ബുധനാഴ്‌ച, ജനുവരി 31, 2024


ആനപ്പറമ്പ് .



ആനപ്പറമ്പിനെ ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ടു

കയറുപൊട്ടിച്ചോടിയ പശുക്കൾ
ഒറ്റ തിരിഞ്ഞ ആടുകൾ
കള്ള് കുടിക്കാൻ ഇടമില്ലാത്തവർ
കഞ്ചാവ് വലിക്കാർ
ചീട്ടുകളി കിലുക്കിക്കുത്ത് എംഡിഎംഎ സംഘങ്ങൾ
പട്ടികളുടെ സംസ്ഥാനസമ്മേളനം
ഇരു ചെവികളിലും തെറിപുരണ്ട തോട്ടികൾ

പെൺകുട്ടികളുടെ സൈക്കിൾ അവിടമെത്തുമ്പോൾ കാരണങ്ങളില്ലാതെ വെട്ടി
ഒരിടിമിന്നലിൽ അതിൻ്റെ പനകളിലൊന്ന് ഒറ്റയ്ക്ക് കത്തി

ആനപ്പറമ്പിൻ്റെ പാതിയടഞ്ഞ കണ്ണുകളിൽ നിന്നും ഓർമ്മ വീണൊഴുകി
നിലം നനഞ്ഞു
പുല്ലുകളാർത്തു
ഓർമ്മകൾ പടർന്നു പന്തലിച്ചു

ഞങ്ങൾ ഒറ്റയ്ക്ക് കെട്ടിയിട്ട ആനപ്പറമ്പിപ്പോൾ ആനക്കാട്
നെടുവീർപ്പുകൾ കൊണ്ട് മെനഞ്ഞ അതിൻ്റെ കറൻ്റ് വേലികൾ

ഓർമ്മക്കാടിനകത്തെ ആനകൾക്കിന്നുത്സവം
അവരേറ്റുന്നത് അവരുടെ തന്നെ ഓർമ്മത്തിടമ്പുകൾ



വെള്ളിയാഴ്‌ച, ജനുവരി 19, 2024


കോഴപ്പങ്ക്

 

കവി സച്ചിദാനന്ദന്റെ കോഴിപ്പങ്ക് എന്ന കവിതയുടെ കാലാന്തര വിവർത്തനം 

കുഴൂർ വിത്സൺ

2024

 

 

കോഴപ്പങ്ക്

 

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, സ്വർണ്ണകൊക്കെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, ചെമ്പിൻതുട്ടെനിക്ക് തരിന്‍-കരിമണൽ-

ക്കണ്ണെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, വെള്ളിക്കാശെനിക്കു  തരിന്‍-കൊള്ളപ്പണ-

വിരലെനിക്കു തരിന്‍-കെ-റെയിൽ

നഖമെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, തടിയുടലെനിക്കു തരിന്‍-പ്ലാസ്റ്റിക്ക്

കുരലെനിക്കു തരിന്‍-കുഴൽ-

പ്പണമൊക്കെയെനിക്ക് തരിന്‍-ലാവ്ലിൻ

കുഴലെനിക്ക് തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ, ഇരട്ടയിലൊരു ചങ്കെനിക്കു തരിന്‍-ചെവിയിലെ

രോമമെനിക്ക് തരിന്‍

കൈതോലപ്പായയെനിക്ക് തരിന്‍-കവിത

പ്പൂത്തിരിച്ചേലെനിക്കു തരിന്‍-

അക്കാദമിയങ്കണമെനിക്കു തരിന്‍...

 

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍,

പോട്ടെ,

കോഴക്കൊമ്പു നിങ്ങളെടുത്തോളിന്‍

പുല്ലുകൾ നിങ്ങളെടുത്തോളിന്‍

പൂവൻകോഴമുട്ട നിങ്ങളെടുത്തോളിന്‍

മാറും മാനവും നിങ്ങളെടുത്തോളിന്‍

എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്‍

പക്ഷേ,

എന്‍റെ മാസപ്പടിക്കോഴയെ മാത്രമെനിക്കുതരിന്‍.

 

1972

 

കോഴിപ്പങ്ക്

-സച്ചിദാനന്ദന്

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,കൂര്മ്പന് കൊക്കെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,ചെമ്പന്പൂവെനിക്കു തരിന്-കുന്നിക്കുരു-

ക്കണ്ണെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,പൊന്നിന്കാലെനിക്കു തരിന്-എള്ളിന്പൂ

വിരലെനിക്കു തരിന്-കരിമ്പിന്

നഖമെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,തുടിയുടലെനിക്കു തരിന്-ശംഖിന്

കുരലെനിക്കു തരിന്-കുഴല്

ക്കരളെനിക്കു തരിന്-തംബുരു

ക്കുടലെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,നാക്കിലപ്പപ്പെനിക്കു തരിന്-പൂക്കില-

പ്പൂടയെനിക്കു തരിന്-കൈതോല

വാലെനിക്കു തരിന്-തീപ്പൊരി-

ച്ചേലെനിക്കു തരിന്-പുത്തരി-

യങ്കമെനിക്കു തരിന്...

 

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പോട്ടെ,

കോഴിക്കൊമ്പു നിങ്ങളെടുത്തോളിന്

പല്ലു നിങ്ങളെടുത്തോളിന്

പൂവന്മുട്ട നിങ്ങളെടുത്തോളിന്

മുലയും നിങ്ങളെടുത്തോളിന്

എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്

പക്ഷേ,

എന്റെ കോഴിയെ മാത്രമെനിക്കുതരിന്.




#കോഴപ്പങ്ക് 

#kozhapanku

#kuzhurwilson

#കോഴിപ്പങ്ക്

#സച്ചിദാനന്ദന്

#malayalampoetry 

#poetry 


 

 

ചൊവ്വാഴ്ച, ജനുവരി 09, 2024


കവിതോത്സവം


കവിതോത്സവം 
ടി.പി. രാജീവന് 

കവിത
കുഴൂർ വിത്സൺ


 'നിത്യവാലായ്മയിൽ വലഞ്ഞ്,
ഒരിക്കലും ആഘോഷിക്കപ്പെടാത്തതിൽ 
നിന്നിലെ ഉത്സവങ്ങൾക്ക് 
സങ്കടമുണ്ടോ'?

ഞാനെന്നോടു ചോദിച്ചു:

'ഒരിക്കലുമില്ല;
പടക്കമായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ പൊട്ടിത്തെറിച്ചേനേ.
പൂവായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പിരിഞ്ഞു കൊഴിഞ്ഞു
മണ്ണിൽ കലർന്നേനേ.
മൈക്കായിരുന്നുവെങ്കിൽ,
ഞാനെപ്പോഴേ
പറഞ്ഞു തീർന്നേനേ.

വാലായ്മകൾ തീരുന്ന
അനാദിയായ ഒരു കാലമുണ്ട്,
അതിലേക്കാണ്
നീട്ടിയുള്ള എൻ്റെയീ 
നടത്തം.
അന്ന് നീയും ഞാനും,
നമ്മുടെ ഉത്സവങ്ങൾതന്നെയും,
ഇങ്ങനെയൊന്നുമാകണമെന്നില്ല.

ബലൂണുകളാണ്
ഉത്സവങ്ങളുടെ കൊടിയടയാളം.

അവ മാനത്ത് പറന്നുകളിക്കുന്നു.
കടലിലെ  കുമിളകൾ
അവരെ നോക്കി,
'സഹോദരാ 
ഞങ്ങളെക്കൂടി ' യെന്നു നീട്ടിവിളിച്ച് ,
പൊടുന്നനെ
മരിച്ചു പോകുന്നു.

പറന്ന ബലൂണുകൾ പൊട്ടിത്തകർന്ന്,
ആ കരച്ചിലിനോടു ചേരുന്നു.

ഉള്ളിലെൻ്റെ
കവിതയുടെ ഉത്സവങ്ങൾക്ക്
കൊടികയറുന്നു'.













