വ്യാഴാഴ്‌ച, ഫെബ്രുവരി 13, 2014


നീയില്ലാത്ത ഒന്ന്

(മേതിലിനു)




മരുഭൂമിയിലെ
കഴുകനെപ്പോലെയാണു ഞാൻ
പാഴ്പ്പരപ്പിലെ
മൂങ്ങയെപ്പോലെയാണു ഞാൻ
ഞാൻ ഉണർന്നു കിടക്കുന്നു
പുരമുകളിലെ
ഏകാകിയായ
പക്ഷിയെപ്പോലെയാണു ഞാൻ


സങ്കീർത്തനം 102 6-7



നീയില്ലാത്ത ഒന്ന്
(ആദ്യത്തേതും 
അവസാനത്തേതും)



ഒന്ന്

എല്ലാ പക്ഷികളുടെയും പേരറിയാവുന്ന ഒരാൾ
ഒരേ ഒരു പക്ഷിയുടെ പേരുമാത്രം മറന്ന് പോകുന്ന നിമിഷമുണ്ട്.
എല്ലാ പക്ഷികളുടെയും പേരുകൾ ചുറ്റിലും ചിറകടിച്ച്
കലപില കൂട്ടുമ്പോൾ
ഹ്യദയം പക്ഷിക്കൂടു പോലെ
ചുരുങ്ങുകയും കുറുകുകയും
ശ്വാസം മുട്ടുകയും ചെയ്യുന്ന
നിമിഷം











രണ്ട്


തത്ത തിത്തിരി പൊന്മാൻ
മാടത്ത മയിൽ കൊക്ക്
കുരുവി വേഴാമ്പൽ പരുന്ത്
പ്രാവ് ചെമ്പോത്ത് കഴുകൻ
കാക്ക കുയിൽ കൂമൻ
എല്ലാ ചിറകുകൾക്കുമിടയിലും
അതിന്റെ ചിറക് കാണാം
എല്ലാ കിളിയൊച്ചകൾക്കിടയിലും അതിന്റെ ശബ്ദം
തിരിഞ്ഞു കേൾക്കാം
അതിന്റെ കണ്ണുകൾവാൽ,
പേടിച്ച് പേടിച്ചുള്ള നടത്തം
എന്തിനു സഹിക്കാൻ പറ്റാത്ത
ആത്മാവിലേക്കുള്ള
ആ നോട്ടം വരെ








മൂന്ന്


അലാറം വച്ച് എഴുന്നേറ്റാലെന്ന പോലെ
എന്നും ഒരേ സമയത്ത്
എന്നെ കാണാനെത്തുന്ന ഒരു ഉപ്പനുണ്ട്
കാലമിത്രയായിട്ടും ഞാനതിനു
മുഖം കൊടുത്തിട്ടില്ല
അതിന്റെ കണ്ണിൽ നോക്കിയാൽ
അതിൽ വീണുപോകുമോ
എന്ന ഭയം
അതെന്നെയും കൊണ്ട് ദൂരദേശങ്ങളിലേക്ക്
പോകുമോയെന്ന സംശയം.
ആ ഉപ്പനും ഞാനും തമ്മിൽ
യാതൊരു ഇടപാടുകളുമില്ലെന്ന്
സംശയമില്ലാതെ പറയാം
ഏകപക്ഷീയമായ ഇടപാടുകൾക്ക്
ആധാരം തിരയുന്ന ഒരു പക്ഷിക്ക്
അത് കണ്ടെത്താനാകുമോ
എന്നതാണു ഇപ്പോഴത്തെ
സങ്കടം








