വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2016


തിങ്കൾ

മലയാളം വാരിക ഓണപ്പതിപ്പ് - 2016  

( ഖസാക്കിന്റെ ഇതിഹാസം  കുഞ്ഞുനാളിൽ മ:നപാഠമാക്കിയ സിതാരക്ക് )

ഒരു ദിവസം രാവിലെ നോക്കുമ്പോൾ
സുനിലേട്ടൻ
ഒരു പട്ടിക്കുട്ടിയേയും കൊണ്ടു വരുന്നു

ഉപേക്ഷിക്കപ്പെടുന്നവരുടെ
അനാഥത്വത്തെക്കുറിച്ച്
അതിമഹത്തായ
പ്രബന്ധത്തിലായിരുന്നു ഞാൻ

കെട്ടു വിട്ട പാടേ
അതിനൊരു ഉണക്കമീൻ കൊടുത്തു
തിന്നില്ല
മുറ്റുള്ള എല്ലു കൊടുത്തു
തൊട്ടില്ല
പരസ്യത്തിലെ പാലു കൊടുത്തു
ഗൗനിച്ചില്ല
ഉമ്മ കൊടുത്തു
അനങ്ങിയില്ല

വന്നത് തിങ്കളാഴ്ച്ച
ആകയാൽ
തിങ്കളെന്ന പേരു കൊടുത്തു

വിളിക്കുമ്പോഴൊക്കെ വാലാട്ടി
ചെവിയനക്കി

തിങ്കൾ
തിങ്കൾ
മൂന്നുവട്ടം
ഞാനവളുടെ ചെവിയിൽ പറഞ്ഞു

മൂകാംബികയിലെ
സൗപർണ്ണിക മലനിരകളിലെന്ന പോലെ
അയാൾ ചെവി കൂർത്തു

ഞാനുമയാളും
ഒരു കളികളിലുമേർപ്പെട്ടില്ല
അതിനും മുന്നേ
വണ്ടിയിടിച്ചവൾ പോയി

പോസ്റ്റ്മോർട്ടം നടത്താതെ
മയ്യിത്ത് ശരിക്ക് കാണാതെ
ഞാനവനെ കുഴിച്ചിട്ടു
ചെമ്പരത്തിയുടെ ചോട്ടിൽ

അതിൽ നിറയെ പൂക്കൾ കായ്ക്കുന്നുണ്ട്
കൊഴിഞ്ഞ് വീഴുന്നുണ്ട്

അതിൽ രണ്ട് ചെമ്പരത്തികൾ
ഒരു കർണ്ണാടകക്കാരന്റെ അച്ഛന്റെ
നാളടക്കിനു പോയി
ചിലത് ഹിബിസ്ക്കസ് ജ്യൂസായിപ്പോയി
ചിലതിൽ ചിത്രശലഭങ്ങൾ
വന്ന് പോയ് ഇടക്കിടെ

തിങ്കളിനെ മറവ് ചെയ്ത കുന്നാരം
മണ്ണും മറന്നു,
ഞാനും മറന്നു

മറ്റൊരു നട്ടുച്ചയിൽ
ആദിയെന്ന ജർമ്മൻ പട്ടി
തിങ്കളിന്റെ കല്ലറയിൽ
മീൻ മുള്ളുകൾ കൊണ്ട് വയ്ക്കുന്നു

കളിയാണവനു

അനുജത്തീ, നീയെന്നെ മറന്നുവോയെന്ന
ചോദ്യമുള്ളിടത്തോളം
കളിച്ച് തീരില്ല

ഒരു പട്ടിയും

-- 


സുനിലേട്ടൻ - ശിൽപ്പി സുനിൽ കുമാർ രാഘവൻ​ 

അഭിപ്രായങ്ങളൊന്നുമില്ല: