എന്നെയറിയില്ല

അയാള്‍ക്കെന്നെയറിയില്ല
എനിക്കയാളെയും

ഞങ്ങള്‍ക്കിടയില്‍
ഒരു തടാകമുണ്ട്‌
അതില്‍ നിറയെ മീനുകളും

ആ മീനുകള്‍ അയാളുടേതല്ല
എന്റേതുമല്ല

ആ മീനുകള്
‍ഞങ്ങളുടേതല്ല എന്നുള്ളതാണു
ഞാനും അയാളും തമ്മിലുള്ള ഒരു ബന്ധം

ആ തടാകത്തില്‍ ആകാശം വീണു കിടക്കുന്നുണ്ട്‌
അതിലെ മേഘച്ചെരുവുകളിലൂടെ
മീനുകള്‍ ഊളിയിടുന്നതെനിക്കു കാണാം
വീണുകിടക്കുന്ന മേഘങ്ങളെ
ചെറുതായെങ്കിലും അനക്കുന്നതു
മീനുകള്‍ തന്നെ

കിളികളെ പേടിയില്ലാത്ത
മീനുകളുണ്ടാകുമോ
വേണമെങ്കില്‍ തടാകത്തിലെ ആകാശത്തില്‍ നോക്ക്‌

ഇതെല്ലാം അയാള്‍ കാണുന്നുണ്ടാകുമോ
എന്നായി എന്റെ വിചാരം
എന്റെ വിചാരങ്ങള്
‍അയാളറിയുന്നുണ്ടാകുമോയെന്നും

അയാള്‍ തടാകത്തില്‍
കണ്ടതെന്തെന്നു സങ്കല്‍പ്പിക്കാന്
‍എനിക്കായില്ല
അതിനു സമയം കിട്ടിയതുമില്ല

ആ എന്തെങ്കിലും വിചാരിക്കട്ടെ

അയാളുടെ കയ്യില്‍
ഒരു സിഗരറ്റുണ്ട്‌
എന്റെ കയ്യിലും സിഗരറ്റുണ്ടെന്നുള്ളതാണു
ഞങ്ങള്‍ തമിലുള്ള മറ്റൊരു ബന്ധം

എന്റെ സിഗരറ്റിന്റെ പുകയും മേഘങ്ങളും
സൗഹൃദത്തിലാണെന്നാണു എന്റെ വിചാരം
അതു കൊണ്ടാണല്ലോ ഞാന്‍
തടാകത്തില്‍
ചത്തുമലച്ചു കിടക്കുന്ന
മേഘങ്ങളെയോര്‍ത്തു ദുഖിക്കുന്നതു

അയാളുടേതങ്ങനെയല്ല
മുഖം കണ്ടാലറിയാം
ദുഖങ്ങളേയില്ല അയാള്‍ക്കു

ബോറടിച്ചിട്ടായിരിക്കും
അയാള്‍ സിഗരറ്റ്‌ വലിക്കുന്നത്‌

അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ

ആകില്ലഅയാള്‍ കറുത്തതു തന്നെ

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍

കറുത്തതല്ലാത്ത ഞാന്‍


^ 2006

9 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"അയാള്‍ എന്നെക്കാള്‍ കറുത്തിട്ടാണു
അതും ഒരു ബന്ധം തന്നെ
പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

അയാളും ചിലപ്പോള്‍വെളുത്തായിരിക്കും ഇരുന്നിരുന്നതു
അമ്മ മറന്നു വച്ചപ്പോള്‍ കറുത്തതാകുമോ"

- എന്നെയറിയില്ല -

പുതിയ രൂപത്തില്‍
ഭാവത്തില്‍
ഈ ഇടം.
നോക്കണം.

കടപ്പാട്‌.
വിശാലനും, പെരിങ്ങോടനും...

കുറുമാന്‍ പറഞ്ഞു...

വളരെ നന്നായിരിക്കുന്നു വിത്സന്‍ ഈ കവിത. ഭാവുകങ്ങള്‍

കുഞ്ഞേട്ത്തി പറഞ്ഞു...

എല്ലം ആപേക്ഷികം അല്ലേ, എന്നേക്കാള്‍,നിന്നേക്കാള്‍.... അതിനേക്കാള്‍, ഇതിനേക്കാള്‍.... എന്നിട്ടും തരാതമ്യം എന്നൊടും ഞാന്‍ ഞാന്‍ മാത്രവും ആവുമ്പോള്‍ അതു കവിതയാവും , കുഴൂര്‍കവിത. ഇതു മറ്റെവിടെയോ വായിച്ചിട്ടുണ്ടല്ലോ വിത്സന്‍.

തറവാടി പറഞ്ഞു...

വില്‍സണ്‍,

കവിത ഇഷ്ടമയി , ലളിതം , സുന്ദരം , അര്‍ത്ഥവത്തായത്‌.

കുഞ്ഞേടത്തീ ,

താങ്കള്‍ ഈ കവിത മുന്നെ വായിച്ചിട്ടുണ്ടോ?
എങ്കില്‍ എവിടേ?

ഒരാരോപണം ഉന്നയിക്കുമ്പോള്‍ , തെളിവോടെ ആയിരിക്കണം.

ഇതിപ്പോള്‍ ഒരു ഫാഷനായിട്ടുണ്ട് , ആരെന്തെഴുതിയാലും , മുമ്പെ വായിച്ചെന്നും പറഞ്ഞ്‌.

Devasena പറഞ്ഞു...

കുഞ്ഞേടത്തി പറഞ്ഞത്‌ സത്യമാണു - ഹരിതകത്തില്‍ വായിച്ച കവിതയാണിത്‌
ആരോപണത്തില്‍ നിന്ന് പാവത്തിനെ ഒഴിവാക്കൂ തറവാടീ..

ദില്‍ബാസുരന്‍ പറഞ്ഞു...

പക്ഷെ അയാള്‍ക്കറിയില്ല
ഞാന്‍ വെളുത്തതാണെന്നു
കറുത്തതായി അഭിനയിക്കുകയാണെന്നു

മനോഹരം വിത്സണ്‍ ചേട്ടാ.
(ഹരിതകത്തിലും പ്രസിദ്ധീകരിച്ചിരുന്നു അല്ലേ)

ഇത്തിരിവെട്ടം|Ithiri പറഞ്ഞു...

ആകാശം വീണുകിടക്കുന്ന
മേഘങ്ങളുടെ തടാകം
മേഘങ്ങളുമായികൂട്ടുകൂടി നടക്കുന്ന
എന്റെ പുകച്ചുരുളുകള്‍...

:)

ഇടങ്ങള്‍|idangal പറഞ്ഞു...

വിത്സന്റെ തന്നെ ‘നിങ്ങളുടെ പേര്‍ ഞാന്‍ മറന്നിരിക്കുന്നു’ എന്ന കവിതയോട് ചെറിയ സാമ്യം തോന്നുന്നു ഈ കവിത.

yousufpa പറഞ്ഞു...

പണ്ടൊരു സുഡാനി
എന്റെ കൈ കൂട്ടിപ്പിടിച്ചു പറഞ്ഞു
ഇവന്‍ സുഡാനില്‍ നിന്നും വന്നവന്‍ ...
جديد പുതിയവന്‍ എന്നര്‍ത്ഥം ..