2009 ഒക്ടോബര്‍ 9 ,
ഷാര്‍ജ, അജ്മാന്‍, ദുബായ്
അത്ര രാവിലെ
പകല്‍
ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം മറിക്കുന്നു
“കവിതയുടെ
ഈ കുരിശുമരം
സ്വപ്നസഞ്ചാരത്തിന്റെ
റോഡപകടങ്ങള്‍
നിയന്ത്രിക്കുമെന്ന് “ 1
ഇതെന്റെ
വരികളാണെന്ന്
പകലിനോട് 2
പറഞ്ഞു
അവന്‍ ചിരിച്ചു
വെയില്‍ പരന്നു
ആത്മഹത്യയെക്കുറിച്ചുള്ള
പുസ്തകം
പകലിനു കൊടുത്തു
രാത്രിയാകട്ടെ
അവന്‍ പറഞ്ഞു
- - -
ആദ്യമായൊരപ്പന്‍
മകള്‍ക്ക് പേരിട്ട
കടലിനെ
കേള്‍പ്പിച്ച്
കൊടുക്കുകയാണ്
അമ്മിണീ
നീയൊന്നും
പറയാത്തതെന്ത്
ഇതാണ് കടല്‍
കടലമ്മ
നിന്റെ പേര്‍
കടലമ്മ തന്നതാണ്
ഇരമ്പം കേട്ട്
നീ ചിരിക്കുന്നു
നിനക്കെന്തറിയാം
അതിന്റെയാഴം
അപ്പനുപോലുമറിയില്ല
ചുഴികള്‍
ഗര്‍ത്തങ്ങള്‍
തിരമാലകള്‍
മുത്തുച്ചിപ്പികള്‍
തേറ്റപ്പല്ലുകളുള്ള
വമ്പന്‍ സ്രാവുകള്‍
ഒന്ന് കൂടി
ചേര്‍ത്ത് വയ്ക്കെടീ
പതിയെ
ഒരു ദേവതയുടെ
ശബ്ദം
നിന്നെ
കടലില്‍
മുക്കിയെടുത്തതിനു
ശേഷം
അപ്പന്‍
തീരത്തെഴുതി
കടലമ്മ
കള്ളീയെന്ന്
നിന്നെപ്പേടിച്ചിട്ടാകണം
അമ്മിണീ
ഇത്തവണ
അതമ്മ
മായിച്ചില്ല
- - -
ഈ റാന്നി ആരാണ്
ഈ റാന്നി ഏത് കോത്താഴത്തുകാരനാണ്
റാന്നിയായാലും
കോന്നിയായാലും
എനിക്കൊരു തുള്ളി
മദ്യം കഴിക്കണം
പിന്നെയൊക്കെ
റാന്നിയായിക്കൊള്ളും
റാന്നിക്കാരന്റെ
ഒരൊത്ത
റാന്നി മുറിയില്‍ വച്ച്
റാന്നി
റാന്നി
റാന്നിയങ്ങനെ
അപ്പന്റെയും
അമ്മയുടെയും
പടമുണ്ട്
നീ അനുഗ്രഹിക്കപ്പെട്ടവനാണ്
അപ്പന്റെയും
അമ്മയുടെയും
പടം
നാസിമുദ്ദീന്റെ ഭാഷയില്‍ 3
വെളുത്ത ഭാര്യ്
ചൊല്ലുവിളിയുള്ള
കുട്ടികള്‍
മദ്യം
റാന്നിക്കാരന്റെ
നെറ്റിയില്‍
ഒരുമ്മ കൊടുത്തു
- - -
ക്യാമറയിലൂടെ
അല്ലാതെ
ശോഭ
എന്നെങ്കിലും
എന്നെ കണ്ടിട്ടുണ്ടാകുമോ
അനിലന്‍
മേരി പിന്നെയും മേരി
ശിഹാബ്
ലെന്‍സുകള്‍
മാറി മാറി വച്ച്
എന്നെ കണ്ടിട്ടുണ്ടാകണം
എല്ലാവര്‍ക്കുമെന്ന പോലെ
ശോഭയ്ക്ക്
ഒരു പടമാണ്
ഞാന്‍
ഒരു
ശോഭയും
എന്നെ
കണ്ടിട്ടില്ല
- - -
ഭ്രാന്ത് പിടിച്ചിട്ടാണോ
ഭ്രാന്ത്
പിടിക്കാതിരിക്കാനാണോ
കാടേ
കടിക്കാടേ
ഇടയ്ക്ക്
ഇടയ്ക്ക്
ഇടയ്ക്ക്
ഈ മിസ്
കാളുകള്‍
മിസ്സായിപ്പോയതെല്ലാം
മിസ്സായിപ്പോയത്
തന്നെയാണ്
നിന്റെ ഭാഷയില്‍
നിന്നെ
ഒന്ന്
അനുകരിക്കാന്‍
ശ്രമിച്ച്
ഇടയ്ക്ക്
ഞാനൊന്നു മിസ്സായി
ആലുവയില്‍
പച്ചക്കറി മാര്‍ക്കറ്റ്
നടത്തുന്ന
ഒരു സെബാസ്റ്റ്യനുണ്ട്
കവിതയൊഴിച്ച്
എല്ലാം വില്‍ക്കും
നീയോ
ലോകത്തില്‍
പൈന്‍
സിഗരറ്റുകള്‍
വലിക്കുന്ന
എല്ല്ലാവരും
സഹോദരന്മാരാണ്
ഞാന്‍
മരിച്ചു കഴിയുമ്പോള്‍
കൊടുക്കുന്ന
അവാര്‍ഡിന്റെ
കൂടെ
ഒരു പാക്കറ്റ്
പൈന്‍
കൊടുക്കണം
ആ ഗ്രോസറിയിലെ
ഒരു ദിവസത്തെ
ഒരു മണിക്കൂറിലെ
ഏതോ
ഒരു മിനിറ്റിലെ
വില്‍പ്പനക്കാരനായിരുന്നു
ഞാന്‍
എന്റെ കൂലീ
എന്റെ കൂലീ
നിന്നോടുള്ള
ഈ
തൊഴിലാളിയുടെ
സമരമാണ്
ഈയുമ്മ
ഉമ്മകള്‍ വച്ച്
ഒരു സമരം
ഹായ്
എനിക്ക്
ജീവിക്കാന്‍
തോന്നുന്നു
- - -
“കിടിലന്‍”
ദേ ഇത് എഴുതിയത്
ഞാനല്ല
എന്തിനാണ്
വാക്കുകളേ
ആവശ്യമില്ലാത്ത
സമയത്ത്
ആവശ്യമില്ലാത്ത
സ്ഥലങ്ങളില്‍
വന്ന് നോക്കുന്നത്
ഒരു കുത്ത്
വച്ച് തരും
കുത്തില്‍ തീരും
തീരണം
- - -
ഒരു കവിത
തീര്‍ന്നാറേ
ഒരു കവിതയും
കൂടീയെന്ന്
ഒരു പെണ്ണ്
പെണ്ണുങ്ങള്‍
പറഞ്ഞാല്‍
കേള്‍ക്കാതിരിക്കുന്നതെങ്ങനെ
അയ്യേ
ഇത്തവണ
ഞാന്‍ പറ്റിച്ചേ
ഞാന്‍
കവിത ചൊല്ലുകയല്ല
കവിത
എന്നെ ചൊല്ലുകയാണ്
ഇനി
അതിന്
തോന്നട്ടെ
- - -
അമ്പരപ്പും
ആദരവും
കലര്‍ന്ന
നോട്ടത്തില്‍
പെണ്‍കുട്ടീ
ഞാന്‍
വേറെ
ഒരാളായി
തീരുന്നു
അപ്പന്റെ
കൂടെയാണ് നീ
എന്നിട്ടും
എന്റെ
കവിത കേള്‍ക്കണമെന്ന്
നീ
പതിയെ
പറയുന്നു
എവിടെയോ
നിന്നെ
ഞാന്‍
കണ്ടിട്ടുണ്ട്
എന്റെ മക്കളേ
കവിതയോ
നിറയെ
പോക്കാണ്
വായ തുറന്നാല്‍
ശവഗന്ധമാണ്
എത്ര പേര്‍
ഓടിപ്പോയതാണെന്നോ
ആദ്യം
നീയൊരു
കുടക്കൊന്ന നിറയെ
തുളസി തന്നു
ആത്മാവിലേക്കാണ്
പച്ചയായത് എങ്കിലും
ചെറുതാണല്ലോ
പെണ്‍കുട്ടിയാണല്ലോ
എന്ന്
മിഴിച്ച് മിഴിക്കവേ
നീ പിന്നെയും
തരുന്നു
പിന്നെയും
വേവാത്ത
ഒരിലക്കാട്
ദേ നോക്കിയേ
നീ ഒരു
പെണ്‍കുട്ടിയാണ്
നിന്റെ
നെറ്റിയിലാണ്
ഈയുമ്മ
പെണ്ണുങ്ങളുടെ
ഗുഹ്യഭാഗങ്ങള്‍
ഇഷ്ടമല്ലാത്ത
ഒരാളല്ല
നിന്റെ നെറ്റിയില്‍
തന്നെയാണ്
എന്റെയുമ്മ
കാരണം
എന്റെ മകന്‍
ഒരു മകളാണ്
- - -
ചൊവ്വാഴ്ച, ഒക്‌ടോബർ 13, 2009
ഉന്മാദത്തിന്റെ ഭംഗിയുള്ള ഒരു പകല്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)