തിങ്കളാഴ്‌ച, ഡിസംബർ 07, 2009


ജമ്മം

രാവിലെ വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു
ആരാ

പണ്ട് ജിനുവും പ്രദീപും റിയാസുമൊക്കെ
വന്ന് വിളിക്കുമ്പോള്‍
കാപ്പിയും പലഹാരവുമൊക്കെ
കൊടുക്കേണ്ടി വരുമല്ലോയെന്ന്
പേടിച്ച് പറഞ്ഞിരുന്ന അതെ ശബദത്തില്‍

ആരാ

അമ്മേ നായര്‍ ചെക്കനോ പള്ളിപ്പുറത്തെ പ്രദീപോ കാക്കാച്ചെക്കന്‍ റിയാസോ അല്ല
അമ്മയുടെ മകനാണ്

ആരാ

അമ്മേ ഇത് ഞാനാണ്
ഇതിലപ്പുറം ഞാനെന്താണ് പറയേണ്ടത്
അമ്മയുടെ മകന്‍

അതിലപ്പുറം എനിക്കെന്താണ് വിശേഷണം

ഇളയവന്‍
വയസ്സാം കാലത്ത് ഉണ്ടായവന്‍
അമ്മയെ നോക്കേണ്ടവന്‍
നാട് വിട്ടവന്‍
ഇഷ്ടം പോലെ ജീവിച്ചവന്‍
വീടറിയാതെ കെട്ടിയവന്‍
പല ക്ളാസ്സിലും തോറ്റവന്‍
കണ്ടവരുടെ കൂടെ നടന്നവന്‍
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്‍

അമ്മയുടെ നെഞ്ചിലെ അറവ്കത്തി


പിന്നെയും ആരായെന്ന ചോദ്യം കാതില്‍ പരക്കുമ്പോള്‍
അമ്മേ ഞാനെന്ത് പറയണം

വെയില്‍ കൊള്ളാഞ്ഞ്
പഴയ കറുമ്പന്‍ വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ

ആരായെന്ന്
ഇന്നലെ വന്ന അമ്മിണിയായി
അമ്മ പിന്നെയും ചോദിക്കേ

കണ്ടമാനം വാര്‍‌ത്തകള്‍ വായിച്ച് വായിച്ച്
തടിയന്റവിട നസീറായെന്ന് പറയാന്‍ തോന്നി
കേട്ടതെല്ലാം കണ്ട് കൊതിച്ച്
എ.പി അബ്ദുള്ലക്കുട്ടിയായെന്ന് പറയാന്‍ തോന്നി
കണക്കുകള്‍ കൂട്ടി കൂട്ടി
എം എ യൂസഫലിയായെന്ന് പറയാന്‍ തോന്നി
കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന്‍ തോന്നി

ആരാ ആരായെന്ന് കാശ് പോകും ശബ്ദം
പിന്നെയും പതറുമ്പോള്‍
ഇനിയെന്താണ് ഞാന്‍ പറയേണ്ടത്

അമ്മേ അമ്മ ആരാണ്

അപ്പനാരാണ് എന്ന ചോദ്യം കേട്ട പോലെ
അമ്മ ചിതറുന്നതെന്തിനാണ്

* * *

വടക്കേപ്രത്തെ കടപ്ലാവില്‍
ഇപ്പോഴും കാക്കകള്‍ വരാറുണ്ടോയമ്മേ
കടപ്ലാവേ കള്ളീ മൂക്കാതെ വീഴല്ലേയെന്ന്
അമ്മയിപ്പോഴും ചീത്ത വിളിക്കാറുണ്ടോയമ്മേ

അമ്മേ കേള്‍ക്കുന്നുണ്ടോ
പറയുന്നത് മനസ്സിലാകുന്നുണ്ടോ

ബീരാന്‍ ചെക്കന്‍ കാക്കയോ
അവന്റെ പെണ്ണിന്റെ കല്യാണം കഴിഞ്ഞപ്പോ
അവന്റെ ചെക്കന്‍ ഗള്‍‌ഫില്‍ പോയപ്പോ ബീരാനിപ്പോ വരാറില്ല
നല്ല കാലമവനിപ്പോള്‍
നല്ല മീനൊന്നും കിട്ടാറില്ല


* * *

ഉമ്മറത്തെ പുളിയിലിത്തവണ
കുറെ ഉണ്ടായോ അമ്മേ
ചാണാപ്പുളിയുണ്ടാക്കുവാന്‍
പുളിയുണക്കിയോ അമ്മേ

മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം ​വെളുത്ത് നോക്കുമ്പോള്‍
പുളിയൊക്കെ ഇറങ്ങിപ്പോയി

ഉള്ള പാല്‍ പുളിച്ചും പോയ്


* * *

അമ്മ
വേഗം എണീക്കുന്നുണ്ടോ
പള്ളിയില്‍ പോകേണ്ടേ

അവിടൊക്കെ നിറയെ ആള്‍ക്കാരാണ്
അവിടൊക്കെ നിറയെ ആള്‍ക്കാരാണ്

തീപ്പെട്ടി, ദേ ഞാനെടുത്തിട്ടുണ്ട്
രണ്ട് മെഴുതിരി വാങ്ങിച്ചോ
(ചെറുത്, കുറഞ്ഞത്)
ബാ , ഞാനവിടെയുണ്ടാകും
എത്ര കാലമായി നീയപ്പന് മെഴുതിരി കത്തിച്ചിട്ട്


* * *

വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി

ചെറുകാറ്റില്‍ ഉലയുന്നു

ബോധമില്ലാഞ്ഞിട്ടാണെന്ന് കൂടപ്പിറപ്പുകള്‍
കൂടെക്കിടന്നവര്‍
രാപ്പനിയറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കൊട്ട് കിട്ടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍


* * *

വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍

വലിയ കാറ്റിലും നിശ്ച്ചലം

ബോധമില്ലാഞ്ഞിട്ടാണെന്ന് നീ പെറ്റവര്‍
വയറ്റില്‍ കിടന്നവര്‍
പെറ്റപാടറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കെട്ടിയിടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍


അമ്മേ
എനിക്കും
നിനക്കുമെന്ത്

ബോധം
അബോധം

ജമ്മം

*

ഒരു ജമ്മം - ഒരു ജന്മത്തിന് കുഴൂക്കാര്‍ കളിയാക്കി വിളിക്കുന്നത്
പെറ്റപാട് - ഉമ്പാച്ചിയുടെ ഒരു കവിതയുടെ പേര്

71 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

" വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി

ചെറുകാറ്റില്‍ ഉലയുന്നു

ബോധമില്ലാഞ്ഞിട്ടാണെന്ന് കൂടപ്പിറപ്പുകള്‍
കൂടെക്കിടന്നവര്‍
രാപ്പനിയറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കൊട്ട് കിട്ടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍"


ഒന്നുമില്ല

t.a.sasi പറഞ്ഞു...

പച്ചപ്പുല്ലിന്റെ
അതിന്റെ വേരുകളില്‍
പിടിച്ച മണ്ണിന്റെ
അത് പറിക്കുന്ന വിരലുകളുടെ
മണം..

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ഇളയവന്‍
വയസ്സാം കാലത്ത് ഉണ്ടായവന്‍
അമ്മയെ നോക്കേണ്ടവന്‍
നാട് വിട്ടവന്‍
ഇഷ്ടം പോലെ ജീവിച്ചവന്‍
വീടറിയാതെ കെട്ടിയവന്‍
പല ക്ളാസ്സിലും തോറ്റവന്‍
കണ്ടവരുടെ കൂടെ നടന്നവന്‍
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്‍

അമ്മയുടെ നെഞ്ചിലെ അറവ്കത്തി

ഡാ..........!
വലിയ കാറ്റിലും നിശ്ച്ചലം!!

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ന്റെ മ്മാ

Melethil പറഞ്ഞു...

ഒന്നും പറയാനില്ല ..
:(

അനിലൻ പറഞ്ഞു...

മതി സങ്കടപ്പെട്ടത്.
അമ്മിണി ചിരിക്കുമ്പോലെ ഒന്നു ചിരിക്ക്.
നമുക്കിന്ന് വൈകീട്ട് ഒരു പൈന്‍ വലിക്കാം!

രാജ് പറഞ്ഞു...

കണ്ടമാനം വാര്‍‌ത്തകള്‍ വായിച്ച് വായിച്ച്
തടിയന്റവിട നസീറായെന്ന് പറയാന്‍ തോന്നി

എന്നു വായിക്കുമ്പോൾ രാഷ്ട്രീയം കലങ്ങിക്കുത്തി ആർത്തുവരുന്നതു അനുഭവപ്പെട്ടെങ്കിലും ആ ഭാഗത്തെ ക്രാഫ്റ്റ് എന്തുകൊണ്ടോ എനിക്കിഷ്ടപ്പെട്ടില്ല. നിനക്ക് നന്നാക്കാമായിരുന്നു.

abdulsalam പറഞ്ഞു...

വലുതെങ്കിലും
മുറുക്കവും
പിരിമുറുക്കവും
ഈ കവിത

അബ്ദുല്‍സലാം

Visala Manaskan പറഞ്ഞു...

ഇരുപത്തിനാലാന്തി വൈന്നേരം
ചുള്ളത്തിയെക്കൊണ്ട് ഒരു കേക്കൊക്കൊ മുറിപ്പിച്ച്...ക്രിസ്മസ് തകർക്കാൻ പോവല്ലേ ചെക്കൻ!

:)

kichu / കിച്ചു പറഞ്ഞു...

!!!!!!!!!!!!!!!!!!

:( :(.......... :) :)

ദേവസേന പറഞ്ഞു...

മനുഷ്യന്റെ യഥാര്‍ത്ഥ രൂപം.
എല്ലാ മക്കള്‍ക്കും ഒരു പാഠമാകട്ടെ
കവിതയെന്ന കുമ്പസാരം.

മക്കള്‍ തിരക്കിലാണു.
അവരവരുടെ ജീവിതം,
മുട്ടുന്യായങ്ങള്‍.

നോക്കേണ്ട കാലത്ത് നോക്കാതെ
സുഖമാണോന്ന് ഒരു വാക്ക് ചോദിക്കാതെ
ഇനി പറഞ്ഞിട്ടെന്ത്?

മക്കളെമാത്രം ആലോചിച്ച്.
അവരുടെ ഇഷ്ടങ്ങള്‍ക്ക് വെച്ചു വിളമ്പി,
കാത്തിരുന്ന്,
അവര്‍ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിച്ച്
അവരുടെ ഒരു വിളിക്ക് വേണ്ടി ദാഹിച്ച്
ഇല്ലാതാകുന്ന അമ്മ.
അവരുടെ ഓര്‍മ്മയില്‍ മക്കള്‍ മാഞ്ഞു പോകുന്നകാലം

കാണേണ്ടത് കാണേണ്ടപ്പോള്‍ കാണണം.

ഒന്നും പലിശയില്ലാ കടമല്ല.
ഒന്നും.

കവിത നന്നായിട്ടുണ്ട്.
ആശംസകള്‍

Editor പറഞ്ഞു...

gemmam

simy nazareth പറഞ്ഞു...

ഇതു വായിച്ചപ്പോള്‍ സനാതനന്‍ കവിതയെക്കുറിച്ച് പണ്ടെഴുതിയ ലേഖനത്തിലെ കാര്യങ്ങള്‍ ഓര്‍മ്മവന്നു. 5-ആം ഖണ്ഡിക മുതല്‍ക്ക് നോക്കൂ, വിത്സണ്‍ വായിച്ചിരിക്കേണ്ടതാണ്.

കവിതയില്‍ - പെരിങ്ങോടന്‍ പറഞ്ഞ ആ പാരഗ്രാഫേ വേണ്ടായിരുന്നു.. അല്ലാതെ നന്നായിട്ടുണ്ട്. വിഷമിപ്പിക്കുന്ന, വിഷമമുള്ള കവിത.

old malayalam songs പറഞ്ഞു...

ശ്രീ. കുഴൂര്‍ വില്‍സന്റെ മറ്റൊരു നല്ല കവിത വായിച്ചതില്‍ സന്തോഷമുണ്ട്.....

ആശംസകള്‍

Pramod.KM പറഞ്ഞു...

വരികളില്‍ സങ്കടവും കവിതയും ആദ്യാവസാനം.

അഭിജിത്ത് മടിക്കുന്ന് പറഞ്ഞു...

