പാടത്തിന്റെ തീരത്ത്
വീട് വയ്ക്കണമെന്നായിരുന്നു
ഞാറു പോൽ
മുളയ്ക്കുന്നവക്കൊക്കെയും
മകളുടെ
പേരിടണമെന്നായിരുന്നു
കതിരിട്ട മക്കൾക്കൊപ്പം
മലർന്ന് കിടന്ന്
നിലാവ് കുടിക്കണമെന്നായിരുന്നു
കളകളേയും കാക്കകളേയും
കവിത തളിച്ച്
ഓടിക്കണമെന്നായിരുന്നു
എന്നിട്ടാണ്
വിതയും കതിരും
കൊയ്ത്തും മെതിയുമില്ലാത്ത
കണ്ടത്തിൽ
ആറടിയുടെ
കിടപ്പാടവും നോക്കി
കമിഴ്ന്നു കിടക്കുന്നത്
ചിരിച്ച് ചിരിച്ചല്ലാതെ
കരഞ്ഞ് കരഞ്ഞ് കൊണ്ടും
മണ്ണ് കപ്പാമോ
മാർച്ച്. 25
.2017
കുഴൂർ
1 അഭിപ്രായം:
ജീവിതത്തെ ഇത്ര കയ്പ്പാക്കി കുടിക്കരുത്, ബ്രോ!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