കവി സച്ചിദാനന്ദന്റെ കോഴിപ്പങ്ക് എന്ന കവിതയുടെ കാലാന്തര
വിവർത്തനം
കുഴൂർ വിത്സൺ
2024
കോഴപ്പങ്ക്
എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്
പക്ഷേ, സ്വർണ്ണകൊക്കെനിക്കു
തരിന്‍...
എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്
പക്ഷേ, ചെമ്പിൻതുട്ടെനിക്ക്
തരിന്‍-കരിമണൽ-
ക്കണ്ണെനിക്കു തരിന്...
എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്
പക്ഷേ, വെള്ളിക്കാശെനിക്കു തരിന്‍-കൊള്ളപ്പണ-
വിരലെനിക്കു തരിന്‍-കെ-റെയിൽ
നഖമെനിക്കു തരിന്...
എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്
പക്ഷേ, തടിയുടലെനിക്കു തരിന്‍-പ്ലാസ്റ്റിക്ക്
കുരലെനിക്കു തരിന്‍-കുഴൽ-
പ്പണമൊക്കെയെനിക്ക് തരിന്‍-ലാവ്ലിൻ
കുഴലെനിക്ക് തരിന്‍...
എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്
പക്ഷേ, ഇരട്ടയിലൊരു ചങ്കെനിക്കു
തരിന്‍-ചെവിയിലെ
രോമമെനിക്ക് തരിന്‍
കൈതോലപ്പായയെനിക്ക് തരിന്‍-കവിത
പ്പൂത്തിരിച്ചേലെനിക്കു
തരിന്‍-
അക്കാദമിയങ്കണമെനിക്കു തരിന്‍...
എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്,
പോട്ടെ,
കോഴക്കൊമ്പു നിങ്ങളെടുത്തോളിന്‍
പുല്ലുകൾ നിങ്ങളെടുത്തോളിന്‍
പൂവൻകോഴമുട്ട നിങ്ങളെടുത്തോളിന്‍
മാറും മാനവും നിങ്ങളെടുത്തോളിന്‍
എന്‍റെ കോഴയെ നിങ്ങള്‍ പകുത്തോളിന്
പക്ഷേ,
എന്‍റെ മാസപ്പടിക്കോഴയെ
മാത്രമെനിക്കുതരിന്‍.
1972
കോഴിപ്പങ്ക്
-സച്ചിദാനന്ദന്
എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്
പക്ഷേ,കൂര്മ്പന് കൊക്കെനിക്കു തരിന്...
എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്
പക്ഷേ,ചെമ്പന്പൂവെനിക്കു തരിന്-കുന്നിക്കുരു-
ക്കണ്ണെനിക്കു തരിന്...
എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്
പക്ഷേ,പൊന്നിന്കാലെനിക്കു തരിന്-എള്ളിന്പൂ
വിരലെനിക്കു തരിന്-കരിമ്പിന്
നഖമെനിക്കു തരിന്...
എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്
പക്ഷേ,തുടിയുടലെനിക്കു തരിന്-ശംഖിന്
കുരലെനിക്കു തരിന്-കുഴല്
ക്കരളെനിക്കു തരിന്-തംബുരു
ക്കുടലെനിക്കു തരിന്...
എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്
പക്ഷേ,നാക്കിലപ്പപ്പെനിക്കു തരിന്-പൂക്കില-
പ്പൂടയെനിക്കു തരിന്-കൈതോല
വാലെനിക്കു തരിന്-തീപ്പൊരി-
ച്ചേലെനിക്കു തരിന്-പുത്തരി-
യങ്കമെനിക്കു തരിന്...
എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്
പോട്ടെ,
കോഴിക്കൊമ്പു നിങ്ങളെടുത്തോളിന്
പല്ലു നിങ്ങളെടുത്തോളിന്
പൂവന്മുട്ട നിങ്ങളെടുത്തോളിന്
മുലയും നിങ്ങളെടുത്തോളിന്
എന്റെ കോഴിയെ നിങ്ങള് പകുത്തോളിന്
പക്ഷേ,
എന്റെ കോഴിയെ മാത്രമെനിക്കുതരിന്.
#കോഴപ്പങ്ക്
#kozhapanku
#kuzhurwilson
#കോഴിപ്പങ്ക്
#സച്ചിദാനന്ദന്
#malayalampoetry
#poetry