ചൊവ്വാഴ്ച, ഡിസംബർ 04, 2007


നൃത്തം

കോര്‍ണേഷിലെ ഉദ്യാനത്തില്‍
കമ്പിവലയിട്ട മൈതാനത്തില്‍
അറബ് കൌമാരം പന്ത് തട്ടുമ്പോള്‍
ചാരെ കല്ബ‍ഞ്ചിലിരിക്കുന്ന
ഒരു സുഡാന്കാരനു
കാലുകള് പൊരുപൊരുക്കുന്നു

ഗോളടിക്കാനറിയുന്നവന്
പന്ത് തട്ടാനുള്ള വിശപ്പാണ്
ഏറ്റവും വലിയ വിശപ്പെന്ന് കരയുന്നു

ഞാനോ ? എനിക്ക് പേരില്ല

പ്രളയത്തില്
വഞ്ചിയും വലയും നഷ്ട്ടപ്പെട്ട് നീന്തുമ്പോള്
കൂറ്റന് സ്രാവുകളുടെ കൂട്ടത്തെക്കണ്ട്
ശരീരം തരിക്കുന്ന മുക്കുവന്

നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ

ഒട്ടകപ്പുറത്ത്
മരുഭൂമിയില് ഇഴയുന്ന
നീന്തല്ക്കാരന്

മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട

ഒരിക്കല്‍, പത്താം നിലയില്‍
സിമന്റ് ചുമക്കുമ്പോള്‍
ഒരു നിമിഷം
ഒരു നിമിഷം
സൂര്യന്‍ വലിയൊരു പന്തായി പ്രലോഭിപ്പിച്ചു

ആകാശമൈതാനത്ത്
തട്ടി തട്ടി മുന്നേറുമ്പോള്‍
കിട്ടിയ അടിയുടെ പാട് മുതുകത്ത്

ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്

ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല

മുന്നിലെ മൈതാനത്തിപ്പോള്‍
അറബിക്കുട്ടികളില്ല

പന്ത്,പന്ത്,പന്ത് മാത്രം

അത് ഒറ്റയ്ക്ക്
അങ്ങോട്ടുമിങ്ങോട്ടും പായുന്നു
പുറത്തേയ്ക്കോടുന്നു
ഗോള്‍മുഖത്തേയ്ക്ക് കുതിയ്ക്കുന്നു
ചിലപ്പോള്‍ എവിടെയോ ഒളിയ്ക്കുന്നു

ഏറ്റവും ഏകാന്തമായി
അതിലേറെ രഹസ്യമായി
പന്ത് എന്നെ നോക്കി ചിരിച്ചു
ജന്മാന്തരങ്ങളുടെ
ഒരു പിടച്ചില്‍ കാല്‍ വിരലുകളില്‍

പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി

27 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

4 വര്‍ഷം മുന്‍പ് ഗള്‍ഫില്‍ വന്നതിന് ശേഷം ആദ്യമായി എഴുതിയ കവിതകളിലൊന്ന്.

തിരുമുറ്റം വഴി 25000 രൂപയോളം സമ്മാനമായി തന്ന കവിതയെന്ന അടുപ്പവും, അറബ് കവി ഡോ.ഷിഹാബ് അല്‍ ഗാനിമിലേക്ക് എന്നെ എത്തിച്ച കവിതയെന്ന പ്രിയവും ഇതിനോട് എനിക്കുണ്ട്.

ഏറെ മാറിപ്പോയി ജീവിതമെങ്കിലും
ഒരു പന്ത് ഓര്‍മ്മയില്‍

സുല്‍ |Sul പറഞ്ഞു...

25000 രൂപയോളം സമ്മാനമായി തന്ന കവിതയല്ലേ. നന്നായിരിക്കുന്നു വിത്സ് :)

-സുല്‍

420 പറഞ്ഞു...

ശക്തം,
അതിശക്തം!

കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

ജീവിതം മാറിയിട്ടുണ്ടാകാം... പക്ഷെ അവസ്ഥയില്‍ യാതൊരു മാറ്റവും ഇല്ലല്ലോ.

മുരളീധരന്‍ വി പി പറഞ്ഞു...

ആര്‍ക്കും തട്ടാവുന്ന പന്തുകളുണ്ട്....

നന്നായിരിക്കുന്നു

ടി.പി.വിനോദ് പറഞ്ഞു...

ഗംഭീരം..

ഭൂമിപുത്രി പറഞ്ഞു...

ഒടുങ്ങാ‍ത്ത അന്‍പെയ്ത്തുപോലെയൊരു കവിത!

lost world പറഞ്ഞു...

നിന്റേതല്ലാത്ത പന്തുകള്‍...
കളിക്കാരന്‍ എന്ന ഉണ്മയെ വീണ്ടെടുക്കാന്‍ ഓരോ നിമിഷവും നീ പൊരിയുന്നുവെന്ന്,നിന്റെ കാലുകള്‍ ഇല്ലാത്ത ഒരു പന്തിനെ ഉണ്ടാക്കി നൃത്തം ചെയ്യുന്നുവെന്ന് എത്ര വേദനാഭരിതമായാണ് ഈ കവിത വിനിമയം ചെയ്യുന്നത്...!

അനംഗാരി പറഞ്ഞു...

ജീവിതം ഇങ്ങനെയാണ്.കയ്യെത്തും ദൂരത്തുള്ളതിനെ എത്തിപ്പിടിക്കാന്‍ കഴിയാത്തവന്റെ വേദന എന്തായിരിക്കും..?

22 കാ‍രറ്റിനു ശേഷം ഞാന്‍ വായിച്ച കുഴൂരിന്റെ നല്ല കവിത.

Roby പറഞ്ഞു...

"മറ്റൊന്നുമെനിക്കുവേണ്ട
പന്തും എതിരാളികളും മാത്രം
ആയിരങ്ങളോ പതിനായിരങ്ങളോ വരട്ടെ
ഗോള്മുഖം
എത്ര വിനാഴിക അകലെയാകട്ടെ
മറ്റൊന്നുമെനിക്ക് വേണ്ട"

ഈ വരികളില്‍ ഇതെന്റെയും കവിതയാകുന്നു...

G.MANU പറഞ്ഞു...

ഇല്ല എല്ലാ മുന്നേറ്റങ്ങളും
ഗോളുകളാകുന്നില്ല
സ്വപ്നത്തിലായാലും ഫൌളാകാത്ത
കളികളുമില്ല

achaya..... 10 minute njaan marichu..reading this..
itha mashe kavitha..

katutha kuzhoor fan.!

കണ്ണൂസ്‌ പറഞ്ഞു...

കുഴൂര്‍ ഷഷ്ടിക്ക് കൊടുത്തയച്ച കാലും ഇങ്ങനയല്ലേ നൃത്തം ചെയ്തത് വില്‍‌സാ?

e-Yogi e-യോഗി പറഞ്ഞു...

നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ

Nalla kavitha, ee varikalil entho oru scoop olinjirikkunnuvo?

സജീവ് കടവനാട് പറഞ്ഞു...

വലത്തേ കോര്‍ണ്ണറിലൂടെയാണ്
കയറിവന്നത്
സുന്ദരമായ ട്രിബ്ലിങ്ങിലൂടെയാണ്
എതിരാളികളെ മറികടന്നത്
മുന്നില്‍ ഗോളിയുടെ ദയനീയത
എന്നിട്ടും പകച്ചുനിന്നതിനാണ്
മിനിഞ്ഞാന്നുമിന്നലെയുമിന്നും
സൈഡ്‌ബഞ്ചിലിരിക്കേണ്ടിവന്നത്.

(തലക്കെട്ട് നൃത്തം (nr^Tham) എന്നല്ലേ. ന്യത്തം എന്നാണ് എഴുതിയിട്ടുള്ളത്)

ജ്യോനവന്‍ പറഞ്ഞു...

നന്നായിരിക്കുന്നു

ജ്യോനവന്‍ പറഞ്ഞു...

നന്നായിരിക്കുന്നു

ഏറുമാടം മാസിക പറഞ്ഞു...

പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി...

kidilam

നജൂസ്‌ പറഞ്ഞു...

Kalakkishttaaa....

Pramod.KM പറഞ്ഞു...

നൃത്തം ചെയ്തോണ്ടിരിക്കുന്നു...
:)

ശ്രീ പറഞ്ഞു...

“നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ...”

നന്നായിരിക്കുന്നു.

:)

thoufi | തൗഫി പറഞ്ഞു...

ഗോള്‍ വലയം കാക്കുന്ന ഗോളിയുടെ ജാഗ്രതയോടെ,
എതിരാളിയുടെ പോസ്റ്റില്‍ തന്റെ ലക്ഷ്യം കാണുന്ന
മുനേറ്റനിരക്കാരന്റെ മെയ്‌വഴക്കത്തോടെ,
ജീവിതത്തെ ജാഗരൂകമായി നോക്കിക്കാണാന്‍
ഈ കവിത പ്രേരിപ്പിക്കുന്നു.

ആര്‍ക്കും തട്ടിക്കളിക്കാവുന്ന
പന്തിനെപ്പോലെ ഒരു ജീവിതവും
കൈവിട്ടുപോവുന്ന ജീവിതത്തെ തിരികെപ്പിടിക്കാന്‍
വൃഥാശ്രമം നടത്തേണ്ടി വരുന്ന ഒരാളുടെ ദൈന്യതയും
ഈ വരികളില്‍ നിഴലിക്കുന്നുണ്ട്.

ഭാവുകങ്ങള്‍..

Kuzhur Wilson പറഞ്ഞു...

മിന്നാമിനുങ്ങ് എന്നെ അല്‍പ്പം കൂടി നന്നായി തിരിച്ചറിഞ്ഞു. നന്ദി . എല്ലാവര്‍ക്കും

jineshgmenon പറഞ്ഞു...

നഴ്സറിക്കുട്ടികള്ടെ നടുവില്
വാവിട്ട് കരയുന്ന തങ്കക്കുടമൊന്നിനെക്കണ്ട്
മാറ് ചുരക്കുന്ന കന്യാസ്ത്രീ...”
കന്യാസ്ത്രീ...ye” prmechaaa....kaviyude vakukal...

Latheesh Mohan പറഞ്ഞു...

ആര്‍ക്കും തട്ടാവുന്ന പന്തുകള്‍ നമ്മള്‍..

കാവിലന്‍ പറഞ്ഞു...

വിത്സാ,
ഇഷ്‌ട ടീമിന്‌ ഒരു പെനാല്‍റ്റി കിക്ക്‌ കിട്ടുമ്പോഴുള്ള സന്തോഷവും ആകാംക്ഷയുമായിരുന്നു കവിത വായിക്കുമ്പോള്‍..
താങ്കളുടെ കവിതകളില്‍ മികച്ച ഒന്ന്‌

Cartoonist പറഞ്ഞു...

ഇതാണെനിയ്ക്കിഷ്ടപ്പെട്ടത്, ഏറ്റവും..

പന്തും കാലുകളും
മൈതാനമൊഴിഞ്ഞാറെ
സന്ധ്യയ്ക്കും രാത്രിയ്ക്കുമിടയില്
രണ്ട് കാലുകള്
നൃത്തം ചെയ്യാന്‍ തുടങ്ങി...

ഗതികേടിന്റെ പിടച്ചിലായും ഇനിയുമവിടെ നിറയാവുന്ന കാണികള്‍ക്കായുള്ള വാഗ്ദാനമായും ജീവിതാഘോഷത്തിന്റെ ത്രാസമായും ഒരേ സമയം പെട്ടെന്നു തോന്നി. കളിയുടെ പാരുഷ്യത്തില്‍നിന്ന് ഏകാന്തമായൊരു ഹര്‍ഷത്തിന്റെ ദേവകലയിലേയ്ക്ക്...

വത്സാ വിത്സേ, :)))

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

ഇഷ്ടമായി
ഭാവുകങ്ങള്‍