ബ്ലോഗ് കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബ്ലോഗ് കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വെള്ളിയാഴ്‌ച, ഡിസംബർ 01, 2017


കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം


പൊളിച്ച് കളഞ്ഞ ആ വീടിനോട് ചേർന്ന്
ഒരലക്ക് കല്ലുണ്ട്.
അത് പൊളിച്ചിട്ടില്ല


നീല ട്രൗസറിട്ട ഒരു സ്കൂൾകുട്ടിയുടെ പ്രേതം
അവിടെയൊക്കെ കറങ്ങി നടക്കുന്നതിനാൽ
അതിനടുത്തേക്ക് പോകാറില്ല
 

ഒരു കുറ്റിപ്പെൻസിൽ തരുമോ എന്ന് ചോദിച്ച് അത് അടുത്തു വരുമത്രേ
പാവം
അലക്കാനിടുന്ന നീല ട്രൗസറുകളുടെ കീശയുടെ മൂലയിൽ
പെൻസിലിന്റെ ഒരു കഷണം ഉണ്ടാകുമെന്ന് അതിപ്പോഴും വിശ്വസിക്കുന്നു


കൂടെ ഉള്ളിൽ താമസിക്കുന്ന ഒരാൾ ഇടക്കിടെ അവിടെയൊക്കെ പോയിട്ട് വരും
അത് പറയുന്ന വിശേഷങ്ങളിൽ ഇപ്പോഴും സ്വർണ്ണത്തിന്റെ ഒരു അരഞ്ഞാണമുണ്ട് . കുടപ്പനുള്ളത് എന്നാണതിന്റെ ടാഗ്
കുളിപ്പിച്ചപ്പോൾ ഇഴഞ്ഞ് പോയതാണത്രേ


ആ സർപ്പത്തെ നീയിപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നയാൾ ചോദിക്കുന്നു
ഉണ്ട്. ആ കുടപ്പൻ എന്നെയും ടാഗ് ചെയ്തിട്ടുണ്ട്

ബുധനാഴ്‌ച, മേയ് 14, 2014


തിന്താരു

വൈകിട്ട് നാലരമണിയോടെ
ഞാൻ കേന്ദ്രഭരണപ്രദേശമായ
കാരയ്ക്കലിലേക്ക് പോയി

നാഗപട്ടണമെത്തിയപ്പോൾ പതിവിലും ക്ഷീണിതനായി  കാണപ്പെട്ട ഡ്രൈവറോട് ഞാൻ കടുപ്പത്തിൽ ഒരു ചായ കുടിക്കാൻ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അയാൾ ചായ കുടിക്കുന്നതിനിടയിൽ കടുപ്പത്തിലുള്ള ചായ ഇഷ്ടമില്ലാത്ത ഞാൻ ഇടുങ്ങിയ വഴികളിലൂടെ പോകുന്ന പശുക്കളെ  നോക്കി. പക്ഷേ പശുക്കൾ എന്നെ നോക്കിയില്ല. ഞാൻ നോക്കി നിന്ന പശുക്കൾ. എന്നെ തിരിഞ്ഞുനോക്കാതിരുന്ന പശുക്കൾ. ഒരു പരിചയവും ഇല്ലാത്ത ഒരു തമിഴ്ഗ്രാമത്തിൽ ഇല്ലാത്ത ബന്ധങ്ങൾ എത്ര പെട്ടെന്നാണു രൂപപ്പെടുന്നതെന്നറിഞ്ഞ് എനിക്ക് ചെറുതായി ശ്വാസം  മുട്ടി. ഞാനൊരു സിഗരറ്റു കൂടി കത്തിച്ചു. ശ്വാസം മുട്ടൽ തോന്നിത്തുടങ്ങിയാൽ അപ്പോൾ തന്നെ സിഗരറ്റ് കത്തിക്കണമെന്ന് കുറിപ്പെഴുതി തന്ന അസാമാന്യ അഴകുള്ള ബ്രിട്ടനിലെ ആ ഡോക്ടറെയോർത്തു. നാശം. ഇല്ലാത്ത ബന്ധങ്ങളുടെ പേരിൽ ശ്വാസം മുട്ടൽ തുടങ്ങുമ്പോൾ അതിനു മരുന്നായി സിഗരറ്റു കത്തിക്കുമ്പോൾ അതാ വരുന്നു നിര നിരയായി ഓരോരോ ബന്ധങ്ങൾ.

എനിക്ക് കടുപ്പത്തിലുള്ള ചായകളോട് വെറുപ്പ് തോന്നി. ഇടുങ്ങിയ വഴികളിലൂടെ പോയ പശുക്കളോട് നല്ല ഈർഷ്യ തോന്നി. അവയുടെ ചെറുതല്ലാത്ത അകിടുകളോട് ചുമ്മാ വൈരാഗ്യം തോന്നി. ഒരിക്കിലിതു പോലെ അകിടുകളോട് പ്രതികാരം തോന്നിയ ഒരു നട്ടുച്ച മുന്നിൽ ഉദിച്ചു. അന്ന് അറുത്തെറിഞ്ഞ അകിടുകളുടെ ചോരപ്പാടുകൾ കൈകളിലും കാൽകളിലും മുതുകിലും അടിവയറ്റിലും തെളിഞ്ഞു.

എനിക്ക് ഒന്ന് കൂടി കടുപ്പമുള്ള ചായകളോട് വെറുപ്പ് തോന്നി. ഡ്രൈവർ ചൂടും കടുപ്പവുമുള്ള ചായ മൊത്തിമൊത്തി കുടിക്കുകയാണു. അയാളോട് കടുപ്പമുള്ള ചായ കുടിക്കാൻ പറഞ്ഞ നിമിഷത്തെ ഞാൻ വെറുത്തു. അതിനായി ഉപയോഗിച്ച വാക്കുകളെ വെറുത്തു. അതിനായി ഉപയോഗിക്കാൻ വച്ച വാക്കുകളോടു പോലും ഈർഷ്യയായി

പിന്നെ ഇടങ്ങിയ വഴിയിൽ  പച്ചകുത്താനിരിക്കുന്നവരെ നോക്കി. ഒന്ന് പച്ചകുത്തിയാൽ എങ്ങനെയിരിക്കും എന്നാലോചിച്ചു. പച്ച കുത്താൻ മാത്രം എന്താഴമാണുള്ളതെന്ന് ഓർത്തെടുക്കാൻ നോക്കി

ഇഷ്ടമുള്ള ആൾ
ഇഷ്ടമുള്ള പേരു
ഇഷ്ടമുള്ള ഇടം
ഇഷ്ടമുള്ള അക്കം
ഇഷ്ടമുള്ള അക്ഷരം
ഇഷ്ടമുള്ള ഓർമ്മ

എനിക്ക് നല്ല ഇഷ്ടക്കേടു തോന്നി. ചുമലിൽ അമ്മയുടെ പേരു പച്ചകുത്തിയാലോ എന്നാലോചിച്ചു. എന്നെ കാണാതായാൽ അമ്മയുടെ പേരു വച്ച് ആളുകൾ എന്നെ കണ്ടുപിടിക്കുന്നതോർത്ത് നല്ല രസം തോന്നി. അതിൽ പരിചയമില്ലാത്ത മറ്റു പെണ്ണുങ്ങൾ ഉമ്മ വയ്ക്കുമല്ലോ എന്നോർത്തപ്പോൾ സങ്കടമായി. നാശം എനിക്കാകെ സങ്കടമായി. എനിക്ക് കടുപ്പമുള്ള ചായകളോടും ആ ഇടുങ്ങിയ വഴിയോടും ഒടുക്കത്തെ കലിപ്പ് വന്നു. ഞാനൊരു  സിഗരറ്റു കൂടി കത്തിച്ചു. അപ്പോൾ ചുമലിൽ അമ്മയുടെ പേരു കുത്തിയ ഞാൻ നിന്ന നിൽപ്പിൽ നിന്നഴുകി. അത് ചീഞ്ഞ് നാറി.  ആ ഇടുങ്ങിയ വഴിയിൽ നിന്ന പശുക്കളും ആളുകളും ഞാൻ പറയാതിരുന്ന ആടുകളും ഓടിപ്പോയി. പൊടുന്നനെ ഡ്രൈവർ വന്ന് സർ നമുക്കിവിടെ നിന്ന് പോകാമെന്ന് പറഞ്ഞു. എനിക്ക് അയാളുടെ ഉള്ളിൽ കിടക്കുന്ന കടുപ്പമുള്ള ചായയോടും പോലും നല്ല കടുപ്പം തോന്നി

ഒരു കണക്കിനു ഞങ്ങൾ കാരയ്ക്കലിലെത്തി. അതെ വൈകിട്ട്  ആറരമണിയോടെ കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ.

മുൻപൊന്നും ഞാനിവിടെ വന്നിട്ടില്ലെങ്കിലും ആ ബാറിന്റെ അതേ മൂലയിൽ അതേ കസേരയിൽ ഞാനിരുന്നു. അതേ വിളമ്പുകാരൻ എനിക്ക് വീഞ്ഞൊഴിച്ചു തന്നു.

വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിച്ചു കൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞൊഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു
വീഞ്ഞഴിഞ്ഞുകൊണ്ടിരുന്നു

മുഴുവനായി അഴിഞ്ഞയെന്നെ തപ്പിവാരിയെടുത്ത്കൊണ്ട് പോയത് ഒരു ഡച്ചുകാരിയാണു. അവൾക്കെന്നെക്കാൾ പ്രായം കൂടുതലായിരുന്നു. അവളുടെ മുറിയിലാകട്ടെ വെളിച്ചവുമുണ്ടായിരുന്നില്ല. കുഞ്ഞിനെ കുളിപ്പിക്കുന്ന വയറ്റാട്ടിമാർ കണ്ടാൽ അസൂയ തോന്നും മട്ടിൽ അവളെന്നെ ഇളംചൂടുവെള്ളത്തിൽ കുളിപ്പിച്ചു. ഇടയ്ക്കെണീറ്റ് പേരു  ചോദിച്ചപ്പോഴൊക്കെ അവളെന്റെ ചുണ്ടുകൾ ചുണ്ടുകളാലടച്ചു. ഒരു പാട് തവണ അത് ആവർത്തിച്ചപ്പോൾ എനിക്കവളുടെ പേരു ഉമ്മയെന്ന് അർത്ഥമുള്ള എന്തോ ആണെന്ന വിചാരമുണ്ടായി. ചുണ്ടുകൾ കൊണ്ടല്ലാതെ അവൾ ഒരക്ഷരം മിണ്ടിയതുമില്ല

അഴിഞ്ഞ വീഞ്ഞ്. ഇളം ചൂടുള്ള വെള്ളം. ചുണ്ടുകളുടെ നിർത്താതെയുള്ള വർത്തമാനം. ചുണ്ടുകൾ കഴച്ചുവെങ്കിലും അരക്കെട്ടിൽ നിന്ന് എന്റെ പിറുപിറുക്കൽ ഞാൻ കേട്ടു. അവളും കേട്ടിരിക്കണം. അവളെന്റെ ലിംഗത്തിൽ തൊട്ടു. ഇതെന്തൊരാളാണു എന്നർത്ഥം വരുന്ന എന്തോ ഒരു  തമാശ  പറഞ്ഞു. തഞ്ചാവൂരിലെ കടലിൽ നിന്നും കളഞ്ഞുകിട്ടിയതാണെന്നും ശിൽപ്പികൾ ആരോ ഉപേക്ഷിച്ച ഏതോ കൊടിമരമാണെന്നും ഞാൻ പറഞ്ഞു. കൊടിമരമെങ്കിൽ ഇനി ഉത്സവം തന്നെയെന്നവളും പറഞ്ഞു

ഉത്സവമായിരുന്നു.
ഉത്സവത്തോടുത്സവം
കരിവളകൾ ചാന്തുകൾ റിബ്ബണുകൾ
ഹൈഡ്രജൻ ബലൂണുകൾ
കറകറക്കിയ പമ്പരം
ഉത്സവം തന്നെയായിരുന്നു
ഉത്സവത്തോടുത്സവം

ആളൊഴിഞ്ഞ ഉത്സവപ്പറമ്പിനെപ്പോലെ അലമ്പായ ഉപമ മറ്റൊന്നില്ലാത്തതിനാൽ. ഏതെങ്കിലും സമയത്ത് കേന്ദ്രഭരണപ്രദേശമായ കാരയ്ക്കലിൽ നിന്ന് തിരിച്ച് പോരുന്നു.  ആ ടാക്സി ഡ്രൈവറെ ഞാൻ വഴിയിൽ ഉപേക്ഷിച്ചു. അത് എനിക്ക് കടുപ്പമുള്ള ചായ ഇഷ്ടമില്ലാത്തതിനാൽ മാത്രമായിരുന്നില്ല. അയാളുടെ പേരു തിന്താരു എന്നായിരുന്നില്ല

