വ്യാഴാഴ്‌ച, സെപ്റ്റംബർ 26, 2013


പാതിരയ്ക്ക് ഒരു സ്ക്കൂൾക്കുട്ടി

നാലുമണി കഴിഞ്ഞ്
ഒരെട്ടുമണിക്കൂറെങ്കിലും
ആയിക്കാണും

നട്ടപ്പാതിരയ്ക്ക്
ഒറ്റയ്ക്ക്
ഒരു സ്ക്കൂൾക്കുട്ടി
അതിവേഗത്തിൽ
നടന്നു പോകുന്നു

പുറകേ നടന്നു

സ്ക്കൂൾക്കുട്ടി
വേഗത്തിൽ
നടക്കുന്നു

വേഗത്തിൽ നടന്നു

വഴിവിളക്കിന്റെ
വെളിച്ചമെത്തിയപ്പോൾ
കണ്ടു

കനത്ത മുഖം
മൂന്നടി നാലിഞ്ചിൽ
ഒരു കുള്ളൻ

പുറത്തെ
സഞ്ചിയിലെന്ത്
ഇത്രവേഗത്തിൽ
ഈ പാതിരയ്ക്ക്
നടക്കുന്നതെന്തിനു

സ്ക്കൂൾ വിട്ടത്പോലെ
ഓടിയോടിപ്പോകുന്ന
അയാളുടെ പിന്നാലെ
ബൈക്കിൽ
രണ്ട് പൊലീസുകാർ
ഒഴുകുന്നു


ആരായിരിക്കും
അയാൾ

എന്തിനാണയാൾ
ഈ പാതിരയ്ക്ക്
ഇത്ര തിടുക്കത്തിൽ
നടന്ന് നടന്ന് പോകുന്നത്

വഴിവിളക്കുകൾ
ഇല്ലായിരുന്നുവെങ്കിൽ
ആ സ്ക്കൂൾക്കുട്ടിക്ക്
ഒരിക്കലും
കനത്ത മുഖം
ഉണ്ടാകുമായിരുന്നില്ല
അല്ലേ 

വഴിവിളക്കുകളെല്ലാം
കെട്ടാൽ
ആ സ്ക്കൂൾക്കുട്ടി
തിരികെ
വരുമോ