപ്പഴം കയ്ക്കുന്നു
കയ്ക്കുന്നു കയ്ക്കുന്നു
എന്തൊരു കയ്പ്പ്
എന്നായി ആളുകൾ
ജോലിക്കാരൻ കയ്ച്ചു
അങ്ങുന്നേ
ആട്ടി ഓടിക്കാൻ പിരിവുകാരില്ല
ഈച്ചകൾ കളിയാക്കുന്നു
കയ്പ്പുകൾ വിളമ്പുന്നു
വീട്ടിലെ അവൾ
പുതുമ മൗലികത
ഇവ നൽകിയ
ഏകാന്തതയെ
പലഹാരങ്ങളുമായി
പങ്ക് വച്ചിരിക്കുമ്പോൾ
ബിസ്ക്കറ്റ് പറഞ്ഞു
കണ്ണീരുപ്പ് കലർത്താം
കയ്ച്ചാൽ വിൽക്കപ്പെടുകയില്ല
പലഹാരങ്ങൾ
പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം
ഇടയ്ക്ക് കയറിയപ്പോൾ
പുതുമയുടെയും
മൗലികതയുടെയും
ആളായ ഞാൻ
ഈ ബേക്കറി
നിങ്ങളെടുത്തോളൂ
എന്ന് പറഞ്ഞു
യാചകൻ ചിരിച്ചു
ബുധനാഴ്‌ച, നവംബർ 09, 2011
ബേക്കറി
Labels: 2001 / മുൻപ് എഴുതിയത്
തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011
ആത്മഹത്യ
കടുത്ത ഏകാന്തതയായിരുന്നു സിംഹത്തിനു
വഴക്കാണു ഞാൻ നിന്നോട് ലോകമേയെന്ന്
ഹ്യദയത്തിൽ പാടിയാണു നടന്നിരുന്നത്
ഒരേ പച്ചപ്പിഞ്ഞാണത്തിനിൽ നിന്നുള്ള
മുയലുകളുടെ തീറ്റകണ്ട് ഛർദ്ദി
വെള്ളത്തിലും വെയിലിലും നനഞ്ഞ്
മുതലകൾ കിടക്കുന്ന കാഴ്ച്ചയിൽ പനി
അയൽക്കാര്യങ്ങളിൽ തലയിട്ടുള്ള
ജിറാഫിന്റെ നിൽപ്പിൽ കഴുത്തിടറൽ
സാക്ഷിവിസ്താരഭയം നിമിത്തം
കയ്യും തലയും പുറത്തിടാതെയുള്ള
ആമ നിശ്ച്ചലതയിൽ കോച്ചിപ്പിടുത്തം
കുറുക്കന്മാരുടെ സ്തുതിവചനങ്ങളാൽ ബധിരത
രോഗങ്ങളാൽ ഏകനിൽ ഏകനായി
ആകാശത്തിലും ഭൂമിയിലും
മരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തോടായിരുന്നു അസൂയ
ഉറുമ്പുകൾ തേനീച്ചകൾ മാൻ കൂട്ടങ്ങൾ
സംഘം ചേരുമ്പോഴുള്ള
നട്ടെല്ലുവഴക്കത്തെക്കുറിച്ചായിരുന്നു അത്ഭുതം
മാളമായിരുന്നു പേടി
ധൈര്യമായിരുന്നു എ ടി എം കാർഡ്
മണ്ണിൽ പതിയുന്ന രാജമുദ്രകൾ
ജീവസാമീപ്യത്തിന്റെ എല്ലാ വഴികളും
അടച്ച് കളയുന്നതിലായിരുന്നു സങ്കടം
ചെടികൾക്കിടയിലൂടെയുള്ള യാത്രയിൽ
കൊടുംങ്കാറ്റിന്റെ ഹ്യദയമായിരുന്നു
‘അഗ്നി വിഴുങ്ങിയ മ്യഗരൂപം’
എന്നായിരുന്നു
ആനകളുടെ അടക്കം പറച്ചിൽ
ഏകാന്തതയുടെ പട്ടുകുപ്പായമഴിച്ചുവെച്ച്
പോരൂവെന്ന് ജലം ക്ഷണിച്ചു
ഇണയായിരുന്നു കിണറ്റിൽ
അവന്റെ ലക്ഷ്യം
(അഞ്ചെട്ട് വർഷം മുൻപ് മാധ്യമം ആഴ്ച്ചപ്പതിപ്പിൽ വന്ന കവിതയാണു.
ഇപ്പോൾ വീണ്ടും കിട്ടി.
ബ്ലോഗിൽ ആദ്യം.
സമ്പാദ്യം എന്ന വാക്ക് എ ടി എം എന്ന് മാറ്റിയിട്ടുണ്ട്.)
Labels: പഴയ കവിത
തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011
അവൾ വെജിറ്റേറിയനും ഭക്തയുമായത്
വെജിറ്റേറിയൻ
കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും
തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു
നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും
വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി
ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി
ഭക്ത
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി
ചൊവ്വാഴ്ച, മേയ് 10, 2011
സുവർണ്ണ ഭൂമി
ഏറ്റവും
ഇഷ്ടപ്പെടുന്ന പച്ചയിൽ
പൊടുന്നനെ
മഞ്ഞയായ്
പെയ്യും മഴയേ
ഉമ്മ വയ്ക്കെട്ടെ
നിൻ ഇളം നെഞ്ചിൽ
വരുവാനാരുമില്ല പോകാനും
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
സഹിക്കണം
ഭൂമി തൻ ചൂടും ചൂരും
ലോകമാരോ
കെട്ടിപ്പടുത്തുവോ
അതിൽ നീയോ ഞാനോ
ഒരുമ്മ വച്ചതിൻ പാടുകൾ
ഒരു ചുവർ ചിത്രം
എത്തിഹാദിന്റെ കാബിനിൽ
നിന്റെ പേർ മറിയാമ്മ
എന്റെ പേർ...
ഭൂമിയിലാരോ പാടുന്നതിൻ ശബ്ദം
അമ്മ കരയുകയാവാം
നീ പാടുകയാവാം
ഞാൻ എന്നക്കുറിച്ച് തന്നെ
പിറുപിറുക്കയുമാവാം
സ്വസ്തി സ്വസ്തിയെന്ന് പറയുവാൻ
ഒരേ ഇടം
നിന്നമ്മ തൻ യോനി
പുറത്തേക്കിറങ്ങുവാൻ
ഒരേ വഴി
അകത്തേക്കോ
ആയിരം വഴികൾ എങ്കിലും
എല്ലാത്തിലും
തട്ടിത്തടഞ്ഞു നിൽക്കുന്നു
അമ്മു തൻ
അമ്മിണി തൻ
നിന്റെ തന്റെ
വെട്ടിപ്പടവുകൾ
മ്യഗങ്ങളായല്ല
മനുഷ്യരായല്ല
നമ്മെ നമ്മെപ്പോൽ
പിറപ്പിച്ചത്
അപ്പനല്ല
അമ്മയല്ല
വേറെ ആരോ
ഒരു സ്വപ്നത്തിനു നിന്റെ പേരിടാം
മറ്റൊരു സ്വപ്നത്തിനു നിന്റെ പേരിടാം
ഒന്നിൽ പിഴച്ചാൽ മൂന്നിൽ
മൂന്നാം സ്വപ്നത്തിനു
എന്റെ തന്നെ പേരിടും ഞാൻ
വായ്ക്കരിയെന്നത്
ഒരു വാക്ക്
വായുണ്ട്
കരിയുണ്ട്
കൂടിച്ചേരുമ്പോൾ
നീ
ഞാനെന്ന പോൽ
അത്രമേൽ അസഹ്യം
സ്നേഹം
മക്കളേ
നീയുണ്ട ഉരുളയോ
നീണ്ട് ഉരുണ്ട
ഞാനോ
നീയോ ഞാനോ
നീയോ ഞാനോ
വേവലാതികൾ
പുറപ്പെട്ട് പോകും
പുലർകാലേ
കൊണ്ട് പോകണേ
ഈയെസെമ്മെസിൻ
കരുതലും കാവും
വേണ്ട വേണ്ടയെന്നൊരുയിറച്ചിവെട്ടുകാരനെപ്പോലെ
പിണങ്ങുമ്പോൾ
മഹാഐരാണിക്കുളത്തെ
പ്രീതിയെന്നെ
അമ്പലക്കുളത്തിൽ
കുളിക്കാൻ വിളിക്കുന്നു
നീയോ
ഞാനോ
നമ്മുടെ മക്കളോ
അമ്മേ
അമ്മേ
അമ്മേ
ആമേൻ
തിങ്കളാഴ്‌ച, ജനുവരി 10, 2011
സൂപ്പർ ഡാഡി
ഡാഡി സൂപർ ഡാഡി
എന്ന പാട്ട് കേട്ട് ,
മരിച്ച് പോയ അപ്പനെയോർത്ത്
ആകുലനും അതിലേറെ
ആർദ്രനുമായി ,
ഒരച്ഛൻ മകളെ ഭിത്തിയിലിടിച്ച്
കൊന്ന വാർത്ത
ഏതോ ബാപ്പമാരേയും മക്കളേയും
വായിച്ച് കേൾപ്പിക്കവേ
ഒരപ്പനും മകനും
അതിലേറെ കൂടുതലായി
യാതൊന്നുമേ തോന്നിയതില്ല
അന്നുച്ചയ്ക്ക് ഫേസ് ബുക്കിൽ
കപ്പയ്ക്ക്
പഞ്ച നക്ഷത്ര ഹോട്ടലുകളിൽ
വിലയേറുന്നതിന്റെ ഒരു സചിത്രവാർത്ത
അപ് ലോഡ് ചെയ്തത് ഓർമ്മയുണ്ട്
കറിവേപ്പിലയും
ചുവന്ന മുളകും
കിരീടം വച്ച
ഇളം മഞ്ഞ കപ്പ
ഉമിനീരിന്റെ
ഒരു സുനാമിയുണ്ടാക്കിയത്
തൊണ്ടയിലുണ്ട്
ഇന്നുച്ചയ്ക്ക്
വാർത്തകളേറെ കഴിഞ്ഞാറെ
പച്ചയ്ക്ക് കപ്പ പുഴുങ്ങുകയാണു
ഒരു പച്ചക്കുപ്പി അടുത്തുണ്ട്
കപ്പ ഉപ്പിട്ട് പുഴുങ്ങിയതിന്റെ
മണം മൂക്കിലടിച്ചപ്പോൾ
അപ്പൻ വന്നു
മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു
വാരം തോടിയ പറമ്പുകൾ
ചാരം ചാണകം
ക്യത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകൾ
കഞ്ഞിയെടുക്കാൻ
ഓടുന്ന അമ്മ
കളിക്കും കലപിലകൾക്കുമിടയിൽ
ട്രൌസർ കീറിയ കുപ്പായമില്ലാത്ത
ഒരു ചെക്കൻ
പിടി വിട്ട് നടക്കുകയാണു
കപ്പ കപ്പ കപ്പ
കൊള്ളി കൊള്ളി കൊള്ളി
ഊണിനു ഉറക്കത്തിനു വിശപ്പിനു
വിശ്വാസത്തിനു
കൊള്ളി കൊള്ളി
ഫൂ
കഞ്ഞിക്കും നട്ടുച്ചയ്ക്കും
വിശപ്പിനു വിശ്വാസം വയ്ക്കുന്ന സന്ധ്യക്കും
ഒടുവിലത്തെ അത്താഴത്തിനും
ഒണക്ക കപ്പ
വയറു കഴുകി ഉണ്ടായവനു
പുകഞ്ഞ കൊള്ളി
എന്ന് പേരിട്ടില്ലല്ലോ
ഭാഗ്യം
പച്ചമുളകും കൂട്ടി പച്ചയ്ക്ക്
പച്ചകുപ്പിയുടെ മാത്രം നിഴലിൽ
കപ്പ തൊടുമ്പോൾ
ഡാൻസ് ചെയ്യുകയാണു
ഡാഡി
സൂപ്പർ ഡാഡി
ശനിയാഴ്‌ച, ജനുവരി 01, 2011
മരയുമ്മ
ഇണചേര്ന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്
ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതില്
അല്ലെങ്കില് എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതില്
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല
ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ
വേറെ ഒരു ദിവസം
കൊമ്പില് നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലില്
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ
മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേ യെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ
വേറൊരു നാള്
താഴെ
അപരിചിതരായ മനുഷ്യര്
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാല്
മരക്കസേരകളെ
ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാന്
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ
വേറെ
ഒരു ദിവസമാണെകില്
വെള്ളി കലര്ന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ
ഒരു ദിവസമാണെങ്കില്
കൊമ്പിലും കുഴലിലും
സ്വര്ണ്ണനൂലുകള് പടര്ത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ
പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാന് പറഞ്ഞ
വയസ്സായ നടുക്കഷണത്തെ
അതിനും മുന്പ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു
എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കില് കുത്തിയിരുന്നു
പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാന്
ചില മരങ്ങള്
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണല് നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓര്മ്മയില്
ഉള്ളം നടുങ്ങുകയുമ്
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തില്
മരമേ
നിന്നെ ഞാന്
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ച തും
എന്നാല്
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്
മരണത്തോ ളം
മരവിപ്പും
ജീവിതവും കലര്ന്ന
ഒരു
മരയുമ്മ