ശനിയാഴ്‌ച, ജൂൺ 30, 2012


കേട്ടെഴുത്ത്


കഴിഞ്ഞ ജന്മത്തിൽ ഒരു ഭീരുവായിരുന്നു


ഈ ജന്മത്തിൽ ഒരു കവിയെങ്കിലുമായാൽ

രക്ഷപ്പെടുമെന്ന അമ്മയുടെ വാക്കുകളോര്‍ത്ത്

കവിതകള്‍ക്കു പഠിക്കാൻ തീരുമാനിച്ചു.


വൈലോപ്പള്ളിയുടെ മാമ്പഴത്തിന്റെ

അഞ്ചാം വരി ചൊല്ലിയ അന്ന്

ടീച്ചറെന്നെ തല്ലി

പിന്നീട് ഇടശ്ശേരിക്കു പഠിക്കാൻ തീരുമാനിച്ചു

ഭൂതങ്ങളായ പൂതങ്ങളൊക്കെ വന്നു പേടിപ്പിച്ചപ്പോൾ

അമ്മേയെനിക്കു പേടിയാകുമെന്നു പറഞ്ഞു മൂക്കിലോളിച്ചു.



പിന്നെ കടമ്പനാട്ടേയ്ക്കു പോയി

നിന്നു കരഞ്ഞിട്ടും

നിന്നു ചിരിച്ചിട്ടും

നിന്നു നിന്നങ്ങനെ ആടിയിട്ടും

ആ കാവു കണ്ടതേയില്ല


പിന്നെ സച്ചിയെങ്കിൽ സച്ചി

ഉണ്ണീ ഉറങ്ങരുത്

ഉറക്കം ദുസ്വപ്നത്തിന്റെ താക്കോല്‍ കൂട്ടമാണെന്നു മാത്രം പഠിപ്പിച്ച്

ഒരു ഇടവഴിയിലേക്കിറക്കി വിട്ടു നീ


ഒരിടവഴി കാണിച്ച് തന്നത് പുഴയാണു.

അതിൽ നിറയെ മുങ്ങി


പിന്നെ ജോൺ

ജോണിനു പഠിക്കാൻ പോയൊരാൾ

എറണാകുളത്തു നിന്ന് തിരിച്ച്

വീട്ടിൽ വന്ന്

അവന്റെ തന്നെ സ്വന്തം മേരിപ്പെങ്ങളോട്

അയാളുടെ തന്നെ തോമന്റെ സ്വന്തം ചിരിയിൽ

ഈ കല്ലോക്കെ നീയെടുത്തോ, ഉപകാരപ്പെടുമെന്ന്

ജോൺ ഭാഷയിൽ പറയാൻ നോക്കി.


പിന്നീടായിരുന്നു അയാൾ ബാലനാവാൻ നോക്കിയത്

നടത്തം കൊണ്ടും

നോട്ടം കൊണ്ടും

ശബ്ദം കൊണ്ടും

അയാളെത്തന്നെ പറ്റിച്ചു നടന്നു

അയാൾ പിന്നെ ലോകത്തെയും



പിന്നീടായിരുന്നു അയ്യപ്പൻ

ആലുവാചന്തയിൽ നിന്നും

ആലുവാ പുഴയിലേയ്ക്കു നടക്കുമ്പോൾ



നിന്റെ ഇടതുകൈ

എന്റെ വലതുകൈയ്യിനെ ചേര്‍ത്തു പിടിച്ചു

പിച്ചക്കാരോടൊപ്പം

ഒരു പെഗ്ഗടിക്കുന്നതിന്റെ

അത്യാഹ്ലാദത്താൽ

ഞാൻ നിന്നെ ഒരു കുഞ്ഞിനെപ്പോലെ കൊണ്ടുപോയി



നേരം പുലര്‍ന്നപ്പോൾ

നമ്മള്‍ കൊടുങ്ങല്ലൂരായിരുന്നു

ഭരണിയൊന്നുമായിരുന്നില്ല

ഒരു ചെറിയ പച്ചക്കുപ്പി

അതിന്റെ മാത്രം ബലത്തില്‍ നീ അന്നെന്നോട്

ഒരാളെ തൊടണമെന്നു പറഞ്ഞു

ഒക്ടോബർ 21 രാത്രിയിൽ

ഞാൻ ഒരിടത്ത് കിടന്നുറങ്ങുകയായിരുന്നു



അന്നു രാത്രി

നീയെന്നെ സ്വപ്നത്തിൽ വന്നു വിളിച്ചു

നെറ്റിയിൽ പറയാൻ പറ്റാത്തയെല്ലായിടങ്ങളിലും

ചാരായത്തിന്റെ മണമുള്ള ഉമ്മകൾ തന്നു



പിറ്റേന്നു രാവിലെ ഞങ്ങൾ കുറേ കരഞ്ഞു



പിന്നെ കുറേ ചിരിച്ചു.



