ധർമ്മപുരിയിൽ
നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള
വഴിയിൽ
പുളിമരങ്ങൾക്ക്
നടുവിൽ
അതാ ഒരാട്ടിൻ
പറ്റം
തലകുലുക്കി
തുള്ളിച്ചാടി
തലങ്ങും വിലങ്ങും
ഒരാളതാ ഒരാട്ടിൻ
പറ്റമാകുന്നു
കറുത്തകുഞ്ഞാടും
കടലാസു തിന്നുന്ന
തള്ളയാടും
കൂട്ടത്തിലൊന്നിനെ
ഇടിക്കുന്ന മുട്ടനാടുമായി മാറുന്നു
അതാ, ഒരാളായി മാറിയ ഒരാട്ടിൻപറ്റം
നീയിത് എവിടെയാണെന്ന്
ആട്ടിൻ പറ്റം
കരയുന്നു
ബേ ബെയെന്നു
കളിയാക്കുന്നു
അയവിറക്കിയ
തുപ്പലാൽ ചെവിയിൽ തൊടുന്നു
ആ ആട്ടിൻപറ്റത്തിനു
അരികിലായി
മുറിഞ്ഞ വലതുകാൽ
ഏന്തിവലിച്ച്
ആകാശത്തേക്ക്
നോക്കി
മന്ദിച്ചു
നിൽക്കുന്ന ആട്ടിടയനായിരുന്നു മറ്റേയാൾ
ഒരിക്കൽ ആട്ടിൻപറ്റമായിരുന്നതിന്റെ
ഓർമ്മയായിരുന്നു അയാൾ
അയാളുടെ ഓരോ
വഴികളിലൂടെയും ഒരായിരം
ആട്ടിൻ പറ്റങ്ങൾ
തുള്ളിച്ചാടി പോകുന്നു
നല്ല ഇടയനൊന്നുമല്ലാഞ്ഞിട്ടും
ഇടയ്ക്ക്
വീണ ഒരാട്ടിൻ കുട്ടിയിൽ തട്ടി നിന്ന് പോയവൻ
കാലു വെന്ത
ഒരു മുട്ടനാടിന്റെ ഫോട്ടോസ്റ്റാറ്റ്
ഗർഭിണിയായ
ഒരു തള്ളയാടിന്റെ വയറ്റിൽ കിടന്ന് അയാൾ ഉറങ്ങുന്നു
ആകാശത്തൂടെ
പറന്ന് പോകുന്ന
ഓരോ കിളികളും
തന്റെ കാണാതായ
ആട്ടിൻ കുട്ടികളാണെന്ന്
സങ്കടപ്പെടുന്നു
കാക്കകളേയും
മൈനകളേയും തത്തകളേയും
പൂത്താങ്കീരികളേയും
മാടി മാടി വിളിക്കുന്നു
കിളികളാകട്ടെ
വേടനെ കണ്ട പോൽ പേടിച്ച് പറക്കുന്നു
അയാളുടെ കയ്യിലെ
വടി ,
നിലത്ത് കുത്തിയ
അമ്പാണെന്ന് അവിശ്വസിക്കുന്നു
ആകാശത്തിലെ
തടാകങ്ങളിൽ വീഴല്ലേയെന്ന
അയാളുടെ പ്രാർത്ഥനയെ
മേഘങ്ങൾ തടഞ്ഞുവക്കുന്നു
ധർമ്മപുരിയിൽ
നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള
വഴിയിൽ
പുളിമരങ്ങൾക്ക്
നടുവിൽ
അതാ ഒരാട്ടിൻ
പറ്റം
അതാ ഒരാട്ടിടയൻ
4 അഭിപ്രായങ്ങൾ:
ഈ വഴിയില്‍ വന്നു പോയി..
ഇതെനിക്ക് മനസ്സിലായാല്‍ ഞാന്‍ എനിക്കൊരു പതിനായിരം രൂവാ സമ്മാനമായിട്ടങ്ങ് കൊടുക്കും..ഹല്ല പിന്നെ!!
കവിത ഇഷ്ടമായി
ശുഭാശംസകൾ...
കാലു വെന്ത ഒരു മുട്ടനാടിന്റെ ഫോട്ടോസ്റ്റാറ്റ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