തിന്താരു എന്ന് പേരില്ലാത്ത ഒരു ഡ്രൈവറെ എനിക്ക് ഇനി ഒരിക്കലും സഹിക്കാനുമാകില്ല

ഞായറാഴ്‌ച, ജനുവരി 12, 2014


മരണവുമായി വീണ്ടും ഒരു അഭിമുഖം

ഇക്കുറി മരണത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍
പതിവിലും ക്ഷീണിതനായിരുന്നു അദ്ദേഹം
ചാരുകസേരയില്‍ കാലുംനീട്ടിക്കിടന്ന്
ക്രിക്കറ്റ് ടെസ്റ്റ് കാണുന്നു
കോട്ടുവായകള്‍ ഇടക്കിടെ
ബൗണ്ടറിയിലേക്ക് നിരങ്ങി നിരങ്ങി ഉരുളുന്നു.
എന്ത് പറ്റി
ഞാന്‍ ചോദിച്ചു.
ഒന്നുമില്ല
അദ്ദേഹം പറഞ്ഞു.

മാഷേ,
അലോപ്പതിയെ ആണോ
ആയുര്‍വേദത്തെയാണോ
ഹോമിയോപ്പതിയെയാണോ അങ്ങേക്ക് പേടി
വിക്കി വിക്കി ഞാന്‍ ചോദിച്ചു

എന്റെ വില്‍സാ,
ഷെയ് ന്‍ വോണിന്റെ പന്തുകള്‍
സച്ചിന്‍ നേരിടുന്നത് നീ കണ്ടിട്ടുണ്ടോ ?
വസീം അക്രത്തെ ബ്രയന്‍ ലാറ
ബ്രൈറ്റ് ലീയെ ക്രിസ് ഗെയില്‍.
ആകെ കുഴഞ്ഞു
നരേന്ദ്ര ഹിര്‍വാനിയെ
വിവിയന്‍ റിച്ചാര്‍ഡ്
നേരിട്ടത് പോലെ
ഒരാദിവാസിയപ്പൂപ്പന്റെ ഒറ്റമൂലിയില്‍
ഞാന്‍ തളര്‍ന്ന് പോയിട്ടുണ്ടെന്ന്
മനസ്സില്ലാ മനസ്സോടെ പറഞ്ഞു മരണം.

ആഹാ
ഒറ്റമൂലിയപ്പോള്‍
ഒരു സ്പിന്‍ബോള്‍
(ആഹാ, നതിംഗ് ഒഫീഷ്യല്‍ എബൗട്ട് ഇറ്റ്)

എനിക്ക് മതിയായി
അങ്ങ് ഒളിപ്പിച്ച് കടത്തിയ
ഞങ്ങളുടെ ആളുകള്‍
ഇപ്പോള്‍ എന്തെടുക്കുന്നു
എന്ന ചോദ്യം ഞാന്‍ മറന്നു
നിനക്കത് വരുമ്പോള്‍
കാണാമല്ലോ
എന്ന് പറയാന്‍ അദ്ദേഹവും

ബുധനാഴ്‌ച, നവംബർ 06, 2013


ജീവിതം. പി.കെ

ചൂണ്ടാന്തുരുത്തിൽ നിന്ന്
മാഡ്രിഡിലേക്ക്
വളരെ അത്യാവശ്യമൊന്നുമല്ലാത്ത
ഒരു കാര്യത്തിനു
കാറോടിക്കുകയായിരുന്നു
അത്ര ഇമ്പമില്ലാത്തതും
അത്ര തന്നെ ഭംഗിയില്ലാത്തതുമായ ഒരു പാട്ട്
കാറിൽ മൂളിച്ചുകൊണ്ടിരുന്നു

ബോറടിച്ചപ്പോഴൊക്കെ
ആകാശത്തേക്ക് നോക്കി
ആകാശം തിരിച്ചും നോക്കി
ഒരു വേള ഒറ്റക്കണ്ണടച്ച് ഞാനതിനെ കളിയാക്കി
തിരിച്ച് ഒറ്റക്കണ്ണടക്കാൻ പറ്റാതിരുന്ന
ആകാശമെന്നെ നോക്കി കണ്ണുരുട്ടി
പോയി പണി നോക്കാൻ പറഞ്ഞു
പിന്നെയും കാറോടിക്കുകയായിരുന്നു

കളമശ്ശേരിയും കഴിഞ്ഞ്
കണ്ടെയ്നർ റോഡിന്റെ സിഗ്നലിൽ
ഒരാൾ നിൽക്കുന്നു
കൈ കാണിക്കുന്നു
നിറുത്തിയ പാടേ ചാടിക്കയറുന്നു
ഇടത്തേ സീറ്റിൽ
അധികാരത്തോടെ ഇരിക്കുന്നു
അത്രയ്ക്ക് ഇമ്പമില്ലാത്തതും
ഭംഗിയില്ലാത്തതുമായ എന്റെ പാട്ടിനെ
പുച്ഛത്തോടെ നോക്കുന്നു

(കണ്ടാൽ ഒരു മാന്യൻ
എന്നാൽ ഒരു മൈരൻ
ഞാൻ ബ്രാക്കറ്റിൽ പറഞ്ഞു)

എനിക്കത്ര പിടിച്ചില്ലെങ്കിലും
ഞാനയാളോട് പേരു ചോദിച്ചു
ജീവിതമെന്ന് അയാൾ പറഞ്ഞു
ആഹാ
ജീവിതത്തെ ആദ്യമായി
കാണുന്നതാകയാൽ
ഇനീഷ്യൽ കൂടി ചോദിച്ചു

ഒട്ടും ശ്രദ്ധിക്കാതെ
ജീവിതം ഒരു പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം മറ്റൊരു പാട്ടുവച്ചു
എനിക്ക് ഒട്ടുമിഷ്ടമായില്ല
ജീവിതം വേറെ പാട്ടുവച്ചു
എനിക്ക് ഒട്ടും ഒട്ടും ഇഷ്ടമായില്ല

ജീവിതം വേറെ വേറെ പാട്ടുവച്ചു
എനിക്കിഷ്ടമായില്ല

ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
----------

മാരാപ്പറമ്പ്, മൂലമ്പിള്ളി
ഹൈക്കോർട്ട് ജംഗ്ഷൻ
മറൈൻ ഡ്രൈവ്
മാഡ്രിഡിലേക്കുള്ള വഴിയിൽ
ജീവിതം പാട്ടുകൾ മാറ്റിമാറ്റി വച്ചുകൊണ്ടിരുന്നു
എന്റെ ഇഷ്ടമല്ല ഇഷ്ടമല്ല തുടർന്നു കൊണ്ടേയിരുന്നു

ജീവിതം പിന്നെയും പാട്ടുവച്ചു
എനിക്കതിഷ്ടമായില്ല
പിന്നെയുമിഷ്ടമായില്ല
പിന്നെയും പിന്നെയും
ഇഷ്ടമായില്ല

ജീവിതം
പിന്നെ
ഒരു പാട്ടുവച്ചു

എനിക്ക് കുറച്ച് ഇഷ്ടമായി
എനിക്ക് കുറച്ച് കൂടി ഇഷ്ടമായി
കുറേശ്ശെ കുറേശ്ശേ
എനിക്കാ പാട്ട് ഇഷ്ടമായി
പാട്ട് ഇഷ്ടമായി
പാട്ട് ഒരു പാടിഷ്ടമായി
ആ പാട്ട് മാത്രമിഷ്ടമായി
ആ പാട്ട് എന്റേതായി
ആ പാട്ട് ഞാനായി
എന്തിനു
ആ പാട്ടിൽ
ഒരു ഡാൻസ് വരെ വച്ചുകൊടുത്തു

അപ്പോൾ
അപ്പോൾ
ഒരിക്കൽ കൂടി
ഞാൻ ജീവിതത്തോട്
ഇനീഷ്യൽ ചോദിച്ചു

ചിരിച്ച് കൊണ്ട്
അത് പറഞ്ഞു

ജീവിതം. പി.കെ



(ജീവിതം പി.കെ വായിക്കുമ്പോൾ, വിഷ്ണുപ്രസാദിന്റെ ഫൂ എന്ന കവിത ആരെങ്കിലും ഓർത്താൽ ഞാനവരെ തെറ്റു പറയില്ല)


തിങ്കളാഴ്‌ച, നവംബർ 04, 2013


ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം

എന്റെമ്മ നട്ട പൂന്തോട്ടത്തിൽ
ഞാനാരേയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടും കേട്ട്
ദേവസ്സിക്കുട്ടി വെള്ളപൂശുകയാണു

