ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013


വർഗ്ഗീസിനു വീടില്ല

വർഗ്ഗീസിനു വീടില്ല
ഓഫീസിലാണു താമസം
യേശുവിന്റെ സ്വന്തം ആളാണു
കഴുത്തിൽ ഒരൊത്ത കൊന്തയുണ്ട്
അതിനൊത്ത മരക്കുരിശും
പണിയില്ലാത്ത ദിവസങ്ങളിൽ
പറമ്പിലായിരിക്കും
മരങ്ങളോടെന്തോ കാര്യമായ ശത്രുതയുണ്ട്
കണ്ണിൽ പെട്ടാൽ പണിതീർന്നു

നമ്മുടെ യേശുവിനെ മരത്തിൽ
തറച്ചിതിനാണോ നിനക്കിത്ര കേടെന്ന്
ഒരിക്കൽ ചോദിച്ചിട്ടുണ്ട്
അക്കേഷ്യയിൽ നിന്ന് ശ്വാസം മുട്ട്
കലശിൽ നിന്ന് ചൊറിയാമ്പുഴു...
എന്റെ ചേട്ടാ, നിങ്ങളെക്കാൾ മരങ്ങളോടെനിക്കാണു
സ്നേഹമെന്നവൻ ഇടയ്ക്കിടെ പറയും

വർഗ്ഗീസ് വെട്ടിയിട്ട മരങ്ങളിലെ
കിളികൾ കൂടന്വേഷിക്കുന്നത്
പല തവണ കണ്ടിട്ടുണ്ട്

ഓഫീസിലേക്കുള്ള വഴികളിലെ
പൊന്തകൾ മുഴുവൻ
വെട്ടിത്തെളിക്കലായിരുന്നു
വർഗ്ഗീസിന്റെ ഇന്നത്ത പണി
എന്തൊരു തെളിച്ചമെന്ന്
സിഗരറ്റ് വലിക്കാൻ ചെന്നപ്പോൾ
അവൻ തെളിച്ചപ്പെട്ടിരുന്നു

പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞ്
വർഗ്ഗീസ് വെട്ടിത്തെളിച്ച വഴിയിലൂടെ
കാറോടിക്കുകയാണു
ഹെഡ് ലൈറ്റ് വെളിച്ചത്തിൽ

ഒരു മുയൽ അതിന്റെ പൊന്ത
തെരഞ്ഞുകൊണ്ടോടി നടക്കുന്നു


തിങ്കളാഴ്‌ച, സെപ്റ്റംബർ 02, 2013


ഗോസ്റ്റ് ഓഫ് സ്മാൾ തിംഗ്സ് / Ghost Of Small Things


കുഞ്ഞുമുറിവുകൾ ചാലുകീറിയ മണ്ണിൽ
കാന്താരിമുളകിന്റെ വിത്തുകൾ പാവുന്നു

നീറി നീറി മുളച്ചവരവർ
വെയിലത്ത് പൊട്ടിച്ചിതറുന്നു
മുളയ്ക്കാത്ത എരിവുകൾ കൊത്തി
കാക്കകൾ കിണറുകൾ തിരഞ്ഞ് പറന്ന് പോകുന്നു
കൂട്ടത്തിലൊന്നിന്നെ അമ്മിയിലരയ്ക്കുന്നു അമ്മ

പിന്നെയും
പൂവിട്ട് പൂവിട്ട് കായിട്ട് അവർ കത്തിയെരിഞ്ഞു നിൽക്കുന്നു

മുറിവുകളുടെയും മുളകുകളുടെയും പ്രേതം
ഒന്നെരിഞ്ഞ് രണ്ടെരിഞ്ഞ്
ബാക്കിയായ മുളകുകളുമായി
ചന്തയിലേക്ക് പോകുന്നു

ചന്തയിൽ
വലിയ വലിയ ചോരച്ചാലുകളിൽ
പ്രാണൻ പിടഞ്ഞ തടങ്ങളിൽ
മുളച്ച് വളർന്ന ചെമന്ന ചെമന്ന മുളകുകൾ
അവയുടെ ചൊമചൊമന്ന വിലവിവരപ്പട്ടികകൾ
അവയെ ഏറ്റുന്ന ചുമട്ടുകാർ
ചുവന്ന ഇറക്കു/കയറ്റു കൂലികൾ

താഴ്ത്തി,താഴ്ത്തി
പറഞ്ഞിട്ടും
എരിവുള്ള മുളകേ, എരിവുള്ള മുളകേയെന്ന് ഉയർത്തിപ്പറഞ്ഞിട്ടും
ആരും എരിഞ്ഞുനോക്കാത്ത വിലയേ

കുഞ്ഞുമുറിവുകൾ ചാലുകീറിയ മണ്ണിൽ
കാന്താരിമുളകിന്റെ വിത്തുകൾ പാവുന്നുണ്ട്
ഇപ്പോഴും, എരിവിന്റെ അളവ് യന്ത്രം
സ്വന്തമായി ഇല്ലാത്ത ഒരാൾ

ഒരു കുഞ്ഞനാത്മാവ്



(Ghost Of Small Things  - ഹരിശങ്കരനശോകൻ കുഴൂർ വിത്സന്റെ കവിതകളെക്കുറിച്ച് എഴുതിയ പ്രയോഗം
ഇത് സെപ്തംബർ, ഇത് എന്റെ മാസമാണു. എന്റെ മാത്രം)
 

ശനിയാഴ്‌ച, ഓഗസ്റ്റ് 31, 2013


ഉളിമരം

പൊറുക്കാത്ത മുറിവിനു
വൈദ്യൻ തന്ന കുറിയിൽ
പുളിയിലയിട്ട് തിളപ്പിച്ച വെള്ളം 
അതിനു പുളിയില 
പുളിയിലക്ക് പുളിമരം

പറമ്പായ പറമ്പൊക്കെ അളന്നു
അയലത്തെ പറമ്പും
മൂന്നാമത്തെ അടിയ്ക്കായി
ഓർമ്മയിലെ പറമ്പ്

അതാ മുറ്റത്തെ ആ പുളിമരം


നിന്റെയോർമ്മയിൽ
എന്റെയോർമ്മയല്ലാതെ
ഒന്നുമേ മുളയ്ക്കരുതെന്ന്
ആയത്തിൽ വീശിയ

ഉളിമരം



ചിത്രം- നൈജിൽ


---------------



സങ്കടങ്ങളുടെ തമ്പുരാനാണെങ്കിൽ കരഞ്ഞ് കരഞ്ഞ് കരഞ്ഞ്
കരഞ്ഞ് കരഞ്ഞ് കരഞ്ഞ് കരഞ്ഞ് 
കരഞ്ഞ് കരഞ്ഞ് കരഞ്ഞ് 
കരഞ്ഞ് കരഞ്ഞ് 
കരഞ്ഞ്

ആഹ്ലാദങ്ങളുട തമ്പുരാനാകട്ടെ ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച് ചിരിച്ച്
ചിരിച്ച് ചിരിച്ച് ചിരിച്ച് 
ചിരിച്ച് ചിരിച്ച് 
ചിരിച്ച്

ഒരു വഴിക്കായി

ബുധനാഴ്‌ച, ഓഗസ്റ്റ് 28, 2013


ആട്ടിൻപറ്റവും ആട്ടിടയനും

ധർമ്മപുരിയിൽ നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള വഴിയിൽ
പുളിമരങ്ങൾക്ക് നടുവിൽ
അതാ ഒരാട്ടിൻ പറ്റം

തലകുലുക്കി
തുള്ളിച്ചാടി
തലങ്ങും വിലങ്ങും
ഒരാളതാ ഒരാട്ടിൻ പറ്റമാകുന്നു
കറുത്തകുഞ്ഞാടും
കടലാസു തിന്നുന്ന തള്ളയാടും
കൂട്ടത്തിലൊന്നിനെ ഇടിക്കുന്ന മുട്ടനാടുമായി മാറുന്നു

അതാഒരാളായി മാറിയ ഒരാട്ടിൻപറ്റം

നീയിത് എവിടെയാണെന്ന്
ആട്ടിൻ പറ്റം കരയുന്നു
ബേ ബെയെന്നു കളിയാക്കുന്നു
അയവിറക്കിയ തുപ്പലാൽ ചെവിയിൽ തൊടുന്നു

ആ ആട്ടിൻപറ്റത്തിനു അരികിലായി
മുറിഞ്ഞ വലതുകാൽ ഏന്തിവലിച്ച്
ആകാശത്തേക്ക് നോക്കി
മന്ദിച്ചു നിൽക്കുന്ന ആട്ടിടയനായിരുന്നു മറ്റേയാൾ

