വെള്ളിയാഴ്‌ച, ഏപ്രിൽ 12, 2024വാക്കുകളുടെ പെട്ടകം

കുഴൂർ വിത്സൺ

ആകാശത്തെ നക്ഷത്രങ്ങൾപോലെയും
കടൽത്തീരത്തെ മണൽത്തരികൾപോലെയും
പെറ്റുപെരുകിയ വാക്കുകളെല്ലാം
മലീമസപ്പെട്ടതായി
ദൈവം തിരിച്ചറിഞ്ഞു
ദൈവം വാക്കുകളുടെ നോഹയ്ക്കു മെസ്സേജയച്ചു
പഴയതുപോലെ വീണ്ടുമൊരു പെട്ടകമുണ്ടാക്കാനും സംരക്ഷിക്കപ്പെടേണ്ട വാക്കുകളുടെ ജീനുകളെ കയറ്റാനും പറഞ്ഞു
നോഹയുടെ പെട്ടകത്തിനുമുൻപിൽ വാക്കുകൾ കുമ്പസാരക്കൂടിനുമുൻപിലെന്നപോലെ വരിവരിയായി മുട്ടുകുത്തി
ഇന്നലെവരെ ആർത്തുല്ലസിച്ച് മദിച്ച വാക്കുകൾ അത്ര കുലീനമായി ശിരോവസ്ത്രവുമിട്ട് കുമ്പിട്ടുനിന്നു
പാവം നോഹയ്ക്കും നല്ല പാവംതോന്നി
ഏഴാംനാൾ ജലമതിൻ്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി
എങ്കിലുമൊന്ന് സംശയം തീർക്കാൻ
നോഹ തൻ്റെ പഴയ പ്രാവിനെത്തന്നെ പറത്തിവിട്ടു
ചുണ്ടിൽ നല്ല ചന്തമുള്ള മൂളിപ്പാട്ടുമായി തിരിച്ചെത്തിയ
പ്രാവിൻ്റെ ചിറകിൽ
പുറംലോകം കാണാൻ
പേടകത്തിൽപ്പെട്ട വാക്കുകൾ
കുതിക്കവേ
പുതിയ പുലരിയിൽ
ശേഷിച്ച വാക്കുകളേതൊക്കെയെന്നെ കൗതുകം
ഇത് വായിച്ച നിങ്ങൾക്കുണ്ടാകുമെന്ന്
എനിക്കുറപ്പാകയാൽ
നിങ്ങൾക്ക് മുൻപിൽവച്ചുതന്നെ തുറന്നുവിടുന്നു
പ്രളയത്തിൽ തെരഞ്ഞെടുത്ത് ഞാൻ
നോഹയുടെ പെട്ടകത്തിൽ
അടച്ചുവച്ച വാക്കുകൾ


🌱🧚
എല്ലാവർക്കും വിഷു ആശംസകൾ .
കവിതയുടെ ഈ കൈനീട്ടം സമർപ്പിക്കുന്നു .
കവിതയുടെ ആഗോളവാണിക്ക് നിങ്ങൾക്കും ഒരു ചെറുകൈനീട്ടം നൽകാം . നമ്പർ - 97 44 315 990 .
സ്നേഹാദരങ്ങളോടെ - ആഗോളവാണി കവിതാ റേഡിയോ ടീം .

അഭിപ്രായങ്ങളൊന്നുമില്ല: