ഞായറാഴ്‌ച, ജൂലൈ 14, 2019


അവളുടെ പാദങ്ങള്‍


* * *
അതു നടന്ന വഴികളില്‍
പിന്നെയും ചില വാളന്‍ പുളികള്‍
അതിലൊന്നെടുത്ത് പുതിയ സ്കൂള്‍ കുട്ടി
പുളി മണത്ത്
പുത്തന്‍ കൂട്ടുകാരനു
കൈമാറും നേരം
വയസ്സനാ പുളിമരം
പുത്തന്‍ ഇലകള്‍ വീഴ്ത്തി
അവരുടെ കുഞ്ഞുപാദങ്ങള്‍
ഇളം പോലത്തെ മഞ്ഞയില്‍ ചവുട്ടി
കാലമാവഴി
കടുപ്പത്തിലൊരു ചായ കുടിക്കുവാന്‍
പൊട്ടിയ കാലുമായ് വന്നു
ആ കൊമ്പന്‍ മീശക്കാരനു
കുഞ്ഞുപാദങ്ങളില്‍ നല്ല രസം തോന്നി
എന്നാല്‍ അവളുടെ പാദങ്ങളില്‍
പ്രേമത്തിന്റെ വടു തെളിഞ്ഞേ കിടക്കുന്നു
* * *
കിന്നരമായ് മീട്ടുവാന്‍
തെളിഞ്ഞ് കിടക്കുകയാണാ
പുളിമരത്തിന്‍ കാതല്‍
വിരല്‍ നട്ട്
തച്ചനാ
മരം മുറിക്കും നേരം
അത്രയ്ക്ക് പഴയതാം
കുരുവികള്‍
പുതിയ ഈണം മീട്ടി
അതിലേ
പുതുക്കുളത്തിലെ
രണ്ട് പരല്‍ മീനുകള്‍
മാനത്ത് കണ്ണികള്
മഴയത്ത് പറക്കുന്നു
തച്ചനാ നേരം കൊണ്ട്
പുളിമരത്തില്‍
കൊത്തുകയാണൊരുടല്‍
അത്രയ്ക്ക്
വശ്യമാം കണ്ണുകള്‍
വിയര്പ്പുമ്മ വയ്ക്കും മൂക്ക്
അകിട് നിറഞ്ഞ പോല്‍
രണ്ട് മേഘക്കുട്ടികള്‍
കാറ്റ് മാത്രമുമ്മ വച്ച്
ചുരത്തിയ കാട്ടാറുകള്‍
* * *
കാലവര്‍ഷണമാണമ്മേ
പഴേ പോലെ തണുപ്പില്ല
എങ്കിലും
വാരിയെല്ലിലൂടെ
ഒരു തണുപ്പ്
അരിച്ചരിച്ചിറങ്ങുന്നു
പഴയ പാത്രങ്ങള്‍
ഇടക്കാലത്തെ
മഴവെള്ളത്തിന്‍ വീടുകള്‍
എന്തോ ഓര്ക്കും നേരം
പുഴയിലേക്കൊഴുകുന്ന
മാനത്ത് കണ്ണികള്‍
നിനച്ചിരിക്കാതെ
മഴ വരും
അതിനെ പിടിച്ചു കെട്ടി
ചുണ്ട് നനച്ചൊരു
നീളനുമ്മയും കൊടുത്ത്
കണ്ണടയ്ക്കുമ്പോള്‍
നിന്ന്
പൊട്ടിപൊട്ടിച്ചിരിക്കുകയാണ്
ഇടവപ്പാതി
* * *
കാലുകള്‍ക്കിടയിലൂടൊരു
നദി
ചുമ്മാ കരഞ്ഞ് കൊണ്ടൊഴുകുന്നു
പുത്തനാം
മറ്റൊരു പൂവിനു
വയസ്സറിഞ്ഞ നൊമ്പരം
ഉള്ളില്‍ തുടിയ്ക്കുന്നു
കാലത്തിന്റെ
രണ്ട് പരാഗരേണുക്കള്‍
കാറ്റില്‍ പറക്കുന്നു
ഭൂമിയൊരു ഗര്ഭപാത്രമായ് തുടിക്കുന്നു
ഒറ്റമഴത്തുള്ളി കൊണ്ട്
മറ്റൊരു പ്രപഞ്ചം
അടിവയറ്റില്‍ വിരിയുന്നു
മറ്റൊരണ്ണാറക്കണ്ണന്‍
പ്രേമമില്ലാത്ത പാട്ടുപാടുന്നു
തെങ്ങുകള്‍ പറയുന്നു
ഇന്നലെയില്ലാത്തതാം
ഒരു തൊട്ടാവാടി
ജിവിതം മറക്കുന്നു
* * *
#2019 July
#New Poem

അഭിപ്രായങ്ങളൊന്നുമില്ല: