വെളുത്ത കാറുകൾ കണ്ടാൽ
ചെകുത്താൻ കുരിശുകണ്ടമാതിരി
പിന്നാലെ പാഞ്ഞ് തോറ്റ്
മോങ്ങി മോങ്ങിക്കരഞ്ഞ്
പിൻ വാങ്ങുന്ന
ഒരൊറ്റക്കാലൻ പട്ടിയുണ്ട് നാട്ടിൽ
രാത്രി വൈകി വരുമ്പോൾ
ചിലപ്പോഴൊക്കെ അവനെ കാണും
വെളുത്തതല്ലാത്ത എന്റെ കാറിനെ
വെറുതെ വിടുന്നതായി പലകുറി
പറയാതെ പറഞ്ഞിട്ടുണ്ട് അവൻ
വെളുത്ത ഒറ്റക്കാലൻ
പട്ടിയാകുന്നതിനും മുൻപ്
കുറെ കുറെ മുൻപ്
അവൻ
ഒരു വെളുത്ത പട്ടിക്കുട്ടനായിരുന്നു
പ്രിയപെട്ട വളവിൽ
ഓടിയും ചാടിയും പറന്നും
പറപറന്നും നടന്ന
ഒരു വെളുത്ത പഞ്ഞിക്കുട്ടൻ
ഒരു കുഞ്ഞനപ്പൂപ്പൻതാടി
അപ്പൂപ്പൻ താടികളെ
വണ്ടിമുട്ടാൻ പാടില്ല എന്ന നിയമം
നടപ്പിലാവാത്ത
ഒരു നാടായിരുന്നു ഞങ്ങളുടേത്
ഏതോ ഒരു സന്ധ്യയിൽ
ഒരു വെളുത്ത കാർ
ഇടിച്ചിട്ട് പോയതാണവനെ
ഓരോ തവണയും
ആ വളവിലൂടെ
ഓരോ
വെളുത്ത കാർ വരുമ്പോഴും
ഒറ്റക്കാൽ വച്ച്
അവൻ പുറകെയോടും
ചിലപ്പോൾ തൊടും
മോങ്ങിമോങ്ങിക്കരഞ്ഞ്
പിൻ വാങ്ങി
കണ്ണടച്ച് കിടക്കും
തുടക്കത്തിൽ
ഒരു തെറ്റായ ഉപമ പറഞ്ഞതിനു ക്ഷമിക്കണം
ചെകുത്താൻ കുരിശു കാണുന്നതുപോലെയല്ല
ഒരു പട്ടിജീവിതം
ഒറ്റക്കാലിലേക്ക്
പരുവപ്പെടുത്തിയ
നിർത്താതെ പോയ
ആ വെളുത്ത കാറിനോട്
ആ വെളുത്ത പട്ടിക്ക്
ആ പഴയ കുഞ്ഞനപ്പൂപ്പൻതാടിക്ക്
മറ്റെന്തെക്കൊയോ ഉണ്ട്
8 അഭിപ്രായങ്ങൾ:
കറുത്ത കാലുള്ള വെളുത്ത കാറ്
ആ വെളുത്ത പട്ടിയുടെ കയ്യിൽ കിട്ടിയാൽ മൂന്നു ടയറിന്റെ കാറ്റ് അവൻ അഴിച്ചു വിടും
പാവം പട്ടിയാണേ......
വെളുപ്പ് ഒരു നിശ്ശബ്ദ ഭീകരതയെ ഉള്ളില്‍ പേറുന്നുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരുപക്ഷെ, കൃത്രിമത്വം കൂടുതല്‍ അതിലായതുകൊണ്ടാകണം. എന്തായാലും, ഈ പട്ടിക്ക് തന്നെ അപായപ്പെടുത്തിയതിനെ കുറിച്ച് വിവരമുണ്ട്. പലപ്പോഴും തന്റെ ശത്രുവാരെന്നറിയാതെ വെളുപ്പിനെ ആഗ്രഹിക്കുന്നവരാണ് അധികവും.
ആട്ടെ, എന്തുകൊണ്ടായിരിക്കും പൂര്‍വ്വ ഓര്‍മ്മയില്‍ അതൊരു അപ്പൂപ്പന്‍ താടിയായത്. ? ഞാന്‍ കരുതുന്നത് ഇതൊരു കറുത്ത പട്ടിയായിരുന്നിരിക്കണം. വെളുപ്പാണ് എല്ലാമെന്ന വ്യാജവാദത്തിന് ഈ കറുത്ത പട്ടിയും അടിമപ്പെട്ടിരിക്കാം. ലോകത്തെ എല്ലാ പട്ടികളും ഇങ്ങനെ വഞ്ചിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും.? എല്ലാ വളവിലും തിരിവിലും കടവിലും കടയിലും ഇതേ കാറ് ഒടിക്കയറുന്നത് ഇന്ന് സാധാരണമാണ്. എപ്പോഴെങ്കിലും പട്ടികള്‍ ഒന്നിച്ചു കുരക്കുമായിരിക്കും.:)
ഓടിപ്പിക്കുകയോ പേടിപ്പിക്കുകയോ അല്ല, കുരച്ചു കുരച്ച് പ്രതിഷേധം പ്രകടിപ്പിക്കുകയാണത്..
പട്ടികള്‍ക്കും തിരിച്ചറിവുകള്‍ നഷ്ടപ്പെടാതിരിക്കട്ടെ
'ചിലപ്പോൾ തൊടും
മോങ്ങിമോങ്ങിക്കരഞ്ഞ്
പിൻ വാങ്ങി
കണ്ണടച്ച് കിടക്കും"
ഇങ്ങനെ ഒരു പ്രതിഷേദത്തിന് ശേഷം ശാന്തമായി കണ്ണടച്ചുകിടക്കാൻ ചവറ്റുകൊട്ടയല്ലാത്ത മനസ്സുള്ള അവന് മാത്രമല്ലേ കഴിയൂ
വെളുപ്പാണ് എല്ലാം എന്ന വാദം എനിക്കില്ല കേട്ടോ ..പക്ഷെ എന്റെ കറുത്ത മകള്‍ക്ക് അത് വല്ലതെയുണ്ട് എല്ലാവരെയും പോലെ .എത്ര പറഞ്ഞിട്ടും അത് ഉള്‍ക്കൊള്ളാത്ത ആ കുഞ്ഞ് ഹൃദയ വേദനയ്ക്ക് മുന്നില്‍ ചിലപ്പോഴെങ്കിലും വെളുപ്പിനെ ഞാനും മൂഡമായ് എല്ലാം എന്ന് വിശ്വസിക്കേണ്ടി വരുന്നു ....
അഭിനന്ദനങള്‍ ....
കവിതയെ അപഗ്രഥിച്ച് വിയർക്കാൻ വയ്യ. നാമൂസിന്റെ കമന്റ് പ്രത്യേകിച്ചും മറ്റു കമന്റുകളും വായിച്ച് കവിതയുടെ ഉള്ളു കള്ളികൾ മനസിലാക്കുന്നു. ആശംസകൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