ബുധനാഴ്‌ച, ഏപ്രിൽ 03, 2013


തങ്കപ്പൻ (45) ഉറങ്ങിപ്പോയി



ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞുനടന്നിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.

ഒരു ദിവസം അയാളുടെ കയ്യിൽ ഒറ്റപ്പൈസയും ഇല്ലായിരുന്നു
അന്ന് 5 മണിക്ക് മുൻപ് 12,200 രൂപ ബാങ്കിൽ അടച്ചില്ലെങ്കിൽ അയാളുടെ അവശേഷിക്കുന്ന മുഴുവൻ അടക്കാ മരങ്ങളും പിറ്റേ ദിവസം ബാങ്കുകാർ വെട്ടിക്കൊണ്ട് പോകുമായിരുന്നു.
അടക്കാമരങ്ങൾ പോയാൽ അതിൽ പടർന്ന കുരുമുളക് കൊടി, വെറ്റിലകൊടി എന്നിവയും അതിലെ ഉറുമ്പുകളും ചതഞ്ഞരയുമായിരുന്നു. അയാളുടെ മരിച്ച് പോയ ആൺകുട്ടി അവസാനമായി കെട്ടിയ ഒരു കളിവണ്ടിയും അതിലെ ഒരു അടക്കാമരത്തിലായിരുന്നു

അയാളുടെ മൊബൈലിൽ ആണെങ്കിൽ മിസ് കോളടിക്കാനുള്ള പൈസയേ ഉണ്ടായിരുന്നുള്ളൂ

ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന കാര്യം ആവർത്തിക്കാനാവും ഈ മിസ് കോളുകൾ എന്ന് കരുതി അയാളുടെ സൊ കാൾഡ് കൂട്ടുകാർ ആരും തിരിച്ച് വിളിച്ചതുമില്ല. പെന്തക്കോസ്തുകാരനായതിനാൽ ആർ സി യേശുവും മാർത്തോമ്മാ മറിയവും ആ മിസ് കോളുകൾ പുച്ഛിച്ചു

സമയം 12.30
പള്ളിയിൽ ഉച്ചമണിയടിച്ചു

12.31 / 12.32 / 12.33 /12.34 / 12.35 / 12.36 / 12.37 / 12.38 / 12.39 / 12.40 / 12.41
ആ നാട്ടിലെ പണിക്കാരെല്ലാം ഉച്ചപ്പണിയും നിർത്തി, കയ്യും കാലും മുഖവും കഴുകി , ചൂടുള്ള നല്ല കഞ്ഞിയും കഴിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നു അത്

12.42 / 12.43 / 12.44 / 12.45 / 12.46 / 12.47 / 12.48 / 12.49 / 12.50 / 12.51 / 12.52/ 12.53 / 12.54 / 12.55 / 12.56 / 12.57 / 12.58 / 12.59


കോപ്പി പേസ്റ്റ് ആയി ഇങ്ങനെ എത്ര വേണമെങ്കിലും തുടരാം എന്ന് തോന്നാം. തിരുത്തിയാൽ മതിയല്ലോ
എന്തെങ്കിലും കാരണത്തിനു ഇങ്ങനെ ഓരോ നിമിഷവും എണ്ണിയിട്ടുള്ള ഒരാളാണു ഇത് വായിക്കുന്നതെങ്കിൽ നിങ്ങൾ അത് പറയില്ല എന്ന് അയാൾക്ക് ഉറപ്പുണ്ട്. പ്രേമിക്കുന്നവർ വരെ അതൊക്കെ ചെയ്തിട്ടുണ്ട്. എന്നിട്ടല്ലേ
1.01 / 1.02 / 1.03 / 1.04 / 1.05 / 1.06 / 1.07 / 1.08 / 1.09 / 1.10 / 1.11 / 1.12 /1.13 / 1.14 / 1.15 / 1.16 / 1.17

സമയത്തിനൊക്കെ എന്തുമാകാമല്ലോ. അതിനിടയിൽ അയാളുടെ പെണ്മക്കൾ സ്കൂളിൽ നിന്ന് വന്നു. അപ്പാ നമ്മുടെ ചീരകത്തൈ. അപ്പാ നമ്മുടെ കുമ്പളത്തൈ എന്ന പാട്ടും പാടി അടുക്കളയിലേക്ക് പോയി. അവരും കാപ്പി കുടിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച പാർട്ടിഗ്രാമമായിരുന്നു അത് എന്ന് പിന്നെയും കോപ്പി പേസ്റ്റണോ ? വേണ്ടല്ലോ
4.01 / 4.02 / 4.03 / 4.04 / 4.05 / 4.06 / 4 .07 / 4.08/ 4.09 / 4.10 / 4.11
അഞ്ചുമണിയായില്ല. അതിനു മുൻപ് അയാൾ ഉറങ്ങിപ്പോയി. വാച്ചിൽ നോക്കി നോക്കിയിരുന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നിട്ടും

ആരാടാ ഈ ഉറക്കം. ഈ ഉറക്കം ഏത് നാട്ടുകാരനാടാ, നീ ഏതാടാ മൈരേ എന്ന് വരെ ഉറക്കെ ചോദിച്ച് കൊണ്ടാണു അയാൾ ഉറങ്ങിപ്പോയത്

ഉറക്കം നിരോധിച്ച പാർട്ടിഗ്രാമത്തിൽ ആദ്യമായി ഉറങ്ങിയ ആളായിരുന്നു അയാൾ

നാളെ പത്ത് മണി വരും. സമയത്തിനൊക്കെ എന്തും ചെയ്യാമല്ലോ. ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞിരുന്ന ഒരാളാണു ഉറങ്ങിപ്പോയത്

തങ്കപ്പൻ (45)
ഉറങ്ങിപ്പോയി എന്ന് ബോർഡ് എഴുതുകയാണു ഫ്ലെക്സ് കടയിലെ വേറെ ഒരാൾ

5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ajith പറഞ്ഞു...

എന്തെങ്കിലും കാരണത്തിനു ഇങ്ങനെ ഓരോ നിമിഷവും എണ്ണിയിട്ടുള്ള ഒരാളാണു ഇത് വായിക്കുന്നതെങ്കിൽ നിങ്ങൾ അത് പറയില്ല എന്ന് അയാൾക്ക് ഉറപ്പുണ്ട്.


എണ്ണാത്തവര്‍ ആരെങ്കിലും കാണുമോ?

തങ്കപ്പന്‍ സുഖമായുറങ്ങട്ടെ

- സോണി - പറഞ്ഞു...

ഉറങ്ങിപ്പോയത് തങ്കപ്പന്റെ കുറ്റമല്ല.
ആണോ?
അല്ലാന്നെ..

പ്രയാണ്‍ പറഞ്ഞു...

നിനക്കറിയാഞ്ഞിട്ടാണ്.. അയാള്‍ വെറുതെ കണ്ണടച്ചു കിടക്കുകയാണ്....

Unknown പറഞ്ഞു...

Pavam tagappn