അപ്പോഴുമുണ്ട് പിന്നെയും

അക്ഷരമാലയിൽ കല്പറ്റ

ജെസ്സിയെ തുഴഞ്ഞു പോയ കുരീപ്പുഴ

സമനിലയിൽ കെ.ആർ.. റ്റോണി

അഞ്ചടി ആറിഞ്ചിൽ വി ആർ സന്തോഷ്

എർണാകുളത്തിന്റെ പാലിയത്ത്

മരംകൊത്തിയായനിലൻ

പ്രാന്തായ് നിലാവായ് കരിയാട്

കോമയിൽ കുത്തായി കുറൂർ

പച്ചമുക്കുത്തിയായ് പി .പി .രാമചന്ദ്രൻ

ഗ്രോസറിയിലെ നസീർ കടിക്കാട്

മകൻ മരിച്ചുപോയ ശ്രീകുമാരന്‍ തമ്പി

പച്ചപ്പാട്ടെഴുതിയ വി.ടി. മുരളി

ഉപമകൾ തോറ്റു പോകും സാബു ഷണ്മുഖം



കഴിഞ്ഞ ജന്മത്തിൽ

ഞാന്‍ വലിയ ഭീരുവായിരുന്നുവെന്ന് അമ്മ വിചാരിച്ചു



ഈ ജന്മത്തിലും ഏറ്റവൂം വലിയ ഭീരുവാണ്

എന്നമ്മയോട് പറയാൻ പോകുമ്പോൾ



കവി

കവിത

അക്കിത്തം

അന്ത്യ പ്രലോഭനം

യേശുക്രിസ്തു

മണ്ണാങ്കട്ട


എന്റെയും നിന്റെയും

കല്ലറകള്‍ക്കു മീതെ കരുതിവെച്ച

ഒരു മുക്കുറ്റിപ്പൂ.

13 അഭിപ്രായങ്ങൾ:

Madhu പറഞ്ഞു...

pora...

- സോണി - പറഞ്ഞു...

ഇഷ്ടമായി.

sajith പറഞ്ഞു...

എനിക്കും ഇഷ്ടമായി.

grkaviyoor പറഞ്ഞു...

ജന്മങ്ങള്‍ പാഴാകാതെ പോവട്ടെ അവസാനം എല്ലാം പഠിച്ചുവോ എന്ന സംശയവുമായി ഈ പഞ്ചഭൂത കുപ്പായം ഒഴിയാം ,കവിത ഇഷ്ടമായി

ഷാജു അത്താണിക്കല്‍ പറഞ്ഞു...

അയ്യപ്പനെ പറഞ്ഞത് ഇഷ്ടായി
ആശംസകൾ

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

കവിതകള്‍ കൊണ്ടൊരു മാല...നന്നായിരിക്കുന്നു...

മാണിക്യം പറഞ്ഞു...

കഴിഞ്ഞ ജന്മത്തിൽ
ഞാന്‍ വലിയ ഭീരുവായിരുന്നുവെന്ന് അമ്മ വിചാരിച്ചു
ഈ ജന്മത്തിലും ഏറ്റവൂം വലിയ ഭീരുവാണ്
എന്നമ്മയോട് പറയാൻ പോകുമ്പോൾ....

ഒരു ഭീരുവിന് ഒരിക്കലും താന്‍ ഭീരു ആണെന്ന്‍ തിരിച്ചറിവ്‌ ഉണ്ടാവില്ലല്ലോ ഊവ്വോ?

Unknown പറഞ്ഞു...

ഇഷ്ടപ്പെട്ടിരിക്കുന്നു..

ഒരു കാലത്തെല്ലാവരും ജോണിനു പഠിക്കയായിരുന്നു

Neena Sabarish പറഞ്ഞു...

കവിയെങ്കിലുമാകട്ടെ എന്നൊരു തമാശപറഞ്ഞപ്പോ അമ്മ ഇത്രയും കരുതിക്കാണില്ല തീര്‍ച്ച.......

Unknown പറഞ്ഞു...

വായിക്കാന്‍ തുടങ്ങുമ്പോ "എവിടുന്ന്"‍ എന്ന് ആരാണ്ട് ചോദിച്ചപോലെ തോന്നി,
ഇത് വായിച്ചു തീര്‍ന്നപ്പോ , പോകാനുള്ള വഴികള്‍ക്ക് ഒരു map കിട്ടിയ പോലെ,
മാമ്പഴത്തിന്‍റെ അഞ്ചാം വരിയില്‍ പിടിക്കാം

"മാങ്കനി വീഴുന്നേര,മോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ?“

dha blueizh fiZzzZh...!!!! പറഞ്ഞു...

Ee bheeruvinteyum elarudeyum oduvilathe sathyam aa oru pidi mukkuti poov anelo..!!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

മുക്കുറ്റിപ്പൂപോലെ..
കവി,
കവിത.

MONALIZA പറഞ്ഞു...

എന്തെന്തോരാ എഴുതിക്കൂട്ട്യേക്കണേ ഹോ വായിച്ചു ഒരു പരുവായി .....