ചൊവ്വാഴ്ച, ജനുവരി 09, 2024


കവിതോത്സവം


കവിതോത്സവം 
ടി.പി. രാജീവന് 

കവിത
കുഴൂർ വിത്സൺ


 'നിത്യവാലായ്മയിൽ വലഞ്ഞ്,
ഒരിക്കലും ആഘോഷിക്കപ്പെടാത്തതിൽ 
നിന്നിലെ ഉത്സവങ്ങൾക്ക് 
സങ്കടമുണ്ടോ'?

ഞാനെന്നോടു ചോദിച്ചു:

'ഒരിക്കലുമില്ല;
പടക്കമായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ പൊട്ടിത്തെറിച്ചേനേ.
പൂവായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പിരിഞ്ഞു കൊഴിഞ്ഞു
മണ്ണിൽ കലർന്നേനേ.
മൈക്കായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പറഞ്ഞു തീർന്നേനേ.

വാലായ്മകൾ തീരുന്ന
അനാദിയായ ഒരു കാലമുണ്ട്,
അതിലേക്കാണ്
നീട്ടിയുള്ള എൻ്റെയീ 
നടത്തം.
അന്ന് നീയും ഞാനും,
നമ്മുടെ ഉത്സവങ്ങൾതന്നെയും,
ഇങ്ങനെയൊന്നുമാകണമെന്നില്ല.

ബലൂണുകളാണ്
ഉത്സവങ്ങളുടെ കൊടിയടയാളം.

അവ മാനത്ത് പറന്നുകളിക്കുന്നു.
കടലിലെ  കുമിളകൾ
അവരെ നോക്കി,
'സഹോദരാ 
ഞങ്ങളെക്കൂടി ' യെന്നു നീട്ടിവിളിച്ച് ,
പൊടുന്നനെ
മരിച്ചു പോകുന്നു.

പറന്ന ബലൂണുകൾ പൊട്ടിത്തകർന്ന്,
ആ കരച്ചിലിനോടു ചേരുന്നു.

ഉള്ളിലെൻ്റെ
കവിതയുടെ ഉത്സവങ്ങൾക്ക്
കൊടികയറുന്നു'.













 

അഭിപ്രായങ്ങളൊന്നുമില്ല: