ചൊവ്വാഴ്ച, ഡിസംബർ 31, 2013


രണ്ടു പേർ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി

ഒറ്റയ്ക്കായാൽ
അമ്മിണിയും
ഞാനും
മറ്റൊരു
ലോകമുണ്ടാക്കി
കളിക്കും

കടൽക്കരയിൽ
ചില
മുതിർന്ന
ആളുകൾ
കുട്ടികളുമായ്
മണ്ണ് കൊണ്ട്
താമസിക്കനല്ലാത്ത
വീടുകളുണ്ടാക്കും
പോലെ

അപ്പോൾ
ആ 
വഴിക്ക്
ഒരു 
കാറ്റ്
പോലും
വന്നാൽ
എനിക്ക്
ദേഷ്യം
വരും
പൂച്ചയെങ്ങാൻ
വന്നാ
അവളുടെ
നിറം
മാറും

ഒറ്റയ്ക്ക്
ഒറ്റയ്ക്കുള്ള
ഓർമ്മകളോ
നെടുവീർപ്പുകളോ
അതിന്റെ
പാടുകളോ
മുഖത്ത്
തെളിഞ്ഞാൽ
ഉമ്മകൾ
വയ്ച്ച്
മായ്ക്കും

കളിച്ച്
കളിച്ച്
ഞങ്ങൾ
വഴക്കാവും

എത്ര
ഉച്ചത്തിൽ
ചിരിച്ചുവോ
അതിനേക്കാൾ
ഉച്ചത്തിൽ
അമ്മിണി
കരയും
അതിനേക്കാൾ
ഉച്ചത്തിൽ
ഞാൻ
മിണ്ടാതിരിക്കും

അമ്മിണീ
അമ്മിണിയെന്ന്
മിടിക്കുന്ന
നെഞ്ചിൽ
ഞാനവളെ
ചേർത്ത്
കിടത്തും

ഉറക്കം
നടിക്കുന്ന
അവളെ
നീ പോടീ
പൂച്ചേയെന്ന്
ഞാൻ
വിളിക്കും
പൂച്ചേയുടെ
പുല്ലിംഗം
പൂച്ചായാണെന്ന
മട്ടിൽ
അവളെന്നെ
നീ പോടാ
പൂച്ചായെന്ന്
വിളിക്കും

നീ പോടി
പൂച്ചമ്മേയെന്ന്
ഞാൻ
നീ പോടാ
പോച്ചമ്പായെന്നമ്മിണി
നീ പോടി
കോച്ചമ്പിയെന്ന്
നീ പോടാ
കോച്ചമ്പ്രയെന്ന്
നീ പോടി
പോച്ചമ്പ്രയെന്ന്
നീ പോടാ
സോച്ചമ്പ്രയെന്ന്

നീ പോടി
സോറമ്പീ
നീ പോടാ
സോറമ്പാ
നീ പോടി
സൂറമ്പി
നീ പോടാ
കൂറമ്പാ
നീ പോടി
കൂറമ്പി
നീ പോടാ
...

വാക്കുകൾ
കിട്ടാതായാൽ
അവൾ
പ്ലേറ്റു
മാറ്റും
നീ പോടാ
സ്ലേറ്റേയെന്നാക്കും

നീ പോടി
ബാഗേ
നീ പോടാ
മരമേ
നീ പോടി
പെൻസിലേ
നീ പോടാ
പേനേ
നീ പോടി
ഉറുമ്പേ
നീ പോടാ
കൊതുകേ
നീ പോടി
തീപ്പെട്ടീ
നീ പോടാ
വയ്ക്കോലെ
നീ പോടി
ബുക്കേ
നീ പോടാ
കട്ടിലേ
നീ പോടി
കസേരേ
നീ പോടാ
ജനലേ
നീ പോടി
വാതിലേ
നീ പോടാ
മൊബൈലേ
നീ പോടി
ബട്ടൺസേ
നീ പോടാ
കമ്പ്യൂട്ടറേ
നീ പോടീ
ട്രൗസറേ
നീ പോടാ
ഷർട്ടേ
നീ പോടി
ആകാശമേ
നീ പോടാ
പട്ടിക്കുട്ടാ
നീ പോടി
നക്ഷത്രമേ
നീ പോടാ
കിണറേ
നീ പോടി
പെണ്ണേ
നീ പോടാ
ചെക്കാ
നീ പോടി
കലണ്ടറേ
നീ പോടാ
ഫാനേ
നീ പോടി
പാവക്കുട്ടി
നീ പോടാ
ചൂലേ
നീ പോടി
ടിഫിൻ ബോക്സേ
നീ പോടാ
കവിതേ
നീ പോടി
അന്നക്കുട്ടി
നീ പോടാ
അപ്പക്കുട്ടാ
നീ പോടി
അമ്മിക്കള്ളി
നീ പോടാ
അപ്പക്കള്ളാ

തോൽക്കാനൊരുങ്ങുമ്പോൾ
ഞാൻ
തുറുപ്പെടുക്കും

നീ പോടീ
ആഗ്നസ് അന്നേ

മുഖമൊന്ന് 
മാറ്റി
ഇത്തിരി ശങ്കിച്ച്
അവൾ
വിളിക്കും

നീ പോടാ
കുഴൂരു വിത്സാ

സഹിക്കാൻ
പറ്റാത്ത
ഒരു 
തരം
മൗനം
അപ്പോൾ
അവിടെ
പടരും

അമ്മിണി
കൊച്ചുടിവിയിലേക്ക്
മടങ്ങുമ്പോൾ
ഞാൻ
ബാത്ത് റൂമിൽ 
കയറി
കതകടച്ച്
സിഗരറ്റ് 
വലിക്കും

അപ്പോൾ
ജീവിക്കാൻ
പറ്റാത്ത
ഒരു
തരം
വേറെ
കളി
അവിടെയൊക്കെ
തളം
കെട്ടി
നിൽക്കും

5 അഭിപ്രായങ്ങൾ:

ബൈജു മണിയങ്കാല പറഞ്ഞു...

ഹൃദ്യമായ വരികൾ സ്നേഹം ഉണ്ടാക്കി തങ്ങളുടെ പരസ്പര ഹൃദയത്തിൽ ഒരുമിച്ചു ഒളിച്ചു കളിക്കുന്നവർ

ajith പറഞ്ഞു...

നീ പോടാ കുഴൂര് വില്‍സാ....!!

എനിക്കിത് വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടു വില്‍സാ.
എന്നെങ്കിലും നിന്നെ കാണുകയാണെങ്കില്‍ ഈ എഴുത്തിന് നിന്നെ ഞാനൊന്ന് ആലിംഗനം ചെയ്യും കേട്ടോ!

SASIKUMAR പറഞ്ഞു...

കളിച്ചു കളിച്ച് കാര്യമായല്ലോ !!

ജാക്വിലിന്‍ | നോർമ്മ ജീൻ പറഞ്ഞു...

നിങ്ങടെ കവിത വായിക്കുമ്പോ എനിക്ക് കരയാന്‍ മുട്ടുന്നു വില്‍‌സണ്‍ ചേട്ടാ... :) :(

പ്രൊമിത്യൂസ് പറഞ്ഞു...

മനോഹരമായ ഈ എഴുത്തിന് ( ജീവിതത്തിന്റെ ഒരു തുണ്ടിന് ) സ്നേഹചുംബനം ❤ :-*