ചൊവ്വാഴ്ച, ജനുവരി 30, 2007


ഒരു കോഴിക്കവിത


അടുക്കളക്കാരീ
എത്ര നേരമായിങ്ങനെ
വെന്തുവോയെന്നു
നുള്ളി നോക്കുന്നു

അപ്പാടെ നീ പുഴുങ്ങിയ
ഈ ശരീരത്തില്‍
എല്ലാം പാകമായെന്നു തോന്നുന്നു

നീ തിരുമ്മിയിട്ട
വേപ്പിലകളെ നല്ല പരിചയം
ആ വേപ്പുമരത്തിന്റെ
താഴെ ഞാന്‍ കുറെ നടന്നിട്ടുണ്ട്‌
നിനക്കറിയുമോ...
അല്ലെങ്കില്‍ വേണ്ട ബോറടിക്കും

കരളിന്റെ വേവു കൂടിക്കാണും
ദശയുടെ ഓരോ അണുവിലും
മുളകും മല്ലിയും
കുരുമുളകും ശരിക്കു പിടിച്ചിട്ടുണ്ടു

നീറുന്നതു അതിനാലല്ല

കരിയുന്നതിനു മുന്‍പു
പിള്ളാര്‍ക്കും കൊടുത്തു
അവര്‍ കളഞ്ഞതു പോലും
അപ്പാടെ കഴിച്ചു
നീ മയങ്ങാതെ തീരില്ല

ഈ നീറ്റല്‍


^ 2007

14 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

"ഒരു കോഴിക്കവിത

അടുക്കളക്കാരീ
എത്ര നേരമായിങ്ങനെ
വെന്തുവോയെന്നു
നുള്ളി നോക്കുന്നു

അപ്പാടെ നീ പുഴുങ്ങിയ
ഈ ശരീരത്തില്‍
എല്ലാം പാകമായെന്നു തോന്നുന്നു"

-----
----
-----

പ്രിയകോഴീ
എന്നു തുടങ്ങുന്ന
കമന്റുകള്‍ വേണ്ട.

അതു കിട്ടിക്കഴിഞ്ഞു
....

കുറുമാന്‍ പറഞ്ഞു...

കരിയുന്നതിനു മുന്‍പു
പിള്ളാര്‍ക്കും കൊടുത്തു
അവര്‍ കളഞ്ഞതു പോലും
അപ്പാടെ കഴിച്ചു
നീ മയങ്ങാതെ തീരില്ല

ഈ നീറ്റല്‍


കമന്റുകള്‍ വേണ്ടാ എന്നു പറനഞാല്‍ എങ്ങനെയാവിത്സാ - എന്റെ നീറ്റല്‍ ഞാനാരോടു പറയും. വളരെ നന്നായിരിക്കുന്നു

സു | Su പറഞ്ഞു...

കോഴിക്കവിത നന്നായിട്ടുണ്ട്.

നീറുന്നു, പക്ഷേ, മസാല ചേര്‍ത്തിട്ടല്ല.
നിന്‍ മനസ്സറിയാതെ പോയതിനാലാണ്.

പൊതുവാള് പറഞ്ഞു...

വെന്താല്‍ വെന്ത പോലിരിക്കണം
വേവും വരെ കാത്തിരിക്കുമാ കുഞ്ഞുങ്ങള്‍,
എന്നെപ്രതീക്ഷിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍
നാളെപ്പുലര്‍ച്ചയ്‌ക്കെവിടെ തിരയുമോ
കാണുമോ നീയവ തന്നുടെ സങ്കടം?
ആട്ടിയകറ്റലാ വല്ലോം കൊടുത്തിടൂ
അവരുമവരുടെയൂഴമെത്തുമ്പൊളീ
യെന്നുടെ സ്ഥാനമലങ്കരിക്കാന്‍ വരും
അന്നും മറക്കലാ വേവിന്‍ കണക്കുകള്‍
വേവും വരെ കാത്തിരിക്കും നിന്‍ കുഞ്ഞുങ്ങള്‍.

വേണു venu പറഞ്ഞു...

കുഴൂരെ, ഈ നീറ്റലാണു് മിഥ്യ. ഈ മിഥ്യയാണോ ജീവിതം.

kuzhoor wilson പറഞ്ഞു...

അമ്മയ്ക്കു ഏറ്റവും വിഷമം
നിങ്ങള്‍ എന്നു വിളിക്കുന്നതായിരുന്നു. പല തവണ അങ്ങനെ വിളിച്ചിട്ടുണ്ടു.

ശപിച്ചിട്ടുണ്ടാകില്ല.
എന്നാലും വിഷമിച്ചു കാണും.

അതു അനുഭവിച്ചു തീര്‍ക്കുന്നു.

കണ്ണൂസ്‌ പറഞ്ഞു...

കോഴീടെ നീറലും ഒലക്കപ്പിണ്ണാക്കും.

എന്റെ നീറല്‍ മാറണമെങ്കില്‍ 2000 ദിര്‍ഹമെങ്കിലും ശമ്പളം കൂട്ടിക്കിട്ടണം വില്‍സാ.

kuzhoor wilson പറഞ്ഞു...

അതു കലക്കി കണ്ണൂസെ.
1000000000000000000000000000
കൂടിയാലും
മാറില്ല എനിക്കു.

പട്ടിണിയും നീറ്റലും...
നല്ല സുഖം.

നന്ദു പറഞ്ഞു...

പോള്ളുന്ന ചൂടും മുളകിന്റെ നീറ്റലും മറന്നു വേലക്കാരിയുടെ ദുഖങ്ങളില്‍ നീറുന്ന പാവം കോഴി.
നല്ല കവിത വിത്സണ്‍. ഒരു സംശയം വേപ്പില യാണൊ കറിവേപ്പിലയാണൊ?. രണ്ടും രണ്ടാണ്‍. വേപ്പില കയ്ക്കും അതു മരുന്നിനല്ലാതെ കറിയ്ക്കിടാറില്ല!

ദില്‍ബാസുരന്‍ പറഞ്ഞു...

കുക്കറിന്റെ ചൂളം വിളിയില്‍ തീരില്ല കോഴിയുടെ നീറല്‍... ശരിയാണ്. :-)

കിനാവ്‌ പറഞ്ഞു...

കവിത നന്നായി
നന്ദൂ, കയ്ക്കുന്ന വേപ്പ് ആര്യവേപ്പല്ലേ, ഞങ്ങളൊക്കെ കറിവേപ്പിലക്ക് വേപ്പില എന്നു തന്നെയാണ് പറയാറ്‌

kuzhoor wilson പറഞ്ഞു...

എനിക്കു
സന്തോഷമായി

അല്ലെങ്കിലും
കറിവേപ്പിലയെക്കുറിചുചുതന്നെയയായിരുന്നു
ഈ വരികള്‍

അതു വായിച്ചെടുത്തല്ലോ ?
ഭയങ്കരം.

ഇനി വരുന്നില്ല.


എവിടെയാ.....

എം.എച്ച്.സഹീര്‍ പറഞ്ഞു...

കരളിന്റെ വേവ്‌ കൂടുന്നതാണ്‌ ഇന്നിന്റെ പ്രശനങ്ങളത്രയും.....

manoj പറഞ്ഞു...

സമാനഹൃദയ, നിനക്കായ് പൊള്ളുന്നേന്‍.പുതുകവിതയിലെ ചിന്തേരിട്ടമിനുസങ്ങള്‍ക്കിടയില്‍ അരമുള്ള കവിതകള്‍ക്കു കാത്തിരിക്കുന്ന എനിക്കുവേണ്ടിത്തന്നെ നീയിതു പറഞ്ഞല്ലൊ. ഇതു നിന്റെ തകര്‍പ്പന്‍ കവിത.ഓരോന്നും-വേലക്കാരി, വിശപ്പ്, കോഴി, വേപ്പില, കുരുമുളക്, കരള്‍-പൊള്ളുന്നു. നന്ദി