വെള്ളിയാഴ്‌ച, മാർച്ച് 02, 2007


നോ സ്മോക്കിംഗ്


ഒന്ന്

ഇനിയും പുകവലിച്ചാല്‍
കരള്‍ വാടിപ്പോകുമെന്നു ഡോക്ടര്‍
ആ പൂവു പണ്ടേ കൊഴിഞ്ഞതാണന്നു ഞാന്‍

വലി തുടര്‍ന്നാല്‍ ‍നിന്നെയെനിക്കു
നഷ്ടപ്പെട്ടേക്കുമെന്നു ഗ്രേസി
എനിക്കു എന്നെ തന്നെ
നഷ്ടപ്പെട്ടു പോയി എന്ന് ഞാന്‍

‍ബീഡി വലിക്കുന്ന കഥാപാത്രമായി
നിന്നെ കാണാന്‍ വയ്യെന്നുകഥാക്യത്തായ ചങ്ങാതി
ഒരു കഥയിലും എന്നെ കൂട്ടെണ്ടെന്നു ഞാന്‍

‍നിന്റെ ചുണ്ടുകള്‍ കറുത്ത്‌ പോയെന്നു അവള്‍
‍സിഗരറ്റ്‌ ഗന്ധമുള്ള ഒരു ചുംബനം പോലും
അവശേഷിക്കുന്നില്ലെന്നു ഞാന്‍

എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്‍

‍നേരം വൈകി വന്ന കെ.എസ്‌.ആര്‍..ടി.സി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍

നീയൊരു ചെയിന്‍ സ്മോക്കറാണെന്ന്
എല്ലാവരും പറയുന്നെന്നു ചേട്ടത്തി
തീയുണ്ടാകാതെ പുകയുണ്ടാവില്ലെന്നു ഞാന്‍

ഇവിടെ പുകവലി പാടില്ലെന്നു
ആശുപത്രിയിലെ പരസ്യപ്പലക
മേറ്റെന്തു വേണമെങ്കിലും ആവാമോയെന്നു ഞാന്‍

‍സ്വയംഹത്യ ദൈവം പൊറുക്കില്ലെന്നു ഇടവക വികാരി
ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണു മേഘങ്ങളെന്നു ഞാന്‍


രണ്ടു

കൂട്ടിനാരുമില്ലാത്ത ഈ രാത്രിയില്‍
അത്മാവുള്ള സിഗരറ്റിനു തീ കൊളുത്തി
ദൈവമേ മേഘങ്ങളിലേക്കു പറക്കാന്‍ പറഞ്ഞയക്കണേ



^ 1998
പുസ്തകം , ഉറക്കം ഒരു കന്യാസ്ത്രീ, ഖനി ബുക്സ് 

7 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

“എന്തിനാണിങ്ങനെ സ്വയം നശിക്കുന്നതെന്നു ജിനു
മറ്റുള്ളവരെ നശിപ്പിക്കാനറിയാത്തതു കൊണ്ടാണെന്ന് ഞാന്

‍നേരം വൈകി വന്നകെ.എസ്‌.ആര്‍..ടി
ബസ്സുകളാണു തന്നെ വലി പഠിപ്പിച്ചതെന്നു അപരിചിതന്‍
ഒരിറ്റു വെളിച്ചത്തിനാണു ആദ്യമായി ബീഡി കത്തിച്ചതെന്നു ഞാന്‍.........


പഴയ ഒരു കവിതയാണ്‍. അദ്യപുസ്തകത്തില്‍ ഉള്ളത്.

ദുര്‍ബലന്‍ പറഞ്ഞു...

“ദൈവം വലിക്കുന്ന സിഗരറ്റിന്റെ പുകയാണുമേഘങ്ങളെന്നു ഞാന്‍“

അടിപൊളി കണ്ടെത്തല്‍ മാഷെ. നമിച്ചിരിക്കുന്നു.

ഗര്‍ഭം കലക്കികളാകുന്നു വിത്സന്റെ കവിതകള്‍. പൊട്ടിയാല്‍ കുറച്ച് നേരം അതിന്റെ അലകള്‍ കേള്‍ക്കാം.
വെടിമരുന്നിന്റെ ഗന്ധവും കിട്ടും.

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
ഇവന്‍ പുലി. ഈ കവിത എന്റെ ഇഷ്ടപ്പെട്ട കവിതകളുടെ ലിസ്റ്റില്‍ കയറി.

അജ്ഞാതന്‍ പറഞ്ഞു...

nice

വിശാഖ് ശങ്കര്‍ പറഞ്ഞു...

വിഷ്ണു,
പുകയ്ക്കു ന്നന്ദിപറഞ്ഞുകൊണ്ടെഴുതിയ ആദ്യത്തെയാള്‍ ഞാനല്ലെന്ന് മനസ്സിലായില്ലേ..
(എന്റെ ‘ഒരു തൊണ്ടയുടെ സ്വഗതാഖ്യാനം’എന്ന കവിതയ്ക്ക് വിഷ്ണു നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു കുറിപ്പിട്ടിരുന്നു..)
കവിത പതിവുപോലെ നന്നായി.ആദ്യമായാണ് കുറിപ്പിടുന്നതെങ്കിലും താങ്കളുടെ കവിതകളെല്ലാം വായിക്കാറുണ്ട്.അഭിനന്ദനങ്ങള്‍..

കരീം മാഷ്‌ പറഞ്ഞു...

ദിവസം പ്രതി രണ്ടു പാക്ക് റോത്ത്മാന്‍സ് വലിച്ചു കേറ്റിയിട്ടും ടെന്‍ഷന്‍ തീരുന്നില്ലന്നു പറഞ്ഞു കീഴെയിരിക്കുന്നവന്റെ കീശയില്‍ നിന്നു കൊള്ളിവാങ്ങി വലിച്ചു അവന്‍ സമര്‍പ്പിക്കുന്ന പത്തു പതിഞ്ചാക്കിയ ബില്‍ കണ്ടിട്ടും കാണാതെ അപ്പ്രൂ ചെയ്തു കൊടുത്തു കാലം കഴിയവെ ഒരു സുപ്രഭാതത്തില്‍ ഒരു വെണ്‍ചന്ദ്രിക വെട്ടമടിച്ചപ്പോള്‍ വലി നിര്‍ത്തി 9 വര്‍ഷമായി കൈ കൊണ്ടു തൊടാതെ ചുണ്ടുകൊണ്ടമര്‍ത്തിപ്പിടിക്കാതെ കരളു വാട്ടാതെ മനസ്സുറപ്പു കാട്ടിയതിനു ബെറ്റു വകയില്‍ ബോസ്സില്‍ നിന്നു കിട്ടിയ അയ്യായിരം ദിര്‍ഹം അയച്ചു കൊടുത്തതും ആ വെണ്‍ചന്ദ്രികക്കു തന്നെ.
ഒരുപാടു ഓര്‍മ്മകള്‍ സമ്മാനിച്ച ഈ കവിതക്കു നന്മയുടെ നറുമണമുണ്ട് വിത്സന്‍,
താങ്കള്‍ നല്ലൊരു കവിയാണ്.ആശംസകള്‍.

dha blueizh fiZzzZh...!!!! പറഞ്ഞു...

:)