ശനിയാഴ്‌ച, നവംബർ 02, 2013


ചിത്രകാരീ, നിന്റെയൊരാട്ടിൻ കുട്ടി

വേറെ വഴിയില്ലാത്തതുകൊണ്ടും
അത്രയ്ക്ക് അത്യാവശ്യമായതിനാലും
ചിത്രകാരീ,
നീ
പച്ചപ്ലാവിലയും
തവിട് കലക്കിയ കാടിയും
കൊടുത്ത് കൊഴുപ്പിച്ച
എട്ടാട്ടിൻകുട്ടികളിൽ ഒന്നിനെ
ഞാനെടുക്കുന്നു
കൊണ്ട് പോകുന്നു
അങ്ങാടിച്ചന്തയിൽ
ഞാനതിനെ വിൽക്കും
ഒട്ടും നേരം കളയാതെ
കാര്യം നടത്തും

നീ പച്ചയിലും തവിട്ടിലും
ചാലിച്ച് ചാലിച്ച്
ഓമനിച്ചോമനിച്ച്
കൊഞ്ചിച്ച് കൊഞ്ചിച്ച്
കൊഴുപ്പിച്ച ആ
ആട്ടിൻ കുട്ടിയെ
അറവുകാർക്ക് മാത്രം
കൈമാറില്ല
എന്ന
ഉറപ്പിൽ

ചിത്രകാരീ,
നീ സങ്കടപ്പെടരുത്
നിന്റെ ക്യാൻവ്യാസിലെ
കടലിൽ
സൂര്യൻ താഴുമ്പോൾ
സന്ധ്യയങ്ങനെ
കുങ്കുമത്തിൽ കലരുമ്പോൾ
പച്ചപ്പാടത്ത്
മേയാൻ പോയ
എന്റെ തങ്കക്കുടങ്ങളേയെന്ന്
നീട്ടിവിളിച്ച്
നീയോടിയോടി വരുന്നത്
കേൾക്കാമെനിക്ക്
കൂട്ടത്തിൽ കുറുമ്പനായവന്റെ
നെറ്റിയിൽ തൊടാൻ
കുറുക്കിയ ചായത്തിൽ
കണ്ണീരു കലരുന്നത്
കാണാമെനിക്ക്

ചിത്രകാരീ,
വേറെ വഴിയില്ലാത്തതുകൊണ്ടാണു
അത്രയ്ക്ക്
അത്യാവശ്യമുള്ളതുകൊണ്ടാണു

എനിക്ക് വേണമെങ്കിൽ
പത്തര സെന്റിൽ
നീ വരഞ്ഞ ആ
രണ്ട് നില മാളികയിൽ
കയറാമായിരുന്നു
അതിന്റെയുള്ളിലെ
രഹസ്യ അറകളിലെ
നീ പോലും കാണാത്ത
പണ്ടങ്ങൾ
മോഷ്ടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
അതിസുന്ദരിയും
മദഭരിതയുമായ
മുക്കുത്തിയിട്ട
രാജകുമാരിയുടെ
അരഞ്ഞാണം
അടിച്ചെടുക്കാമായിരുന്നു
ഉമ്മ കൊടുത്തവളെ
മയക്കിക്കിടത്തി
അന്തപുരം
കൊള്ളയടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
കരിനാഗങ്ങൾ
കാവൽ നിൽക്കുന്ന
കാവിനുള്ളിൽ കയറി
ആ മാണിക്യവുമെടുത്ത്
നാട് വിടാമായിരുന്നു

അല്ലെങ്കിൽ
നീ വരഞ്ഞ കിളികളെ
വെടിവച്ച് പിടിച്ച്
ചുട്ടു വിൽക്കാമായിരുന്നു
നീ വളർത്തിയ
മഹാഗണികൾ
വെട്ടി വിൽക്കാമായിരുന്നു
നിന്റെ  കണ്ണനെ
കണ്ണുകുത്തിപ്പൊട്ടിച്ച്
പിച്ചയ്ക്കിരുത്തി
പണക്കാരനാകാമായിരുന്നു
അവന്റെ ഗോപികമാരെ
അടിമകളാക്കി
ചുവന്ന തെരുവുകൾക്ക്
കൈമാറാമായിരുന്നു

ചിത്രകാരീ,
ഇതൊന്നുമല്ല
നിന്റെ  എട്ടാട്ടിൻകുട്ടികളിൽ
ഒന്നിനെ ഞാനെടുക്കുന്നു
നല്ല വിലയ്ക്ക്
വിൽക്കുന്നു
നിന്ന നിൽപ്പിൽ
കാര്യം നടത്തുന്നു

ഇപ്പോൾ
ആൾത്താമസമില്ലാത്ത
എന്റെ തലയിൽ
പുതിയ വാടകക്കാർ വന്നാൽ
അവർ
തരക്കേടില്ലാത്ത
മുൻകൂർ പണം തന്നാൽ
ചിത്രകാരീ,
തീർച്ചയായും
എന്ത് വിലകൊടുത്തും
ഞാൻ നിന്റെ
ആട്ടിൻ കുട്ടിയെ
തിരിച്ച് പിടിക്കും

നിന്റെ
ചിത്രത്തിൽ
കൊണ്ട് വന്നു കെട്ടും
അപ്പോൾ
അപ്പോൾ
നീയതിനെ
മറന്നു പോയെന്ന്
പറയരുത്

പച്ചപ്ലാവിലകൾ
തീർന്ന് പോയെന്ന്
പറയരുത്

 

7 അഭിപ്രായങ്ങൾ:

ബഷീർ പറഞ്ഞു...

ചിത്രകാരിക്ക് മറക്കാനാവില്ല..

ബൈജു മണിയങ്കാല പറഞ്ഞു...

ചിത്രം ജീവിച്ചിരിക്കുന്നു കടം കൊടുത്തത് തിരിച്ചു വാങ്ങാൻ
ചിത്രകാരി ചിത്രം വരച്ചു മരിച്ചിരിക്കുന്നു

ajith പറഞ്ഞു...

എട്ടിനേയും കൊണ്ടുപൊയ്ക്കോളൂ. ചിത്രകാരിയ്ക്ക് ഇനിയും വരയ്ക്കാമല്ലോ!

മാധവൻ പറഞ്ഞു...

ഏഴിനേക്കാളും അവള്‍ക്ക് പ്രിയതരം നീ കൊണ്ടുപോയ എട്ടാമത്തെ കുറുമ്പനെ..
ക്യാന്‍‌വാസിലേക്ക് സ്വയം വരഞ്ഞിട്ട് അനന്തകാലം കാത്ത് നില്‍ക്കും,വലം കയ്യിലപ്ലാവിലത്തളിരുമായി..

C J Jithien പറഞ്ഞു...


ന്റമ്മേ ...ഞാൻ ഫ്ലാറ്റ്

anitha sreejith പറഞ്ഞു...

wooo,ente chithrakaaraa?? !

Unknown പറഞ്ഞു...

wow