ശനിയാഴ്‌ച, സെപ്റ്റംബർ 28, 2013


വെളുത്ത പട്ടി


വെളുത്ത കാറുകൾ കണ്ടാൽ
ചെകുത്താൻ കുരിശുകണ്ടമാതിരി
പിന്നാലെ പാഞ്ഞ് തോറ്റ്
മോങ്ങി മോങ്ങിക്കരഞ്ഞ്
പിൻ വാങ്ങുന്ന
ഒരൊറ്റക്കാലൻ പട്ടിയുണ്ട് നാട്ടിൽ

രാത്രി വൈകി വരുമ്പോൾ
ചിലപ്പോഴൊക്കെ അവനെ കാണും
വെളുത്തതല്ലാത്ത എന്റെ കാറിനെ
വെറുതെ വിടുന്നതായി പലകുറി
പറയാതെ പറഞ്ഞിട്ടുണ്ട് അവൻ

വെളുത്ത ഒറ്റക്കാലൻ
പട്ടിയാകുന്നതിനും മുൻപ്
കുറെ കുറെ മുൻപ്
അവൻ
ഒരു വെളുത്ത പട്ടിക്കുട്ടനായിരുന്നു
പ്രിയപെട്ട വളവിൽ
ഓടിയും ചാടിയും പറന്നും
പറപറന്നും നടന്ന
ഒരു വെളുത്ത പഞ്ഞിക്കുട്ടൻ
ഒരു കുഞ്ഞനപ്പൂപ്പൻതാടി

അപ്പൂപ്പൻ താടികളെ
വണ്ടിമുട്ടാൻ പാടില്ല എന്ന നിയമം
നടപ്പിലാവാത്ത
ഒരു നാടായിരുന്നു ഞങ്ങളുടേത്

ഏതോ ഒരു സന്ധ്യയിൽ
ഒരു വെളുത്ത കാർ
ഇടിച്ചിട്ട് പോയതാണവനെ



ഓരോ തവണയും
ആ വളവിലൂടെ
ഓരോ വെളുത്ത കാർ വരുമ്പോഴും
ഒറ്റക്കാൽ വച്ച്
അവൻ പുറകെയോടും
ചിലപ്പോൾ തൊടും
മോങ്ങിമോങ്ങിക്കരഞ്ഞ്
പിൻ വാങ്ങി
കണ്ണടച്ച് കിടക്കും

തുടക്കത്തിൽ
ഒരു തെറ്റായ ഉപമ പറഞ്ഞതിനു ക്ഷമിക്കണം
ചെകുത്താൻ കുരിശു കാണുന്നതുപോലെയല്ല

ഒരു പട്ടിജീവിതം
ഒറ്റക്കാലിലേക്ക്
പരുവപ്പെടുത്തിയ
നിർത്താതെ പോയ
ആ വെളുത്ത കാറിനോട്
ആ വെളുത്ത പട്ടിക്ക്
ആ പഴയ കുഞ്ഞനപ്പൂപ്പൻതാടിക്ക്


മറ്റെന്തെക്കൊയോ ഉണ്ട്