നാലു

എനിക്ക് ഒരു സെമിത്തേരിയുണ്ടെന്ന് അറിയാമല്ലോ.
അതിന്റെ കിഴക്കേ മൂലയില്‍
വല്ലാത്ത ഒരിടമുണ്ട്
ചില പുരാതന നഗരങ്ങളില്‍
ഒക്കെ കാണുമ്പോലത്തെ പോയട്രീ കോര്‍ണ
മരിച്ച ആളുകള്‍ അവിടെ നിത്യവും
കവിത ചൊല്ലാന്‍ വരാറുണ്ടെന്നുള്ളത് സത്യമാണ്
അവിടെ ചിതറി കിടക്കുന്ന
സിഗരറ്റുകുറ്റികളി കവിതയുടെ തുപ്പലും കഫവും
പുരണ്ടിരിക്കും
ഇല്ല
അത്ര പ്രലോഭനമുണ്ടായിട്ടും ഞാനതില്‍
ഒന്നു പോലും എടുത്ത് കത്തിച്ചിട്ടില്ല
എനിക്കിപ്പോഴും മരിച്ചവരോട് പേടിയും അപരിചിതത്വവുമുണ്ട്







അഞ്ച്

എന്നെ കാണാനെത്തുന്ന കിളികള്‍ക്ക്
വിശ്രമിക്കാന്‍ ഒരു മരം നട്ടു വളര്‍ത്തണമെന്ന്
വളരെ കാലമായി ആഗ്രഹിക്കുന്നു
മരം വെട്ടുകാരെ എനിക്ക് പേടിയില്ല
ആ കിളികള്‍ അവരവരുടെ കൂടുകളിലേയ്ക്ക്
പറന്നു പോകുന്ന സന്ധ്യകളി ഒറ്റയ്ക്കാവുന്ന
ഒരു തുണ്ട് ആകാശത്തെ അപ്പോള്‍
എന്താണു ചെയ്യുക
നട്ടു നനച്ച് വളര്‍ത്തിയ മരത്തിന് ഭൂമിയെങ്കിലുമുണ്ടാകും
പറയ്ആ ആകാശക്കീറിനെ  ഒറ്റയ്ക്കാവുന്ന മേഘത്തിന്റെ
കുഞ്ഞുങ്ങളെ ഞാനെന്ത് ചെയ്യണം.








ആറു

വരിവരിയായി പോകുന്ന എറുമ്പുകളുണ്ട്. അവര്‍ക്ക് വീടുകളുമുണ്ട്. വഴി തെറ്റിയവരെ
കണ്ടു പിടിയ്ക്കാന്‍ ഉപായങ്ങളുമുണ്ട്എന്നാൽ അതു പോലെയല്ല ഒരു പക്ഷി. തന്റെ ചിറക്
ഭാരമാകുന്ന സന്ധ്യകളില്‍ അതിന് അതിനെക്കൊണ്ട് വയ്യാതാകും. ഭൂമിയില്‍ കാക്കത്തൊള്ളായിരം കവികളുണ്ട്.
ന്നിട്ടെന്താണ് ഒറ്റയ്ക്ക് പറക്കുന്ന പക്ഷിക അവരവരുടെ ആ സന്ധ്യകളെ നേരിടുന്ന നിമിഷങ്ങളെ
ആരെങ്കിലും പകര്‍ത്തിയിട്ടുണ്ടോ
ഉണ്ടെങ്കില്‍ തന്നെ
                                   എന്ത് നടപടിയാണുണ്ടായത്






















ഏഴ്

കലണ്ടര്‍ ഒരു പക്ഷിയാണ് ന്നുള്ളത് അത്ര മേല്‍ത്തരം
ഒരുപമയൊന്നുമല്ലന്നാല്‍ കലണ്ടറുകൾ തവിടെയാണ് അപ്രത്യക്ഷമാവുന്നത്.
ഈ പക്ഷികള്‍ തവിടെ പോയാണ് മരിക്കുന്നതെന്ന കുഞ്ഞിന്റെ
ചോദ്യം കേട്ട് ഞാന്‍ കരഞ്ഞിട്ടു പോലുമുണ്ട്
ഉപമകളില്‍ ഇത്ര നീതി കീട്ടാത്ത ഒരു
വര്‍ഗ്ഗം വേറെയുണ്ടാകില്ല
ചിറകുകള്‍ ആകാശം
മരക്കൊമ്പ് കൂടൊരുക്കും ഹൃദയം
ന്നിട്ടും അവര്‍ മരിക്കുന്നത് വിടെയാണെന്ന്
ആര്‍ക്കുമറിയില്ല.
പക്ഷികളോടൊക്കെ ആര്‍ക്കും എന്തും ആകാമല്ലോ











എട്ട്


എയര്‍പോര്‍ട്ടിനടുത്തെ പാടത്ത് വിമാനങ്ങള്‍ക്ക്
താഴ പറക്കുന്ന പക്ഷികളുണ്ട്
വിമാനത്തിന്റെ ഫോട്ടോസ്റ്റാറ്റ് തന്ന് ഒരു ഇടത്തരം കവി
അതിനെ വിളിച്ചാൽ അത്ഭുതമൊന്നും തോന്നുകയുമില്ല
അരിമണികള്‍ കൊത്തി തിന്നാ മാത്രമാണ്
അവറ്റകള്‍ ഭൂമിയിലേയ്ക്കിറങ്ങുക എന്ന കുറ്റപ്പെടുത്തലാണ്
സഹിക്കാന്‍ പറ്റാത്തത്
ഭൂമിവയല്‍, മരംമരക്കൊമ്പ്
ആകാശംഇലക്ട്രിക്ക് കമ്പി
ഒരു പക്ഷി ശരിക്കും
ആരുടേതാണ്.




ഒമ്പത്


ഒമ്പതിനും പക്ഷികള്‍ക്കുമിടയി
ചില അവിശുദ്ധ ബന്ധങ്ങളുണ്ട്
ഒന്നില്‍ നിന്ന് ഒമ്പതിലേയ്ക്ക്
പറന്നെത്തുന്നതിന്റെ ദൂരം
അതിന്റെ ചിറകടിയൊച്ചകള്‍
ഒമ്പതില്‍ നിന്ന് പത്തിലേയ്ക്ക്
പറക്കുന്ന ഇടവേളയിലാണ്
ഒരു പക്ഷിയ്ക്ക് ഏറ്റവും
ദുഖമുണ്ടാവുകയെന്ന സത്യം,
സത്യത്തില്‍ ഈ പക്ഷിശാസ്ത്രഞ്ജ ലോകത്തോട്
മറച്ചു വെച്ചിരിക്കുകയാണ്
എല്ലാ രഹസ്യങ്ങളും ദുഖമാണെന്ന് സമ്മതിക്കുന്ന ലോകം
ജീവിതം തന്നെ രഹസ്യമായ
പക്ഷികളോട് കാട്ടുന്ന ക്രൂരത
പൊറുക്കാവതല്ല










പത്ത്


ഒരിടത്ത് ഒരിക്കല്‍ ഒരു
പക്ഷിയുണ്ടായിരുന്നു എന്ന്
എഴുതുക എളുപ്പമാണു
ഒരിടത്ത്  ഒരിക്കല്‍ ഒരു ആണ്‍പക്ഷിയുണ്ടായിരുന്നു എന്നെഴുതുക എളുപ്പമല്ല
ഒരിടത്ത് ഒരിക്കല്‍ ഒരു പെണ്‍പക്ഷിയുണ്ടായിരുന്നു എന്ന് എഴുതുക എളുപ്പമല്ല
പക്ഷിക്കുഞ്ഞുണ്ടായിരുന്നു എന്നോ , ചത്ത പക്ഷിയുണ്ടായിരുന്നു
എന്നോ എന്നൊക്കെ എഴുതുക എത്രയെളുപ്പം
ഒരാണ്‍പക്ഷി ജീവിച്ചതിനെക്കുറിച്ച് ഒരു കഥയെങ്കിലുമുണ്ടാകാന്‍
ഒരു പെണ്‍പക്ഷി ജീവിച്ചതിനെപ്പറ്റി
ഒരു കവിതയെങ്കിലുമുണ്ടാകാൻ എത്ര നാളാണ് കാത്തിരിക്കുക.







