ശരീരമേ, ഇന്നലെ നീ മിഴുങ്ങിയ
ചെറുമീനുകള്‍
അതു തന്നെ
അല്ലാതെ ഈ പൂച്ച
ഇന്ന് മൂന്നാം തവണയും
നിന്ന് ചുറ്റുന്നതിനു
മറ്റ് കാരണങ്ങളൊന്നുമില്ല
ഇന്നലെ മിഴുങ്ങിയ മീനുകളെ,
പിടക്കാതെ
ആ പൂച്ചയുടെ ഉണ്ടന്‍ കണ്ണുകള്‍
അകന്നു പോകുന്ന വരെയെങ്കിലും
ഉദരമേ നിന്റെ തിരമാലകളുടെ
ചെറുചലനങ്ങളാല്‍ ഉലയ്ക്കാതെ
ശരീരമേ ശരീരമേ
കടല്‍ക്കരയില്‍ സൂക്ഷിച്ച്
പണ്ട് ഉള്ളില്‍ കയറിയ
മീനുകളെല്ലാം
ജന്മദേശം കണ്ട് കുതിച്ചാല്‍
അവരുടെ കൂട്ടുകാര്‍
ഓരോ കോശങ്ങളിലും
മുട്ടിനോക്കിയാല്‍
ശരീരമേ നിന്റെ ശരീരം
ഒരു കരയില്‍ നിറയെ
മീനുമ്മകളുമായി അടിഞ്ഞാല്‍
ശരീരമേ
നീ കൊതിയോടെ നോക്കിയതെല്ലാം
വിശപ്പോടെ
വലിച്ച് വാരി തിന്നതെല്ലാം
ആര്‍ത്തിയോടെ
വെട്ടിവിഴുങ്ങിയതെല്ലാം
പതുക്കെ പതുക്കെ നുണഞ്ഞതെല്ലാം
എപ്പോഴെങ്കിലും
മുന്നിലവതരിച്ചാല്‍
അവതരിച്ചാല്‍
ശരീരമേ ശരീരമേ
കുഞ്ഞുങ്ങളെ കാണുമ്പോള്‍
മുപ്പതാണ്ട് മുന്‍പത്തെ
മുലപ്പാല്‍ പുറത്തേക്കു പരന്നാല്‍
കയിലപ്പവും, കരള്‍ വറുത്തതും
കുഞ്ഞ് വായകളെ തേടിയിറങ്ങിയാല്‍
കുടിച്ച മദ്യമെല്ലാം കൂട്ടുകാരെ
കാണുമ്പോള്‍ ചാടിയിറങ്ങിയാല്‍
പാതിരാവില്‍ കൂവിത്തിമിര്‍ത്താല്‍
ആരും കേള്‍ക്കാതെ ഒരു തെറിക്കവിത ചൊല്ലിയാല്‍
ശരീരമേ
ഒരു നട്ടുച്ചയില്‍ പ്രിയപ്പെട്ട നഗരത്തില്‍
രണ്ട് മുലക്കണ്ണുകള്‍ വെളിപ്പെട്ട്
പിന്നെയും പ്രകാശം പരത്തിയാല്‍
ആ മണം കേട്ട്
പിന്നെയും തൂവിപ്പോയാല്‍
എന്തെങ്കിലുമൊക്കെ കണ്ട്
ഉമിനീരും, വിയര്‍പ്പും, നനവുകളും
പുറത്തെയ്ക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
പച്ചപ്പു കണ്ട് ഉള്ളിലെ പശുക്കളും പോത്തുകളും എരുമകളും
മുയലുകളും മറ്റും മേയാനിറങ്ങിയാല്‍
തവളകള്‍ മഴക്കാറ് കണ്ടു പേക്രാന്‍ തുടങ്ങിയാല്‍
ഉള്ളില് ചേക്കേറിയ കൊക്കും, കാക്കയും
ആകാശം കണ്ട് പറന്നാല്‍
ആ പിടയെ കണ്ട് പൂവന്
മുറ്റത്തേക്ക് കുതിച്ചാല്‍
ശരീരമേ ശരീരമേ
ഉള്ളിലെ മീനുകളും, ജന്തുക്കളും, കിളികളും
ഒരുമിച്ച് പുറത്ത് കടന്നാല്‍
ശരീരമേ ശരീരമേ
ശരീരത്തിന്റെ ആത്മാവേ...
ഞായറാഴ്‌ച, ജൂലൈ 15, 2007
ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ...
Labels: കുഴൂര്‍ വില്‍സന്റെ കവിതകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)