ശനിയാഴ്‌ച, ഫെബ്രുവരി 17, 2024


ഗയാ

 


ഗയാ

നീ തന്ന
ഇലകളുടെ ഷർട്ട്
ആകെ നരച്ചു
അതിലെ ഇലകളിൽ
ചിലത് പഴുത്തു
അതിൽ തന്നെ ചിലത്
നല്ല വെയിലുള്ള പാട്ടുകൾ പാടി
ചിലത്
മാറിൽ വേനലായി വരഞ്ഞു
ഗയാ
നിനക്കറിയുമോ
നീ തന്ന ഷർട്ടിലെ
ഇലകൾ മുഷിഞ്ഞ ദിവസം
തലമുടികളിൽ
ആദ്യത്തെ നര കണ്ട
ദിവസത്തെപ്പോലെ
നിസ്സംഗതയിലേക്ക്
ജീവിതം കൂപ്പുകുത്തി
എങ്കിലും ഗയാ
നീ തന്ന
ഇലകളുടെ ഷർട്ടുമിട്ട്
ഉറങ്ങാൻ പോവുകയാണു

ഞാനുറങ്ങിപ്പോയേക്കും
വസന്തം നേരത്തേയെങ്ങാൻ
വന്നാൽ
മൂന്നു നാലു മിസ് കാളുകൾ തന്ന്
വിളിച്ചുണർത്തിയേക്കണം
😌

തിങ്കളാഴ്‌ച, ഫെബ്രുവരി 12, 2024


കണ്ണുകളിൽ

കണ്ണുകളിൽ

രണ്ട് കുതിരകളെ പൂട്ടിയ രഥത്തിൽ

നീയിരിക്കുന്നു

 

അതിലൊന്നിന്റെ ചെല്ലപ്പേരു ചൊല്ലുന്നു

 

ഞാൻ തിടുക്കപ്പെട്ട് ഓടിവരുന്നു

നിന്റെ കണ്ണുകളുടെ രഥത്തിൽ

ചെല്ലപ്പേരില്ലാത്ത മറ്റേ കുതിരയ്ക്ക്

ആകാശമൊരു പേരു കണ്ട് വയ്ക്കുന്നു

 

ഞാനത്

നിന്റെ നെഞ്ചിടിക്കിലെഴുതുന്നു

 

നിന്റെ കണ്ണുകളുടെ രഥത്തിൽ

ചെല്ലപ്പേരുകളുള്ള

കുതിരകളുടെ വേഗത്തിൽ

നാം ഈ ലോകത്തിൽ നിന്ന് ഓടി മറയുന്നു


#poetry #kuzhurwilson #kwpoetry # blogpoetry 

 


തിങ്കളാഴ്‌ച, ഫെബ്രുവരി 05, 2024


മറ്റെന്തോ

ജനലിൽ ഇരുമ്പു കൊണ്ടൊരു പൂവ്

അതിൽ തൊട്ടു
തുരുമ്പിച്ച പൂമ്പൊടികളിൽ
അതിലും നല്ല സങ്കടം തോന്നി
ഉള്ളിലിരുമ്പു കൊണ്ട്
ചിത്രശലഭങ്ങളെ തുന്നുമ്പോൾ
പുറത്ത് കാറ്റല്ല


വെള്ളിയാഴ്‌ച, ജനുവരി 19, 2024


കോഴപ്പങ്ക്

 

കവി സച്ചിദാനന്ദന്റെ കോഴിപ്പങ്ക് എന്ന കവിതയുടെ കാലാന്തര വിവർത്തനം 

കുഴൂർ വിത്സൺ

2024

 

 

കോഴപ്പങ്ക്

 

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, സ്വർണ്ണകൊക്കെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, ചെമ്പിൻതുട്ടെനിക്ക് തരിന്‍-കരിമണൽ-

ക്കണ്ണെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, വെള്ളിക്കാശെനിക്കു  തരിന്‍-കൊള്ളപ്പണ-

വിരലെനിക്കു തരിന്‍-കെ-റെയിൽ

നഖമെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, തടിയുടലെനിക്കു തരിന്‍-പ്ലാസ്റ്റിക്ക്

കുരലെനിക്കു തരിന്‍-കുഴൽ-

പ്പണമൊക്കെയെനിക്ക് തരിന്‍-ലാവ്ലിൻ

കുഴലെനിക്ക് തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, ഇരട്ടയിലൊരു ചങ്കെനിക്കു തരിന്‍-ചെവിയിലെ

രോമമെനിക്ക് തരിന്‍

കൈതോലപ്പായയെനിക്ക് തരിന്‍-കവിത

പ്പൂത്തിരിച്ചേലെനിക്കു തരിന്‍-

അക്കാദമിയങ്കണമെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍,

പോട്ടെ,

കോഴക്കൊമ്പു നിങ്ങളെടുത്തോളിന്‍

പുല്ലുകൾ നിങ്ങളെടുത്തോളിന്‍

പൂവൻകോഴമുട്ട നിങ്ങളെടുത്തോളിന്‍

മാറും മാനവും നിങ്ങളെടുത്തോളിന്‍

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ,

എന്‍റെ മാസപ്പടിക്കോഴയെ മാത്രമെനിക്കുതരിന്‍.