പതിനൊന്ന്


ഊരിവളളിച്ചെടികള്‍ക്കിടയി  തുമ്പിയെ കണ്ടിട്ടുണ്ട്
വേനല്‍ പച്ചകള്‍ക്ക് ചുറ്റും വട്ടമിട്ട് പൂമ്പാറ്റകളെ
പ്ലാവിനെ വലംവെയ്ക്കുന്ന മരംകൊത്തിയെ
ഗഫുകൾക്കിടയിൽ ഉറങ്ങുന്ന മയിലുകളെ
ചണ്ടിക്കൂട്ടങ്ങള്‍ക്കിടയി
പതയ്ക്കുന്ന താറാവുകളെ
ആഞ്ഞിലിയില്‍ ഒറ്റയ്ക്കിരുന്ന് കരയുന്ന കഴുകനെ
കടപ്ലാവില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് സംഘം
ചേര്‍ന്ന് കാക്കകളെ

ഒന്നുമില്ല
പട്ടിയുടെ മനുഷ്യ ജന്മമാണ് പക്ഷികള്‍






( നീയില്ലാതെ ഒന്ന്
എഴുതണം എന്ന്
തീരുമാനിച്ചുറച്ചത്
ഏറെക്കുറെ നടപ്പായ
സന്തോത്തില്‍ ഈ അടിക്കുറിപ്പ്.
ഇതിലെവിടെയെങ്കിലും ആരെങ്കിലും
ഒരു നീ കണ്ടെത്തിയാല്‍
അവര്‍ക്ക്
എന്താണ് ശരിക്കും കൊടുക്കേണ്ടത്
ഇതല്ലാതെ )



ചിത്രങ്ങൾ : നൈജിൽ.സി.ജി

ഞായറാഴ്‌ച, ജനുവരി 12, 2014


മരണവുമായി വീണ്ടും ഒരു അഭിമുഖം

ഇക്കുറി മരണത്തിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍
പതിവിലും ക്ഷീണിതനായിരുന്നു അദ്ദേഹം
ചാരുകസേരയില്‍ കാലുംനീട്ടിക്കിടന്ന്
ക്രിക്കറ്റ് ടെസ്റ്റ് കാണുന്നു
കോട്ടുവായകള്‍ ഇടക്കിടെ
ബൗണ്ടറിയിലേക്ക് നിരങ്ങി നിരങ്ങി ഉരുളുന്നു.
എന്ത് പറ്റി
ഞാന്‍ ചോദിച്ചു.
ഒന്നുമില്ല
അദ്ദേഹം പറഞ്ഞു.

മാഷേ,
അലോപ്പതിയെ ആണോ
ആയുര്‍വേദത്തെയാണോ
ഹോമിയോപ്പതിയെയാണോ അങ്ങേക്ക് പേടി
വിക്കി വിക്കി ഞാന്‍ ചോദിച്ചു

എന്റെ വില്‍സാ,
ഷെയ് ന്‍ വോണിന്റെ പന്തുകള്‍
സച്ചിന്‍ നേരിടുന്നത് നീ കണ്ടിട്ടുണ്ടോ ?
വസീം അക്രത്തെ ബ്രയന്‍ ലാറ
ബ്രൈറ്റ് ലീയെ ക്രിസ് ഗെയില്‍.
ആകെ കുഴഞ്ഞു
നരേന്ദ്ര ഹിര്‍വാനിയെ
വിവിയന്‍ റിച്ചാര്‍ഡ്
നേരിട്ടത് പോലെ
ഒരാദിവാസിയപ്പൂപ്പന്റെ ഒറ്റമൂലിയില്‍
ഞാന്‍ തളര്‍ന്ന് പോയിട്ടുണ്ടെന്ന്
മനസ്സില്ലാ മനസ്സോടെ പറഞ്ഞു മരണം.

ആഹാ
ഒറ്റമൂലിയപ്പോള്‍
ഒരു സ്പിന്‍ബോള്‍
(ആഹാ, നതിംഗ് ഒഫീഷ്യല്‍ എബൗട്ട് ഇറ്റ്)

എനിക്ക് മതിയായി
അങ്ങ് ഒളിപ്പിച്ച് കടത്തിയ
ഞങ്ങളുടെ ആളുകള്‍
ഇപ്പോള്‍ എന്തെടുക്കുന്നു
എന്ന ചോദ്യം ഞാന്‍ മറന്നു
നിനക്കത് വരുമ്പോള്‍
കാണാമല്ലോ
എന്ന് പറയാന്‍ അദ്ദേഹവും

ചൊവ്വാഴ്ച, ഡിസംബർ 31, 2013


രണ്ടു പേർ ലോകമുണ്ടാക്കിക്കളിക്കുന്ന പതിനൊന്നരമണി

ഒറ്റയ്ക്കായാൽ
അമ്മിണിയും
ഞാനും
മറ്റൊരു
ലോകമുണ്ടാക്കി
കളിക്കും

കടൽക്കരയിൽ
ചില
മുതിർന്ന
ആളുകൾ
കുട്ടികളുമായ്
മണ്ണ് കൊണ്ട്
താമസിക്കനല്ലാത്ത
വീടുകളുണ്ടാക്കും
പോലെ

അപ്പോൾ
ആ 
വഴിക്ക്
ഒരു 
കാറ്റ്
പോലും
വന്നാൽ
എനിക്ക്
ദേഷ്യം
വരും
പൂച്ചയെങ്ങാൻ
വന്നാ
അവളുടെ
നിറം
മാറും

ഒറ്റയ്ക്ക്
ഒറ്റയ്ക്കുള്ള
ഓർമ്മകളോ
നെടുവീർപ്പുകളോ
അതിന്റെ
പാടുകളോ
മുഖത്ത്
തെളിഞ്ഞാൽ
ഉമ്മകൾ
വയ്ച്ച്
മായ്ക്കും

കളിച്ച്
കളിച്ച്
ഞങ്ങൾ
വഴക്കാവും

എത്ര
ഉച്ചത്തിൽ
ചിരിച്ചുവോ
അതിനേക്കാൾ
ഉച്ചത്തിൽ
അമ്മിണി
കരയും
അതിനേക്കാൾ
ഉച്ചത്തിൽ
ഞാൻ
മിണ്ടാതിരിക്കും

അമ്മിണീ
അമ്മിണിയെന്ന്
മിടിക്കുന്ന
നെഞ്ചിൽ
ഞാനവളെ
ചേർത്ത്
കിടത്തും

ഉറക്കം
നടിക്കുന്ന
അവളെ
നീ പോടീ
പൂച്ചേയെന്ന്
ഞാൻ
വിളിക്കും
പൂച്ചേയുടെ
പുല്ലിംഗം
പൂച്ചായാണെന്ന
മട്ടിൽ
അവളെന്നെ
നീ പോടാ
പൂച്ചായെന്ന്
വിളിക്കും

നീ പോടി
പൂച്ചമ്മേയെന്ന്
ഞാൻ
നീ പോടാ
പോച്ചമ്പായെന്നമ്മിണി
നീ പോടി
കോച്ചമ്പിയെന്ന്
നീ പോടാ
കോച്ചമ്പ്രയെന്ന്
നീ പോടി
പോച്ചമ്പ്രയെന്ന്
നീ പോടാ
സോച്ചമ്പ്രയെന്ന്

നീ പോടി
സോറമ്പീ
നീ പോടാ
സോറമ്പാ
നീ പോടി
സൂറമ്പി
നീ പോടാ
കൂറമ്പാ
നീ പോടി
കൂറമ്പി
നീ പോടാ
...

വാക്കുകൾ
കിട്ടാതായാൽ
അവൾ
പ്ലേറ്റു
മാറ്റും
നീ പോടാ
സ്ലേറ്റേയെന്നാക്കും

നീ പോടി
ബാഗേ
നീ പോടാ
മരമേ
നീ പോടി
പെൻസിലേ
നീ പോടാ
പേനേ
നീ പോടി
ഉറുമ്പേ
നീ പോടാ
കൊതുകേ
നീ പോടി
തീപ്പെട്ടീ
നീ പോടാ
വയ്ക്കോലെ
നീ പോടി
ബുക്കേ
നീ പോടാ
കട്ടിലേ
നീ പോടി
കസേരേ
നീ പോടാ
ജനലേ
നീ പോടി
വാതിലേ
നീ പോടാ
മൊബൈലേ
നീ പോടി
ബട്ടൺസേ
നീ പോടാ
കമ്പ്യൂട്ടറേ
നീ പോടീ
ട്രൗസറേ
നീ പോടാ
ഷർട്ടേ
നീ പോടി
ആകാശമേ
നീ പോടാ
പട്ടിക്കുട്ടാ
നീ പോടി
നക്ഷത്രമേ
നീ പോടാ
കിണറേ
നീ പോടി
പെണ്ണേ
നീ പോടാ
ചെക്കാ
നീ പോടി
കലണ്ടറേ
നീ പോടാ
ഫാനേ
നീ പോടി
പാവക്കുട്ടി
നീ പോടാ
ചൂലേ
നീ പോടി
ടിഫിൻ ബോക്സേ
നീ പോടാ
കവിതേ
നീ പോടി
അന്നക്കുട്ടി
നീ പോടാ
അപ്പക്കുട്ടാ
നീ പോടി
അമ്മിക്കള്ളി
നീ പോടാ
അപ്പക്കള്ളാ

തോൽക്കാനൊരുങ്ങുമ്പോൾ
ഞാൻ
തുറുപ്പെടുക്കും

നീ പോടീ
ആഗ്നസ് അന്നേ

മുഖമൊന്ന് 
മാറ്റി
ഇത്തിരി ശങ്കിച്ച്
അവൾ
വിളിക്കും

നീ പോടാ
കുഴൂരു വിത്സാ

സഹിക്കാൻ
പറ്റാത്ത
ഒരു 
തരം
മൗനം
അപ്പോൾ
അവിടെ
പടരും

അമ്മിണി
കൊച്ചുടിവിയിലേക്ക്
മടങ്ങുമ്പോൾ
ഞാൻ
ബാത്ത് റൂമിൽ 
കയറി
കതകടച്ച്
സിഗരറ്റ് 
വലിക്കും

അപ്പോൾ
ജീവിക്കാൻ
പറ്റാത്ത
ഒരു
തരം
വേറെ
കളി
അവിടെയൊക്കെ
തളം
കെട്ടി
നിൽക്കും

ചൊവ്വാഴ്ച, ഡിസംബർ 24, 2013


തീവണ്ടി ഒരു കൂറ്റൻ ലിംഗം (പാളമോ ?)


കുതികുതിക്കുന്ന ഭോഗികളുടെ ഉള്ളിൽ നിന്ന്പാട്ട്കേൾക്കുന്നു
സീതയാണു പാടുന്നത്
അവളുടെ ഭർത്താവ് മരിച്ചതാണെന്ന് പറയുന്നു

സീതക്ക് പാട്ടു പോലത്തെ രണ്ടാണ്‍കുട്ടികള്‍
അതിലൊരുവൻ 
സീതയുടെ പാട്ടിനു താളം കൊട്ടുന്നു
മറ്റവൻ
സീറ്റിൽ മയങ്ങുന്ന മാന്യനെ തോണ്ടി
കാശു ചോദിക്കുന്നു

കുതികുതിക്കുന്നു ഭോഗികൾ
(ആഞ്ഞാഞ്ഞുകുതിക്കും ആൺലിംഗത്തെ ചുവപ്പുകാട്ടി നിറുത്താൻ ശ്രമിക്കുന്ന സ്റ്റേഷൻ മാസ്റ്ററെ കണ്ടില്ലെന്ന്നടിക്കുന്നു)

ഒരുപാടകലെ
പാളത്തേക്കാൾ കമിഴ്ന്ന്
ഒരുപെൺകുട്ടി മരിക്കാൻ കിടക്കുന്നു
കൊല്ല്, കൊല്ല് എന്നവൾ
തലതല്ലുന്നു
കൊല്ലാം കൊല്ലാമെന്ന തീവണ്ടിയുടെ പാട്ട്
പാളമവളുടെ കാതിൽ പടർത്തുന്നു                                                                                                                                                                                                                               അത്ര അകലെയായിട്ടും
അത് കേൾക്കാഞ്ഞിട്ടും
എന്തോ കേട്ടപോലെ
സീത പാട്ടു നിർത്തുന്നു
അവളുടെ കുട്ടികൾ
പുറത്തേക്കോടുന്നു

ചൂടുകപ്പലണ്ടി വിൽക്കാനെന്ന വ്യാജേന
2 തെണ്ടികൾ
ഉള്ളിൽ കയറുന്നു

മുഷിഞ്ഞ ഉടൽ കഴുകാനെന്നപോലെ, 
പാളങ്ങളിൽ മതിവരാഞ്ഞെന്ന്
കണ്ട്നിൽക്കുന്നവർക്ക്
തോന്നും പോലെ
ആൺതീവണ്ടി കടലിലേക്ക്ചാടുന്നു.
(കടൽ ആരുടെ യോനിയെന്ന പാട്ട് കാറ്റു പാടുന്നു)

ആരുടെയോ
കഴിഞ്ഞ ജന്മത്തിൽ നിന്ന്
ഒരായിരം കാക്കകൾ
വേറെ ഒരാളുടെ അടുത്ത ജ്ന്മത്തിലേക്ക്
പറന്ന്പോകുന്നു

പാട്ടുകളൊക്കെ മറന്ന സീത
മക്കളെ തിരയുന്നു

ഇപ്പോൾ വരും ഇപ്പോൾ വരും എന്ന്പിറുപിറുത്ത്
മുഷിഞ്ഞ് മുഷിഞ്ഞ് മുഷിഞ്ഞ് 
കാലം
നരച്ച ഒരു സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നു

ഒരെറുമ്പ്അതിനു ചുറ്റും കറങ്ങി നടക്കുന്നു


-----

പാളങ്ങളെ വേശ്യയുടെ രാത്രികളോട് ഉപമിച്ച രൂപേഷ് പോൾ,  പെൺതീവണ്ടിയെന്നെഴുതിയ അനിതതമ്പി, നടുനിവർത്തുന്ന തീവണ്ടിയെന്നെഴുതിയ ലതീഷ് മോഹൻ , ലിംഗത്തെക്കുറിച്ചെഴുതിയ വിഷ്ണുപ്രസാദ് , പ്രസന്ന ആര്യന്റെ  'ഫക്ക്' എന്ന്‍ ചക്രവും'ഷിറ്റ്' 'ഷിറ്റ്' 'ഷിറ്റ് 'എന്ന്‍ പാളവും എന്ന പ്രയോഗവും ഈ കവിത എഴുതുമ്പോൾ ഓർമ്മയിൽ വന്നിരുന്നു 

ബുധനാഴ്‌ച, നവംബർ 06, 2013


ജീവിതം. പി.കെ

ചൂണ്ടാന്തുരുത്തിൽ നിന്ന്
മാഡ്രിഡിലേക്ക്
വളരെ അത്യാവശ്യമൊന്നുമല്ലാത്ത
ഒരു കാര്യത്തിനു
കാറോടിക്കുകയായിരുന്നു
അത്ര ഇമ്പമില്ലാത്തതും
അത്ര തന്നെ ഭംഗിയില്ലാത്തതുമായ ഒരു പാട്ട്
കാറിൽ മൂളിച്ചുകൊണ്ടിരുന്നു

ബോറടിച്ചപ്പോഴൊക്കെ
ആകാശത്തേക്ക് നോക്കി
ആകാശം തിരിച്ചും നോക്കി
ഒരു വേള ഒറ്റക്കണ്ണടച്ച് ഞാനതിനെ കളിയാക്കി
തിരിച്ച് ഒറ്റക്കണ്ണടക്കാൻ പറ്റാതിരുന്ന
ആകാശമെന്നെ നോക്കി കണ്ണുരുട്ടി
പോയി പണി നോക്കാൻ പറഞ്ഞു
പിന്നെയും കാറോടിക്കുകയായിരുന്നു

കളമശ്ശേരിയും കഴിഞ്ഞ്
കണ്ടെയ്നർ റോഡിന്റെ സിഗ്നലിൽ
ഒരാൾ നിൽക്കുന്നു
കൈ കാണിക്കുന്നു
നിറുത്തിയ പാടേ ചാടിക്കയറുന്നു
ഇടത്തേ സീറ്റിൽ
അധികാരത്തോടെ ഇരിക്കുന്നു
അത്രയ്ക്ക് ഇമ്പമില്ലാത്തതും
ഭംഗിയില്ലാത്തതുമായ എന്റെ പാട്ടിനെ
പുച്ഛത്തോടെ നോക്കുന്നു

(കണ്ടാൽ ഒരു മാന്യൻ
എന്നാൽ ഒരു മൈരൻ
ഞാൻ ബ്രാക്കറ്റിൽ പറഞ്ഞു)

എനിക്കത്ര പിടിച്ചില്ലെങ്കിലും
ഞാനയാളോട് പേരു ചോദിച്ചു
ജീവിതമെന്ന് അയാൾ പറഞ്ഞു
ആഹാ
ജീവിതത്തെ ആദ്യമായി
കാണുന്നതാകയാൽ
ഇനീഷ്യൽ കൂടി ചോദിച്ചു

ഒട്ടും ശ്രദ്ധിക്കാതെ
ജീവിതം ഒരു പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം മറ്റൊരു പാട്ടുവച്ചു
എനിക്ക് ഒട്ടുമിഷ്ടമായില്ല
ജീവിതം വേറെ പാട്ടുവച്ചു
എനിക്ക് ഒട്ടും ഒട്ടും ഇഷ്ടമായില്ല

ജീവിതം വേറെ വേറെ പാട്ടുവച്ചു
എനിക്കിഷ്ടമായില്ല

ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
ജീവിതം പാട്ടുവച്ചു
എനിക്കിഷ്ടമായില്ല
----------

മാരാപ്പറമ്പ്, മൂലമ്പിള്ളി
ഹൈക്കോർട്ട് ജംഗ്ഷൻ
മറൈൻ ഡ്രൈവ്
മാഡ്രിഡിലേക്കുള്ള വഴിയിൽ
ജീവിതം പാട്ടുകൾ മാറ്റിമാറ്റി വച്ചുകൊണ്ടിരുന്നു
എന്റെ ഇഷ്ടമല്ല ഇഷ്ടമല്ല തുടർന്നു കൊണ്ടേയിരുന്നു

ജീവിതം പിന്നെയും പാട്ടുവച്ചു
എനിക്കതിഷ്ടമായില്ല
പിന്നെയുമിഷ്ടമായില്ല
പിന്നെയും പിന്നെയും
ഇഷ്ടമായില്ല

ജീവിതം
പിന്നെ
ഒരു പാട്ടുവച്ചു

എനിക്ക് കുറച്ച് ഇഷ്ടമായി
എനിക്ക് കുറച്ച് കൂടി ഇഷ്ടമായി
കുറേശ്ശെ കുറേശ്ശേ
എനിക്കാ പാട്ട് ഇഷ്ടമായി
പാട്ട് ഇഷ്ടമായി
പാട്ട് ഒരു പാടിഷ്ടമായി
ആ പാട്ട് മാത്രമിഷ്ടമായി
ആ പാട്ട് എന്റേതായി
ആ പാട്ട് ഞാനായി
എന്തിനു
ആ പാട്ടിൽ
ഒരു ഡാൻസ് വരെ വച്ചുകൊടുത്തു

അപ്പോൾ
അപ്പോൾ
ഒരിക്കൽ കൂടി
ഞാൻ ജീവിതത്തോട്
ഇനീഷ്യൽ ചോദിച്ചു

ചിരിച്ച് കൊണ്ട്
അത് പറഞ്ഞു

ജീവിതം. പി.കെ



(ജീവിതം പി.കെ വായിക്കുമ്പോൾ, വിഷ്ണുപ്രസാദിന്റെ ഫൂ എന്ന കവിത ആരെങ്കിലും ഓർത്താൽ ഞാനവരെ തെറ്റു പറയില്ല)