വെള്ളിയാഴ്‌ച, മാർച്ച് 02, 2007


നോ സ്മോക്കിംഗ്


ഒന്ന്

ഇനിയും പുകവലിച്ചാല്‍
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍

വലി തുടര്‍ന്നാല്‍ ‍നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെ തന്നെ
നഷ്ടപ്പെട്ടു പോയി എന്ന് ഞാന്‍

‍ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്‍

‍നിന്റെ ചുണ്ടുകള്‍ കറുത്ത്‌ പോയെന്നു അവള്‍
‍സിഗരറ്റ്‌ ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍

എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്‍

‍നേരം വൈകി വന്ന കെ.എസ്‌.ആര്‍..ടി.സി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍

നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാന്‍

ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്‍

‍സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണു മേഘങ്ങളെന്നു ഞാന്‍


രണ്ടു

കൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ



^ 1998
പുസ്തകം , ഉറക്കം ഒരു കന്യാസ്ത്രീ, ഖനി ബുക്സ്