 

തിങ്കളാഴ്‌ച, ഡിസംബർ 04, 2023


പ്രളയം


ഭൂതകാലത്തിന്റെ വേരുകളിൽ
നിന്ന്
പൂവുകൾ വിരിയുന്നു
കാലം ഒരു മമതയുമില്ലാതെ
അത് പറിച്ചെടുക്കുന്നു
അത്ര വിരഹിണിയായ മേഘം
താനേ പെയ്യുന്നു
കാണാത്ത കരകളെയോർത്ത് പ്രളയത്തിന് നെഞ്ചിടിക്കുന്നു



🧚

തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2023


വച്ചിട്ടുണ്ട്


റോഡരികിലെ
മരം വീണു
വഴിയാത്രികന്
മരിച്ച അന്ന്
സൈബറാക്രമണമേറ്റ്
പൊരിഞ്ഞ മാവ്
രണ്ട് പെഗ്ഗ് മഴ
വെള്ളം ചേര്ക്കാതെയടിച്ച്
പറഞ്ഞത്

വലിയ
കുണ്ണത്താളമൊന്നും
അടിക്കാതെ , സേട്ടന്മാരെ
വെട്ടിക്കൂട്ടിച്ചവിട്ടിയപ്പോ
മരം പോലെ മിണ്ടാതെ
നിന്നെന്നും കരുതി
പിന്നെയും താങ്ങാതെ ശവങ്ങളേ ,
ഞങ്ങടെയടുക്കളമുറ്റത്തൂടെ
വഴി വെട്ടിയ നിങ്ങക്ക്
വടി വേറെയും വച്ചിട്ടുണ്ട്




* കുണ്ണത്താളം
ഒരു നാടന് തെറിപ്രയോഗം
ഇന്റെര്നെറ്റില് ചില റിസല് റ്റുകള് ലഭ്യമാണു

ചൊവ്വാഴ്ച, ഓഗസ്റ്റ് 22, 2023


കള്ളന്ചേട്ടന്‍



എന്റെ ചെറുപ്പത്തില്
നാട്ടുകാരെല്ലാം കൂടി
കള്ളനെന്നും പറഞ്ഞ്
ഒരു ചേട്ടനെ കെട്ടിയിട്ട്
വീട്ടില് കൊണ്ടുവന്നു .

ജനലഴികള്ക്കുള്ളിലൂടെ
ഞാനാ കള്ളന്ചേട്ടനെ
ഒളിഞ്ഞുനോക്കി

ഒരിക്കലും ആ മുഖം മാഞ്ഞില്ല

നാല്പ്പത് വര്ഷത്തിനിപ്പുറം
ഇന്ന് ഞാനാ കള്ളന്ചേട്ടനെ കണ്ടു
ഏതോ മുജ്ജന്മബന്ധുത്വത്തിന്റെ
ഊഷ്മളതയോടെ
പരസ്പ്പരം നോക്കി

താനൊരിക്കല്
ഒരു കൊപ്രക്കളത്തില് നിന്ന്
തേങ്ങാ മോഷ്ടിച്ചിരുന്നുവെന്നും
പിടിക്കപ്പെട്ട് കെട്ടിയിടപ്പെട്ടിരുന്നുവെന്നും ഒന്നും
ഒരിക്കലും ഓര്ക്കാത്ത
ഒരാളായി മാറിയിട്ടുണ്ടായിരുന്നു
അയാള്

പക്ഷേ ,
പണ്ട്
ജനലഴികള്ക്കുള്ളിലൂടെ
ആ കള്ളന്ചേട്ടനിലേക്ക് നൂണ്ടുനൂണ്ടുപോയ
കണ്ണുകള്
ഒരിക്കല് കൂടി
ഞാന് കണ്ടു

കള്ളന്ചേട്ടന്
എന്നെ
തിരിച്ചും മറിച്ചും നോക്കുകയാണു .









#poetry
#malayalampoetry
#kuzhurwilson
#onapathippu
#agolavani  
#2023