ചൊവ്വാഴ്ച, ഡിസംബർ 02, 2008


നീ വന്ന നാള്‍


ദൈവം നേര്‍ രേഖയില്‍ വന്ന
ആദ്യത്തെ ദിവസം

വേരുകളും ഇലകളും
മറന്നു പോയ മരത്തിന്
മുന്നില്‍ വസന്തം

വഴിതെറ്റിയ മഴക്കാര്‍
കൂട്ടുകാരോട് പറയുന്ന
പരിഭവത്തിന്റെ നേര്‍ത്ത ഒച്ച

ജലത്തിനു മാത്രം കേള്‍ക്കാവുന്ന
ദേവതയുടെ ശബ്ദം

പുല്ലുകള്‍ പൂമുഖത്ത്
വാഴുന്ന പൂന്തോപ്പ്

ചാണകം മെഴുകിയ തറയുള്ള
വെളിച്ചമില്ലാത്ത വീട്

ശലഭങ്ങള്‍ മഴയത്ത് തുള്ളുന്ന
നിമിഷങ്ങളുടെ കൂമ്പാരം

മിന്നാമിനുങ്ങുകളുടെയും
ഈയ്യാമ്പാറ്റകളുടെയും
ചിറകുകള്‍ ചേര്‍ന്നുണ്ടായ
കളിവീട്

ഒട്ടകങ്ങള്‍ കാറ്റ് കൊള്ളുന്ന കടല്‍ക്കര

മീന്‍ കുഞ്ഞുങ്ങള്‍
മറന്ന് വച്ച് പോയ
മണലിനിടയിലെ മുത്തുച്ചിപ്പി

ആകാശത്ത് നിന്ന്
ഭൂമിയിലേക്ക് നോക്കുന്ന
ഈന്തപ്പനകളുടെ
പ്രാത്ഥിക്കുന്ന കയ്യുകള്‍

ഉറുമ്പുകള്‍
കൈക്കൊട്ടിപ്പാടുന്ന
ആനക്കൊട്ടിലിലെ
കല്ല്യാണരാത്രി

പ്രാവുകള്‍
പെറുക്കിക്കൊണ്ടു വന്ന
ചുള്ളികള്‍ കൊണ്ട്
മാത്രം വേവിച്ച
ഒരു നുള്ള് അവില്‍

കയ്യക്ഷരങ്ങളുടെ കത്തിലെ
വീണ്ടും വീണ്ടും വായിക്കുന്ന
വാക്കുകളുടെ സമാഹാരം

ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ

എന്താവാം

മോള്‍ക്ക് തുരുതുരാ
ഉമ്മ കൊടുത്തു
പരിഭ്രമത്താല്‍
അവള്‍ കരഞ്ഞു

എനിക്കുമൊന്നും
മനസ്സിലായില്ലെന്ന് മോളോട്
ദൈവം പറയുന്നതിന്റെ
ശബ്ദം ഞാന്‍ കേട്ടു

12 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

ദൈവം നേര്‍ രേഖയില്‍ വന്ന ആദ്യത്തെ ദിവസം എന്ന വരി കവി ടി.പി.അനില്‍കുമാറിനോട് അനുവാദം ചോദിക്കാതെ എടുത്തതാണ്. എന്താവാം എന്ന പ്രയോഗം നന്ദിതയില്‍ നിന്നും.
എ.ജെ മുഹമ്മദ് ഷഫീറ് എന്ന കവിയും ഓര്‍മ്മിക്കപ്പെട്ടേക്കാം. എന്നാലും ഇത് പകര്‍ത്താതെ വയ്യ

Mahi പറഞ്ഞു...

അവളെ ആ കൊച്ച്‌ സുന്ദരിയെ എതിരേല്‍ക്കാന്‍ ഓര്‍മകളുടേ നിറമാല തന്നെ .ദൈവത്തിന്‌ മനസിലായില്ലേലും എനിക്ക്‌ മനസിലായീട്ടൊ

Dinkan-ഡിങ്കന്‍ പറഞ്ഞു...

ഒരു ഇറ്റാലിയൻ പെയിന്റിംഗ് പോലെ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

എനിക്കൊന്നും മനസിലായില്ലയെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു!

ഗുപ്തന്‍ പറഞ്ഞു...

ആത്മസാക്ഷാത്കാരത്തിന്റെ കടല്‍; അതിന്റെ തിളക്കം, തിരയിളക്കം, മര്‍മരം.


മനോഹരം :)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ദൈവത്തിന്
പിടികിട്ടാതിരുന്ന
നിമിഷത്തിന്റെ മറുഭാഷ

നന്നായിരിക്കുന്നു. ആശംസകൾ

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ജീവന്റെ ഒരേട്, അടര്‍ന്ന് സ്വയം പ്രകാശിതമാകുന്നു..ഒരു കുഞ്ഞു കവിതയായ്!!!
ആശംസകള്‍.....

Ajith Polakulath പറഞ്ഞു...

ജീവന്‍ തുടിക്കുന്ന വരികളായ് തോന്നി...

വേരുകളും ഇലകളും മറന്ന മരങ്ങളേ നിങ്ങള്‍ക്കുമിതാ വസന്തകാലം...

വെള്ളം വറ്റിയ കുളമേ നിങ്ങള്‍ക്കിതാ ഒരു കുളിര്‍മ്മയേകുന്ന പ്രാണവായു കലര്‍ന്ന ജലധാര..

നന്നായി എന്ന വാക്കിലൊതുക്കട്ടെ എന്റെ ജലാഭിഷേകം

ajeesh dasan പറഞ്ഞു...

wilson bhai
nee vanna naal
enikku ishttamaayi ennu vinayapoorvam ariyichu kollunnu.
njaan thaankalude kavithakalude oru aaswaadakan aanu.
thaankalude kavithakal enikku orupaadu ishttamaanu.
mohanakrishnan kaaladiyeppolulla boran kavikale maduthittaanu njangal keralathil jeevikkunnavar blogile kavithakale aasrayikkunnathu.athupole vishnu prasaadinte kavithaklum nalla kavithakalaanu...nandhy

മഴക്കിളി പറഞ്ഞു...

നന്നായിരിക്കുന്നു.....

Sureshkumar Punjhayil പറഞ്ഞു...

Manoharam. Ashamsakal.

Kaniyapuram Noushad പറഞ്ഞു...

പ്രവാസികള്‍ക്ക് ഒരു പാടു ദിനങ്ങള്‍ ദൈവത്തിനെ നേര്‍ രേഖയില്‍ കാണാന്‍ കഴിയില്ല.ഒരു ദിനം അത് മറക്കാന്‍ കഴിയില്ല.വര്‍ഷങ്ങള്‍ കൂടുമ്പോള്‍ കിട്ടുന്ന അവധിക്ക് നാട്ടിലെ വീട്ടില്‍ വെച്ച് ഇത് പോലെ ദൈവം നേര്‍ രേഖയില്‍ വരാറുണ്ട്.