തിങ്കളാഴ്‌ച, ജനുവരി 10, 2011


സൂപ്പർ ഡാഡി

ഡാഡി സൂപർ ഡാഡി
എന്ന പാട്ട് കേട്ട് ,
മരിച്ച് പോയ അപ്പനെയോർത്ത്
ആകുലനും അതിലേറെ
ആർദ്രനുമായി ,
ഒരച്ഛൻ മകളെ ഭിത്തിയിലിടിച്ച്
കൊന്ന വാർത്ത
ഏതോ ബാപ്പമാരേയും മക്കളേയും
വായിച്ച് കേൾപ്പിക്കവേ
ഒരപ്പനും മകനും
അതിലേറെ കൂടുതലായി
യാതൊന്നുമേ തോന്നിയതില്ല

അന്നുച്ചയ്ക്ക് ഫേസ് ബുക്കിൽ
കപ്പയ്ക്ക്
പഞ്ച നക്ഷത്ര ഹോട്ടലുകളിൽ
വിലയേറുന്നതിന്റെ ഒരു സചിത്രവാർത്ത
അപ് ലോഡ് ചെയ്തത് ഓർമ്മയുണ്ട്
കറിവേപ്പിലയും
ചുവന്ന മുളകും
കിരീടം വച്ച
ഇളം മഞ്ഞ കപ്പ
ഉമിനീ‍രിന്റെ
ഒരു സുനാമിയുണ്ടാക്കിയത്
തൊണ്ടയിലുണ്ട്
ഇന്നുച്ചയ്ക്ക്
വാർത്തകളേറെ കഴിഞ്ഞാറെ
പച്ചയ്ക്ക് കപ്പ പുഴുങ്ങുകയാണു
ഒരു പച്ചക്കുപ്പി അടുത്തുണ്ട്

കപ്പ ഉപ്പിട്ട് പുഴുങ്ങിയതിന്റെ
മണം മൂക്കിലടിച്ചപ്പോൾ
അപ്പൻ വന്നു

മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു

വാരം തോടിയ പറമ്പുകൾ
ചാരം ചാണകം
ക്യത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകൾ
കഞ്ഞിയെടുക്കാൻ
ഓടുന്ന അമ്മ

കളിക്കും കലപിലകൾക്കുമിടയിൽ
ട്രൌസർ കീറിയ കുപ്പായമില്ലാത്ത
ഒരു ചെക്കൻ
പിടി വിട്ട് നടക്കുകയാണു
കപ്പ കപ്പ കപ്പ
കൊള്ളി കൊള്ളി കൊള്ളി

ഊണിനു ഉറക്കത്തിനു വിശപ്പിനു
വിശ്വാസത്തിനു
കൊള്ളി കൊള്ളി
ഫൂ

കഞ്ഞിക്കും നട്ടുച്ചയ്ക്കും
വിശപ്പിനു വിശ്വാസം വയ്ക്കുന്ന സന്ധ്യക്കും
ഒടുവിലത്തെ അത്താഴത്തിനും
ഒണക്ക കപ്പ

വയറു കഴുകി ഉണ്ടായവനു
പുകഞ്ഞ കൊള്ളി
എന്ന് പേരിട്ടില്ലല്ലോ
ഭാഗ്യം

പച്ചമുളകും കൂട്ടി പച്ചയ്ക്ക്
പച്ചകുപ്പിയുടെ മാത്രം നിഴലിൽ
കപ്പ തൊടുമ്പോൾ
ഡാൻസ് ചെയ്യുകയാണു
ഡാഡി
സൂപ്പർ ഡാഡി

27 അഭിപ്രായങ്ങൾ:

ratheesh krishna പറഞ്ഞു...

വയറുകഴുകി
ഉണ്ടായവനു
പുകഞ്ഞകൊള്ളി എന്നുപേരിട്ടില്ലല്ലൊ ഭാഗ്യം

junaith പറഞ്ഞു...

കപ്പ..
കഴിച്ചു കഴിച്ചു
സംതൃപ്തനായ്
കവിത
വായിച്ചു വായിച്ചു
ഉന്മത്തനായ്‌
അപ്പന്‍
അറിഞ്ഞറിഞ്ഞ്
നെഞ്ച് നിറയുന്നു

zephyr zia പറഞ്ഞു...

കപ്പപുരാണം സൂപ്പര്‍!

അജ്ഞാതന്‍ പറഞ്ഞു...

വയറുകഴുകി
ഉണ്ടായവനു
പുകഞ്ഞകൊള്ളി
എന്നുപേരിട്ടില്ലല്ലൊ ഭാഗ്യം

MyDreams പറഞ്ഞു...

:)

ഒരു നുറുങ്ങ് പറഞ്ഞു...

കപ്പേം മത്തീം,പിന്നേ സൂപ്പര്‍ ഡാഡീം.!

കാവലാന്‍ പറഞ്ഞു...

നന്നായിരിക്കുന്നു.

"മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്".......

ശരിയാണ്, മരിച്ചുപോയ ചില നാളുകള്‍ ഇങ്ങനെ ഇടക്കെപ്പോഴെങ്കിലുമൊക്കെ ഉയിര്‍ത്തെഴുന്നേല്‍ക്കാറുണ്ട്.

ശ്രീനാഥന്‍ പറഞ്ഞു...

ഒരച്ഛൻ മകളെ ഭിത്തിയിലിടിച്ച് കൊന്ന വാർത്ത, കപ്പക്ക് പഞ്ചനക്ഷത്രവില കൂടിയ വാർത്ത ഒക്കെ വായിച്ചു വായിച്ച് ഒരു പോലെയായി , പഴയ ഒണക്കക്കപ്പയുടെ ഓർമ്മ ബാക്കിയുണ്ടല്ലോ അതു മതി

nikukechery പറഞ്ഞു...

:)

അജ്ഞാതന്‍ പറഞ്ഞു...

പച്ചക്കുപ്പിയില്‍ വല്ലതും ബാക്കിയുണ്ടോ മാഷേ..?

shinod പറഞ്ഞു...

"മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു"
ഈ പറഞ്ഞതോടെ
നേരായും നിങ്ങള്‍ എന്റെ എഴുത്തുകാരനാണ്‌.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. പറഞ്ഞു...

അകായിയില്‍ ഉച്ചയുറക്കത്തിന് അച്ഛനെ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ എന്ത് മണമായിരുന്നു? മറന്ന് പോയി. മുതിര്‍ന്നിട്ടും വാത്സല്യത്തോടെ പാടിത്തന്ന പാട്ടുകളും മറന്നു. അച്ഛന്‍ മരിച്ച തിയ്യതിയും മറന്നു. അച്ഛനെ മാത്രം ഓര്‍മ്മയുണ്ട്, അച്ഛന്റെ സ്നേഹത്തേയും. ആശുപത്രിക്കിടക്കയില്‍ മടിയില്‍ തലവെച്ച് കിടക്കുന്ന ദയനീയ രൂപത്തില്‍, മരുന്ന് മണത്തോടെ ഇടക്കിടക്ക് വരുന്നത് കൊണ്ടാവാം അച്ഛനെപ്പോഴും കൂടെയുണ്ടെന്ന തോന്നലാണ്. അത് കൊണ്ടാവാം നാട്ടിലുണ്ടായിട്ടും അച്ഛന്റെ ശ്രാദ്ധമൂട്ടാന്‍ തോന്നാതിരുന്നതും.

വിത്സാ, ഈ കവിത ഞാനെടുക്കുന്നു.

കലാം പറഞ്ഞു...

"കപ്പ ഉപ്പിട്ട് പുഴുങ്ങിയതിന്റെ
മണം മൂക്കിലടിച്ചപ്പോൾ
അപ്പൻ വന്നു

മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു"

മനോഹരം!

ഭാഗ്യവാന്‍,അച്ഛനെ ഉയിര്‍ത്തെഴുന്നെല്‍പ്പിക്കാന്‍ പോന്ന ഓര്‍മ്മകള്‍ ഉണ്ടല്ലോ..

രാജേഷ്‌ ചിത്തിര പറഞ്ഞു...

സ്റ്റീല്‍ പിഞ്ഞാണങ്ങളില്‍,
വെളുമ്പിയും,കറമ്പിയും
കാപ്പിമണം പൊങ്ങുന്ന ഉടലുചുറ്റല്‍.
ചാണകമെഴുപ്പില്‍
തെക്കെ മുറ്റത്തെ കാന്താരി,
കോമാടന്‍ തെളിയെണ്ണയില്‍ മുങ്ങാംകുഴിയിട്ടു:


താഴെപാടത്തെ ചേമ്പും കാച്ചിലും
വട്ടയില പുതച്ച വേവ്,
ഈറവട്ടികളില്‍ വീടുകളിലേക്കുള്ള
വഴി കാത്തിരിക്കുന്നുണ്ട്.

നിലാവില്‍ പോലും മീശതെളിയാത്ത
മൈനര്‍ പയ്യന്മാരാണ്,
വായ പോയ പിച്ചാത്തിയില്‍
മണ്ണിന്‍ പുതപ്പുനീക്കി കപ്പയെ
തെളിനീരില്‍ കുളിപ്പിക്കുന്നത്.

oromma pinneyum pudikudanju,polayilakki....
nandi changathi...

രാജേഷ്‌ ചിത്തിര പറഞ്ഞു...

സ്റ്റീല്‍ പിഞ്ഞാണങ്ങളില്‍,
വെളുമ്പിയും,കറമ്പിയും
കാപ്പിമണം പൊങ്ങുന്ന ഉടലുചുറ്റല്‍.
ചാണകമെഴുപ്പില്‍
തെക്കെ മുറ്റത്തെ കാന്താരി,
കോമാടന്‍ തെളിയെണ്ണയില്‍ മുങ്ങാംകുഴിയിട്ടു:


താഴെപാടത്തെ ചേമ്പും കാച്ചിലും
വട്ടയില പുതച്ച വേവ്,
ഈറവട്ടികളില്‍ വീടുകളിലേക്കുള്ള
വഴി കാത്തിരിക്കുന്നുണ്ട്.

നിലാവില്‍ പോലും മീശതെളിയാത്ത
മൈനര്‍ പയ്യന്മാരാണ്,
വായ പോയ പിച്ചാത്തിയില്‍
മണ്ണിന്‍ പുതപ്പുനീക്കി കപ്പയെ
തെളിനീരില്‍ കുളിപ്പിക്കുന്നത്.

oromma pinneyum pudikudanju,polayilakki....
nandi changathi...

ANJANA പറഞ്ഞു...

കളിക്കും കലപിലകൾക്കുമിടയിൽ
ട്രൌസർ കീറിയ കുപ്പായമില്ലാത്ത
ഒരു ചെക്കൻ
പിടി വിട്ട് നടക്കുകയാണു - ആ ചെക്കനില്‍ നിന്ന് ഇപ്പോഴുള്ള ഈ ചെക്കനീലേക്കുള്ള ദൂരം - വിജയമാണോ - പരാജയമാണോ - അതോ രണ്ടുമാണോ - ദൂരം മാറ്റങ്ങള്‍ വരുത്തിയോ -/ കവിതാഭിപ്രായങ്ങള്‍ ഇല്ല / വേറേതോ മാനദണ്ഡത്തിലാണു നിങ്ങളതു കാണുന്നത്

viju02ap പറഞ്ഞു...

നിങ്ങളുടെ പെണ്ണുങ്ങള്‍ ഇവിടെയുണ്ടോ

നസീര്‍ പാങ്ങോട് പറഞ്ഞു...

NICE ....LINES..

SHANAVAS പറഞ്ഞു...

Very good writing.Enjoyed it. Expecting more such posts.
Warm regards.
shanavas thazhakath,
punnapra.

MT Manaf പറഞ്ഞു...

നല്ല പൊടിയുള്ള കപ്പ
രുചിച്ചു

താന്തോന്നി/Thanthonni പറഞ്ഞു...

കപ്പേം ബോട്ടീം ആണ് ഞങ്ങളുടെ നാട്ടില്‍.
മത്തിയും കൊള്ളാം.

കുട്ടനാടന്‍ പറഞ്ഞു...

മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്........
ഇതൊരു വെളിപാടല്ല, സത്യം മാത്രമാണ്
കവിതയ്ക്ക് മാത്രം കണ്റെടുക്കാവുന്ന സത്യം

സിദ്ധീക്ക.. പറഞ്ഞു...

മത്തി മുളകിട്ടതും കൂട്ടി കപ്പ കഴിച്ച കാലം മറന്നു..ആ സ്വാദു നാവിലൂരുന്നു..

yousufpa പറഞ്ഞു...

"മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്".......


വിശന്നവൻ മരിച്ചവനെ പോലെയാണ്‌.

കവിത എനിയ്ക്കിഷ്ടപ്പെട്ടു.

Reema Ajoy പറഞ്ഞു...

മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു....

:)

ജയിംസ് സണ്ണി പാറ്റൂര്‍ പറഞ്ഞു...

വായിച്ചു. ഇഷ്ടപ്പെട്ടു. മലയാള മനോരമയുടെ
വാചക മേളയില്‍ ഉള്‍പ്പെടുത്തപ്പെട്ടതില്‍
അഭിനന്ദനങ്ങള്‍

jaya പറഞ്ഞു...

HA HA NICE