എന്നെ പോലുള്ളവന് കവിതയുടെ ഇന്നത്തെ വിശാലത കാണിക്ക് തരാന്‍ വിത്സണ്‍ ചേട്ടന്റെ കവിതകള്‍ക്ക് കഴിയുന്നു.
കവിത വായിച്ചപ്പോള്‍ വല്ലാത്ത എന്തൊക്കെയോ അനുഭവങ്ങളായിരുന്നു.
പറയാതെ വയ്യ.
ഓരോ വരികളും എത്ര തീവ്രമാണ്.
എനിക്ക് തികച്ചും ഒരു വഴികാട്ടി.പുതുവഴി കാണിക്കുന്നു.
ഇനി ഞാനും വെട്ടട്ടെ പുതുവഴി.നന്ദി ഗുരുവേ നന്ദി.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

വടക്കേപ്രത്തെ കടപ്ലാവില്‍
ഇപ്പോഴും കാക്കകള്‍ വരാറുണ്ടോയമ്മേ...

കാപ്പിലാന്‍ പറഞ്ഞു...

കാര്യം പറയാമല്ലോ വില്‍സാ ,കവിത അമ്മയെ പറ്റിയാണ് എങ്കിലും വലിച്ചു നീട്ടി നീട്ടി എങ്ങോ കൊണ്ടുപോയി .ചിലപ്പോള്‍ എനിക്ക് തോന്നിയതാകാം

നജൂസ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നജൂസ്‌ പറഞ്ഞു...

ഒരു പൊട്ട്‌ ഡാ ഉള്ളില്..:(
ന്താ പറയേ..
മത്തോക്കിന്റെ (കപ്പ) കടപൊട്ടുമ്പൊ കേക്കണ മാതിരി.

പ്രയാണ്‍ പറഞ്ഞു...

.............:)

ഏറുമാടം മാസിക പറഞ്ഞു...

ജാഗരം....

വിഷ്ണു പ്രസാദ് പറഞ്ഞു...

-------------

Sanal Kumar Sasidharan പറഞ്ഞു...

കൂഴൂരേ മനോഹരം

Devadas V.M. പറഞ്ഞു...

.................

സജീവ് കടവനാട് പറഞ്ഞു...

"അമ്മേ ഇത് ഞാനാണ്
അമ്മേ ഇത് ഞാനാണ്
അമ്മേ ഇത് ഞാനാണ്"
ഇനിയും അമ്മക്കു മനസിലായില്ലെന്നോ???

{വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി}

അല്ലെങ്കിലും നിനക്കാ അസുഖമുണ്ട് :) സെല്‍ഫ്... എന്തോ ഒര് മൈ...

{ബോധമില്ലാഞ്ഞിട്ടാണെന്ന് കൂടപ്പിറപ്പുകള്‍
കൂടെക്കിടന്നവര്‍
രാപ്പനിയറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കൊട്ട് കിട്ടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍}

കവിതയിലെ കൂടപ്പിറപ്പുകളും അല്ലേ...

ഛേ ഞാന്‍ തെറ്റി വായിച്ചു.
കവിത ഈയടുത്തു വായിച്ചവയില്‍ മനോഹരം.

സെറീന പറഞ്ഞു...

ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ക്ക് വേണ്ടിയല്ല പലപ്പോഴും,
മുറിവുകള്‍ നോവിക്കുമെങ്കിലും അതിനു വേണ്ടിയല്ല ചിലപ്പോഴെങ്കിലും.
നിന്‍റെ കവിത, എന്റെയും.

ആഭ മുരളീധരന്‍ പറഞ്ഞു...

ഓരോ വരിയിലും നിറയുന്ന സങ്കടം നൊമ്പരപ്പെടുത്തി. സുഖമായിരിക്കുക. നല്ലൊരമ്മയുടെ ഓര്‍ മ്മയുടെ മുന്നില്‍ സ്നേഹത്തോടെ.

Unknown പറഞ്ഞു...

സങ്കടായി മാഷെ. ഉള്ളിന്റെ ഉള്ളിൽ ഒരു വേദന

aneeshans പറഞ്ഞു...

മുറിവൊരു മുറിവായ്. കവിത കൊണ്ട് മുറിഞ്ഞത്

Kaithamullu പറഞ്ഞു...

എന്റെ വേദന.....അതേ പോലെ!
(എന്റമ്മ ഫോണിന്നടുത്തേക്ക് വരിക പോലും ഇല്ല)

വയ്യാ...