സെമിത്തേരിയുടെ മതിലിനു

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി
ഇല്ല ഞാനാരേയും കയറ്റുകില്ല
എന്നമർത്തി പാടി
ദേവസ്സിക്കുട്ടി

ഓരോ മുക്കും കൂടുതൽ മുക്കി
ഓരോ വലിയും കൂടുതൽ വലിച്ച്
അമർത്തിയമർത്തി
മതിലിൽ
ആഞ്ഞാഞ്ഞ്
വെള്ളയടിച്ചു

ഇല്ല ഞാനാരേയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികൾ
ദേവസ്സിക്കുട്ടിയുടെ
പണിഷർട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു

ഒരു പെയിന്റർ
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായീ ദേവസ്സിക്കുട്ടി

കുട്ടികൾക്ക് അയാൾ
കാഴ്ച്ചവസ്തുവായി
കുട്ടികളവർ
ദേവസ്സിക്കുട്ടിക്ക് വട്ടം ചുറ്റി

എന്റെമ്മ നട്ട
പൂന്തോട്ടത്തിൽ
ഞാനാരേയും
കയറ്റുകില്ല
എന്ന പാട്ടും
കൂടെ ചുറ്റി

അപ്പോൾ അമ്മ നട്ട പൂന്തോട്ടത്തിൽ
കറുത്ത ചെടികൾ, വെളുത്ത ഇലകൾ
കറുത്ത പൂവുകൾ, വെളുത്ത കായകൾ
കറുത്ത മൊട്ടുകൾ, വെളുത്ത പൂമ്പാറ്റകൾ
കറുത്തതും വെളുത്തതുമായ പൂമ്പൊടികൾ

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്
അമ്മ
നടന്നു വരാഞ്ഞതെന്തെന്നോർത്ത്
അപ്പോൾ
ദേവസ്സിക്കുട്ടിക്ക് വട്ടായി

0 0 0

അല്ല
ശരിക്കും
എന്തിനാണു
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകൾ
സെമിത്തേരിയിലേക്ക്
എടുത്ത് കൊണ്ട് പോയത്


തിങ്കളാഴ്‌ച, സെപ്റ്റംബർ 02, 2013


ഗോസ്റ്റ് ഓഫ് സ്മാൾ തിംഗ്സ് / Ghost Of Small Things


കുഞ്ഞുമുറിവുകൾ ചാലുകീറിയ മണ്ണിൽ
കാന്താരിമുളകിന്റെ വിത്തുകൾ പാവുന്നു

നീറി നീറി മുളച്ചവരവർ
വെയിലത്ത് പൊട്ടിച്ചിതറുന്നു
മുളയ്ക്കാത്ത എരിവുകൾ കൊത്തി
കാക്കകൾ കിണറുകൾ തിരഞ്ഞ് പറന്ന് പോകുന്നു
കൂട്ടത്തിലൊന്നിന്നെ അമ്മിയിലരയ്ക്കുന്നു അമ്മ

പിന്നെയും
പൂവിട്ട് പൂവിട്ട് കായിട്ട് അവർ കത്തിയെരിഞ്ഞു നിൽക്കുന്നു

മുറിവുകളുടെയും മുളകുകളുടെയും പ്രേതം
ഒന്നെരിഞ്ഞ് രണ്ടെരിഞ്ഞ്
ബാക്കിയായ മുളകുകളുമായി
ചന്തയിലേക്ക് പോകുന്നു

ചന്തയിൽ
വലിയ വലിയ ചോരച്ചാലുകളിൽ
പ്രാണൻ പിടഞ്ഞ തടങ്ങളിൽ
മുളച്ച് വളർന്ന ചെമന്ന ചെമന്ന മുളകുകൾ
അവയുടെ ചൊമചൊമന്ന വിലവിവരപ്പട്ടികകൾ
അവയെ ഏറ്റുന്ന ചുമട്ടുകാർ
ചുവന്ന ഇറക്കു/കയറ്റു കൂലികൾ

താഴ്ത്തി,താഴ്ത്തി
പറഞ്ഞിട്ടും
എരിവുള്ള മുളകേ, എരിവുള്ള മുളകേയെന്ന് ഉയർത്തിപ്പറഞ്ഞിട്ടും
ആരും എരിഞ്ഞുനോക്കാത്ത വിലയേ