ഒരിക്കൽ ആട്ടിൻപറ്റമായിരുന്നതിന്റെ ഓർമ്മയായിരുന്നു അയാൾ

അയാളുടെ ഓരോ വഴികളിലൂടെയും ഒരായിരം
ആട്ടിൻ പറ്റങ്ങൾ തുള്ളിച്ചാടി പോകുന്നു
നല്ല ഇടയനൊന്നുമല്ലാഞ്ഞിട്ടും
ഇടയ്ക്ക് വീണ ഒരാട്ടിൻ കുട്ടിയിൽ തട്ടി നിന്ന് പോയവൻ
കാലു വെന്ത ഒരു മുട്ടനാടിന്റെ ഫോട്ടോസ്റ്റാറ്റ്
ഗർഭിണിയായ ഒരു തള്ളയാടിന്റെ വയറ്റിൽ കിടന്ന് അയാൾ ഉറങ്ങുന്നു

ആകാശത്തൂടെ പറന്ന് പോകുന്ന
ഓരോ കിളികളും തന്റെ കാണാതായ
ആട്ടിൻ കുട്ടികളാണെന്ന് സങ്കടപ്പെടുന്നു
കാക്കകളേയും മൈനകളേയും തത്തകളേയും
പൂത്താങ്കീരികളേയും മാടി മാടി വിളിക്കുന്നു
കിളികളാകട്ടെ വേടനെ കണ്ട പോൽ പേടിച്ച് പറക്കുന്നു
അയാളുടെ കയ്യിലെ വടി ,
നിലത്ത് കുത്തിയ അമ്പാണെന്ന് അവിശ്വസിക്കുന്നു
ആകാശത്തിലെ തടാകങ്ങളിൽ  വീഴല്ലേയെന്ന
അയാളുടെ പ്രാർത്ഥനയെ മേഘങ്ങൾ തടഞ്ഞുവക്കുന്നു

ധർമ്മപുരിയിൽ നിന്നും
ക്യഷ്ണഗിരിയിലേക്കുള്ള വഴിയിൽ
പുളിമരങ്ങൾക്ക് നടുവിൽ
അതാ ഒരാട്ടിൻ പറ്റം

അതാ ഒരാട്ടിടയൻ




വെള്ളിയാഴ്‌ച, ഓഗസ്റ്റ് 23, 2013


മഡുതയിൽ സ്നേഹം


ഭാഷയിൽ ഗവേഷണം നടത്തുന്ന കൂട്ടുകാരിയുണ്ട്
ഒരു ദിവസം വിളിച്ചപ്പോൾ മഡുത ഭാഷയെക്കുറിച്ച് പ്രബന്ധം തയ്യാറാക്കുന്ന തിരക്കിലായിരുന്നു
ഒരു കൗതുകത്തിനു സ്നേഹത്തിനു മുഡുതയിലെന്തെന്ന് ചോദിച്ചു
പാശമെന്നവൾ പറഞ്ഞു
പാശമെന്നാൽ കയറല്ലേയെന്ന് മലയാളത്തിൽ ശങ്കിച്ചപ്പോൾ
തമിഴിലും പാശം ഇഷ്ടമെന്ന് ഗവേഷക
ചുമ്മാതല്ല സ്നേഹവും കയറും ഇടക്കിടെ കണ്ടുമുട്ടുന്നത് 
വരിഞ്ഞുമുറുക്കുന്നത്
തൂങ്ങിയാടുന്നത്

ഞായറാഴ്‌ച, ഓഗസ്റ്റ് 18, 2013


ചിറകുള്ള കുറെ കവിതകൾ


1

പറന്ന് പോകുന്ന ഉത്തരങ്ങൾ 

ബലിച്ചോറുണ്ണുന്ന കാക്കേ,
നീ മരിച്ചാൽ ആരു ബലിയിടും
ആ ഉരുള ആരുണ്ണും

ഉത്തരം
പറന്നു
പറന്നു
പറന്നു പോകുന്നു 


പുള്ള്

ഇലകൾ പൊതിഞ്ഞ മരത്തെ അപ്പാടെ
ഒരു കൂടാക്കി, ലോകത്തെ പുറത്താക്കി
ഒരു പുള്ളിരിക്കുന്നു

