kuzhur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kuzhur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, മാർച്ച് 12, 2020


കടൽ മുരണ്ടു

രണ്ട് തോണികൾ തമ്മിൾ
ഇഷ്ടത്തിലായി

കടലിന് അതിൽ
ഇഷ്ടക്കേട് തോന്നി

കടലൊന്നിനെ മുക്കി

താഴോട്ട്
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു

പേടിക്കരുത്

ഞാൻ
കടലിൽ തന്നെയുണ്ട്


തിങ്കളാഴ്‌ച, ജനുവരി 22, 2018


എന്നെ ചവിട്ടി കടന്ന് പോകുന്നവർ


(
നിളയ്ക്കും അവളുടെ അപ്പനുമമ്മയ്ക്കും )
💃

കഴിഞ്ഞ വർഷം ഞങ്ങൾ ഫോർട്ട് കൊച്ചിയുടെ ചുമരുകളിൽ കവിത വരച്ചു കളിച്ചു
അമ്പി സുധാകരൻ എന്നെ ബുദ്ധനാക്കി ചുമരിലൊട്ടിച്ചു
ഞാനവരുടെ കളികൾ നോക്കി നിന്നു

നിള ഒഴുകി നടന്നു മരങ്ങളായി കടലാസുകളിൽ പടർന്നു
കരോലിനും ഫിലിപ്പും ഇലകളിൽ കണ്ണു വച്ചു
പ്രതാപം നഷ്ടപ്പെട്ട ഒരു രാജാവിന്റെ വേഷത്തിലായിരുന്നു പ്രിൻസ്
ഇലക്കറികളായി മണം പടർത്തി അനുപമ

നിളയെന്നെ വരച്ച ദിവസമാണു , അവളുടെ പടങ്ങളുള്ള പോസ്റ്ററുകൾ ഏതോ വലിയ ആളുകൾ കീറിക്കളഞ്ഞത്. ഞാനതും നോക്കി നിന്നു

ദേ, അവരെന്നെ ചവിട്ടി കടന്നു പോകുന്നു
നിള പറഞ്ഞു

അതെ മോളേ, നിന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ
ഇത്രയും കാലം ഞാനുമത് തന്നെയാണു പറഞ്ഞ് കൊണ്ടിരിക്കുന്നത്
എന്നെ ചവിട്ടിയേ അവർക്ക് കടന്ന് പോകാനൊക്കൂ



💃


കുഴൂർ വിത്സൻ
Temple of poetry
23/01/2018



മഞ്ഞ ലൈറ്റ്

( കടിക്കാടിനു )

വർഗ്ഗവഞ്ചകാ, മൈരേ
എന്നാണീ കവിത തുടങ്ങേണ്ടതെന്ന് പോയട്രീ മാഫിയ ടീമിനറിയാം
എനിക്കതിനാവില്ല എന്ന് നിനക്കെങ്കിലും അറിയാം
ഞാൻ തന്നെ ഒരു മാഫിയ ആയിരിക്കേ, ഞാനൊരു മാഫിയയുടെയും ആളല്ലെന്ന് പറയേണ്ടതില്ലല്ലോ
പറഞ്ഞ് വന്നത് അതൊന്നുമല്ല

നമ്മൾ ആദ്യം കാണുമ്പോൾ
അബുദാബിയിലെ ബസ് സ്റ്റാന്റിനു പച്ചനിറമായിരുന്നു
അതിലെ മരങ്ങൾക്കും പച്ച നിറമായിരുന്നു
ഇന്നായിരുന്നെങ്കിൽ നമ്മൾ സെൽഫിയെടുത്ത് തകർത്തേനെ

അന്നൊക്കെ നമ്മൾ കവിത ചൊല്ലിയിരുന്നത് കാറിൽ വച്ചായിരുന്നു
കവിത മുറുകുമ്പോൾ സിഗ്നൽ വീഴുമായിരുന്നു

ഒരു ദിവസം നീ കവിത ചൊല്ലുകയായിരുന്നു
ശശി അത് പകർത്തുന്നുണ്ടായിരുന്നു
ഞാനത് കേൾക്കുന്നുണ്ടെന്ന് നടിക്കുന്നുണ്ടായിരുന്നു

പെട്ടെന്ന് സിഗ്നൽ വീണു
ചോപ്പ
നീ പറഞ്ഞു
പച്ച
ശശി പറഞ്ഞു
മഞ്ഞ മഞ്ഞ ഞാൻ പറഞ്ഞു

നീ പെട്ടെന്ന് കരഞ്ഞു
മഞ്ഞ മഞ്ഞയെന്ന് പറഞ്ഞാണു നീ കരഞ്ഞത്

ഞാനത് ഇന്നുമോർക്കുന്നു
മഞ്ഞ മഞ്ഞയെന്നും പറഞ്ഞാണു നീ കരഞ്ഞത്

ഇന്ന് കൊച്ചിയിൽ നിന്ന് കുഴൂർക്ക് വരുമ്പോൾ
എയർപോർട്ട് സിഗ്നലിൽ ഞാൻ കണ്ടു
ഒരു മഞ്ഞ ലൈറ്റ്

അതാണു പറഞ്ഞ് വന്നത്
എല്ലാ മഞ്ഞ ലൈറ്റുകളും മഞ്ഞയല്ല എന്നാണു പറഞ്ഞ് വന്നത്



കുഴൂർ വിത്സൻ
Temple of poetry
22/01/2018


ചൊവ്വാഴ്ച, ജനുവരി 02, 2018


വൈകുന്നേരം


🦋 

ഞങ്ങൾക്കൊരു കുടുംബക്കല്ലറയുണ്ട്. 

അപ്പനു വേണ്ടി മൂത്ത ചേട്ടൻ വാങ്ങിച്ചത്
അമ്മ ഒടുക്കം ഉറങ്ങിയ അന്ന് ഞാനത് പുതുക്കി

ഇടക്കിടെ അവിടെ പോയി നിൽക്കുന്നത് ഒരു സുഖമാണു

അപ്പനുമമ്മയും ഒരുമിച്ച് കിടക്കുന്നത് ഒരിക്കലും കണ്ടിട്ടില്ല
ഇപ്പോഴങ്ങനെ കാണാൻ എന്തോ ഒരു രസമുണ്ട്
ഒരു തരം സമാധാനമുണ്ട്

അകലെയെങ്ങാനും വച്ചുള്ള വല്ലാത്ത ഒരു മരണമല്ലെങ്കിൽ
ഞാനും കിടന്നുറങ്ങുക ഈ കല്ലറയിലായിരിക്കും
ഓർത്തപ്പോൾ നല്ല ഒരിത് തോന്നി
അന്നെന്നെ കാണാൻ
വരാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ എന്തോ തോന്നി

ഞാനൊരു മെഴുതിരിയെടുത്ത്
എന്റെ കല്ലറയിൽ കത്തിച്ചുവച്ചു
അവിടെ നിന്നും കിട്ടിയ ചില്ലറ പൂവുകൾ അതിലൊക്കെ വിതറി
ചുറ്റിലും ചന്ദനത്തിരികൾ കുത്തി

മരിച്ച എന്റെ മുന്നിൽ ഞാൻ മുട്ടുകുത്തി

അപ്പോൾ സെമിത്തേരിയിലെ പരിചയക്കാരെല്ലാം എണീറ്റ് വന്ന് നീയെപ്പോൾ വന്നുവെന്ന് ചോദിച്ചു

ഉത്തരം പറയാതെ ഞങ്ങളിൽ നിന്ന് ഒരാൾ എണീറ്റ് പോയി

അപ്പോൾ അതാ, സെമിത്തേരിക്ക് മുൻപിലുള്ള ഇടവഴിയിലൂടെ ഒരു പെൺകുട്ടി ഓടിപ്പോകുന്നു

💃