വലിച്ച് നീട്ടിയതല്ല, മനഃപ്പൂര്‍വം നിറുത്തിയതാണ് വിത്സന്‍ എന്നറിയാം. അല്ലെങ്കില്‍ ഈ കുമ്പസാരം, ജല്പനങ്ങള്‍, വ്യാകുലതകള്‍, നിലവിളികള്‍ .....
-നീണ്ട് നീണ്ട് പോയിക്കൊണ്ടേയിരിക്കും.....

...: അപ്പുക്കിളി :... പറഞ്ഞു...

ഒറ്റശ്വാസത്തില്‍ വായിച്ച് ഒരു ദീര്‍ഘനിശ്വാസം... അതിലും വലുതായി ഇതിനൊരു മറുപടിയില്ല...

പ്രസീദ് (കണ്ണൂസ്) പറഞ്ഞു...

വില്‍സാ.....നന്ദി.

siva // ശിവ പറഞ്ഞു...

ആത്മ നൊമ്പരങ്ങളുടെ ഒരേട് വലിച്ചു ചീന്തി ഞങ്ങള്‍ക്കു മുന്നില്‍ വെച്ചപ്പോള്‍ അതില്‍ സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്നങ്ങള്‍ വേണ്ടായിരുന്നു വിത്സാ. നിന്റെ നൊമ്പരങ്ങളിലേക്ക് ചുരുങ്ങി ചുരുങ്ങി വന്ന ഞാന്‍ ആ പാരഗ്രാഫില്‍ തട്ടി തെറിച്ച് വീണ്ടും സമൂഹത്തിലേയ്ക്കു വീണു. പിന്നെ വീണ്ടും ഒരു നടപ്പു കൂടി നടക്കേണ്ടി വന്നു. നന്നായി കവിത.

പാര്‍ത്ഥന്‍ പറഞ്ഞു...

അമ്മയുടെ മടിയിൽ ഈ സങ്കടക്കുപ്പി പൊട്ടിച്ചിതറി പളുങ്കുമണികളാകട്ടെ!!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അമ്മ കാത്തിരിക്കുന്നുണ്ട്,
മുട്ടിലിഴയുന്നവനെ വാരിയെടുക്കാന്‍,
ചുരത്തിയ മാറില്‍
കണ്ണടച്ച് പാലൂറ്റുന്നവന്റെ
കുസൃതിയില്‍ മനം നിറക്കാന്‍.

കുറുമ്പിന് ഈര്‍ക്കില്‍ കൊണ്ട്
ചന്തിയില്‍ നല്ല പെടപെടക്കാന്‍
വിരല്‍ വിട്ട് കാണാതാവുമ്പോള്‍
മനം പൊട്ടി നീറുന്ന മനസ്സോടെ
കാത്തിരിക്കുന്നുണ്ടമ്മ,
നീയെത്ര പുരുഷനായാലും.

asmo puthenchira പറഞ്ഞു...

Vilsa,
ammayodulla sneham
makandey kavithayil
karayunnu.
nannayi money.
asmo.

രാജേഷ്‌ ചിത്തിര പറഞ്ഞു...

നന്നായി ...
ഇനിയും കാണും വിശേഷണങ്ങള്‍ ; വിഷമങ്ങളും ...
പറഞ്ഞു നോക്കാം ;വല്ലതും തിരിച്ചറിഞ്ഞാലോ

--------------:)

son of dust പറഞ്ഞു...

എന്റുമ്മാ‍!!!
ഞെരിച്ചു കളഞല്ലോ വിത്സാ എന്റെയുള്ള് നീ

Cartoonist പറഞ്ഞു...

വത്സാ വിത്സേ,
ഞാനിത് മൂന്നൂസം മുമ്പ് വായിച്ചിരുന്നു.
അസ്സസ്സല്‍. വിന്റേജ് വിത്സന്‍ സാനം എന്നാണ് കണ്ടെത്തല്‍ ...
ഇനിയും വായിക്കാമ്പോണൂ..


തടിയാപിള്ള

നല്ലകുട്ടി പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
poor-me/പാവം-ഞാന്‍ പറഞ്ഞു...

കാമ ചിന്തകള്‍ കേവലം കുഞാലിക്കുട്ടിക്കു മാത്രം..
ബാക്കി മലയാളി പുരുഷന്മാര്‍ എല്ലാം
...... ........ എക്സ്ട്രാ കഴിക്കട്ടെ.

K G Suraj പറഞ്ഞു...

നൊന്തു....

ഭായി പറഞ്ഞു...

അമ്മ ഉമ്മ ഉമ്മി മമ്മി മാ മം .......

Sharu (Ansha Muneer) പറഞ്ഞു...

വായിച്ചു.... എന്തിനാ എനിക്കുമീ കുറ്റബോധം.... എന്തിനാ എന്റെ മനസ്സും പൊള്ളിയത്....

മനോജ് കുറൂര്‍ പറഞ്ഞു...

ജീവിതമങ്ങനെ. കവിതയിങ്ങനെ. ജീവിതംകൊണ്ടുള്ള കവിതയെ കമന്റടിക്കാന്‍ മാത്രംഞാന്‍ വളര്‍ന്നിട്ടില്ല. ഇതില്‍ പറയാതെ പോയതെന്തെങ്കിലുമുണ്ടോ?

gramasree പറഞ്ഞു...

മാഷേ ഇത് ഞാന്‍, എന്‍റെ കൂട്ടം പേജില്‍ ഇട്ടിരുന്നത് ഇപ്പോള്‍
Featured Blog Posts ആയി പരിഗണിച്ചു..!
http://www.koottam.com/profiles/blog/list?promoted=1&xg_source=msg_feat_blogpost
എന്നുള്ള സന്തോഷം അറിയിക്കട്ടെ

http://www.koottam.com/profiles/blogs/784240:BlogPost:15211279

Unknown പറഞ്ഞു...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

Shamsu Panamanna പറഞ്ഞു...

കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ..

വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍..

മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം ​വെളുത്ത് നോക്കുമ്പോള്‍
പുളിയൊക്കെ ഇറങ്ങിപ്പോയി

ഉള്ള പാല്‍ പുളിച്ചും പോയ്............

ശക്തമായ ബിംബങ്ങള്‍...സാമൂഹികപ്രതിബധത...

Unknown പറഞ്ഞു...

കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന്‍ തോന്നി

സമകാലിക രാഷ്ട്രീയത്തിന്റെ കാപട്യം തുറന്നു കാട്ടുന്ന ഈ 2 വരി, ഒരു ഒന്നാന്തരം സന്ദേശം തന്നെ,

Unknown പറഞ്ഞു...

നന്നായിട്ടുണ്ട്

Unknown പറഞ്ഞു...

വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി
-very good

Kuzhur Wilson പറഞ്ഞു...

ഈ ജന്മം മറന്ന് എഴുതിയ ഒന്നാണിത്. എഴുത്തിനും മുന്‍പും ശേഷവും ഏറെ പിടഞ്ഞു. ആ പിടച്ചില്‍ കവിതയേക്കാളേറെയായിരുന്നു. ദൈവാനുഗ്രഹത്താല്‍ അമ്മയെ പോയി കണ്ടു. ഒരുമിച്ചുണ്ടു. പോരും നേരം കരഞ്ഞു. ഇനി കാണുമോ ?

ഈ കവിത കേട്ട് അമ്മയെ കാണാന്‍ പോയവരുണ്ട് എന്റെ അറിവില്‍ .ഈ കമന്റുകളേക്കാള്‍ അത് ആഹ്ലാദിപ്പിച്ചു. കൂടെ കരഞ്ഞവരായിരുന്നു ഏറെയും.

അമ്മയ്ക്ക്.എല്ലാ അമ്മമാര്‍ക്കും അവരുടെ മക്കള്‍ക്കും പ്രണാമം

Madhu പറഞ്ഞു...

വിത്സാ...നിന്റെ കവിതക്ക് ് വല്ലാത്തൊരു ശക്തി



ഓര്‍മകള്‍ക്ക് പിന്നില്‍ നിന്ന് ഒരു ചോദ്യം

ആരാ?




ബി മധു

Psychedelic blues, oranges and violets പറഞ്ഞു...

"വെയില്‍ കൊള്ളാഞ്ഞ്
പഴയ കറുമ്പന്‍ വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ"

.......മനസ്സിനെ സ്പര്‍ശിച്ചു.. നല്ലായിരുക്ക്!