എങ്കിലും പുള്ളേ, ഒരു പാട്ടുപാടെന്ന് തോണ്ടുന്നു
കാറ്റിന്റെ വിരലുകൾ

നോക്കി നോക്കി നിൽക്കേ കഷ്ടം തോന്നി
എനിക്കെന്നോട്

3
ഒറ്റയ്ക്കൊരു മൈന

അതാ ഒറ്റയ്ക്കൊരു മൈന

ഒന്ന് പോ മൈനേ
പോയി കൂട്ടുകാരിയേയും കൊണ്ട് വാ
ഒറ്റയ്ക്കൊന്നിനെ കണ്ടാൽ
കൊള്ളില്ലെന്നാണു

ഒന്ന് പോ മനുഷ്യാ
നിങ്ങളും ഒറ്റയ്ക്കല്ലേ

ഒറ്റയ്ക്കൊരു മൈന
ഒറ്റയ്ക്കൊരു മനുഷ്യൻ
ഹാ, ഒറ്റയ്ക്കായതിനെ പറ്റി
നിങ്ങൾക്ക് കവിതയെങ്കിലുമെഴുതാം
വേറെ പണിയുണ്ട്

മൈന പറന്നു പോയി

 
വിമാനം

ഇക്കുറി വിമാനമാണു
അത് ആകാശത്തുകൂടെ
പറന്ന് പറന്ന് പോകുന്നു

അതൊരു പക്ഷിയല്ലല്ലോ
പിന്നെയെന്തിനു സങ്കടം

മരിച്ചുപോയവരുടെ  ചിറകുകൾ
ചേർന്നുണ്ടായതോ വിമാനം

എന്നെയുപേക്ഷിച്ച് പോകുന്നവർ കൂട്ടമായ്
പക്ഷിരൂപം ധരിച്ച്
പറന്ന് പറന്ന് പോകുന്നതോ

ശനിയാഴ്‌ച, ജൂലൈ 20, 2013


കടി

നാലുവയസ്സാണവൾ അമ്മിണിക്ക്
അപ്പ അമ്മ ,അമ്മൂമ്മയന്നംകുട്ടി
തൊട്ടാൽ മതി കടി തുടങ്ങും ചന്നം പിന്നം

ദാ അവിടെ ഇവിടെയെന്ന്
കൈകൂടെ കൊണ്ട് പോയ് നട്ടം തിരിക്കും
മാന്ത് മാന്തെന്നവൾ കുഞ്ഞ്നാവാൽ ഭീഷണിപ്പെടുത്തവേ

വിരലുകൾ കുഴയും വരെ ,അല്ലെങ്കിൽ
അവളുറം പിടിക്കും വരെ
പൊറുതിയില്ല കൈകൾക്ക്

പറ്റിച്ചേർന്ന് കിടക്കും നേരം ദാ ഇവിടെ അവിടെയന്നവൾ
എന്തൊരു കടിയാണിവൾക്കെന്ന്
അവളുടെയമ്മ പുറംതിരിഞ്ഞ് കിടക്കവെ

സങ്കടം സഹിക്ക വയ്യാഞ്ഞ്
തുരുതുരാ സിഗരറ്റ് വലിച്ചൊരപ്പന്റെ
കള്ളക്കരച്ചിലാകാമിത്

അന്നത്തെ രാത്രിയിൽ മാന്തിമാന്തിപ്പൊളിക്കവേ
കടി മാറാനല്ലേ പെണ്ണേയെന്ന്
പറഞ്ഞിട്ടുണ്ടാകുമോ അവരപ്പോൾ 

വ്യാഴാഴ്‌ച, മേയ് 09, 2013


സാറാസ് തേപ്പ്കട

തേപ്പിനു 
തെറിയെന്ന്
അർത്ഥമുള്ള
നാടുകളുണ്ടത്രെ

ആ നാടുകളിലെ ഒരാൾ
ആലുവ പെരുമ്പാവൂർ റൂട്ടിൽ
ഒരിക്കൽ
കെ എസ് ആർ ടി സി ബസിലൂടെ
പോയാൽ

ആ വളവും കഴിഞ്ഞ്
ആ സൈക്കിൾകടക്ക്
തൊട്ടിപ്പറത്തെയുള്ള
തേപ്പുകട കണ്ടാൽ
സാറാസ് തേപ്പുകടയെന്ന
ബോർഡ് വായിച്ചാൽ

ഹയ്യോ ഇതെന്ത്
തെറിക്കും ഒരു കടയോ
എന്ന് അത്ഭുതപ്പെട്ടാൽ
ദൈവമേ
തെറിക്കട തെറിക്കടയെന്ന്
ആശ്ചര്യപ്പെട്ടാൽ

തേപ്പിനു
തെറിയെന്ന്
അർത്ഥമുള്ള
ആ നാട്ടുകാരന്റെ അത്ഭുതവും
ആശ്ചര്യവും
ആ തേപ്പുകാരൻ കണ്ടാൽ

എന്തായിരിക്കും

നമ്മൾ വിചാരിക്കുന്ന
പോലെയൊന്നുമല്ല കാര്യങ്ങൾ
എന്ന് ആ നാട്ടുകാരനും
നമ്മൾ എഴുതിവക്കും പോലെയല്ല
നാട്ടുകാരുടെ വിചാരങ്ങളെന്ന്
ആ തേപ്പുകടക്കാരനും
നെടുവീർപ്പിട്ടാൽ

എനിക്കൊന്നും ചെയ്യാനില്ല

സാറാസ് തേപ്പ്കട
എന്നെഴുതുകയല്ലാതെ

ഞായറാഴ്‌ച, മേയ് 05, 2013


കണ്ണുനീർത്തുള്ളിയുടെ ഉപമ തെറ്റിയിട്ടില്ല

വേദനിച്ചപ്പോൾ 
ഞാൻ എന്റെ പെണ്ണിനെയോർത്ത് കണ്ണുകളടച്ചു
അവളാകട്ടെ
കുടുകുടാ കുതറി
കവിളുകളിലൂടെ ഒഴുകി
മുറിഞ്ഞിടത്തെല്ലാം തഴുകി
ചുണ്ടുകളിൽ തന്നെയെത്തി

ശരിയാണു
ഉപ്പും കൂട്ടിത്തന്നെയാണു വേദനയും തിന്നേണ്ടത്

വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2013


ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ

ഇന്ന് ഞാൻനാളെ നീയെന്ന ലോകപ്രശസ്തവാചകം സ്വന്തം 
കല്ല്യാണക്കുറിയിൽ അച്ചടിച്ചവന്റെ പേരു ആന്റപ്പൻഎന്നായിരുന്നു

ആന്റപ്പാആന്റപ്പാ ഇതെന്തിന്റെ കേടാണെന്ന് ചോദിച്ചവരൊക്കെ ശബ്ദം
തീരെയില്ലാത്ത ആ ചിരിയുടെ മറുപടികൊണ്ടു

അവനവന്റെജീവിതത്തിലൂടെ അല്ലാതെ ഒരു ഉദ്ധരണിയും 
ഉദ്ധരിക്കപ്പെടുന്നില്ല എന്നതായിരുന്നു  ആ ചിരിയുടെ മലയാളം

അത്ര ഇമ്പമില്ലെങ്കിലുംഇന്ന് ഞാൻ നാളെ നീയാന്റപ്പൻ എന്ന വിളിപ്പേരു
അന്ന് മുതൽ അവനു കിട്ടിയെന്നതും നേരു

ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പോർക്കും പോത്തും കഴിച്ചു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
കവറിൽ നല്ല നല്ല കാശുകൾ കൊടുത്തു
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
പെണ്ണിന്റെ കുറ്റവും കുറവും പറഞ്ഞു.
ഇന്ന് ഞാൻനാളെ നീയാന്റപ്പന്റെ കല്ല്യാണത്തിനു പോയവരൊക്കെ 
നീയെത്ര ഭാഗ്യവാൻ ഞാനെത്ര ഭാഗ്യവാൻഎന്ന പാട്ട് കുറച്ച് കൂടി 
ഉച്ചത്തിൽ വയ്ക്കാൻ മൈക്ക് സെറ്റുകാരനോട് പറഞ്ഞു

അതിനും മുൻപ്പള്ളിയിൽ വച്ച് ഒരു കുഞ്ഞ് കാര്യമുണ്ടായി.കുഴിവെട്ടുകാരനായ ആന്റപ്പനെ കണ്ടപാടെ കല്ല്യാണം മറന്ന കപ്യാർ ആരാ മരിച്ചതെന്ന്പോലും ചോദിക്കാതെ ആരെങ്കിലും മരിക്കുമ്പോൾ മാത്രം അടിക്കുന്ന താളത്തിൽ പള്ളിമണിയടിച്ചു.അത് കേട്ട വന്ന വല്ല്യച്ചൻ ഓടിയോടി വന്ന് മരിച്ചവർക്കുള്ള ചെറിയ ഒപ്പീസിന്റെബുക്കെടുത്ത് മഴപെയ്യുമ്പോൾ വയലുകളിൽ വിത്തുകൾ പൊട്ടി മുളയ്ക്കുന്നു എന്ന പാട്ട് പാടി.അത് കേട്ട് ക്വയറിലെ പെൺകുട്ടികൾ കാഹളനാദം കേൾക്കുമ്പോൾ മ്യതരിൽ ജീവനുദിക്കുന്നുഎന്ന് ബാക്കിയും പാടി അഗാധത്തിൽ നിന്ന് കർത്താവേ നിന്നെ ഞാൻ വിളിക്കുന്നു എന്ന ഗദ്യഭാഗത്തിലേക്ക്പോയി. അത് കണ്ട് കുർബ്ബാനക്ക് കൂടുന്ന ചെക്കൻ മരിച്ചവർക്ക് കത്തിക്കുന്നമെഴുതിരിയും ചന്ദനത്തിരിയും കത്തിച്ചു. (ഇത് വരെ ശരിക്ക് മരിക്കാത്തനീയെന്നെ ഇന്ന് രാത്രി കൊല്ലില്ലേയെന്ന കല്ല്യാണപ്പെണ്ണിന്റെ കുസ്യതിയും അതിനിടക്ക്ഇന്ന് ഞാൻ നാളെ നീയാന്റപ്പന്റെ ചെവിയിലുണ്ടായി) ഏതോ മരിച്ച വീട്ടിൽറീത്തായിപ്പോകേണ്ട പൂക്കളാണു നെഞ്ചിൽ മാലയായി കിടക്കുന്നതെന്ന് അറിയാമായിരുന്ന ഇന്ന്ഞാൻ നാളെ നീയാന്റപ്പൻ ശബ്ദമില്ലാത്ത പ്രശസ്തമായ ആ ചിരി ചിരിച്ചു

ബുധനാഴ്‌ച, ഏപ്രിൽ 03, 2013


തങ്കപ്പൻ (45) ഉറങ്ങിപ്പോയി



ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞുനടന്നിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു.

ഒരു ദിവസം അയാളുടെ കയ്യിൽ ഒറ്റപ്പൈസയും ഇല്ലായിരുന്നു
അന്ന് 5 മണിക്ക് മുൻപ് 12,200 രൂപ ബാങ്കിൽ അടച്ചില്ലെങ്കിൽ അയാളുടെ അവശേഷിക്കുന്ന മുഴുവൻ അടക്കാ മരങ്ങളും പിറ്റേ ദിവസം ബാങ്കുകാർ വെട്ടിക്കൊണ്ട് പോകുമായിരുന്നു.
അടക്കാമരങ്ങൾ പോയാൽ അതിൽ പടർന്ന കുരുമുളക് കൊടി, വെറ്റിലകൊടി എന്നിവയും അതിലെ ഉറുമ്പുകളും ചതഞ്ഞരയുമായിരുന്നു. അയാളുടെ മരിച്ച് പോയ ആൺകുട്ടി അവസാനമായി കെട്ടിയ ഒരു കളിവണ്ടിയും അതിലെ ഒരു അടക്കാമരത്തിലായിരുന്നു

അയാളുടെ മൊബൈലിൽ ആണെങ്കിൽ മിസ് കോളടിക്കാനുള്ള പൈസയേ ഉണ്ടായിരുന്നുള്ളൂ

ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന കാര്യം ആവർത്തിക്കാനാവും ഈ മിസ് കോളുകൾ എന്ന് കരുതി അയാളുടെ സൊ കാൾഡ് കൂട്ടുകാർ ആരും തിരിച്ച് വിളിച്ചതുമില്ല. പെന്തക്കോസ്തുകാരനായതിനാൽ ആർ സി യേശുവും മാർത്തോമ്മാ മറിയവും ആ മിസ് കോളുകൾ പുച്ഛിച്ചു

