ഞായറാഴ്‌ച, ഡിസംബർ 30, 2012
തൊങ്കിത്തൊട്ടം
ശനിയാഴ്‌ച, ജൂൺ 30, 2012
കേട്ടെഴുത്ത്
കഴിഞ്ഞ ജന്മത്തിൽ ഒരു ഭീരുവായിരുന്നു
ഈ ജന്മത്തിൽ ഒരു കവിയെങ്കിലുമായാൽ
രക്ഷപ്പെടുമെന്ന അമ്മയുടെ വാക്കുകളോര്‍ത്ത്
കവിതകള്‍ക്കു പഠിക്കാൻ തീരുമാനിച്ചു.
വൈലോപ്പള്ളിയുടെ മാമ്പഴത്തിന്റെ
അഞ്ചാം വരി ചൊല്ലിയ അന്ന്
ടീച്ചറെന്നെ തല്ലി
പിന്നീട് ഇടശ്ശേരിക്കു പഠിക്കാൻ തീരുമാനിച്ചു
ഭൂതങ്ങളായ പൂതങ്ങളൊക്കെ വന്നു പേടിപ്പിച്ചപ്പോൾ
അമ്മേയെനിക്കു പേടിയാകുമെന്നു പറഞ്ഞു മൂക്കിലോളിച്ചു.
പിന്നെ കടമ്പനാട്ടേയ്ക്കു പോയി
നിന്നു കരഞ്ഞിട്ടും
നിന്നു ചിരിച്ചിട്ടും
നിന്നു നിന്നങ്ങനെ ആടിയിട്ടും
ആ കാവു കണ്ടതേയില്ല
പിന്നെ സച്ചിയെങ്കിൽ സച്ചി
ഉണ്ണീ ഉറങ്ങരുത്
ഉറക്കം ദുസ്വപ്നത്തിന്റെ താക്കോല്‍ കൂട്ടമാണെന്നു മാത്രം പഠിപ്പിച്ച്
ഒരു ഇടവഴിയിലേക്കിറക്കി വിട്ടു നീ
ഒരിടവഴി കാണിച്ച് തന്നത് പുഴയാണു.
അതിൽ നിറയെ മുങ്ങി
പിന്നെ ജോൺ
ജോണിനു പഠിക്കാൻ പോയൊരാൾ
എറണാകുളത്തു നിന്ന് തിരിച്ച്
വീട്ടിൽ വന്ന്
അവന്റെ തന്നെ സ്വന്തം മേരിപ്പെങ്ങളോട്
അയാളുടെ തന്നെ തോമന്റെ സ്വന്തം ചിരിയിൽ
ഈ കല്ലോക്കെ നീയെടുത്തോ, ഉപകാരപ്പെടുമെന്ന്
ജോൺ ഭാഷയിൽ പറയാൻ നോക്കി.
പിന്നീടായിരുന്നു അയാൾ ബാലനാവാൻ നോക്കിയത്
നടത്തം കൊണ്ടും
നോട്ടം കൊണ്ടും
ശബ്ദം കൊണ്ടും
അയാളെത്തന്നെ പറ്റിച്ചു നടന്നു
അയാൾ പിന്നെ ലോകത്തെയും
പിന്നീടായിരുന്നു അയ്യപ്പൻ
ആലുവാചന്തയിൽ നിന്നും
ആലുവാ പുഴയിലേയ്ക്കു നടക്കുമ്പോൾ
നിന്റെ ഇടതുകൈ
എന്റെ വലതുകൈയ്യിനെ ചേര്‍ത്തു പിടിച്ചു
പിച്ചക്കാരോടൊപ്പം
ഒരു പെഗ്ഗടിക്കുന്നതിന്റെ
അത്യാഹ്ലാദത്താൽ
ഞാൻ നിന്നെ ഒരു കുഞ്ഞിനെപ്പോലെ കൊണ്ടുപോയി
നേരം പുലര്‍ന്നപ്പോൾ
നമ്മള്‍ കൊടുങ്ങല്ലൂരായിരുന്നു
ഭരണിയൊന്നുമായിരുന്നില്ല
ഒരു ചെറിയ പച്ചക്കുപ്പി
അതിന്റെ മാത്രം ബലത്തില്‍ നീ അന്നെന്നോട്
ഒരാളെ തൊടണമെന്നു പറഞ്ഞു
ഒക്ടോബർ 21 രാത്രിയിൽ
ഞാൻ ഒരിടത്ത് കിടന്നുറങ്ങുകയായിരുന്നു
അന്നു രാത്രി
നീയെന്നെ സ്വപ്നത്തിൽ വന്നു വിളിച്ചു
നെറ്റിയിൽ പറയാൻ പറ്റാത്തയെല്ലായിടങ്ങളിലും
ചാരായത്തിന്റെ മണമുള്ള ഉമ്മകൾ തന്നു
പിറ്റേന്നു രാവിലെ ഞങ്ങൾ കുറേ കരഞ്ഞു
പിന്നെ കുറേ ചിരിച്ചു.
