ഇണചേര്ന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്
ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതില്
അല്ലെങ്കില് എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതില്
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല
ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ
വേറെ ഒരു ദിവസം
കൊമ്പില് നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലില്
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ
മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേ യെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ
വേറൊരു നാള്
താഴെ
അപരിചിതരായ മനുഷ്യര്
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാല്
മരക്കസേരകളെ
ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാന്
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ
വേറെ
ഒരു ദിവസമാണെകില്
വെള്ളി കലര്ന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ
ഒരു ദിവസമാണെങ്കില്
കൊമ്പിലും കുഴലിലും
സ്വര്ണ്ണനൂലുകള് പടര്ത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ
പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാന് പറഞ്ഞ
വയസ്സായ നടുക്കഷണത്തെ
അതിനും മുന്പ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു
എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കില് കുത്തിയിരുന്നു
പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാന്
ചില മരങ്ങള്
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണല് നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓര്മ്മയില്
ഉള്ളം നടുങ്ങുകയുമ്
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തില്
മരമേ
നിന്നെ ഞാന്
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ച തും
എന്നാല്
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്
മരണത്തോ ളം
മരവിപ്പും
ജീവിതവും കലര്ന്ന
ഒരു
മരയുമ്മ
ശനിയാഴ്‌ച, ജനുവരി 01, 2011
മരയുമ്മ
Labels: മാധ്യമം പുതുവര്ഷപതിപ്പ് /2011
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)