കാട് കയറുന്നു
തിങ്കളാഴ്‌ച, സെപ്റ്റംബർ 09, 2013
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു
കാട് കയറുന്നു
വസന്തത്തിനോട്
പേരു ചോദിച്ചാല്‍ സ്വാഭാവികമായും അതൊരു മരത്തിന്റെ പേരുപറയും. ‘അമരങ്ങള് മരങ്ങളായി തീര്ന്ന‘കഥ അതിനോര്‍മ്മയുണ്ട്.
തളിര്‍ക്കാനും പൂക്കാനും തണലിട്ട് നില്‍ക്കാനും ഉണങ്ങാനും ഒടിഞ്ഞ് വീഴാനും പറ്റിയ
പേരു. മരമായിരുന്നതിന്റെ തഴമ്പുകള്‍ ശേഷിക്കുന്ന കൈകൊണ്ട് കുഴൂര്‍ വിത്സണ്‍ ‘കാട്കയറുന്നു‘
- കല്‍പ്പറ്റ നാരായണന്‍
എന്റെ കവിത വസന്തത്തോട് അതിന്റെ
പേരുചോദിച്ചു
നാട്ടിലെ
ഒറ്റമരത്തിൽ
പെട്ടുപോയ
കിളിയുടെ
കരച്ചിലാണു
താനെന്ന്
അറിയാമായിരുന്ന
എന്റെകവിത
വസന്തത്തോട്
അതിന്റെ
പേരുചോദിച്ചു
അത് പറഞ്ഞ് തുടങ്ങി
പൂത്ത്കായ്ച്ച് നിൽക്കുന്ന
വയ്യങ്കത, അതിന്റെ
മുള്ളുള്ള വേദനകൾ, തട്ടമിട്ട ഗഫ്, അതിന്റെ
മിനാരങ്ങൾ, ഉമ്മകൾ
കൊണ്ട് ചോന്ന തൊണ്ടി, അതിന്റെ നനഞ്ഞചുണ്ടുകൾ, ആരുമില്ലാതെ ആടലോടകം, പുള്ളിയുടുപ്പിട്ട്
നെല്ലിപ്പുളി, കാറ്റിനെ
കാത്ത്പുളിവാക, തെക്കോട്ട്
തലവച്ച് ആഞ്ഞിലി ,കോട്ടുവായിട്ട്
ചെറുപുന്ന ,ഇലകളിൽ
അമ്മൂമ്മമാരുടെ പേരെഴുതിവച്ചിരിക്കുന്ന പേര, അടുപ്പിലൂതുന്ന ഇലന്ത ,കണ്ണ്ചൊറിഞ്ഞ് ഇലപൊങ്ങ് ,ഇരിപ്പ ,പൊട്ടിച്ചിരിച്ച് ആത്ത ,കീറിയ ഉടുപ്പിട്ട ചോലവേങ്ങ, ഇരുമ്പകം, ഓടിക്കിതച്ച് പടപ്പ ,വാലാട്ടുന്ന പട്ടിപ്പുന്ന,ചെരുപ്പിടാതെ പട്ടുതാളി, കൂട്ടത്തിൽ കേമനായ് തേക്ക്, തെക്കോട്ട, പോയ ജന്മമോർത്ത് നീർവാളം, നീരാൽ, വിതുമ്പിക്കരഞ്ഞ് നീർക്കടമ്പ്, പതിമുകം, മടിപിടിച്ച് തണൽമുരിക്ക്, കരിമരുത്,കരിങ്കുറ, ആറ്റുമയിൽ ,വെള്ളദേവാരം ,കാട്ടുകടുക്ക ,തിന്ന്കൊഴുത്ത് ബദാം, ഓർമ്മ പോയ വഴന, ബോറടിച്ച് വരച്ചി , നാങ്ക്മൈല, നടുവേദനയുമായി
യൂക്കാലിപ്പ്റ്റ്സ്, ചുവന്നുറച്ച്
രക്തചന്ദനം, കഷായം ധരിച്ച് രുദ്രാക്ഷം വക്ക, വഞ്ചി, അമ്മവീടിനെയോർത്ത് പറങ്കിമാവ്, വരി, നെടുനാർ, പത്ത്നൂറു പെറ്റ മരോട്ടി, മലങ്കാര,വളംകടിയുമായ് മലമ്പുന്ന ,ലോട്ടറിയെടുക്കുന്ന നെന്മേനിവാക, കയ്പ്പുള്ള ചിരിയുമായ് നെല്ലി
ഇലകളാൽ ചിത്രംവരച്ച് കടപ്ളാവ്, വരിതെറ്റിച്ച് കരി, കടംപറഞ്ഞ് കാട്ടുതുവര, തിളച്ച്മറിഞ്ഞ് കാട്ടുതേയില ,പൊട്ടിയൊലിച്ച് കാട്ടുപുന്ന , നെറ്റിയിൽ പൊട്ട് തൊട്ട്
കുങ്കുമം ,വിശന്ന്
വലഞ്ഞ് വെന്തേക്ക്, മിസ്കാളടിക്കുന്ന വെള്ളക്കടമ്പ്, ഒറ്റയ്ക്ക് നിൽക്കുന്നകാറ്റാടി, അതിന്റെ ക്ഷീണിച്ച കയ്യുകൾ, പൂത്തുലഞ്ഞ ഇലഞ്ഞി,അതിന്റെ മണമുള്ള ഉടൽ, നെടുവീർപ്പിട്ട് ആൽ, പച്ചവാറ്റിൽ, ഓന്തുമായ് കുന്നായ്മ
പറയുന്നപച്ചിലമരം , പനച്ചി, പമ്പരകുമ്പിൾ, ഓർമ്മകൾചൂടി കടമ്പ് ,പലചരക്കുമായ് കുടമരം ,പുന്നപ്പ, പുങ്ങ്, തല നരച്ച ചുരുളി ,ചിന്തുപാട്ടുമായ് ചുവന്നകിൽ, കറുത്തവാറ്റിൽ, കുളകു, കരിഞ്ഞാവൽ, അടിച്ച് ഫിറ്റായി പമ്പരം, , ചോരപ്പയിൻ, ഞമ, കിളികളെ കൊതിപ്പിച്ച് ഞാവൽ, ഞാറ, ഉള്ളം കൈചൊറിഞ്ഞ് അലസിപ്പൂ, ശോകഗാനം മൂളി അശോകം
നാലും കൂട്ടിമുറുക്കി ഏഴിലമ്പാല
, ടൈകെട്ടി
പീനാറി, പീലിവാക, കാലൊടിഞ്ഞ് പുളിച്ചക്ക, കൂലി ചോദിച്ച് പേഴ്, കുമ്പിൾ, കുരങ്ങാടി , കയ്യുളുക്കി കടുക്ക ,വലിയകാര, വല്ലഭം, ചാവണ്ടി, ഞെട്ടിച്ച് ചിന്നകിൽ, ബ്രേക്ക്പൊട്ടി ചിറ്റാൽ, വിടന, ശീമപ്പഞ്ഞി, പലിശക്കാരൻ ഒടുക്ക് ,മദമൊലിപ്പിച്ച് ഓട, അച്ഛനില്ലാത്ത കടക്കൊന്ന, മക്കളില്ലാത്ത ശിംശപാവ്യക്ഷം, മുഖംചുവന്ന് സിന്ദൂരം, തന്നാരോപാടി കരിന്തകര, കഞ്ചനടിച്ച് വെള്ളപ്പയിൻ, പൂക്കൾ കാട്ടി പൂത്തിലഞ്ഞി, പുളിച്ച മുഖവുമായ് കുടമ്പുളി
നനഞ്ഞൊലിച്ച് കുളമാവ്, നിന്ന് തിരിയുന്ന കുടമാൻ ,പരലോകത്ത് നിന്ന് പാരി ,മിന്നുന്ന ളോഹയിട്ട് പൂപ്പാതിരി, നാലുകാലിൽ പൂച്ചക്കടമ്പ്, കമ്പിളി പുതച്ച് കുളപ്പുന്ന, നക്ഷത്രഫലംവായിക്കുന്ന
കുണ്ഡലപ്പാല, പാച്ചോറ്റി, സ്വയംഭോഗം ചെയ്യുന്ന പെരുമരം, കടലിനെയോർത്ത് പെരുമ്പൽ, കഫക്കെട്ടുമായ് ആനത്തൊണ്ടി ,ആനക്കൊട്ടി,ചെറുതുവര, ഇലവംഗം ,താന്നി, കുറുമ്പുകാട്ടി തിരുക്കള്ളി,കാരപ്പൊങ്ങ്, കെട്ടിപ്പിടിച്ച് കാറ്റാടി ,തുടലി, തെള്ളി, കാര, മലയത്തി,മലവിരിഞ്ഞി ,നാണമില്ലാതെ കശുമാവ് ,കുശുമ്പ് പറഞ്ഞ് കറുക ,വെടിനാർ, മരിക്കാനുറച്ച് ആറ്റുമരുത് ,ചോലയിൽ നിഴലായി വീണൊഴുകി
ആറ്റുവഞ്ചി
വെള്ളയുടുപ്പിട്ട് മന്ദാരം, വന്ന, രണ്ടും കൽപ്പിച്ച് മഹാഗണി , കണക്കുകൾകൂട്ടുന്ന കരിവേലം,ജാക്കറാന്ത,കുമ്പാല ,കൂട്ടില്ലാതെ കൂവളം, കൂട്ടുകാരുടെ തോളത്ത്
കൈയ്യിട്ട് കാട്ടുകമുക് ,കൊല്ലി, പരുവ, പരുവമരം, കള്ളച്ചിരിയുമായ് ക്യഷ്ണനാൽ, എനിക്കാരുമില്ലെന്ന് കൊക്കോ ,കോർക്ക് , പലകപ്പയ്യാനി, മാലയും വളയുമിട്ട് പവിഴമല്ലി, ഒറ്റയ്ക്ക് ഒരു മഴമരം, മാഞ്ചിയം, മുലക്കണ്ണുകാട്ടി മാതളം,ചെമ്മരം ,പശക്കൊട്ടമരം, മലവേമ്പ്, കണ്ണീരൊഴുക്കി ചമത, വട്ട, ഓടിത്തളർന്ന വട്ടക്കുമ്പിൾ, സിഗരറ്റ് വലിക്കുന്ന പൈൻ , പൊരിപ്പൂവണം, കാലുവെന്തതേരകം,തേമ്പാവ്,പല്ലിളിച്ച്ദന്തപത്രി,നരിവേങ്ങ,നവതി, പിറുപിറുത്ത് മഴുക്കാഞ്ഞിരം, അരയാഞ്ഞിലി, കാറ്റുമായി കളിച്ച് അരയാൽ
ചൂടുകാറ്റിനെ ഉമ്മവയ്ക്കുന്നചൂള,അരിനെല്ലി, മാമ്പഴം സങ്കടത്തിൽ ചൊല്ലി മാവ്, ചന്ദനവേമ്പ്, നടുനിവർത്തി പേരാൽ, പുളിവാക, ഉന്നം ,നായ്ത്തമ്പകം നീറിനീറി കർപ്പൂരം, നായ്ക്കുമ്പിൾ, നീർവാക, ചിന്നൻപിടിച്ച പൊങ്ങ്, പുറത്താക്കപ്പെട്ട് പൊട്ടവാക, പൊട്ടിത്തെറിച്ച് പൊരിയൻ, വഴിയാധാരമായ് പൊന്തൻവാക, എന്തോ ഓർത്ത് പ്ലാവ്, തലമൂടി പൂതം, മഞ്ഞപോലെ പച്ചച്ച് ഈത്തപ്പന,തഞ്ചത്തിൽ മഞ്ചാടി, മുള്ളൻവേങ്ങ, മുണ്ട്പൊക്കി മുള്ളിലം, തുള്ളിച്ചാടി മുള്ളിലവ്, മൂങ്ങാപ്പേഴ്, ഇനിയില്ലെന്ന് നീർമരുത്, പട്ടുപോയ നീർമാതളം ,മൂട്ടികായ്, ഇത്തി ,ഇത്തിയാൽ, വെള്ളവേലം, കൽപ്പയിൻ, കല്ലാൽ, വാവോപാടി മഞ്ഞക്കടമ്പ്, മീന്മുള്ളുകളെപേടിച്ച്ചൂണ്ടപ്പന
വളഞ്ഞ്കുത്തി പുന്ന, ചേട്ടനെപേടിച്ച് മട്ടി, പാതിരാപ്പടംകാണുന്ന പാരിജാതം, പാലകൾ, പാലി, തലകുത്തിമറിഞ്ഞ് പാറകം, വിരി ,വിത്തുമായ് അത്തി ,നെഞ്ചുഴിഞ്ഞ് അമ്പഴം , മകനെ പ്രേമിച്ച അയണി, മഞ്ഞക്കൊന്ന, എന്തോതിരഞ്ഞ് മഞ്ഞമന്ദാരം, കണ്ണടച്ച് ചുല്ലിത്തി, കന്മദം ചുരത്തി കല്ലിലവ് , കഴുകനെനോക്കുന്ന മലമന്ദാരം, ഇടിവെട്ടിനെ ശപിച്ച് വെള്ളീട്ടി
, വേങ്ങ, വേപ്പ്, വ്രാളി, അകിൽ, നെടുവീർപ്പിട്ട് അക്കേഷ്യ, ബാത്സ, ബ്ലാങ്കമരം, കുത്തിച്ചുമച്ച് ബീഡിമരം,അഗസ്തി, ചമ്മിച്ചിരിച്ച് ചെറുകൊന്ന,കമ്പളി,മുറിവേറ്റ് നാഗമരം.
നെറ്റിഭൂമിയിൽ മുട്ടിച്ച്
ആകാശത്തേക്ക്ക ണ്ണുകളുയർത്തി പാതിരി, കടം വാങ്ങിമുടിഞ്ഞ് അങ്കോലം , കാട്ടുമരോട്ടി ,കുണ്ഡലപ്പാല ,ആറ്റുമരുത് ,പൂവം, എരുമനാക്ക്,കരിങ്ങോട്ട , ശമ്പളമില്ലാതെ വെടിപ്ലാവ്, വെണ്മുരിക്ക്, മഞ്ജനാത്തി, ഞെട്ടിയുണർന്ന് മണിമരുത്, മതഗിരിവേമ്പ്, മകൾക്ക് കൂട്ടുപോകുന്ന
കാരാഞ്ഞിലി, കാരകൊങ്ങ്
,കാരപ്പൊങ്ങ്, തിരിച്ച്പോരുന്ന ഇലിപ്പ,സ്വപ്നംകണ്ട് ഉറക്കംതൂങ്ങി ,ഊമ്പിയചിരിയുമായ് ഊറാവ് ,കത്താനൊരുങ്ങി എണ്ണപ്പന,തെഴുത്ത് എണ്ണപ്പൈൻ, ആരെയോകാത്ത് ആഴാന്ത ,തലപൊട്ടി ചോരപത്രി, ശീമപ്പൂള, പൂവൻകാര, മലമ്പുളി, മൂർച്ചയുള്ളവടികളുമായി പുളി
ദുർമ്മേദസ്സുമായി തീറ്റിപ്ലാവ് , മലമ്പൊങ്ങ്, ചൊറിമാന്തിമുരിക്ക്, കൂട്ടുകാരനു
ജാമ്യംനിൽക്കുന്നഇരിപ്പ ,ജോലിപോയ
ഇരുമ്പകം ,കുങ്കുമപ്പൂ, കരിന്താളി , സ്കൂട്ട്, റോസ് ക്കടമ്പ്,ആമത്താളി ,ആരംപുളി , തിരക്കിൽ പെട്ട് ആറ്റിലിപ്പ , കുരുത്തമുള്ള ഇരുൾ,വെള്ളവാറ്റിൽ ,ചൂളമടിച്ച് മുള,ഉപ്പില ,തൊപ്പിവച്ച് കാട്ടുകൊന്ന ,ഹരിശ്രീയെഴുതി കാഞ്ഞിരം ,ഇടനിലക്കാരനായ ചേര് ,കക്ഷംകാട്ടി കാട്ടുചെമ്പകം,തണ്ടിടിയൻ, നീറോലി, ബസ് കാത്ത് ഈഴചെമ്പകം , വീടൊരുക്കി കരിമ്പന,കരിവേങ്ങ ,കവിതയെഴുതുന്ന കരുവാളി, കുഞ്ഞുടുപ്പിട്ട് ഉങ്ങ് ,ഉദി ,പ്ലാശ,കാട്ടിന്ത ,പിന്നെ കാണാമെന്ന് എള്ളമരുത്, കെട്ടിപ്പിടിക്കാനൊരുങ്ങി
ചെമ്പകം
കുട്ടികളെകുളിപ്പിക്കുന്ന
വെള്ളകിൽ, കുടമറന്ന്
പോയ വെള്ളവാക, പരീക്ഷയിൽ തോറ്റ ആറ്റുതേക്ക് ,കടുത്തകാമമായ് ആറ്റുനൊച്ചി, കാലുകൾ അകത്തി മലന്തുടലി, നെഞ്ചുംവിരിച്ച് മലന്തെങ്ങ്, എണ്ണാൻ പഠിക്കുന്ന മലമഞ്ചാടി, മുലകൾ കാട്ടിമലമ്പരത്തി, ഉന്മത്തനായ് ആവൽ, കരുണ ചൊല്ലുന്ന അരണ, പ്രാന്തുമായ്
അമ്പലത്തിലേക്കോടുന്ന അലക്കു, അലക്കോടലക്ക് ചേരു ,ഒളിച്ചോടാനൊരുങ്ങി കുടപ്പന, മതങ്ങളില്ലാത്ത ജാതി, പൊട്ടിച്ചിരിച്ച് സിൽവർഓക്ക്, കുഞ്ഞുങ്ങളെ കാത്തുനിൽക്കുന്ന
കാട്ടുവേപ്പ് , മിഠായിനുണഞ്ഞ്
സുബാബുൽ, അരിശമായ്
പാറപ്പൂള, പേടിച്ച്
പിണർ, തെറികൾ
കേട്ട് കാത് പൊത്തി ഇത്തി , ഒരിത്തിരിചിരിയുമായ്
ഇത്തിയാൽ, മനസ്സിൽ
നാദമുരുവിടുന്ന കോവിദാരം,വയറു
കാണിച്ച് ഇലക്കള്ളി ,വിടർന്നുലഞ്ഞ്
ഇലവ് ,ക്രൗര്യമായ്
ഭോഗിക്കും ചടച്ചി ,തണുത്ത
വിരലുകളുമായ് ചന്ദനം
വെട്ടിപ്പിടിച്ച് ചരക്കൊന്ന ,ഓഫീസിൽപോകുന്ന ചീലാന്തി,കൊച്ച് ടീവി കാണുന്ന ഗുൽഗുലു, മുടികറുപ്പിച്ച ഗുൽമോഹർ,വഴക്കുള്ള മുഖവുമായ് ഇരുൾ, പുലർച്ചെ ഉണർന്ന് കണിക്കൊന്ന, മുഴുവനുറങ്ങി കനല ,നിന്ന്
മൂത്രമൊഴിക്കുന്നകരിങ്ങാലി, കനംവച്ച
ലിംഗവുമായി കമ്പകം,എന്നെനിറക്കൂഎന്ന
കരച്ചിലുമായ് കല്ലാവി ,കാമത്താൽ
ഉലഞ്ഞ് കാരാഞ്ഞിലി, ശാന്തനായ്
കാരാൽ, പാട്ട്പാടി
ഭോഗിക്കുന്ന കാരി ,തളർന്നുറങ്ങുന്ന
കാവളം,പൂവിതളുകൾ
കാട്ടി തണ്ണിമരം, യോനിയിൽ
ചുംബിച്ച് തമ്പകം,ലിംഗം
നുണയുന്ന തെള്ളിപ്പയിൻ, ഭോഗാലസ്യത്തിൽ
നീർക്കുരുണ്ട, കുഞ്ഞിനു
മുലകൊടുക്കുന്ന മലയ, കണ്ണുരുട്ടി
കത്തി, വട്ട്പിടിച്ച
ഈട്ടി ,അമ്മയെമറന്നചീനി, തൊണ്ണുകാട്ടി കുന്നിവാക ,ഉറക്കത്തിൽ ചിരിക്കുന്ന
കുപ്പമഞ്ഞൾ,വിഷം
വിഴുങ്ങി ഒതളങ്ങ, പൂത്തുലഞ്ഞ്
പൂവരശ്…
വസന്തം
അതിന്റെപേരു
പറഞ്ഞ്കൊണ്ടിരുന്നു.
മഴയും
വെയിലും
കാറ്റും
തണുപ്പും
മാറിമാറിവന്നുകൊണ്ടിരുന്നു
വസന്തം
അതിന്റെ
പേരോർത്തെടുത്ത്
പറഞ്ഞുകൊണ്ടിരുന്നു.
കാട് കയറിയ
എന്റെകവിതയെ
ആളുകൾക്ക് പേടിയായി
ആരുംആ വഴിക്ക് വരാതായി
ഒരു പാമ്പ് ഇഴഞ്ഞിഴഞ്ഞു
പോകുന്നു
ഒരു മുയൽ അതിനുള്ള വഴിയുണ്ടാക്കി
ഓടിയോടിപ്പോകുന്നു.
ഒരു പൊന്തയിൽ നിന്ന് ഒരു
പൂത്താങ്കീരി പറന്നുപോകുന്നു
( ശ്രീകുമാർ കരിയാടിന്റെ
ഇൻസ്റ്റലേഷൻ എന്ന കവിത, ഈകവിതയ്ക്ക്
പ്രചോദനമായിട്ടുണ്ട്.
വഴിവക്കിലെ ഒരാൽമരം എന്ന എന്റെ
കവിതയുടെ തുടർച്ചയും.
കേരളത്തിലെ വനവ്യക്ഷങ്ങൾ എന്ന
പുസ്തകമെഴുതിയ
ആർ.വിനോദ്കുമാറിനു മരങ്ങളുടെ
പേരിനോട് കടപ്പാട് , മരങ്ങളുടെ
പേരു പകർത്തുവാൻ ശ്രീലക്ഷ്മിയെന്ന പെൺകുട്ടി കൂടെകൂടിയിരുന്നു.
മരങ്ങളെയറിയാവുന്ന അപ്പന്റെയും
കവിതയിലെ കാടായ ഡി.വിനയചന്ദ്രൻമാഷിന്റെയും
ആത്മാക്കൾക്ക് കൂടിയാണു ഈ കവിത
)
കാഴ്ചകൾ മേഞ്ഞ വീട്
കാഴ്ചയ്ക്കു മേൽ കാഴ്ച വീണ്
കാഴ്ചകൾ മേഞ്ഞ വീടാണ് കുഴൂർ വിത്സന്റെ കവിത . ഏണും കോണുമില്ലാത്ത വീട് .
ആകാശം വെട്ടിത്തിരുത്തിയിട്ടും തെറ്റിപ്പോകുന്ന തെന്നൽ വീട് . ഒരു ഗതിയും
പരഗതിയുമില്ലാത്ത ഭൂമി അതിന്റെ എല്ലാ കുഞ്ഞുങ്ങളേയും കൂട്ടിവന്ന് ആ വീട്ടിൽ
താമസിക്കുന്നു . വീട് ചിറകു വെച്ചു പറക്കുന്നു . വീട് തലകുത്തിമറിയുന്നു . വീട്
ആർപ്പുവിളിക്കുന്നു . വീട് കീറിപ്പറിയുന്നു. വീട് ഭ്രാന്തു പിടിച്ചോടുന്നു . വീട്
കരയുകയും ചിരിക്കുകയും ചെയ്യുന്നു . വീട് ചുംബനമേറ്റു തുടുക്കുന്നു . വീട് പ്രണയിക്കുന്നു
. വീട് നിശ്ശബ്ദമാകുന്നു . എല്ലാ വാതിലുകളും തുറന്നുതുറന്ന് വീട് ഒരു
തുറസ്സാകുന്നു. ആ തുറസ്സാണ് വില്സന്റെ കവിതയുടെ സംസ്കാര ഭൂപടം . കുത്തിവരച്ചിട്ട
ആവാസവ്യവസ്ഥ . അതിന്റെ പകർച്ചയാണു ' കാട് കയറിയ കവിത ' .
വിത്സൺ എഴുതുന്നു .
വസന്തം വരുന്നു. വിത്സൺ എഴുതുന്നില്ല . വസന്തം പോകാതെ നില്ക്കുന്നു . ഞാൻ Pablo
Picasso - യെ
ഓര്മ്മിക്കുന്നു : “If I paint a wild horse, you might not see the horse... but
surely you will see the wildness!” . വിത്സന്റെ വീട് , അഴിച്ചു വിട്ട ഒരു
മഴവില്ക്കുതിരയാകുന്നു . ഇടയ്ക്കിടെ , കട്ടിയിരുട്ടിന്റെ
തുരങ്കങ്ങളില് അപ്രത്യക്ഷമാകുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ട് ഓരോ
തുരങ്കം പിന്നിടുമ്പോഴും അതേ കുതിര ഒരുപാടു കുതിരകളായി , ഒരുപാടൊരുപാടു കുതിരകളായി
ഭാഷയുടെ വെള്ളിത്തിരയില് നിറഞ്ഞുനിറഞ്ഞു പോകുന്നു.
-സാബു ഷണ്മുഖം
Labels: അമ്പി സുധാകരൻ, കല്പറ്റ, കവിത, കാട്, കാട്ടുകവിത, കുഴൂർ, മരക്കവിത, മരം
ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013
വർഗ്ഗീസിനു വീടില്ല
വർഗ്ഗീസിനു വീടില്ല
ഓഫീസിലാണു താമസം
യേശുവിന്റെ സ്വന്തം ആളാണു
കഴുത്തിൽ ഒരൊത്ത കൊന്തയുണ്ട്
അതിനൊത്ത മരക്കുരിശും
പണിയില്ലാത്ത ദിവസങ്ങളിൽ
പറമ്പിലായിരിക്കും
മരങ്ങളോടെന്തോ കാര്യമായ ശത്രുതയുണ്ട്
കണ്ണിൽ പെട്ടാൽ പണിതീർന്നു
നമ്മുടെ യേശുവിനെ മരത്തിൽ
തറച്ചിതിനാണോ നിനക്കിത്ര കേടെന്ന്
ഒരിക്കൽ ചോദിച്ചിട്ടുണ്ട്
അക്കേഷ്യയിൽ നിന്ന് ശ്വാസം മുട്ട്
കലശിൽ നിന്ന് ചൊറിയാമ്പുഴു...
എന്റെ ചേട്ടാ, നിങ്ങളെക്കാൾ മരങ്ങളോടെനിക്കാണു
സ്നേഹമെന്നവൻ ഇടയ്ക്കിടെ പറയും
വർഗ്ഗീസ് വെട്ടിയിട്ട മരങ്ങളിലെ
കിളികൾ കൂടന്വേഷിക്കുന്നത്
പല തവണ കണ്ടിട്ടുണ്ട്
ഓഫീസിലേക്കുള്ള വഴികളിലെ
പൊന്തകൾ മുഴുവൻ
വെട്ടിത്തെളിക്കലായിരുന്നു
വർഗ്ഗീസിന്റെ ഇന്നത്ത പണി
എന്തൊരു തെളിച്ചമെന്ന്
സിഗരറ്റ് വലിക്കാൻ ചെന്നപ്പോൾ
അവൻ തെളിച്ചപ്പെട്ടിരുന്നു
പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞ്
വർഗ്ഗീസ് വെട്ടിത്തെളിച്ച വഴിയിലൂടെ
കാറോടിക്കുകയാണു
ഹെഡ് ലൈറ്റ് വെളിച്ചത്തിൽ
ഒരു മുയൽ അതിന്റെ പൊന്ത
തെരഞ്ഞുകൊണ്ടോടി നടക്കുന്നു
തിങ്കളാഴ്‌ച, സെപ്റ്റംബർ 02, 2013
ഗോസ്റ്റ് ഓഫ് സ്മാൾ തിംഗ്സ് / Ghost Of Small Things
കുഞ്ഞുമുറിവുകൾ ചാലുകീറിയ മണ്ണിൽ
കാന്താരിമുളകിന്റെ വിത്തുകൾ പാവുന്നു
നീറി നീറി മുളച്ചവരവർ
വെയിലത്ത് പൊട്ടിച്ചിതറുന്നു
മുളയ്ക്കാത്ത എരിവുകൾ കൊത്തി
കാക്കകൾ കിണറുകൾ തിരഞ്ഞ് പറന്ന് പോകുന്നു
കൂട്ടത്തിലൊന്നിന്നെ അമ്മിയിലരയ്ക്കുന്നു അമ്മ
പിന്നെയും
പൂവിട്ട് പൂവിട്ട് കായിട്ട് അവർ കത്തിയെരിഞ്ഞു നിൽക്കുന്നു
മുറിവുകളുടെയും മുളകുകളുടെയും പ്രേതം
ഒന്നെരിഞ്ഞ് രണ്ടെരിഞ്ഞ്
ബാക്കിയായ മുളകുകളുമായി
ചന്തയിലേക്ക് പോകുന്നു
ചന്തയിൽ
വലിയ വലിയ ചോരച്ചാലുകളിൽ
പ്രാണൻ പിടഞ്ഞ തടങ്ങളിൽ
മുളച്ച് വളർന്ന ചെമന്ന ചെമന്ന മുളകുകൾ
അവയുടെ ചൊമചൊമന്ന വിലവിവരപ്പട്ടികകൾ
അവയെ ഏറ്റുന്ന ചുമട്ടുകാർ
ചുവന്ന ഇറക്കു/കയറ്റു കൂലികൾ
താഴ്ത്തി,താഴ്ത്തി
പറഞ്ഞിട്ടും
എരിവുള്ള മുളകേ, എരിവുള്ള മുളകേയെന്ന് ഉയർത്തിപ്പറഞ്ഞിട്ടും
ആരും എരിഞ്ഞുനോക്കാത്ത വിലയേ
കുഞ്ഞുമുറിവുകൾ ചാലുകീറിയ മണ്ണിൽ
കാന്താരിമുളകിന്റെ വിത്തുകൾ പാവുന്നുണ്ട്
ഇപ്പോഴും, എരിവിന്റെ അളവ് യന്ത്രം
സ്വന്തമായി ഇല്ലാത്ത ഒരാൾ
ഒരു കുഞ്ഞനാത്മാവ്
(Ghost Of Small Things - ഹരിശങ്കരനശോകൻ കുഴൂർ വിത്സന്റെ കവിതകളെക്കുറിച്ച് എഴുതിയ പ്രയോഗം
ഇത് സെപ്തംബർ, ഇത് എന്റെ മാസമാണു. എന്റെ മാത്രം)
ശനിയാഴ്‌ച, ഓഗസ്റ്റ് 31, 2013
---------------
സങ്കടങ്ങളുടെ തമ്പുരാനാണെങ്കിൽ കരഞ്ഞ്
കരഞ്ഞ് കരഞ്ഞ്
കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കരഞ്ഞ് കരഞ്ഞ്
കരഞ്ഞ്
ആഹ്ലാദങ്ങളുട തമ്പുരാനാകട്ടെ ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച്
ചിരിച്ച്
ഒരു വഴിക്കായി
കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കരഞ്ഞ് കരഞ്ഞ്
കരഞ്ഞ്
ആഹ്ലാദങ്ങളുട തമ്പുരാനാകട്ടെ ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച്
ചിരിച്ച്
ഒരു വഴിക്കായി
ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2013
ആട്ടിൻപറ്റവും ആട്ടിടയനും
ധർമ്മപുരിയിൽ
നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള
വഴിയിൽ
പുളിമരങ്ങൾക്ക്
നടുവിൽ
അതാ ഒരാട്ടിൻ
പറ്റം
തലകുലുക്കി
തുള്ളിച്ചാടി
തലങ്ങും വിലങ്ങും
ഒരാളതാ ഒരാട്ടിൻ
പറ്റമാകുന്നു
കറുത്തകുഞ്ഞാടും
കടലാസു തിന്നുന്ന
തള്ളയാടും
കൂട്ടത്തിലൊന്നിനെ
ഇടിക്കുന്ന മുട്ടനാടുമായി മാറുന്നു
അതാ, ഒരാളായി മാറിയ ഒരാട്ടിൻപറ്റം
നീയിത് എവിടെയാണെന്ന്
ആട്ടിൻ പറ്റം
കരയുന്നു
ബേ ബെയെന്നു
കളിയാക്കുന്നു
അയവിറക്കിയ
തുപ്പലാൽ ചെവിയിൽ തൊടുന്നു
ആ ആട്ടിൻപറ്റത്തിനു
അരികിലായി
മുറിഞ്ഞ വലതുകാൽ
ഏന്തിവലിച്ച്
ആകാശത്തേക്ക്
നോക്കി
മന്ദിച്ചു
നിൽക്കുന്ന ആട്ടിടയനായിരുന്നു മറ്റേയാൾ
ഒരിക്കൽ ആട്ടിൻപറ്റമായിരുന്നതിന്റെ
ഓർമ്മയായിരുന്നു അയാൾ
അയാളുടെ ഓരോ
വഴികളിലൂടെയും ഒരായിരം
ആട്ടിൻ പറ്റങ്ങൾ
തുള്ളിച്ചാടി പോകുന്നു
നല്ല ഇടയനൊന്നുമല്ലാഞ്ഞിട്ടും
ഇടയ്ക്ക്
വീണ ഒരാട്ടിൻ കുട്ടിയിൽ തട്ടി നിന്ന് പോയവൻ
കാലു വെന്ത
ഒരു മുട്ടനാടിന്റെ ഫോട്ടോസ്റ്റാറ്റ്
ഗർഭിണിയായ
ഒരു തള്ളയാടിന്റെ വയറ്റിൽ കിടന്ന് അയാൾ ഉറങ്ങുന്നു
ആകാശത്തൂടെ
പറന്ന് പോകുന്ന
ഓരോ കിളികളും
തന്റെ കാണാതായ
ആട്ടിൻ കുട്ടികളാണെന്ന്
സങ്കടപ്പെടുന്നു
കാക്കകളേയും
മൈനകളേയും തത്തകളേയും
പൂത്താങ്കീരികളേയും
മാടി മാടി വിളിക്കുന്നു
കിളികളാകട്ടെ
വേടനെ കണ്ട പോൽ പേടിച്ച് പറക്കുന്നു
അയാളുടെ കയ്യിലെ
വടി ,
നിലത്ത് കുത്തിയ
അമ്പാണെന്ന് അവിശ്വസിക്കുന്നു
ആകാശത്തിലെ
തടാകങ്ങളിൽ വീഴല്ലേയെന്ന
അയാളുടെ പ്രാർത്ഥനയെ
മേഘങ്ങൾ തടഞ്ഞുവക്കുന്നു
ധർമ്മപുരിയിൽ
നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള
വഴിയിൽ
പുളിമരങ്ങൾക്ക്
നടുവിൽ
അതാ ഒരാട്ടിൻ
പറ്റം
അതാ ഒരാട്ടിടയൻ
Labels: കവിത, കുഴൂർ, ബ്ലോഗ് കവിത, മലയാള കവിത
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 23, 2013
മഡുതയിൽ സ്നേഹം
ഭാഷയിൽ ഗവേഷണം നടത്തുന്ന കൂട്ടുകാരിയുണ്ട്
ഒരു ദിവസം വിളിച്ചപ്പോൾ മഡുത ഭാഷയെക്കുറിച്ച് പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലായിരുന്നു
ഒരു കൗതുകത്തിനു സ്നേഹത്തിനു മുഡുതയിലെന്തെന്ന് ചോദിച്ചു
പാശമെന്നവൾ പറഞ്ഞു
പാശമെന്നാൽ കയറല്ലേയെന്ന് മലയാളത്തിൽ ശങ്കിച്ചപ്പോൾ
തമിഴിലും പാശം ഇഷ്ടമെന്ന് ഗവേഷക
ചുമ്മാതല്ല സ്നേഹവും കയറും ഇടക്കിടെ കണ്ടുമുട്ടുന്നത്
വരിഞ്ഞുമുറുക്കുന്നത്
തൂങ്ങിയാടുന്നത്
ഞായറാഴ്‌ച, ഓഗസ്റ്റ് 18, 2013
ചിറകുള്ള കുറെ കവിതകൾ
1
പറന്ന് പോകുന്ന ഉത്തരങ്ങൾ
ബലിച്ചോറുണ്ണുന്ന കാക്കേ,
നീ മരിച്ചാൽ ആരു ബലിയിടും
ആ ഉരുള ആരുണ്ണും
ഉത്തരം
പറന്നു
പറന്നു
പറന്നു പോകുന്നു
2
പുള്ള്
ഇലകൾ പൊതിഞ്ഞ മരത്തെ അപ്പാടെ
ഒരു കൂടാക്കി, ലോകത്തെ പുറത്താക്കി
ഒരു പുള്ളിരിക്കുന്നു
എങ്കിലും പുള്ളേ, ഒരു പാട്ടുപാടെന്ന് തോണ്ടുന്നു
കാറ്റിന്റെ വിരലുകൾ
നോക്കി നോക്കി നിൽക്കേ കഷ്ടം തോന്നി
എനിക്കെന്നോട്
3
ഒറ്റയ്ക്കൊരു മൈന
അതാ ഒറ്റയ്ക്കൊരു മൈന
ഒന്ന് പോ മൈനേ
പോയി കൂട്ടുകാരിയേയും കൊണ്ട് വാ
ഒറ്റയ്ക്കൊന്നിനെ കണ്ടാൽ
കൊള്ളില്ലെന്നാണു
ഒന്ന് പോ മനുഷ്യാ
നിങ്ങളും ഒറ്റയ്ക്കല്ലേ
ഒറ്റയ്ക്കൊരു മൈന