 

1972

 

കോഴിപ്പങ്ക്

-സച്ചിദാനന്ദന്

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,കൂര്മ്പന് കൊക്കെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,ചെമ്പന്പൂവെനിക്കു തരിന്-കുന്നിക്കുരു-

ക്കണ്ണെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,പൊന്നിന്കാലെനിക്കു തരിന്-എള്ളിന്പൂ

വിരലെനിക്കു തരിന്-കരിമ്പിന്

നഖമെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,തുടിയുടലെനിക്കു തരിന്-ശംഖിന്

കുരലെനിക്കു തരിന്-കുഴല്

ക്കരളെനിക്കു തരിന്-തംബുരു

ക്കുടലെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,നാക്കിലപ്പപ്പെനിക്കു തരിന്-പൂക്കില-

പ്പൂടയെനിക്കു തരിന്-കൈതോല

വാലെനിക്കു തരിന്-തീപ്പൊരി-

ച്ചേലെനിക്കു തരിന്-പുത്തരി-

യങ്കമെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പോട്ടെ,

കോഴിക്കൊമ്പു നിങ്ങളെടുത്തോളിന്

പല്ലു നിങ്ങളെടുത്തോളിന്

പൂവന്മുട്ട നിങ്ങളെടുത്തോളിന്

മുലയും നിങ്ങളെടുത്തോളിന്

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,

എന്റെ കോഴിയെ മാത്രമെനിക്കുതരിന്.




#കോഴപ്പങ്ക് 

#kozhapanku

#kuzhurwilson

#കോഴിപ്പങ്ക്

#സച്ചിദാനന്ദന്

#malayalampoetry 

#poetry 


 

 

ചൊവ്വാഴ്ച, ജനുവരി 09, 2024


കവിതോത്സവം


കവിതോത്സവം 
ടി.പി. രാജീവന് 

കവിത
കുഴൂർ വിത്സൺ


 'നിത്യവാലായ്മയിൽ വലഞ്ഞ്,
ഒരിക്കലും ആഘോഷിക്കപ്പെടാത്തതിൽ 
നിന്നിലെ ഉത്സവങ്ങൾക്ക് 
സങ്കടമുണ്ടോ'?

ഞാനെന്നോടു ചോദിച്ചു:

'ഒരിക്കലുമില്ല;
പടക്കമായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ പൊട്ടിത്തെറിച്ചേനേ.
പൂവായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പിരിഞ്ഞു കൊഴിഞ്ഞു
മണ്ണിൽ കലർന്നേനേ.
മൈക്കായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പറഞ്ഞു തീർന്നേനേ.

വാലായ്മകൾ തീരുന്ന
അനാദിയായ ഒരു കാലമുണ്ട്,
അതിലേക്കാണ്
നീട്ടിയുള്ള എൻ്റെയീ 
നടത്തം.
അന്ന് നീയും ഞാനും,
നമ്മുടെ ഉത്സവങ്ങൾതന്നെയും,
ഇങ്ങനെയൊന്നുമാകണമെന്നില്ല.

ബലൂണുകളാണ്
ഉത്സവങ്ങളുടെ കൊടിയടയാളം.

അവ മാനത്ത് പറന്നുകളിക്കുന്നു.
കടലിലെ  കുമിളകൾ
അവരെ നോക്കി,
'സഹോദരാ 
ഞങ്ങളെക്കൂടി ' യെന്നു നീട്ടിവിളിച്ച് ,
പൊടുന്നനെ
മരിച്ചു പോകുന്നു.

പറന്ന ബലൂണുകൾ പൊട്ടിത്തകർന്ന്,
ആ കരച്ചിലിനോടു ചേരുന്നു.

ഉള്ളിലെൻ്റെ
കവിതയുടെ ഉത്സവങ്ങൾക്ക്
കൊടികയറുന്നു'.













 

തിങ്കളാഴ്‌ച, ഡിസംബർ 04, 2023


പ്രളയം


ഭൂതകാലത്തിന്റെ വേരുകളിൽ
നിന്ന്
പൂവുകൾ വിരിയുന്നു
കാലം ഒരു മമതയുമില്ലാതെ
അത് പറിച്ചെടുക്കുന്നു
അത്ര വിരഹിണിയായ മേഘം
താനേ പെയ്യുന്നു
കാണാത്ത കരകളെയോർത്ത് പ്രളയത്തിന് നെഞ്ചിടിക്കുന്നു



🧚