വെള്ളിയാഴ്‌ച, ജനുവരി 26, 2007


അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്‌


അന്തോണീസ്‌
പുണ്യാളനു മുന്നില്‍
ഉരുകിയൊലിച്ചിരുന്ന
മെഴുകുകള്‍ കൊണ്ടു
കടലാസു ചുരുട്ടി
പുതിയ മെഴുകുതിരി
ഉണ്ടാക്കുക എന്നതു
കുട്ടിക്കാലത്തെ ഞങ്ങളുടെ
ശീലങ്ങളില്‍ ഒന്നായിരുന്നു

കിടപ്പാടം പണയപ്പെട്ട
ത്രേസ്യേടത്തിയുടെയും
കല്ല്യാണമുറക്കാത്ത
സെലീനയുടെയും
മക്കളില്ലാത്ത അന്തപ്പേട്ടന്റേയും
വസന്ത വന്നു കോഴികള്
‍ചത്തുപോയ
തങ്കമ്മചേച്ചിയുടെയും
മെഴുകുതിരികള്‍ഞങ്ങള്‍ക്കു വേണ്ടി
അന്നങ്ങനെ നിന്നുരുകി

കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി

അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു

ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ


^ 2007