ഒറ്റയ്ക്കൊരു മനുഷ്യൻ
ഹാ, ഒറ്റയ്ക്കായതിനെ പറ്റി
നിങ്ങൾക്ക് കവിതയെങ്കിലുമെഴുതാം
വേറെ പണിയുണ്ട്
മൈന പറന്നു പോയി
4
വിമാനം
ഇക്കുറി വിമാനമാണു
അത് ആകാശത്തുകൂടെ
പറന്ന് പറന്ന് പോകുന്നു
അതൊരു പക്ഷിയല്ലല്ലോ
പിന്നെയെന്തിനു സങ്കടം
മരിച്ചുപോയവരുടെ ചിറകുകൾ
ചേർന്നുണ്ടായതോ വിമാനം
എന്നെയുപേക്ഷിച്ച് പോകുന്നവർ കൂട്ടമായ്
പക്ഷിരൂപം ധരിച്ച്
പറന്ന് പറന്ന് പോകുന്നതോ
നീ മരിച്ചാൽ ആരു ബലിയിടും
ആ ഉരുള ആരുണ്ണും
ഉത്തരം
പറന്നു
പറന്നു
പറന്നു പോകുന്നു
2
പുള്ള്
ഇലകൾ പൊതിഞ്ഞ മരത്തെ അപ്പാടെ
ഒരു കൂടാക്കി, ലോകത്തെ പുറത്താക്കി
ഒരു പുള്ളിരിക്കുന്നു
എങ്കിലും പുള്ളേ, ഒരു പാട്ടുപാടെന്ന് തോണ്ടുന്നു
കാറ്റിന്റെ വിരലുകൾ
നോക്കി നോക്കി നിൽക്കേ കഷ്ടം തോന്നി
എനിക്കെന്നോട്
3
ഒറ്റയ്ക്കൊരു മൈന
അതാ ഒറ്റയ്ക്കൊരു മൈന
ഒന്ന് പോ മൈനേ
പോയി കൂട്ടുകാരിയേയും കൊണ്ട് വാ
ഒറ്റയ്ക്കൊന്നിനെ കണ്ടാൽ
കൊള്ളില്ലെന്നാണു
ഒന്ന് പോ മനുഷ്യാ
നിങ്ങളും ഒറ്റയ്ക്കല്ലേ
ഒറ്റയ്ക്കൊരു മൈന
ഒറ്റയ്ക്കൊരു മനുഷ്യൻ
ഹാ, ഒറ്റയ്ക്കായതിനെ പറ്റി
നിങ്ങൾക്ക് കവിതയെങ്കിലുമെഴുതാം
വേറെ പണിയുണ്ട്
മൈന പറന്നു പോയി
4
വിമാനം
ഇക്കുറി വിമാനമാണു
അത് ആകാശത്തുകൂടെ
പറന്ന് പറന്ന് പോകുന്നു
അതൊരു പക്ഷിയല്ലല്ലോ
പിന്നെയെന്തിനു സങ്കടം
മരിച്ചുപോയവരുടെ ചിറകുകൾ
ചേർന്നുണ്ടായതോ വിമാനം
എന്നെയുപേക്ഷിച്ച് പോകുന്നവർ കൂട്ടമായ്
പക്ഷിരൂപം ധരിച്ച്
പറന്ന് പറന്ന് പോകുന്നതോ
ശനിയാഴ്‌ച, ജൂലൈ 20, 2013
കടി
നാലുവയസ്സാണവൾ അമ്മിണിക്ക്
അപ്പ അമ്മ ,അമ്മൂമ്മയന്നംകുട്ടി
തൊട്ടാൽ മതി കടി തുടങ്ങും ചന്നം പിന്നം
ദാ അവിടെ ഇവിടെയെന്ന്
കൈകൂടെ കൊണ്ട് പോയ് നട്ടം തിരിക്കും
മാന്ത് മാന്തെന്നവൾ കുഞ്ഞ്നാവാൽ ഭീഷണിപ്പെടുത്തവേ
വിരലുകൾ കുഴയും വരെ ,അല്ലെങ്കിൽ
അവളുറം പിടിക്കും വരെ
പൊറുതിയില്ല കൈകൾക്ക്
പറ്റിച്ചേർന്ന് കിടക്കും നേരം ദാ ഇവിടെ അവിടെയന്നവൾ
എന്തൊരു കടിയാണിവൾക്കെന്ന്
അവളുടെയമ്മ പുറംതിരിഞ്ഞ് കിടക്കവെ
സങ്കടം സഹിക്ക വയ്യാഞ്ഞ്
തുരുതുരാ സിഗരറ്റ് വലിച്ചൊരപ്പന്റെ
കള്ളക്കരച്ചിലാകാമിത്
അന്നത്തെ രാത്രിയിൽ മാന്തിമാന്തിപ്പൊളിക്കവേ
കടി മാറാനല്ലേ പെണ്ണേയെന്ന്
പറഞ്ഞിട്ടുണ്ടാകുമോ അവരപ്പോൾ
Labels: കവിത, കുഴൂർ, പി.ജെ.കുര്യൻ, സൂര്യനെല്ലി
വ്യാഴാഴ്‌ച, മേയ് 09, 2013
സാറാസ് തേപ്പ്കട
തേപ്പിനു
തെറിയെന്ന്
അർത്ഥമുള്ള
നാടുകളുണ്ടത്രെ
ആ നാടുകളിലെ ഒരാൾ
ആലുവ പെരുമ്പാവൂർ റൂട്ടിൽ
ഒരിക്കൽ
കെ എസ് ആർ ടി സി ബസിലൂടെ
പോയാൽ
ആ വളവും കഴിഞ്ഞ്
ആ സൈക്കിൾകടക്ക്
തൊട്ടിപ്പറത്തെയുള്ള
തേപ്പുകട കണ്ടാൽ
സാറാസ് തേപ്പുകടയെന്ന
ബോർഡ് വായിച്ചാൽ
ഹയ്യോ ഇതെന്ത്
തെറിക്കും ഒരു കടയോ
എന്ന് അത്ഭുതപ്പെട്ടാൽ
ദൈവമേ
തെറിക്കട തെറിക്കടയെന്ന്
ആശ്ചര്യപ്പെട്ടാൽ
തേപ്പിനു
തെറിയെന്ന്
അർത്ഥമുള്ള
ആ നാട്ടുകാരന്റെ അത്ഭുതവും
ആശ്ചര്യവും
ആ തേപ്പുകാരൻ കണ്ടാൽ
എന്തായിരിക്കും
നമ്മൾ വിചാരിക്കുന്ന
പോലെയൊന്നുമല്ല കാര്യങ്ങൾ
എന്ന് ആ നാട്ടുകാരനും
നമ്മൾ എഴുതിവക്കും പോലെയല്ല
നാട്ടുകാരുടെ വിചാരങ്ങളെന്ന്
ആ തേപ്പുകടക്കാരനും
നെടുവീർപ്പിട്ടാൽ
എനിക്കൊന്നും ചെയ്യാനില്ല
സാറാസ് തേപ്പ്കട
എന്നെഴുതുകയല്ലാതെ
തെറിയെന്ന്
അർത്ഥമുള്ള
നാടുകളുണ്ടത്രെ
ആ നാടുകളിലെ ഒരാൾ
ആലുവ പെരുമ്പാവൂർ റൂട്ടിൽ
ഒരിക്കൽ
കെ എസ് ആർ ടി സി ബസിലൂടെ
പോയാൽ
ആ വളവും കഴിഞ്ഞ്
ആ സൈക്കിൾകടക്ക്
തൊട്ടിപ്പറത്തെയുള്ള
തേപ്പുകട കണ്ടാൽ
സാറാസ് തേപ്പുകടയെന്ന
ബോർഡ് വായിച്ചാൽ
ഹയ്യോ ഇതെന്ത്
തെറിക്കും ഒരു കടയോ
എന്ന് അത്ഭുതപ്പെട്ടാൽ
ദൈവമേ
തെറിക്കട തെറിക്കടയെന്ന്
ആശ്ചര്യപ്പെട്ടാൽ
തേപ്പിനു
തെറിയെന്ന്
അർത്ഥമുള്ള
ആ നാട്ടുകാരന്റെ അത്ഭുതവും
ആശ്ചര്യവും
ആ തേപ്പുകാരൻ കണ്ടാൽ
എന്തായിരിക്കും
നമ്മൾ വിചാരിക്കുന്ന
പോലെയൊന്നുമല്ല കാര്യങ്ങൾ
എന്ന് ആ നാട്ടുകാരനും
നമ്മൾ എഴുതിവക്കും പോലെയല്ല
നാട്ടുകാരുടെ വിചാരങ്ങളെന്ന്
ആ തേപ്പുകടക്കാരനും
നെടുവീർപ്പിട്ടാൽ
എനിക്കൊന്നും ചെയ്യാനില്ല
സാറാസ് തേപ്പ്കട
എന്നെഴുതുകയല്ലാതെ
ഞായറാഴ്‌ച, മേയ് 05, 2013
കണ്ണുനീർത്തുള്ളിയുടെ ഉപമ തെറ്റിയിട്ടില്ല
വേദനിച്ചപ്പോൾ
ഞാൻ എന്റെ പെണ്ണിനെയോർത്ത് കണ്ണുകളടച്ചു
അവളാകട്ടെ
കുടുകുടാ കുതറി
കവിളുകളിലൂടെ ഒഴുകി
മുറിഞ്ഞിടത്തെല്ലാം തഴുകി
ചുണ്ടുകളിൽ തന്നെയെത്തി
ശരിയാണു
ഉപ്പും കൂട്ടിത്തന്നെയാണു വേദനയും തിന്നേണ്ടത്
ഞാൻ എന്റെ പെണ്ണിനെയോർത്ത് കണ്ണുകളടച്ചു
അവളാകട്ടെ
കുടുകുടാ കുതറി
കവിളുകളിലൂടെ ഒഴുകി
മുറിഞ്ഞിടത്തെല്ലാം തഴുകി
ചുണ്ടുകളിൽ തന്നെയെത്തി
ശരിയാണു
ഉപ്പും കൂട്ടിത്തന്നെയാണു വേദനയും തിന്നേണ്ടത്
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013
ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ
ഇന്ന് ഞാൻനാളെ നീയെന്ന ലോകപ്രശസ്തവാചകം സ്വന്തം
കല്ല്യാണക്കുറിയിൽ അച്ചടിച്ചവന്റെ പേരു ആന്റപ്പൻഎന്നായിരുന്നു
ആന്റപ്പാആന്റപ്പാ ഇതെന്തിന്റെ കേടാണെന്ന് ചോദിച്ചവരൊക്കെ ശബ്ദം
തീരെയില്ലാത്ത ആ ചിരിയുടെ മറുപടികൊണ്ടു
അവനവന്റെജീവിതത്തിലൂടെ അല്ലാതെ ഒരു ഉദ്ധരണിയും
ഉദ്ധരിക്കപ്പെടുന്നില്ല എന്നതായിരുന്നു ആ ചിരിയുടെ മലയാളം
അത്ര ഇമ്പമില്ലെങ്കിലുംഇന്ന് ഞാൻ നാളെ നീയാന്റപ്പൻ എന്ന വിളിപ്പേരു
അന്ന് മുതൽ അവനു കിട്ടിയെന്നതും നേരു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ
പോർക്കും പോത്തും കഴിച്ചു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ
കവറിൽ നല്ല നല്ല കാശുകൾ കൊടുത്തു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ
പെണ്ണിന്റെ കുറ്റവും കുറവും പറഞ്ഞു.
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ
നീയെത്ര ഭാഗ്യവാൻ ഞാനെത്ര ഭാഗ്യവാൻഎന്ന പാട്ട് കുറച്ച് കൂടി
ഉച്ചത്തിൽ വയ്ക്കാൻ മൈക്ക് സെറ്റുകാരനോട് പറഞ്ഞു
അതിനും മുൻപ്പള്ളിയിൽ വച്ച് ഒരു കുഞ്ഞ് കാര്യമുണ്ടായി.കുഴിവെട്ടുകാരനായ ആന്റപ്പനെ കണ്ടപാടെ കല്ല്യാണം മറന്ന കപ്യാർ ആരാ മരിച്ചതെന്ന്പോലും ചോദിക്കാതെ ആരെങ്കിലും മരിക്കുമ്പോൾ മാത്രം അടിക്കുന്ന താളത്തിൽ പള്ളിമണിയടിച്ചു.അത് കേട്ട വന്ന വല്ല്യച്ചൻ ഓടിയോടി വന്ന് മരിച്ചവർക്കുള്ള ചെറിയ ഒപ്പീസിന്റെബുക്കെടുത്ത് മഴപെയ്യുമ്പോൾ വയലുകളിൽ വിത്തുകൾ പൊട്ടി മുളയ്ക്കുന്നു എന്ന പാട്ട് പാടി.അത് കേട്ട് ക്വയറിലെ പെൺകുട്ടികൾ കാഹളനാദം കേൾക്കുമ്പോൾ മ്യതരിൽ ജീവനുദിക്കുന്നുഎന്ന് ബാക്കിയും പാടി അഗാധത്തിൽ നിന്ന് കർത്താവേ നിന്നെ ഞാൻ വിളിക്കുന്നു എന്ന ഗദ്യഭാഗത്തിലേക്ക്പോയി. അത് കണ്ട് കുർബ്ബാനക്ക് കൂടുന്ന ചെക്കൻ മരിച്ചവർക്ക് കത്തിക്കുന്നമെഴുതിരിയും ചന്ദനത്തിരിയും കത്തിച്ചു. (ഇത് വരെ ശരിക്ക് മരിക്കാത്തനീയെന്നെ ഇന്ന് രാത്രി കൊല്ലില്ലേയെന്ന കല്ല്യാണപ്പെണ്ണിന്റെ കുസ്യതിയും അതിനിടക്ക്ഇന്ന് ഞാൻ നാളെ നീയാന്റപ്പന്റെ ചെവിയിലുണ്ടായി) ഏതോ മരിച്ച വീട്ടിൽറീത്തായിപ്പോകേണ്ട പൂക്കളാണു നെഞ്ചിൽ മാലയായി കിടക്കുന്നതെന്ന് അറിയാമായിരുന്ന ഇന്ന്ഞാൻ നാളെ നീയാന്റപ്പൻ ശബ്ദമില്ലാത്ത പ്രശസ്തമായ ആ ചിരി ചിരിച്ചു
ബുധനാഴ്‌ച, ഏപ്രിൽ 03, 2013
തങ്കപ്പൻ (45) ഉറങ്ങിപ്പോയി
ഞാൻ മരിച്ചാൽ
ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞുനടന്നിരുന്ന ഒരാൾ ഞങ്ങളുടെ
നാട്ടിലുണ്ടായിരുന്നു.
ഒരു ദിവസം അയാളുടെ
കയ്യിൽ ഒറ്റപ്പൈസയും ഇല്ലായിരുന്നു
അന്ന് 5 മണിക്ക് മുൻപ് 12,200 രൂപ ബാങ്കിൽ അടച്ചില്ലെങ്കിൽ അയാളുടെ അവശേഷിക്കുന്ന മുഴുവൻ അടക്കാ മരങ്ങളും പിറ്റേ ദിവസം ബാങ്കുകാർ വെട്ടിക്കൊണ്ട് പോകുമായിരുന്നു.
അടക്കാമരങ്ങൾ പോയാൽ അതിൽ പടർന്ന കുരുമുളക് കൊടി, വെറ്റിലകൊടി എന്നിവയും അതിലെ ഉറുമ്പുകളും ചതഞ്ഞരയുമായിരുന്നു. അയാളുടെ മരിച്ച് പോയ ആൺകുട്ടി അവസാനമായി കെട്ടിയ ഒരു കളിവണ്ടിയും അതിലെ ഒരു അടക്കാമരത്തിലായിരുന്നു
അന്ന് 5 മണിക്ക് മുൻപ് 12,200 രൂപ ബാങ്കിൽ അടച്ചില്ലെങ്കിൽ അയാളുടെ അവശേഷിക്കുന്ന മുഴുവൻ അടക്കാ മരങ്ങളും പിറ്റേ ദിവസം ബാങ്കുകാർ വെട്ടിക്കൊണ്ട് പോകുമായിരുന്നു.
അടക്കാമരങ്ങൾ പോയാൽ അതിൽ പടർന്ന കുരുമുളക് കൊടി, വെറ്റിലകൊടി എന്നിവയും അതിലെ ഉറുമ്പുകളും ചതഞ്ഞരയുമായിരുന്നു. അയാളുടെ മരിച്ച് പോയ ആൺകുട്ടി അവസാനമായി കെട്ടിയ ഒരു കളിവണ്ടിയും അതിലെ ഒരു അടക്കാമരത്തിലായിരുന്നു
അയാളുടെ മൊബൈലിൽ
ആണെങ്കിൽ മിസ് കോളടിക്കാനുള്ള പൈസയേ ഉണ്ടായിരുന്നുള്ളൂ
ഞാൻ മരിച്ചാൽ
ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന കാര്യം ആവർത്തിക്കാനാവും ഈ മിസ് കോളുകൾ എന്ന് കരുതി
അയാളുടെ സൊ കാൾഡ് കൂട്ടുകാർ ആരും തിരിച്ച് വിളിച്ചതുമില്ല.
പെന്തക്കോസ്തുകാരനായതിനാൽ ആർ സി യേശുവും മാർത്തോമ്മാ മറിയവും ആ മിസ് കോളുകൾ
പുച്ഛിച്ചു
സമയം 12.30
പള്ളിയിൽ ഉച്ചമണിയടിച്ചു
12.31 / 12.32 / 12.33 /12.34 / 12.35 / 12.36 / 12.37 / 12.38 / 12.39 / 12.40 / 12.41
ആ നാട്ടിലെ പണിക്കാരെല്ലാം ഉച്ചപ്പണിയും നിർത്തി, കയ്യും കാലും മുഖവും കഴുകി , ചൂടുള്ള നല്ല കഞ്ഞിയും കഴിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നു അത്
12.42 / 12.43 / 12.44 / 12.45 / 12.46 / 12.47 / 12.48 / 12.49 / 12.50 / 12.51 / 12.52/ 12.53 / 12.54 / 12.55 / 12.56 / 12.57 / 12.58 / 12.59
സമയം 12.30
പള്ളിയിൽ ഉച്ചമണിയടിച്ചു
12.31 / 12.32 / 12.33 /12.34 / 12.35 / 12.36 / 12.37 / 12.38 / 12.39 / 12.40 / 12.41
ആ നാട്ടിലെ പണിക്കാരെല്ലാം ഉച്ചപ്പണിയും നിർത്തി, കയ്യും കാലും മുഖവും കഴുകി , ചൂടുള്ള നല്ല കഞ്ഞിയും കഴിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നു അത്
12.42 / 12.43 / 12.44 / 12.45 / 12.46 / 12.47 / 12.48 / 12.49 / 12.50 / 12.51 / 12.52/ 12.53 / 12.54 / 12.55 / 12.56 / 12.57 / 12.58 / 12.59
കോപ്പി പേസ്റ്റ്
ആയി ഇങ്ങനെ എത്ര വേണമെങ്കിലും തുടരാം എന്ന് തോന്നാം. തിരുത്തിയാൽ മതിയല്ലോ
എന്തെങ്കിലും
കാരണത്തിനു ഇങ്ങനെ ഓരോ നിമിഷവും എണ്ണിയിട്ടുള്ള ഒരാളാണു ഇത് വായിക്കുന്നതെങ്കിൽ
നിങ്ങൾ അത് പറയില്ല എന്ന് അയാൾക്ക് ഉറപ്പുണ്ട്. പ്രേമിക്കുന്നവർ വരെ അതൊക്കെ
ചെയ്തിട്ടുണ്ട്. എന്നിട്ടല്ലേ
1.01 / 1.02 / 1.03 / 1.04 / 1.05 / 1.06 / 1.07 / 1.08 / 1.09 / 1.10 / 1.11 / 1.12 /1.13 / 1.14 / 1.15 / 1.16 / 1.17
സമയത്തിനൊക്കെ എന്തുമാകാമല്ലോ. അതിനിടയിൽ അയാളുടെ പെണ്മക്കൾ സ്കൂളിൽ നിന്ന് വന്നു. അപ്പാ നമ്മുടെ ചീരകത്തൈ. അപ്പാ നമ്മുടെ കുമ്പളത്തൈ എന്ന പാട്ടും പാടി അടുക്കളയിലേക്ക് പോയി. അവരും കാപ്പി കുടിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച പാർട്ടിഗ്രാമമായിരുന്നു അത് എന്ന് പിന്നെയും കോപ്പി പേസ്റ്റണോ ? വേണ്ടല്ലോ
4.01 / 4.02 / 4.03 / 4.04 / 4.05 / 4.06 / 4 .07 / 4.08/ 4.09 / 4.10 / 4.11
അഞ്ചുമണിയായില്ല. അതിനു മുൻപ് അയാൾ ഉറങ്ങിപ്പോയി. വാച്ചിൽ നോക്കി നോക്കിയിരുന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നിട്ടും
ആരാടാ ഈ ഉറക്കം. ഈ ഉറക്കം ഏത് നാട്ടുകാരനാടാ, നീ ഏതാടാ മൈരേ എന്ന് വരെ ഉറക്കെ ചോദിച്ച് കൊണ്ടാണു അയാൾ ഉറങ്ങിപ്പോയത്
ഉറക്കം നിരോധിച്ച പാർട്ടിഗ്രാമത്തിൽ ആദ്യമായി ഉറങ്ങിയ ആളായിരുന്നു അയാൾ
നാളെ പത്ത് മണി വരും. സമയത്തിനൊക്കെ എന്തും ചെയ്യാമല്ലോ. ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞിരുന്ന ഒരാളാണു ഉറങ്ങിപ്പോയത്
തങ്കപ്പൻ (45)
ഉറങ്ങിപ്പോയി എന്ന് ബോർഡ് എഴുതുകയാണു ഫ്ലെക്സ് കടയിലെ വേറെ ഒരാൾ
1.01 / 1.02 / 1.03 / 1.04 / 1.05 / 1.06 / 1.07 / 1.08 / 1.09 / 1.10 / 1.11 / 1.12 /1.13 / 1.14 / 1.15 / 1.16 / 1.17
സമയത്തിനൊക്കെ എന്തുമാകാമല്ലോ. അതിനിടയിൽ അയാളുടെ പെണ്മക്കൾ സ്കൂളിൽ നിന്ന് വന്നു. അപ്പാ നമ്മുടെ ചീരകത്തൈ. അപ്പാ നമ്മുടെ കുമ്പളത്തൈ എന്ന പാട്ടും പാടി അടുക്കളയിലേക്ക് പോയി. അവരും കാപ്പി കുടിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച പാർട്ടിഗ്രാമമായിരുന്നു അത് എന്ന് പിന്നെയും കോപ്പി പേസ്റ്റണോ ? വേണ്ടല്ലോ
4.01 / 4.02 / 4.03 / 4.04 / 4.05 / 4.06 / 4 .07 / 4.08/ 4.09 / 4.10 / 4.11
അഞ്ചുമണിയായില്ല. അതിനു മുൻപ് അയാൾ ഉറങ്ങിപ്പോയി. വാച്ചിൽ നോക്കി നോക്കിയിരുന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നിട്ടും
ആരാടാ ഈ ഉറക്കം. ഈ ഉറക്കം ഏത് നാട്ടുകാരനാടാ, നീ ഏതാടാ മൈരേ എന്ന് വരെ ഉറക്കെ ചോദിച്ച് കൊണ്ടാണു അയാൾ ഉറങ്ങിപ്പോയത്
ഉറക്കം നിരോധിച്ച പാർട്ടിഗ്രാമത്തിൽ ആദ്യമായി ഉറങ്ങിയ ആളായിരുന്നു അയാൾ
നാളെ പത്ത് മണി വരും. സമയത്തിനൊക്കെ എന്തും ചെയ്യാമല്ലോ. ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞിരുന്ന ഒരാളാണു ഉറങ്ങിപ്പോയത്
തങ്കപ്പൻ (45)
ഉറങ്ങിപ്പോയി എന്ന് ബോർഡ് എഴുതുകയാണു ഫ്ലെക്സ് കടയിലെ വേറെ ഒരാൾ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)