അപ്പോഴുമുണ്ട് പിന്നെയും
അക്ഷരമാലയിൽ കല്പറ്റ
ജെസ്സിയെ തുഴഞ്ഞു പോയ കുരീപ്പുഴ
സമനിലയിൽ കെ.ആർ.. റ്റോണി
അഞ്ചടി ആറിഞ്ചിൽ വി ആർ സന്തോഷ്
എർണാകുളത്തിന്റെ പാലിയത്ത്
മരംകൊത്തിയായനിലൻ
പ്രാന്തായ് നിലാവായ് കരിയാട്
കോമയിൽ കുത്തായി കുറൂർ
പച്ചമുക്കുത്തിയായ് പി .പി .രാമചന്ദ്രൻ
ഗ്രോസറിയിലെ നസീർ കടിക്കാട്
മകൻ മരിച്ചുപോയ ശ്രീകുമാരന്‍ തമ്പി
പച്ചപ്പാട്ടെഴുതിയ വി.ടി. മുരളി
ഉപമകൾ തോറ്റു പോകും സാബു ഷണ്മുഖം
കഴിഞ്ഞ ജന്മത്തിൽ
ഞാന്‍ വലിയ ഭീരുവായിരുന്നുവെന്ന് അമ്മ വിചാരിച്ചു
ഈ ജന്മത്തിലും ഏറ്റവൂം വലിയ ഭീരുവാണ്
എന്നമ്മയോട് പറയാൻ പോകുമ്പോൾ
കവി
കവിത
അക്കിത്തം
അന്ത്യ പ്രലോഭനം
യേശുക്രിസ്തു
മണ്ണാങ്കട്ട
എന്റെയും നിന്റെയും
കല്ലറകള്‍ക്കു മീതെ കരുതിവെച്ച
ഒരു മുക്കുറ്റിപ്പൂ.
ബുധനാഴ്‌ച, നവംബർ 09, 2011
ബേക്കറി
ബേക്കറി വാങ്ങിയപ്പോൾ
പുതുമ മൗലികത എന്നീ
കാരണങ്ങളാൽ
കയ്പ്പ് എന്ന് പേരിട്ടു
ലഡ്ഡു കയ്ക്കുന്നു
ജിലേബി കയ്ക്കുന്നു
ചെറിപ്പഴം കയ്ക്കുന്നു
കയ്ക്കുന്നു കയ്ക്കുന്നു
എന്തൊരു കയ്പ്പ്
എന്നായി ആളുകൾ
ജോലിക്കാരൻ കയ്ച്ചു
അങ്ങുന്നേ
ആട്ടി ഓടിക്കാൻ പിരിവുകാരില്ല
ഈച്ചകൾ കളിയാക്കുന്നു
കയ്പ്പുകൾ വിളമ്പുന്നു
വീട്ടിലെ അവൾ
പുതുമ മൗലികത
ഇവ നൽകിയ
ഏകാന്തതയെ
പലഹാരങ്ങളുമായി
പങ്ക് വച്ചിരിക്കുമ്പോൾ
ബിസ്ക്കറ്റ് പറഞ്ഞു
കണ്ണീരുപ്പ് കലർത്താം
കയ്ച്ചാൽ വിൽക്കപ്പെടുകയില്ല
പലഹാരങ്ങൾ
പഴയത് എന്തെങ്കിലും
തരണേയെന്ന യാചകസ്വരം
ഇടയ്ക്ക് കയറിയപ്പോൾ
പുതുമയുടെയും
മൗലികതയുടെയും
ആളായ ഞാൻ
ഈ ബേക്കറി
നിങ്ങളെടുത്തോളൂ
എന്ന് പറഞ്ഞു
യാചകൻ ചിരിച്ചു
Labels: 2001 / മുൻപ് എഴുതിയത്
തിങ്കളാഴ്‌ച, ഒക്‌ടോബർ 24, 2011
ആത്മഹത്യ
കടുത്ത ഏകാന്തതയായിരുന്നു സിംഹത്തിനു
വഴക്കാണു ഞാൻ നിന്നോട് ലോകമേയെന്ന്
ഹ്യദയത്തിൽ പാടിയാണു നടന്നിരുന്നത്
ഒരേ പച്ചപ്പിഞ്ഞാണത്തിനിൽ നിന്നുള്ള
മുയലുകളുടെ തീറ്റകണ്ട് ഛർദ്ദി
വെള്ളത്തിലും വെയിലിലും നനഞ്ഞ്
മുതലകൾ കിടക്കുന്ന കാഴ്ച്ചയിൽ പനി
അയൽക്കാര്യങ്ങളിൽ തലയിട്ടുള്ള
ജിറാഫിന്റെ നിൽപ്പിൽ കഴുത്തിടറൽ
സാക്ഷിവിസ്താരഭയം നിമിത്തം
കയ്യും തലയും പുറത്തിടാതെയുള്ള
ആമ നിശ്ച്ചലതയിൽ കോച്ചിപ്പിടുത്തം
കുറുക്കന്മാരുടെ സ്തുതിവചനങ്ങളാൽ ബധിരത
രോഗങ്ങളാൽ ഏകനിൽ ഏകനായി
ആകാശത്തിലും ഭൂമിയിലും
മരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തോടായിരുന്നു അസൂയ
ഉറുമ്പുകൾ തേനീച്ചകൾ മാൻ കൂട്ടങ്ങൾ
സംഘം ചേരുമ്പോഴുള്ള
നട്ടെല്ലുവഴക്കത്തെക്കുറിച്ചായിരുന്നു അത്ഭുതം
മാളമായിരുന്നു പേടി
ധൈര്യമായിരുന്നു എ ടി എം കാർഡ്
മണ്ണിൽ പതിയുന്ന രാജമുദ്രകൾ
ജീവസാമീപ്യത്തിന്റെ എല്ലാ വഴികളും
അടച്ച് കളയുന്നതിലായിരുന്നു സങ്കടം
ചെടികൾക്കിടയിലൂടെയുള്ള യാത്രയിൽ
കൊടുംങ്കാറ്റിന്റെ ഹ്യദയമായിരുന്നു
‘അഗ്നി വിഴുങ്ങിയ മ്യഗരൂപം’
എന്നായിരുന്നു
ആനകളുടെ അടക്കം പറച്ചിൽ
ഏകാന്തതയുടെ പട്ടുകുപ്പായമഴിച്ചുവെച്ച്
പോരൂവെന്ന് ജലം ക്ഷണിച്ചു
ഇണയായിരുന്നു കിണറ്റിൽ
അവന്റെ ലക്ഷ്യം
(അഞ്ചെട്ട് വർഷം മുൻപ് മാധ്യമം ആഴ്ച്ചപ്പതിപ്പിൽ വന്ന കവിതയാണു.
ഇപ്പോൾ വീണ്ടും കിട്ടി.
ബ്ലോഗിൽ ആദ്യം.
സമ്പാദ്യം എന്ന വാക്ക് എ ടി എം എന്ന് മാറ്റിയിട്ടുണ്ട്.)
Labels: പഴയ കവിത
തിങ്കളാഴ്‌ച, സെപ്റ്റംബർ 19, 2011
അവൾ വെജിറ്റേറിയനും ഭക്തയുമായത്
വെജിറ്റേറിയൻ
കാക്കയ്ക്കും പൂച്ചയ്ക്കും
ചെതമ്പലുകളും ചെകിളയും
തല കൊച്ച്മോൾക്ക്
വാൽ മിടുക്കനായ മോനു
നടുക്കഷണങ്ങൾ
അച്ഛനും കൂട്ടുകാരനും
വീതം വച്ച് കഴിഞ്ഞപ്പോൾ
അവൾ വെജിറ്റേറിയനായി
ഉളുമ്പ്നാറ്റം എന്ന വാക്കിനെ പേടിച്ച്
പിന്നെയും പിന്നെയും
കൈ കഴുകി
ഭക്ത
നീ കഴിക്കാത്തതെന്തേ
എന്ന ചോദ്യത്തിനു
നൊയമ്പെടുത്തു
അമ്മക്കിത് വേണോയെന്ന
നിഷ്കളങ്കതയ്ക്ക് മുന്നിൽ
ഉപവാസം
പലനേരവും
ഒരു നേരം നോറ്റ്
അങ്ങനെ
അറിയപ്പെടുന്ന ഭക്തയുമായി
ചൊവ്വാഴ്ച, മേയ് 10, 2011
സുവർണ്ണ ഭൂമി
ഏറ്റവും
ഇഷ്ടപ്പെടുന്ന പച്ചയിൽ
പൊടുന്നനെ
മഞ്ഞയായ്
പെയ്യും മഴയേ
ഉമ്മ വയ്ക്കെട്ടെ
നിൻ ഇളം നെഞ്ചിൽ
വരുവാനാരുമില്ല പോകാനും
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
സഹിക്കണം
ഭൂമി തൻ ചൂടും ചൂരും
ലോകമാരോ
കെട്ടിപ്പടുത്തുവോ
അതിൽ നീയോ ഞാനോ
ഒരുമ്മ വച്ചതിൻ പാടുകൾ
ഒരു ചുവർ ചിത്രം
എത്തിഹാദിന്റെ കാബിനിൽ
നിന്റെ പേർ മറിയാമ്മ
എന്റെ പേർ...
ഭൂമിയിലാരോ പാടുന്നതിൻ ശബ്ദം
അമ്മ കരയുകയാവാം
നീ പാടുകയാവാം
ഞാൻ എന്നക്കുറിച്ച് തന്നെ
പിറുപിറുക്കയുമാവാം
സ്വസ്തി സ്വസ്തിയെന്ന് പറയുവാൻ
ഒരേ ഇടം
നിന്നമ്മ തൻ യോനി
പുറത്തേക്കിറങ്ങുവാൻ
ഒരേ വഴി
അകത്തേക്കോ
ആയിരം വഴികൾ എങ്കിലും
എല്ലാത്തിലും
തട്ടിത്തടഞ്ഞു നിൽക്കുന്നു
അമ്മു തൻ
അമ്മിണി തൻ
നിന്റെ തന്റെ
വെട്ടിപ്പടവുകൾ
മ്യഗങ്ങളായല്ല
മനുഷ്യരായല്ല
നമ്മെ നമ്മെപ്പോൽ
പിറപ്പിച്ചത്
അപ്പനല്ല
അമ്മയല്ല
വേറെ ആരോ
ഒരു സ്വപ്നത്തിനു നിന്റെ പേരിടാം
മറ്റൊരു സ്വപ്നത്തിനു നിന്റെ പേരിടാം
ഒന്നിൽ പിഴച്ചാൽ മൂന്നിൽ
മൂന്നാം സ്വപ്നത്തിനു
എന്റെ തന്നെ പേരിടും ഞാൻ
വായ്ക്കരിയെന്നത്
ഒരു വാക്ക്
വായുണ്ട്
കരിയുണ്ട്
കൂടിച്ചേരുമ്പോൾ
നീ
ഞാനെന്ന പോൽ
അത്രമേൽ അസഹ്യം
സ്നേഹം
മക്കളേ
നീയുണ്ട ഉരുളയോ
നീണ്ട് ഉരുണ്ട
ഞാനോ
നീയോ ഞാനോ
നീയോ ഞാനോ
വേവലാതികൾ
പുറപ്പെട്ട് പോകും
പുലർകാലേ
കൊണ്ട് പോകണേ
ഈയെസെമ്മെസിൻ
കരുതലും കാവും
വേണ്ട വേണ്ടയെന്നൊരുയിറച്ചിവെട്ടുകാരനെപ്പോലെ
പിണങ്ങുമ്പോൾ
മഹാഐരാണിക്കുളത്തെ
പ്രീതിയെന്നെ
അമ്പലക്കുളത്തിൽ
കുളിക്കാൻ വിളിക്കുന്നു
നീയോ
ഞാനോ
നമ്മുടെ മക്കളോ
അമ്മേ
അമ്മേ
അമ്മേ
ആമേൻ
തിങ്കളാഴ്‌ച, ജനുവരി 10, 2011
സൂപ്പർ ഡാഡി
ഡാഡി സൂപർ ഡാഡി
എന്ന പാട്ട് കേട്ട് ,
മരിച്ച് പോയ അപ്പനെയോർത്ത്
ആകുലനും അതിലേറെ
ആർദ്രനുമായി ,
ഒരച്ഛൻ മകളെ ഭിത്തിയിലിടിച്ച്
കൊന്ന വാർത്ത
ഏതോ ബാപ്പമാരേയും മക്കളേയും
വായിച്ച് കേൾപ്പിക്കവേ
ഒരപ്പനും മകനും
അതിലേറെ കൂടുതലായി
യാതൊന്നുമേ തോന്നിയതില്ല
അന്നുച്ചയ്ക്ക് ഫേസ് ബുക്കിൽ
കപ്പയ്ക്ക്
പഞ്ച നക്ഷത്ര ഹോട്ടലുകളിൽ
വിലയേറുന്നതിന്റെ ഒരു സചിത്രവാർത്ത
അപ് ലോഡ് ചെയ്തത് ഓർമ്മയുണ്ട്
കറിവേപ്പിലയും
ചുവന്ന മുളകും
കിരീടം വച്ച
ഇളം മഞ്ഞ കപ്പ
ഉമിനീരിന്റെ
ഒരു സുനാമിയുണ്ടാക്കിയത്
തൊണ്ടയിലുണ്ട്
ഇന്നുച്ചയ്ക്ക്
വാർത്തകളേറെ കഴിഞ്ഞാറെ
പച്ചയ്ക്ക് കപ്പ പുഴുങ്ങുകയാണു
ഒരു പച്ചക്കുപ്പി അടുത്തുണ്ട്
കപ്പ ഉപ്പിട്ട് പുഴുങ്ങിയതിന്റെ
മണം മൂക്കിലടിച്ചപ്പോൾ
അപ്പൻ വന്നു
മരിച്ചവരെ ഉയിർപ്പിക്കാൻ
ദൈവപുത്രനൊന്നുമാകേണ്ട
ഒരു കപ്പ പുഴുക്കിന്റെ
മണം മതിയെന്ന്
ഈശോയോട് പറഞ്ഞു
വാരം തോടിയ പറമ്പുകൾ
ചാരം ചാണകം
ക്യത്യമായി നുറുക്കിയ
കൊള്ളിത്തലപ്പുകൾ
കഞ്ഞിയെടുക്കാൻ
ഓടുന്ന അമ്മ
കളിക്കും കലപിലകൾക്കുമിടയിൽ
ട്രൌസർ കീറിയ കുപ്പായമില്ലാത്ത
ഒരു ചെക്കൻ
പിടി വിട്ട് നടക്കുകയാണു
കപ്പ കപ്പ കപ്പ
കൊള്ളി കൊള്ളി കൊള്ളി
ഊണിനു ഉറക്കത്തിനു വിശപ്പിനു
വിശ്വാസത്തിനു
കൊള്ളി കൊള്ളി
ഫൂ
കഞ്ഞിക്കും നട്ടുച്ചയ്ക്കും
വിശപ്പിനു വിശ്വാസം വയ്ക്കുന്ന സന്ധ്യക്കും
ഒടുവിലത്തെ അത്താഴത്തിനും
ഒണക്ക കപ്പ
വയറു കഴുകി ഉണ്ടായവനു
പുകഞ്ഞ കൊള്ളി
എന്ന് പേരിട്ടില്ലല്ലോ
ഭാഗ്യം
പച്ചമുളകും കൂട്ടി പച്ചയ്ക്ക്
പച്ചകുപ്പിയുടെ മാത്രം നിഴലിൽ
കപ്പ തൊടുമ്പോൾ
ഡാൻസ് ചെയ്യുകയാണു
ഡാഡി
സൂപ്പർ ഡാഡി
ശനിയാഴ്‌ച, ജനുവരി 01, 2011
മരയുമ്മ
ഇണചേര്ന്നതിന് ശേഷം
വഴക്കിട്ടിരിക്കുന്ന
രണ്ട് കിളികളുടെ ചിത്രമാണ്
ഇന്ന് ഈ മരം
എനിക്ക് നല്കിയത്
ഓരോ പ്രഭാതത്തെയും
പുതിയതാക്കുന്നതില്
അല്ലെങ്കില് എന്നും
ഒരു പുതിയ സിനിമ
എന്നെ കാണിച്ച് തരുന്നതില്
ഈ മരത്തിനുള്ള ഉത്സാഹം
എത്ര പറഞ്ഞാലും
നിങ്ങള്ക്ക് മനസ്സിലാകില്ല
ഒരു ദിവസം
കടന്ന് പോകുന്ന
കാറ്റിനോട്
പോകല്ലേ പോകല്ലേയെന്ന്
കരയുന്ന ഇലകളേ
വേറെ ഒരു ദിവസം
കൊമ്പില് നിന്ന്
പ്രാവിന്റെ കാഷ്ഠം വീഴ്ത്തി
തണലില്
ആരോ കഴിച്ചതിന്റെ ബാക്കി
മീന് മുളള് തിന്നുന്ന പൂച്ചക ളെ
ഓടിക്കുന്നതിന്റെ
മറ്റൊരു ദിവസം
എന്റെ മുറിവ്
കരിയിച്ച് തരണേ യെന്ന് സൂര്യനോട്
പ്രാത്ഥിച്ച് കരയുന്ന
തന്റെ തന്നെ
കൊമ്പിന്റെ
നനഞ്ഞ കണ്ണുകളേ
വേറൊരു നാള്
താഴെ
അപരിചിതരായ മനുഷ്യര്
അലസരായി ചാഞ്ഞിരിക്കുന്ന
വേശ്യകളായി തീരന്ന
തന്റെ തന്നെ
സഹോദരീ ശിഖരങ്ങളെ
മനുഷ്യരുടെ ഭാഷയിലായാല്
മരക്കസേരകളെ
ഒരു ദിവസം
ഓരോ കാറ്റ് വരമ്പോഴും
അര്ബാബിനെ പേടിച്ച്
കാറ്റ് സ്നേഹിച്ച് സ്നേഹിച്ച് കൊന്ന
കരിയിലകളെ
അടിച്ച് വാരി കളയാന്
ഓടി ഓടിയെത്തുന്ന
ബീഹാറുകാരനെ
വേറെ
ഒരു ദിവസമാണെകില്
വെള്ളി കലര്ന്ന
നീല ആകാശത്തെ നോക്കി
ഒറ്റ ചിരി ചിരിച്ച
ചെറുപൂക്കളെ, കൂടെ
തലകുത്തി മറിഞ്ഞ്
ചിരിക്കുന്ന കായകളെ
ഒരു ദിവസമാണെങ്കില്
കൊമ്പിലും കുഴലിലും
സ്വര്ണ്ണനൂലുകള് പടര്ത്തിയ
സന്ധ്യയെ നോക്കി പൊടുന്നനെ
പൊട്ടിക്കരഞ്ഞ
തായ് വേരിനെ
പിന്നെ ഒരു ദിവസം
വേറെ ആരെയും
കാണിക്കാത്ത
ഇളം പച്ച കുഞ്ഞിനെ
കാണിച്ച്
ഒരു പേരിട്ട് തരാന് പറഞ്ഞ
വയസ്സായ നടുക്കഷണത്തെ
അതിനും മുന്പ്
മറ്റൊരു ദിവസം
നാട് നീളെയുള്ള
മരക്കൂട്ടുകാരെ
കാണാറുണ്ടോ നീയെന്ന്
ചോദിച്ച് സങ്കടപ്പെടുത്തിയിരുന്നു
എന്നെ മറക്കുമോയെന്ന്
ചോദിച്ച് ചങ്കില് കുത്തിയിരുന്നു
പഴം തിന്ന്
വിത്ത് പാകിയ
ആ അമ്മക്കിളിയെ
കാണിച്ച് തരുമോയെന്ന്
ചോദിച്ചിട്ടുണ്ട് ഒരിക്കല്
എവിടെയാണോ
എങ്ങനെയാണോ
ആയെന്ന്
അമ്മയെ ഓര്ത്ത്
മനസ്സ് മലര്ത്തിയിട്ടുണ്ട് ഞാന്
ചില മരങ്ങള്
ചില മനുഷ്യരുടെ
ജീവിതങ്ങളെ
വേരു പിടിപ്പിച്ചതിന്റെ
തണല് നല്കിയതിന്റെ
പ്രാണവായു നല്കിയതിന്റെ
കുരിശേറ്റിയതിന്റെ
ഓര്മ്മയില്
ഉള്ളം നടുങ്ങുകയുമ്
അതിലേറേ
നനുത്തതാകുകയും
ചെയ്യുന്ന
ഈ നിമിഷത്തില്
മരമേ
നിന്നെ ഞാന്
കെട്ടിപ്പിടി ക്കുകയാണ്
മരവിച്ച തും
എന്നാല്
ഏറ്റ വും
ആര്ത്തിപ്പിടിച്ചതുമായ
ഒരുമ്മ നല്കുകയാണ്
മരണത്തോ ളം
മരവിപ്പും
ജീവിതവും കലര്ന്ന
ഒരു
മരയുമ്മ
ചൊവ്വാഴ്ച, ഡിസംബർ 21, 2010
പിന്നെയും ഈ ദൈവത്തിന്റെ ഒരു കാര്യം*
വിചിത്രവും
അതിലേറെ
വിസ്മയകരവുമായ
ഒരു പണിയാണ്
ഇന്ന് രാവിലെ
ദൈവം തന്നത്
മുറിയില്‍ നിന്നിറങ്ങുക
വലത്തോട്ടു നടന്നു
ഒരിക്കല്‍ക്കൂടി
വലത്തോട്ടു തിരിയുമ്പോള്‍
ആദ്യം കാണുന്ന
ആമ്പമരത്തിന്റെ
പതിനാലാമത്തെ ചില്ലയുടെ
ആയിരത്തിപ്പതിമൂന്നാമാത്തെ
ഇലയില്‍
ഒരു ദേശാടനക്കിളിയുടെ
കാഷ്ഠത്തിന്റെ കറയുണ്ട്.
അത്
ഉമിനീര് കൊണ്ട്
കഴുകുക.
അത് ചെയ്തു
ഇടത്തോട്ടു നടക്കുക
പതിനാറാമത്തെ വില്ലയുടെ
കിഴക്കേ അതിരില്‍
കെട്ടിയ്ക്കാത്ത
ഒരു ഈത്തപ്പന
നില്‍പ്പുണ്ട്.
അതിന്‍റെ
മുകളിലത്തെ
12 പട്ടകളൊഴിച്ച്
താഴെയെല്ലാം
പച്ച പോയി
മരിച്ചിരിക്കുന്നു.
വിയര്‍പ്പോ
കണ്ണീരോ
കൊടുത്ത്
ഇളം പച്ചയാക്കുക.
അതുമായി
നേരെ നടന്ന് കാണുന്ന
കലുങ്കിന്റെ
അടിവശത്ത്
ഒരു
കുഞ്ഞാല്‍മരം
കിളിര്‍ത്ത് വരുന്നുണ്ട്.
ഒരുമ്മ കൊടുത്ത്
അവളെ
അമ്മയാക്കുക.
ഹോ
പിന്നെയും
ഈ
ദൈവത്തിന്റെ
ഒരു കാര്യം.
*ഈ ദൈവത്തിന്റെ ഒരു കാര്യം എന്ന കവിത മുൻപ് എഴുതിയിട്ടുണ്ട്
ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2010
നീറി നീറി / കറുപ്പില് പച്ചയായ്
കുഴൂരില് നീ വന്നിട്ടില്ല
ആലുവച്ചന്തയും
കൊടുങ്ങല്ലൂര്ക്കാവും
വിളിപ്പാടകലെയായിട്ടും
ഒരിക്കല് പോലും
കുഴൂര്ക്കരയില്
എല്ലാക്കൊല്ലവുമമ്പുണ്ട്
അമ്പിന്റെയന്ന്
നീറി നീറി നില്ക്കുന്നത്
പിള്ളേരുടെ ഒരു കൊല്ലം
നീണ്ട്നില്ക്കുന്ന സ്വപ്നമാണ്
അമ്പ് കൊള്ളാത്ത പിള്ളേര്
നീറി നീറി
വഴി നീളെ തുള്ളൂന്ന
കുഴൂരമ്പ് നീ കണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
സെബാസ്റ്റ്യന്,
പുണ്യവാളനേക്കാള്
പുണ്യശരണമായിട്ടും
കുഴൂരിലെ സെബസ്ത്യാനോസിന്റെ
കുഴൂരമ്പിന് നീ വന്നിട്ടില്ല
കുഴൂരിലെ അമ്പുകള്
മാത്രം കൊണ്ടിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
ബാറുകളില്ലാത്തതിനാല്
ഒരു ബാറിലും പുലര്ച്ചെ പോയി
ഇളിച്ച് നിന്നിട്ടില്ല
കുഴൂരിലോ
കുഴൂരമ്പിനോ
കുഴൂര് ബാറിലോ
വന്നിട്ടില്ല
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും
എല്ലാക്കൊല്ലവും
കുഴൂരിലെ പിള്ളേരും
വലിയവരും
നിന്റെ പേരു പാട്ട് പോലെ
പാടുന്നത് കേള്ക്കാം
വര്ഷം മുഴുവന് നീറി നീറി
ഒഴുകിയൊഴുകി
നടക്കുന്നവര് പോലും
ഒരു മാസം
കറുപ്പണിഞ്ഞ്
കല്ലും മുള്ളും ചവിട്ടി
നടക്കുന്നത് കാണാം
നിന്റെ പേര് മാത്രമുച്ചരിച്ച്
മനമുരുകി കരയുന്നത് കാണാം
നിന്നെ വിളിച്ച്
ചിന്തുപ്പാട്ടുകള് പാടുന്നത് കേ ള് ക്കാം
കുഴൂരില് നീ വന്നിട്ടില്ല
എന്നിട്ടും എല്ലാ വര്ഷവും
സെബസ്ത്യാനോസിന്റെ പെരുന്നാളിന്
അമ്പേല്ക്കാത്ത പിള്ളേര്
നീറി നീറി നില്ക്കുന്നുണ്ട്
കുഴൂരില് നീ വന്നിട്ടില്ല
എന്നി ട്ടും
എല്ലാ വര്ഷവും പിള്ളേരും വലിയവരും
പച്ചയ്ക്ക് കറുപ്പും കനവുമണിഞ്ഞ്
നിന്നെക്കുറിച്ച് പാടുന്നുണ്ട്
കുഴൂരവസാനിക്കും വരെ
കുഴൂരമ്പണ്ടാകും
നീ വരാത്ത കുഴൂരില് പിള്ളേര്
നീറി നീറിത്തന്നെ നില്ക്കും
കുഴൂരവസാനിക്കും വരെ
എല്ലാ വര്ഷവും
നിന്റെ പേരുകള് പാട്ടായ് ഉയരും
പച്ചയ്ക്ക് മനുഷ്യരെല്ലാം നിന്നെക്കുറിച്ച് പാടും
ഇനിയൊരിക്കലും
കുഴൂരിലെ പിള്ളേരിലൊരാള്
ഒരമ്പിനും നീറിനീറി നില്ക്കില്ല
ഇനിയൊരിക്കാലും
കുഴൂരിലെ പിള്ളേരിലെയും
വലിയവരിലേയും ഒരാള്
കറുപ്പുടുത്ത് നിന്റെ പേര് പാട്ടായ് പാടില്ല
മുള്ളും കല്ലും ചവിട്ടില്ല
കുഴൂര്
നിന്റെ ശവത്തെ പോലും കണ്ടിട്ടില്ല
@ അയ്യപ്പന് വേണ്ടി സെബാസ്റ്റ്യന് പണി കഴിപ്പിച്ച സത്രം - മുറി - ആലുവ പച്ചക്കറി മാര്ക്കറ്റിലാണ്.
അവിടത്തെ തൊഴിലാളികള്ക്കും പിച്ചക്കാര്ക്കുമൊപ്പം പലപ്പോഴും അയാളുണ്ടാകും
@ കൊടുങ്ങല്ലൂര് അയാള്ക്ക് രണ്ടാം ദേശമായിരുന്നിരിക്കണം - ആദരവിനായി ആദ്യം ഇരുന്ന് കൊടുത്തതും വേറെ എവിടെയുമ
ചൊവ്വാഴ്ച, ജൂൺ 08, 2010
കാലത്തിനോട് രണ്ട് കുത്തുവാക്കുകള്‍
ഒന്ന്
കൊഴിഞ്ഞു പോയ
നിന്റെ മുടിയിഴകള്‍
എന്റെ കുട്ടിക്കാലമാണ്
ഓരോ മുടിയിഴകളും
തിരഞ്ഞ്
പിച്ച വയ്ക്കുന്ന
കുഞ്ഞുപാദങ്ങളാണ്
ഇപ്പോള്‍ സ്നേഹം
നരച്ച് പോയ
നിന്റെ ഓരോ
മുടിയിഴകളിലും
അമ്മയുടെ
പേര് എഴുതിയിട്ടുണ്ട്
മുടി രണ്ടും
മുന്നിലേക്ക് പിന്നിയിടുന്ന
ആ കാലത്ത്
നീയെവിടെയായിരുന്നു
രണ്ട്
ഒരു രാത്രിയില്‍
എനിക്ക് തണുക്കുമെന്നോര്‍ത്ത്
നീയൊരു പുതപ്പ് തന്നു
നിനക്ക് തണുത്തപ്പോള്‍
നിന്റെ അമ്മ
തന്നതായിരുന്നു അത്
ഈ പ്രഭാതത്തില്‍
മകള്‍
അത് പുതച്ചുറങ്ങുന്നു
നമ്മുടെ തണുപ്പ്
ഏത് വെയില്‍ കൊണ്ട് പോയി
ചൊവ്വാഴ്ച, മാർച്ച് 30, 2010
നെടുവീര്‍പ്പ് കൊണ്ട് മെനഞ്ഞ രണ്ട് കവിതകള്‍
ഒന്ന്
വസന്തമേ
നിനക്ക് ഒരായിരം ഉടുപ്പുകളുണ്ട്
പച്ച മഞ്ഞ നീല
ചുവപ്പ് ഇളംനീല ഇളം പച്ച
പച്ച പോലത്തെ മഞ്ഞ
കണ്ടോ കണ്ടോയെന്ന്
കസവു ഞൊറികള്‍
വിടര്‍ത്തി
എല്ലാവരെയും കൊതിപ്പിക്കുന്ന നീ
എന്തിനാണ്
എന്നെ മാത്രം
കറുത്ത ഉടുപ്പിട്ട്
കാണാന്‍ വരുന്നത്
എല്ലാവരെയും പോലെ
നീയും നിന്റെ
നിറമുള്ള പൂക്കള്‍
എന്റെ കല്ലറയിലേക്ക്
കരുതി വച്ചിരിക്കയാണോ
രണ്ട്
നാട് വിടുമ്പോള്‍
ഒരാള്‍
കൊടുങ്കാറ്റ് കണക്കേ
ദീര്‍ഘനിശ്വാസം വിടുന്നത്
വരുന്ന
രണ്ട് മൂന്നാണ്ടുകള്‍ക്ക് വേണ്ട
ശ്വാസം സംഭരിക്കാനാകാം
എന്നാല്‍
ഓരോ തവണ
നിന്നെ കണ്ട്
പിരിയുമ്പോഴും
ഒരായുഷ്ക്കാലത്തേക്ക് വേണ്ട
ശ്വാസം കൊള്ളാനെന്ന പോലെ
ഒടുക്കത്തെ പ്രാത്ഥന കണക്കേ
ഞാനെന്തിനാണ്
ദീര്‍ഘനിശ്വാസം
കൊള്ളുന്നത്
ശനിയാഴ്‌ച, മാർച്ച് 20, 2010
മരങ്ങള്‍ ; ജീവിതത്തില്‍ കവിതയില്‍
ജീവിതത്തില്
ഇരുവശങ്ങളിലും
നിര നിരയായി നില്ക്കുന്ന (തിരുത്തുണ്ട്)
മരങ്ങള്ക്കിടയിലൂടെ നടക്കുന്നു
അപ്പോള്
നില്ക്കുന്ന മരങ്ങള്
പുറകിലോട്ട് നടക്കുന്നു
എന്റെ കൂടെ നടക്കൂവെന്ന്
അവരോട് പറയുന്നുണ്ട്
അവര് പുറകിലോട്ട് തന്നെ നടക്കുന്നു
കുറച്ച് കൂടി വേഗത്തില് നടന്നു
കുറച്ച് കൂടി വേഗത്തില്
മരങ്ങള് എന്നില് നിന്നും
പിന്നോട്ട് നടന്ന് പോകുന്നു
ഓടി നോക്കി
മരങ്ങള്
ഓടുന്നു
പുറകിലോട്ട്
എന്നാല് മരങ്ങള്ക്കൊപ്പം ഓടാമെന്ന്
വിചാരിച്ച് തിരികെ നടന്നു
അപ്പോഴുണ്ട്
അവര് ഞാന് പോകുന്നതിനു
എതിരേ തന്നെ പോകുന്നു
കവിതയില്
എത്ര കാലമായി
ഇങ്ങനെ ഒരേ നില്പ്പില് നില്ക്കുന്നു
എന്ന് സങ്കടം തോന്നിയിട്ടാണ്
പുറകോട്ടാണെങ്കിലും
നിങ്ങളെ ഇങ്ങനെ
ഓടിക്കുന്നത്.
തിങ്കളാഴ്‌ച, ജനുവരി 25, 2010
രണ്ട് മരങ്ങള്‍
കറിവേപ്പ്
കഴിഞ്ഞ
6 വര്‍ഷമായി
പുറത്തെങ്ങും
കണ്ണ് നിറഞ്ഞ്
ഒരു കറിവേപ്പ്
കാണാത്തത് കൊണ്ടാകണം
എന്നുമെന്നും
ഉള്ളിന്റെയുള്ളില്‍
ഒരു കറിവേപ്പ്
നട്ട് നനച്ചത്
ഓരോ ദിവസവും
അതങ്ങനെ
പച്ചച്ച് പച്ചച്ച്
തഴയ്ക്കും
അടുത്തവരെന്നില്ല
അന്യരെന്നില്ല
കാണുന്നവരൊക്കെ
കൊണ്ട് പോകും
കൊമ്പെത്താത്തവര്‍ക്കു വരെ
താഴ്ന്ന് താഴ്ന്ന് കൊടുക്കും
പിന്നെയും പിന്നെയും
ഒടിക്കാന്
കറിമണം
പരക്കുമ്പോള്‍
കുട്ടികള്‍ക്കൊപ്പം
എല്ലാ വീടുകളും
അത്യാഹ്ലാദം പടര്‍ത്തി
അപരിചിതമാകും
എന്റെ
പൊന്നോമനയിലകളേ
അവര്‍
കറിവേപ്പിലയെന്ന് വിളിച്ചോട്ടെ
എന്റെ മക്കള്‍ കരയരുത്
ആര്യവേപ്പ്
കഴിഞ്ഞ
6 വര്‍ഷമായി
ഉള്ള് നിറയെ
കണ്ടിട്ടുള്ളത്
നിരന്ന് നിരന്നങ്ങനെ
നില്‍ക്കുന്ന
ആര്യവേപ്പുകളെയാണ്
തക്കം കിട്ടുമ്പോഴൊക്കെ
അതിന്റെ നിഴലില് പതുങ്ങും
ആരും കണ്ടില്ലെങ്കില്
ഒരുമ്മ കൊടുക്കും
അപ്പോഴൊക്കെ
ആ ഇളം പച്ചച്ച
തൊണ്ണ കാട്ടിയുള്ള
ചിരി കാണണം
എത്ര പേര്‍ വന്നു
എത്ര പേര്‍ പോയി
നരച്ചയിലകളുടെ
നിസംഗത
കാണുമ്പോള്‍
സങ്കടം വരും
വന്നോളൂ
നിന്നോളൂ
പൊയ്ക്കോളൂ
എന്നല്ലേ ആര്യവേപ്പേ
നിന്റെയീ
നിന്ന നില്‍പ്പിലുള്ള
ഭാഷ
* ആര്യവേപ്പാണ് ഗള്‍ഫിലെ വഴിയോരങ്ങളില്‍ കാണുന്നത്. കറിവേപ്പില ഇറക്കുമതിയുമാണ്
Labels: യു.എ.ഇ ജീവിതം

