(ജിനുവിനു)
കാവടിയാടുവാന്
ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്
അതിനിടയില്‍
താളം കേള്‍ക്കുവാന്
ഞാനയക്കുന്നെന്റെ കാതുകള്
ശൂലം തറയ്ക്കുവാന്
ഞാനയക്കുന്നുണ്ടെന്റെ നാവു
കൂട്ടത്തിലാടുന്ന കൂട്ടുകാരൊത്ത്
താളം പിടിക്കുവാന്
കൊടുത്തയക്കുന്നു
ഞാനെന്റെ കയ്യുകള്
അതിനാല്‍ ഇവിടെ
നടക്കാതെയിരിപ്പാണു ഞാന്
അതിനാല്‍ ഒന്നുമേ കേള്‍ക്കാതെ
കിടക്കുകയാണു ഞാ ന്
അതിനാല്‍ മിണ്ടാതെയനങ്ങാതെ
നിശ്ചലനാണു ഞാന്
ഷഷ്ഠി കഴിഞ്ഞ്
പിള്ളേര് കാവടിക്കടലാസുകള്
പെറുക്കുന്ന നേരത്ത്
തിരിച്ചയക്കണേയെന്റെ
കാലിനെ കയ്യിനെ, നാവിനെ
ഇവിടെനിശ്ചലനാണു ഞാന്‍
* ജിനു www.mukham.blogspot.com
^2004
വ്യാഴാഴ്‌ച, മാർച്ച് 29, 2007
കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്
ചൊവ്വാഴ്ച, മാർച്ച് 20, 2007
കഴിഞ്ഞത്
ബാല്യം : വക്കു പൊട്ടിപ്പോയ സ്ലേറ്റ്
കൗമരമോ ?
ആരും തുറന്നു നോക്കാതിരുന്ന പരാതിപ്പുസ്തകം
അടി അള്‍ത്താര അരക്കെട്ട്
പെണ്ണുപിടിയനച്ചന്റെ
മുഷ്ടിമൈഥുനം കണ്ടേ കണ്ടേ
പ്രണയം വിരഹം നൊമ്പരം
സ്വപനങ്ങളില്‍
ചിറകു കരിച്ചു കളഞ്ഞൊരു മാലാഖ
ഒറ്റനോട്ടത്തിലേഴു കടലുകള്
ഓര്‍മ്മകള് മറന്നവരുടേതാകുന്നു
ഓര്‍മ്മ: ക്രൂരനായ ഒരു വേട്ടനായ
വീട്: ജീവിച്ചിരിക്കുന്നവര്‍ക്കൊരു സെമിത്തേരി
പൂച്ച കരയുന്നു പശു കരയുന്നു
കണ്ണീരിനിപ്പോഴും ഉപ്പുരുചി തന്നെയോ ?
അടുക്കളയില്‍ പാറ്റഗന്ധം
ബള്‍ബ് പിന്നെയുമടിച്ചുപോയി
വിശപ്പ് : മറന്നുപോയ വെറും വാക്ക്
^ 1998
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ശനിയാഴ്‌ച, മാർച്ച് 10, 2007
2007 ഫെബ്രൂവരി 28
അഫ്ഗാന്റെ തലസ്ഥാനമായ
കാബൂളിന്റെ ആളൊഴിഞ്ഞ
ഒരു തെരുവീഥിയില്‍
നമ്മള്‍ കണ്ടുമുട്ടി
കഴിഞ്ഞ ജന്മത്തിൽ
പരസ്പ്പരം യുദ്ധം ചെയ്തിരുന്ന
രണ്ടു ജനതയാണു
ഈ ജന്മത്തില്‍ പ്രണയിതാക്കളെന്നു
എഴുതിയിരുന്ന ഒരു ടീ ഷര്‍ട്ട്
അപ്പോളതിലൂടെ നടന്നുപോയി
അന്നു ആറു തവണ നിറയൊഴിച്ച ശേഷവും
അരിശം തീരാതെ
ബാക്കി വച്ച വെറുപ്പിന്റെയും
പകയുടെയും ഒരുണ്ടയാണു
നിന്റെ നോട്ടമെന്നു
ഞാനന്നു തിരിച്ചറിഞ്ഞു
പണ്ടേ ജീവന്‍ പോയ
ശരീരത്തില്‍
പിന്നെയും പിന്നെയും
വെട്ടുന്നതിന്റെ സുഖമാണു
എന്റെ വാക്കുകളെന്നു നീയും
എന്നാലും ആ വഴിയോരത്ത്
ചോളപ്പൊരി കണ്ടപ്പോൾ
വേണമോയെന്നു
ചോദിച്ചതു എന്തിനാ
നെടുവീര്‍പ്പിട്ടപ്പോള്‍
എന്തടായെന്നു കൊഞ്ചിയതെന്തിനാ
എനിക്കറിയില്ല
എങ്ങനെയാണു
വേര്‍പിരിഞ്ഞതെന്നു നീ ചോദിച്ചു
മെഴുതിരി കത്തിച്ചപ്പോൾ
തീ ആളിക്കത്തിയതിനായിരുന്നു ആദ്യം
ഉമ്മ വച്ചപ്പോൾ
ഫോണ്‍ വന്നതിനായിരുന്നു ഒരിക്കൽ
സ്വപ്നത്തില്‍ കണ്ടപ്പോള്‍ ഷര്‍ട്ടില്‍ എന്തോപാടുണ്ടായതിനു
.....
.......
ചോദിച്ചതിനു
ചോദിക്കാതിരുന്നതിനു
വിളിച്ചതിനു വിളിക്കാതിരുന്നതിനു
നെടുവീര്‍പ്പിട്ടതിനു
ചിരിച്ചതിനു ചിണുങ്ങിയതിനു
കരഞ്ഞതിനു കഴിച്ചതിനു കഴിക്കാതിരുന്നതിനു
അയച്ചതിനു അയക്കാന്‍ ആഗ്രഹിക്കാതിരുന്നതിനു
അനുവാദം ചോദിക്കാതെ
അപ്പിയിടാന്‍ പോയതിനു
അമ്മയ്ക്കുംകുഞ്ഞുങ്ങള്‍ക്കും വേണ്ടിപ്രാര്‍ത്ഥിച്ചതിനു
അന്നു ഒരുമിച്ചു തന്നെ മരിച്ചു കാണും
അദ്യം മരിച്ചാൽ
നിന്നെയാരു നോക്കുമെന്നല്ലായിരുന്നു സങ്കടം
ആരെല്ലാം നോക്കുമെന്നായിരുന്നു
കൊന്നുകാണും
അതുമല്ലെങ്കില്‍ ദൈവത്തിന്റെ ഇടപെടല്‍
എത്ര പാറയില്‍ പണിഞ്ഞാലും
ദൈവം ഭൂമികുലുക്കംകൊണ്ടെങ്കിലും അട്ടിമറിക്കും
ഈ ദൈവത്തിന്റെ ഒരു കാര്യം
അങ്ങനെ സ്നേഹിച്ചു കൊന്ന നമ്മളാണു
അഫ്ഗാന്‍ തലസ്ഥാനമായ
കാബൂള്‍ നഗരത്തില്‍
എന്തു സുന്ദരമാണീ നഗരമെന്നു
നീ പറഞ്ഞപ്പോൾ ഞാനൊരു സിഗരറ്റ് കൂടി വലിച്ചു
ഞാന്‍ ജനിച്ചിട്ട് പോലുമില്ല
എന്നെഴുതിയ മറ്റൊരു ടീ ഷര്‍ട്ട്
ഇക്കുറി ദാ പോകുന്നു
കഴിഞ്ഞ ജന്മത്തില്‍
ക്രിസ്തുമസ്സിന്റെ നാലു നാള്‍ മുന്‍പു
ഒരു വ്യാഴാഴ്ച്ച വൈകുന്നേരം
5.41നു നീയെന്നോട് പറഞ്ഞ
രണ്ടു വരി എനിക്കോര്‍മ്മ വന്നു
അതു പറയാതെ ഞാന്‍ ചിരിച്ചു
നീയെനിക്കു ഒരുമ്മ തന്നു
^ 2007
Labels: അഫ്ഗാൻ, അബുദാബി, പ്രണയ കവിതകൾ
ബുധനാഴ്‌ച, മാർച്ച് 07, 2007
രണ്ടു കവിതകള്‍
മറിയമാര്‍ പലവിധം
മുന്തിരിത്തോട്ടത്തില്
ഞാന്‍ നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള്‍ ചോദിച്ചു
മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.
മേരി
സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍
അവള്‍ക്കിപ്പോള്
പാളമാണഭയം.
^ 1997
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ഞായറാഴ്‌ച, മാർച്ച് 04, 2007
ഇരട്ടക്കുട്ടികളുടെ ടീച്ചര്‍
ഒരേ കുട
ഒരേ ഉടുപ്പ്
ഒരേ ഹാജര്‍
ഒരേ അച്ചന്
സുമിക്ക് ഹിന്ദിയില്‍ 41 1/2
സൗമ്യക്കു 41
ഇഗ്ലീഷില്‍ 43
സൗമ്യക്ക് 44
കണക്കില്‍ സമാസമം
ഇച്ചിമുള്ളാനും വടിയെടുക്കാനും
ആശുപത്രിയിലും ഒരുമിച്ച്
ലീവ് ലെറ്ററില്‍ രണ്ടു പേര്‍ക്കും പനി
സൗമ്യ ഉടുപ്പാലെ അപ്പിയിട്ടതിനു
ടീച്ചര്‍ കളിയാക്കിയത് സുമിയെ
സുമി രാഖിയെ പിച്ചിയതിനു
തല്ലു കിട്ടിയതു സൗമ്യക്കു
സുമി പദ്യം തെറ്റിച്ചപ്പോള്
സൗമ്യ കൈ നീട്ടി
സൗമ്യക്കു കിട്ടിയ ഇപോസിഷന്‍
എഴുതിയതു സുമി
നാലു കണ്ണുകളുടെ രശ്മികള്
പലപ്പോഴും ടീച്ചറെ തെറ്റിച്ചു
സുമിയെവിടെയെന്നു സുമിയോട് ചോദിച്ചു
ഞാന്‍ സത്യമായിട്ടും
സൗമ്യയാണെന്നു
സൗമ്യ ആണയിട്ടു
ഒരു ദിവസം ടീച്ചര്‍
ഹാജര്‍ വിളിക്കുകയായിരുന്നു
സുമി-സൗമ്യ
ഹാജര്‍ എന്ന കുഞ്ഞുശബ്ദം
വിറയാര്‍ന്ന് ഒറ്റയ്ക്കു
കുരുന്നു ചെവികള്‍ക്കും
കണ്ണുകള്‍ക്കും മൂക്കുകള്‍ക്കുമിടയില്
ടീച്ചര്‍ കണ്ടു
നിറഞ്ഞ രണ്ടു കണ്ണുകള്‍
^ 2004
Labels: ഇ
വെള്ളിയാഴ്‌ച, മാർച്ച് 02, 2007
നോ സ്മോക്കിംഗ്
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍
വലി തുടര്‍ന്നാല്‍ നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെ തന്നെ
നഷ്ടപ്പെട്ടു പോയി എന്ന് ഞാന്‍
ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്‍
നിന്റെ ചുണ്ടുകള്‍ കറുത്ത് പോയെന്നു അവള്‍
സിഗരറ്റ് ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍
എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്‍
നേരം വൈകി വന്ന കെ.എസ്.ആര്‍..ടി.സി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍
നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാന്‍
ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്‍
സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണു മേഘങ്ങളെന്നു ഞാന്
കൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ
^ 1998