പേഴ്സണൽ ഡോക്ടർ പറഞ്ഞതനുസരിച്ച്
ഏകാന്തതയെ
നേരിടാൻ
രണ്ട് പ്രാക്കളെ വാങ്ങി
വെള്ളയിൽ ചോക്കലേറ്റ് കലർപ്പുള്ളത്
ഡോക്ടറുടെ
ചിറകുള്ള പ്രിസ്കിപ്ഷൻ
പത്ത് മുപ്പത് ശതമാനം ഫലം
പുറപ്പെടുവിച്ചു
എന്നാലാവും
വിധം ഞാനവയെ ഓമനിച്ച്
കൊണ്ടിരുന്നു
പോരാഞ്ഞിട്ടാവണം
രണ്ടും ഒരു ദിവസം
പറന്ന് പോയി
എപ്പോഴെങ്കിലും
വരുമെന്നോർത്ത് ഞാനവയ്ക്ക് അരിമണികൾ വിതറിക്കൊണ്ടിരുന്നു
അവ കോഴികൾ വന്ന് കൊത്തി
തിന്നു
ആകാശത്തിന്റെ
ഒഴിഞ്ഞ ഇടങ്ങളിലും മൂലയിലുമൊക്കെ ഞാനിടയ്ക്കിടെ
അവരെ തിരഞ്ഞു
മറ്റ് ചില ചിറകുകൾ
തെറ്റിദ്ധരിപ്പിച്ചുവെന്നല്ലാതെ
ഒന്നുമുണ്ടായില്ല. കോഴികൾ അവരുടെ അരിമണി
തീറ്റ തുടർന്നു
ഒരു ദിവസം ഞാനമ്പലനടയിൽ ചായ
കുടിക്കുകയായിരുന്നു . കത്തിച്ച സിഗരറ്റിന്റെ പുകയിലൂടെ
ആകാശത്തിന്റെ ഇടവഴിലൂടെ നടന്നു . അമ്പലത്തിന്റെ താഴികക്കുടത്തിനു താഴെ ഞാനെന്റെ ചോക്കലേറ്റ് കലർന്ന പ്രാക്കളെ കണ്ടു
. അവയെന്റേതാണു അവയെന്റേതാണു. ആത്മഗതത്തിനു ചിറകുകൾ വച്ചു. അത്
പറന്ന് ചെന്ന് ചോക്കലേറ്റ് പ്രാക്കളെ
തൊട്ടു . അവർ പറന്ന്
പോയി .
എനിക്ക് അമ്പലത്തിൽ കയറാൻ അനുവാദമില്ല
. എന്നാലും ആ താഴികക്കുടങ്ങൾക്ക്
താഴെ ഞാൻ വളർത്തിയ
ചോക്കലേറ്റ് ചിറകുള്ള പ്രാക്കൾ കുറുകിയിരുപ്പുണ്ട്
അവർ ആകാശത്തെഴുതുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറിയിരിപ്പുണ്ട്
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