ശനിയാഴ്‌ച, ഒക്‌ടോബർ 12, 2013


ഇത്തിക്കണ്ണിയും മരവും

അൽപ്പന്മാരും
ഭാവനാശൂന്യരും
ക്രൂരന്മാരുമായിരുന്നു
ഭാഷയിൽ എന്റെ പൂർവ്വികർ

കാടുകയറുന്നു
കാട്ടുമൂല
കാട്ടുനീതി
വെട്ടിവെളുപ്പിച്ച് തന്നെ
അവരെഴുതി

അതൊക്കെ പോകട്ടെ
ഇത്തിക്കണ്ണിയെ
ഇത്തിക്കണ്ണിയെന്ന്
വിളിച്ചതിലാണു ഏറെ സങ്കടം

^

ഇത്തിക്കണ്ണി
മാംസത്തിന്റെ മാംസം ,മജ്ജയുടെ മജ്ജ, ആത്മാവിന്റെ ആത്മാവ്. കെട്ടിപ്പിടിക്കുന്നു. ഉടലിനെ പൊതിയുന്നു. വരിഞ്ഞുമുറുക്കുന്നു. ഉമ്മ കൊടുക്കുന്നു. മുല കുടിക്കുന്നു. മടിയിൽ കിടക്കുന്നു. മാറത്ത് കുഞ്ഞുകാലാൽ ചവിട്ടുന്നു. ഇളംചോപ്പാർന്ന തൊണ്ണുകാട്ടി ചിരിക്കുന്നു. ആഴത്തിലേക്ക് കയറുന്നു. പറ്റിച്ചേരുന്നു. ഇഴുകിയൊന്നാവുന്നു. ഒരു ശരീരം. ഒരാത്മാവ്

ഇത്തിക്കണ്ണിയില്ലാത്ത മരം
മരമില്ലാത്ത ഇത്തിക്കണ്ണി

^

വിശാലമനസ്ക്കരും
ഭാവനാശാലികളും
ദയാലുക്കളുമായിരിക്കും
ഭാഷയിൽ എന്റെ പിൻഗാമികൾ

പരത്തി പരത്തി നുണ പറയുന്നതിനെ
അവർ നാടുകയറുന്നു എന്ന് പറയും
ആർത്തിയും പകയും നിറഞ്ഞവർ
ഓടിച്ചെന്ന് ക്യൂ നിൽക്കുന്നിടത്തെ
നാട്ടുമൂലയെന്ന് വിളിക്കും
മനുഷ്യരേയും മ്യഗങ്ങളേയും ഒന്നാക്കുന്നതിനെ
നാട്ട്നീതിയെന്ന് ഉപമിക്കും
വെളുപ്പിക്കുകയെന്നാൽ
ഇല്ലാതാക്കലാണു എന്നെഴുതും

ഉറപ്പായും
ഇത്തിക്കണ്ണിയെ

ഇത്തിക്കണ്ണിയെന്ന് വിളിക്കും

3 അഭിപ്രായങ്ങൾ:

ബൈജു മണിയങ്കാല പറഞ്ഞു...

ക്വോട്ടേഷൻ റെഡി ആണ് അത് ഭാഷക്കിട്ടു വേണോ പിന്ഗാമിക്ക് വേണോ മുന്ഗാമികൾക്ക് ഭാഷ ഇതിനോടകം തന്നെ ക്വോട്ടേഷൻ കൊടുത്തു കൊണ്ട് പോയത് സമാധാനം ആയി

ajith പറഞ്ഞു...

ഇത്തിക്കണ്ണിയെപ്പിന്നെ മത്തിക്കണ്ണീന്നാ വിളിക്ക്യാ....??!!

Philip Verghese 'Ariel' പറഞ്ഞു...

athe athe
athine ppinne
angane thanne vilikkaam
kollaam
ishtaatyi
Yezhuka
ariyikkuka
aahsamsakal