കുഞ്ഞുമുറിവുകൾ ചാലുകീറിയ മണ്ണിൽ
കാന്താരിമുളകിന്റെ വിത്തുകൾ പാവുന്നുണ്ട്
ഇപ്പോഴും, എരിവിന്റെ അളവ് യന്ത്രം
സ്വന്തമായി ഇല്ലാത്ത ഒരാൾ

ഒരു കുഞ്ഞനാത്മാവ്



(Ghost Of Small Things  - ഹരിശങ്കരനശോകൻ കുഴൂർ വിത്സന്റെ കവിതകളെക്കുറിച്ച് എഴുതിയ പ്രയോഗം
ഇത് സെപ്തംബർ, ഇത് എന്റെ മാസമാണു. എന്റെ മാത്രം)
 

ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2013


ആട്ടിൻപറ്റവും ആട്ടിടയനും

ധർമ്മപുരിയിൽ നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള വഴിയിൽ
പുളിമരങ്ങൾക്ക് നടുവിൽ
അതാ ഒരാട്ടിൻ പറ്റം

തലകുലുക്കി
തുള്ളിച്ചാടി
തലങ്ങും വിലങ്ങും
ഒരാളതാ ഒരാട്ടിൻ പറ്റമാകുന്നു
കറുത്തകുഞ്ഞാടും
കടലാസു തിന്നുന്ന തള്ളയാടും
കൂട്ടത്തിലൊന്നിനെ ഇടിക്കുന്ന മുട്ടനാടുമായി മാറുന്നു

അതാഒരാളായി മാറിയ ഒരാട്ടിൻപറ്റം

നീയിത് എവിടെയാണെന്ന്
ആട്ടിൻ പറ്റം കരയുന്നു
ബേ ബെയെന്നു കളിയാക്കുന്നു
അയവിറക്കിയ തുപ്പലാൽ ചെവിയിൽ തൊടുന്നു

ആ ആട്ടിൻപറ്റത്തിനു അരികിലായി
മുറിഞ്ഞ വലതുകാൽ ഏന്തിവലിച്ച്
ആകാശത്തേക്ക് നോക്കി
മന്ദിച്ചു നിൽക്കുന്ന ആട്ടിടയനായിരുന്നു മറ്റേയാൾ

ഒരിക്കൽ ആട്ടിൻപറ്റമായിരുന്നതിന്റെ ഓർമ്മയായിരുന്നു അയാൾ

അയാളുടെ ഓരോ വഴികളിലൂടെയും ഒരായിരം
ആട്ടിൻ പറ്റങ്ങൾ തുള്ളിച്ചാടി പോകുന്നു
നല്ല ഇടയനൊന്നുമല്ലാഞ്ഞിട്ടും
ഇടയ്ക്ക് വീണ ഒരാട്ടിൻ കുട്ടിയിൽ തട്ടി നിന്ന് പോയവൻ
കാലു വെന്ത ഒരു മുട്ടനാടിന്റെ ഫോട്ടോസ്റ്റാറ്റ്
ഗർഭിണിയായ ഒരു തള്ളയാടിന്റെ വയറ്റിൽ കിടന്ന് അയാൾ ഉറങ്ങുന്നു

ആകാശത്തൂടെ പറന്ന് പോകുന്ന
ഓരോ കിളികളും തന്റെ കാണാതായ
ആട്ടിൻ കുട്ടികളാണെന്ന് സങ്കടപ്പെടുന്നു
കാക്കകളേയും മൈനകളേയും തത്തകളേയും
പൂത്താങ്കീരികളേയും മാടി മാടി വിളിക്കുന്നു
കിളികളാകട്ടെ വേടനെ കണ്ട പോൽ പേടിച്ച് പറക്കുന്നു
അയാളുടെ കയ്യിലെ വടി ,
നിലത്ത് കുത്തിയ അമ്പാണെന്ന് അവിശ്വസിക്കുന്നു
ആകാശത്തിലെ തടാകങ്ങളിൽ  വീഴല്ലേയെന്ന
അയാളുടെ പ്രാർത്ഥനയെ മേഘങ്ങൾ തടഞ്ഞുവക്കുന്നു

ധർമ്മപുരിയിൽ നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള വഴിയിൽ
പുളിമരങ്ങൾക്ക് നടുവിൽ
അതാ ഒരാട്ടിൻ പറ്റം

അതാ ഒരാട്ടിടയൻ