ആരുടേയുമല്ല, എന്നെ വിടൂ
ഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ
പ്ലീസ് എന്നെ വിടൂ
ഉണ്ടായപ്പോള്‍ അപ്പനുമമ്മയും വിളിച്ചു
എന്റെ മകന് എന്റെ മകന്
ഞങ്ങളുടെ മകന്
അന്നുറക്കെ കരഞ്ഞത് എന്നെ വിടൂ വിടൂ
ഞാനാരുടേതുമല്ലെന്നും പറഞ്ഞാണ്, അല്ല
ഞാനാരുടേതുമല്ല
മമ്മോദീസ മൂക്കുമ്പോള്‍ കരഞ്ഞതും അതിനാണ്
എന്നെ വിടൂ എന്നെ വിടൂ
ഞാന്‍ ക്ര്യിസ്ത്യാനിയുടേതല്ല
ഹിന്ദുവിന്റേതല്ല ജൂതന്റെയും ബുദ്ധന്റേയുമല്ല
എന്നെ വിടൂ എന്നെ വിടൂ എന്നാണ് ഞാനന്ന് കരഞ്ഞത്
ഞാന്‍ ആരുടേയുമല്ല.
ഞാന്‍ എന്റേതല്ല
ഞാന്‍ ആരുടേയുമല്ല, നിന്റേതുമല്ല
ആരുടേയുമല്ല
ചുംബനത്തിനോ, വിവാഹത്തിനോ, മരണത്തിനോ
എന്റെ മേല്‍ യാതൊരവകാശങ്ങളുമില്ല
ആരുടേതുമല്ലാതായിരിക്കലാണ്‍ എനിക്ക് ജീവിതം
പബ്ലിക്ക് ബൂത്തിലെ ടെലഫോണ്‍
കഫേയിലെ കമ്പ്യൂട്ടര്‍, നിരത്തിലെ റഷ്യക്കാരി
ചായക്കടയിലെ കപ്പ്, പരാതിപ്പുസ്തകത്തിലെ പേന
ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാമത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ്,
ക്ലിനിക്കിലെ ഡോക്ടര്‍, വഴിവക്കിലെ പൂവ്, തെക്കോട്ടൊഴുകുന്ന പുഴ,
തിരകളെണ്ണുന്ന കടല്‍,
മഴ, എവിടത്തെയും ആകാശം സൂര്യന് , ചന്ദ്രന്
അല്ലെങ്കില്‍
വഴിവക്കിലെ ഒരാല്‍മരം
ചൊവ്വാഴ്ച, ജനുവരി 29, 2008
അല്ലെങ്കില്‍ വഴിവക്കിലെ ഒരാല്‍മരം
Labels: കുഴൂര്‍ വില്‍സന്റെ കവിതകള്‍
ചൊവ്വാഴ്ച, ജനുവരി 08, 2008
ഒരു ദിവസം
ഒരുമിച്ച് നടന്നിരുന്ന വഴികളിലൂടെ
എന്തൊക്കെയോ വിചാരിച്ച്, പലപ്പോഴും
കുതിപ്പും കിതപ്പും കണ്ട
സിഗ്നലുകളോട്
ഇന്നെന്താ കണ്ണുരുട്ടാത്തേയെന്ന് ചോദിച്ച്
ഇന്നെന്താ ഒറ്റയ്ക്കാണല്ലോയെന്ന
അവരുടെ മറുചോദ്യവും കേട്ട്
ഞങ്ങള്‍ രണ്ട് പേരും
ഒറ്റയ്ക്കാണു എന്ന് പിന്നെയും
അവര്‍ കേള്‍ക്കാതെ അടക്കം പറഞ്ഞ്
പലതും പറഞ്ഞ്
ഒടുവില്‍ കോര്‍ണേഷില്‍നിന്ന്
ഒരാള്‍ക്കായി പൂക്കള്‍
പറിയ്ക്കുമ്പോള്‍
മിസ് കാളുകള്‍ചോദിച്ചു
എവിടെയാണ്
എങ്ങനെയാണ്
ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ് പോര്‍ട്ട്
നഷ്ടപ്പെടരുതെന്നും
വീട്ടിലുള്ളയാള്‍ക്ക്
ശ്വാസം മുട്ടല്‍ വരരുതെന്നും
കൂട്ടുകാരനു ബോറടിക്കരുതെന്നും
നേരത്തെ പറഞ്ഞിരുന്നതാണല്ലോ
തീരെ, അടക്കമില്ലാത്ത മിസ്കാളുകള്‍
മറ്റൊരു ജന്മത്തില്‍നിന്ന്
ഏഴു കടലുകളും കടന്ന്
ഈ നഗരത്തിലെ ഈ വഴിയില്‍തന്നെ
ക്യത്യമായി വന്നിട്ട്
ഒരു ദിവസമെങ്കിലും
ഒരു തുള്ളി പോലും
പുറത്ത് പോകാതെ
തിമിര്‍ത്ത് പെയ്തില്ലെങ്കില്‍
അതാവും മുഴുവട്ടെന്ന്
ഞാനെന്നെ പറഞ്ഞ് മനസ്സിലാക്കി
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിയ്ക്കുമ്പോള്‍
എന്നോട് ചോദിച്ച് മനസ്സിലാക്കണമെന്നും
ഭൂമിയില്‍ വിരിഞ്ഞ് നില്ക്കുന്ന
എല്ലാ പൂക്കളും
നിന്നോടുള്ള എന്റെ സ്നേഹമാണ്
കൊഴിഞ്ഞുപോയവയും വിരിയാനിരിക്കുന്നവയും
ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണ് വീടുകളുടെയും പടമുള്ള പേപ്പര്‍
കുമ്പിള്‍കുത്തി
നിറയെ പിച്ചിപ്പൂക്കള്‍ നല്കുമ്പോള്
അവള്‍ചോദിച്ചാലോ
അപ്പോള്‍ പറിച്ചെടുത്ത
ഈ പൂക്കളോയെന്ന്
നിനക്ക് തരുന്ന
വേദനകള്‍പോലും
പൂക്കളായിരിക്കണം
എന്നൊരു s m s
പൂര്‍ത്തിയാക്കും മുന്‍പ്
ഒരു കടല്‍ത്തിരയുടെ
മുരള്‍ച്ച കേട്ട്
എന്റെ ചെവി മുറിഞ്ഞു
(രണ്ടായിരത്തിയേഴ് നവംബര്‍ മുപ്പത്)
Labels: ജീവിതം