ചൊവ്വാഴ്ച, മാർച്ച് 30, 2010


നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍

ഒന്ന്

വസന്തമേ
നിനക്ക് ഒരായിരം ഉടുപ്പുകളുണ്ട്

പച്ച മഞ്ഞ നീല
ചുവപ്പ് ഇളംനീല ഇളം പച്ച
പച്ച പോലത്തെ മഞ്ഞ

കണ്ടോ കണ്ടോയെന്ന്
കസവു ഞൊറികള്‍
വിടര്‍ത്തി
എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്

എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ

രണ്ട്

നാട് വിടുമ്പോള്‍
ഒരാള്‍
കൊടുങ്കാറ്റ് കണക്കേ
ദീര്‍ഘനിശ്വാസം വിടുന്നത്
വരുന്ന
രണ്ട് മൂന്നാണ്ടുകള്‍ക്ക് വേണ്ട
ശ്വാസം സംഭരിക്കാനാകാം

എന്നാല്‍
ഓരോ തവണ
നിന്നെ കണ്ട്
പിരിയുമ്പോഴും
ഒരായുഷ്ക്കാലത്തേക്ക് വേണ്ട
ശ്വാസം കൊള്ളാനെന്ന പോലെ
ഒടുക്കത്തെ പ്രാത്ഥന കണക്കേ
ഞാനെന്തിനാണ്
ദീര്‍ഘനിശ്വാസം
കൊള്ളുന്നത്