Mathews Photography പറഞ്ഞു...

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേവലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേകുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേകവിതകള്‍ വായിച്ച് വായിച്ച്കവിഞ്ഞ് പോയമ്മേ

Unknown പറഞ്ഞു...

ithinu oru marupadi illa

chillappo amma parayumaayirikkaam
athu oru mounamaya punchiriaavamm.....

ചാളിപ്പാടന്‍ | chalippadan പറഞ്ഞു...

വല്ലാതെ സ്പര്‍ശിച്ചു.....മനസ്സിലൊരു നൊമ്പരം....അമ്മയെ കാണാന്‍ പെട്ടെന്ന് തോന്നുന്നു...

sudheesh kottembram പറഞ്ഞു...

"ആരാ?"
"അമ്മേ ഇത് ഞാനാണ്"
ഒറ്റവാക്കിലുണ്ട് ഒരു ജന്മത്തിന്റെ ചോദ്യവും ഉത്തരവും.കവിത ഇയാള്‍ക്ക് ശ്വാസം തന്നെ എന്ന് ഇടക്കിടെ നോന്തുപോവുന്നു.
ജീവിതം ആളുന്ന വാക്കിനു സല്യൂട്ട്!

നികു കേച്ചേരി പറഞ്ഞു...

ഭാര്യ-ഭർത്താവ്>>വിശ്വാസം
അമ്മ-മകൻ>>കടമ......
തൂ​‍ൂ​‍ൂ​‍ൂ​‍ൂ....

ചൂണ്ടപാറ പൊട്ടി പൊട്ടി പോകും....

Mahendar പറഞ്ഞു...

അസ്സല്‍..പെരുത്തസ്സല്‍..

Junaiths പറഞ്ഞു...

നെഞ്ച് നിറഞ്ഞു നിറഞ്ഞു ഒഴുകുന്നു..
കണ്ണീരാണെന്ന് തോന്നുന്നു..
ഒന്നും കാണുന്നില്ല...

അനില്‍ ജിയെ പറഞ്ഞു...

ഓര്‍മ്മകളുടെ നെഞ്ചില്‍ ഒരറിവ്‌ കത്തി !

ശ്രീനാഥന്‍ പറഞ്ഞു...

അമ്മയുടെ ആഴവും പരപ്പും ഉൾക്കൊള്ളാനുള്ള അപാരമായൊരു ശ്രമം, അഭിനന്ദനം!

jayadeepkallath പറഞ്ഞു...

ഇഷ്ടം പോലെ ജീവിച്ചവന്‍
വീടറിയാതെ കെട്ടിയവന്‍
പല ക്ളാസ്സിലും തോറ്റവന്‍
കണ്ടവരുടെ കൂടെ നടന്നവന്‍
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്‍

അമ്മയുടെ നെഞ്ചിലെ അറവ്കത്തി


പിന്നെയും ആരായെന്ന ചോദ്യം കാതില്‍ പരക്കുമ്പോള്‍
അമ്മേ ഞാനെന്ത് പറയണം

അതിമനോഹരം......

Sajeesh Narayan പറഞ്ഞു...

highly haunting..

manojmaani.com പറഞ്ഞു...

Ugran

shaji പറഞ്ഞു...

pollunna nerukal

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

മനോഹരമായ വരികള്‍ ഞാന്‍ താങ്കളുടെഫൈസുബുക്കില്‍ കവിത പ്രകാശനം ചെയ്യുന്നതുന്റെ ഫോട്ടോ കണ്ടു അതില്‍ ക്ലിക്കിവന്നതാ ഇവിടെയെത്താന്‍ വൈകിപ്പോയി ആശംസകള്‍

MONALIZA പറഞ്ഞു...

ഈണവും താളവും ഇല്ല പലരും പറഞ്ഞു ആക്ഷേപിക്കുന്നതുപോലെ ഗദ്യലേഖനം ....പക്ഷെ പറയുന്നത് പച്ചയായ പെറ്റപാട് ........വായിച്ചാല്‍ മനസ്സിലാകും ഉള്ളു പച്ചയായവന്റെ പുല്ലിന്റെ ,വേരുകളുടെ വിരലിന്റെ മണം

Unknown പറഞ്ഞു...

വിത്സണ്‍ ജി ആശംസകള്‍