സമയം 12.30
പള്ളിയിൽ ഉച്ചമണിയടിച്ചു

12.31 / 12.32 / 12.33 /12.34 / 12.35 / 12.36 / 12.37 / 12.38 / 12.39 / 12.40 / 12.41
ആ നാട്ടിലെ പണിക്കാരെല്ലാം ഉച്ചപ്പണിയും നിർത്തി, കയ്യും കാലും മുഖവും കഴുകി , ചൂടുള്ള നല്ല കഞ്ഞിയും കഴിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നു അത്

12.42 / 12.43 / 12.44 / 12.45 / 12.46 / 12.47 / 12.48 / 12.49 / 12.50 / 12.51 / 12.52/ 12.53 / 12.54 / 12.55 / 12.56 / 12.57 / 12.58 / 12.59


കോപ്പി പേസ്റ്റ് ആയി ഇങ്ങനെ എത്ര വേണമെങ്കിലും തുടരാം എന്ന് തോന്നാം. തിരുത്തിയാൽ മതിയല്ലോ
എന്തെങ്കിലും കാരണത്തിനു ഇങ്ങനെ ഓരോ നിമിഷവും എണ്ണിയിട്ടുള്ള ഒരാളാണു ഇത് വായിക്കുന്നതെങ്കിൽ നിങ്ങൾ അത് പറയില്ല എന്ന് അയാൾക്ക് ഉറപ്പുണ്ട്. പ്രേമിക്കുന്നവർ വരെ അതൊക്കെ ചെയ്തിട്ടുണ്ട്. എന്നിട്ടല്ലേ
1.01 / 1.02 / 1.03 / 1.04 / 1.05 / 1.06 / 1.07 / 1.08 / 1.09 / 1.10 / 1.11 / 1.12 /1.13 / 1.14 / 1.15 / 1.16 / 1.17

സമയത്തിനൊക്കെ എന്തുമാകാമല്ലോ. അതിനിടയിൽ അയാളുടെ പെണ്മക്കൾ സ്കൂളിൽ നിന്ന് വന്നു. അപ്പാ നമ്മുടെ ചീരകത്തൈ. അപ്പാ നമ്മുടെ കുമ്പളത്തൈ എന്ന പാട്ടും പാടി അടുക്കളയിലേക്ക് പോയി. അവരും കാപ്പി കുടിച്ച് മയങ്ങാൻ കിടന്നു. ഉറക്കം നിരോധിച്ച പാർട്ടിഗ്രാമമായിരുന്നു അത് എന്ന് പിന്നെയും കോപ്പി പേസ്റ്റണോ ? വേണ്ടല്ലോ
4.01 / 4.02 / 4.03 / 4.04 / 4.05 / 4.06 / 4 .07 / 4.08/ 4.09 / 4.10 / 4.11
അഞ്ചുമണിയായില്ല. അതിനു മുൻപ് അയാൾ ഉറങ്ങിപ്പോയി. വാച്ചിൽ നോക്കി നോക്കിയിരുന്നു. ഉറക്കം നിരോധിച്ച ഒരു പാർട്ടിഗ്രാമമായിരുന്നിട്ടും

ആരാടാ ഈ ഉറക്കം. ഈ ഉറക്കം ഏത് നാട്ടുകാരനാടാ, നീ ഏതാടാ മൈരേ എന്ന് വരെ ഉറക്കെ ചോദിച്ച് കൊണ്ടാണു അയാൾ ഉറങ്ങിപ്പോയത്

ഉറക്കം നിരോധിച്ച പാർട്ടിഗ്രാമത്തിൽ ആദ്യമായി ഉറങ്ങിയ ആളായിരുന്നു അയാൾ

നാളെ പത്ത് മണി വരും. സമയത്തിനൊക്കെ എന്തും ചെയ്യാമല്ലോ. ഞാൻ മരിച്ചാൽ ഫ്ലെക്സ് ബോർഡ് വയ്ക്കരുതെന്ന് പറഞ്ഞിരുന്ന ഒരാളാണു ഉറങ്ങിപ്പോയത്

തങ്കപ്പൻ (45)
ഉറങ്ങിപ്പോയി എന്ന് ബോർഡ് എഴുതുകയാണു ഫ്ലെക്സ് കടയിലെ വേറെ ഒരാൾ

വ്യാഴാഴ്‌ച, മാർച്ച് 28, 2013


അല്ല. ഇത് ആദ്യത്തെ സംഭവമൊന്നുമല്ല


കീറിപ്പറിഞ്ഞ ആകാശമെന്ന് ആരെങ്കിലും ഇതിനു മുൻപ് കവിതയിൽ എഴുതിയിട്ടുണ്ടോ എന്നറിഞ്ഞുകൂടാ, ഒരു പക്ഷേ ഞാൻ തന്നെയാകും. അത്രയും ഓർമ്മയും മറവിയും കലർന്ന ഒരു കവിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടതായി ഓർക്കുന്നില്ല. ഉണ്ടെങ്കിൽ തന്നെ അത് മറന്നതാകും.
എന്നിരുന്നാലും തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശമെന്ന് ലോകത്തിൽ ആദ്യമായെഴുതുന്ന കവി ഞാൻ തന്നെയാണു. അല്ലെങ്കിൽ അതിനെ കൊത്തിപ്പറിക്കുന്ന കാക്കകളോട് ചോദിക്കൂ. തടാകത്തിൽ കീറിപ്പറഞ്ഞുകിടക്കുന്ന ആകാശത്തിൽ പറക്കുന്ന പൊന്മാനുകളോട് ചോദിക്കൂ. 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ആലുവ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് കന്യാസ്ത്രീകൾ 
ഒരു ദിവസം ആലുവയിലൂടെ പോകുമ്പോൾ രണ്ട് കന്യാസ്തീകളെ കണ്ടു. ആലുവാ മണപ്പുറത്ത് യേശുവിനു ബലിയിടാൻ പോകുന്ന രണ്ട് പാവം പെണ്ണുങ്ങളായിരുന്നു അവർ. അതിലൊരാൾക്ക് അമ്മയുടെ മുഖച്ഛായയും ഒരാൾക്ക് പള്ളിപ്പറമ്പിലെ കൂട്ടുകാരിയുടെ മുഖവുമായിരുന്നു. പണി തീരാത്ത യേശുവാണു ഞാനെന്ന വി ജി തമ്പിയുടെ വരികൾ ഉറക്കെച്ചൊല്ലിയിട്ടും അവരത് കേൾക്കുന്നുണ്ടായിരുന്നില്ല. അല്ല അവരെന്റെ ആരുമായിരുന്നില്ല. അപ്പോൾ വികലാംഗനായ യേശുവായിരുന്നു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു 
എൻ എ ഡിയിലെ ഒരാശുപത്രിയിൽ ഉറക്കമില്ലാത്ത ആ തടിയൻ ഡോക്ടർക്ക് പകരം ഉറങ്ങുന്ന പണിയായിരുന്നു എനിക്കന്ന്. ഷെമീർ എന്നായിരുന്നു അന്നെന്റെ പേരു.  എത്ര കൂർക്കം വലിച്ചാണു ഞാനാ പണിയെടുത്തിരുന്നതെന്ന് എഴുതി തെളിയിക്കാനാവില്ല. ഇങ്ങനെ അവനവനെ മറന്ന് ആരും എവിടെയും പണിയെടുത്തു കാണില്ല. ആ തടിയൻ ഡോക്ടറുടെ മുല്ലവള്ളിപോലുള്ള ഭാര്യയുടെ ഉരുണ്ട മുലകളോ, മരിച്ചവരെ പോലും ഉയിർപ്പിക്കുന്ന കക്ഷത്തിന്റെ മണമോ (ഗന്ധമെന്ന് പറയണമെന്നുണ്ടായിരുന്നു) എന്റെ പണിയെ ബാധിച്ചിരുന്നില്ല. എന്തിനു മെഴുതിരികൾ പോലുള്ള അയാളുടെ പെൺകുട്ടികൾ തൊങ്കിത്തൊട്ടം കളിച്ചിരുന്നത് എന്റെ പണിയിടമായ കിടക്കവിരിയിലായിരുന്നു. എന്നിട്ടെന്ത് ഒരു ദിവസം സന്ധ്യക്ക് കണ്ണൊന്ന് തുറന്നതിനാണു അവരെന്നെ പിരിച്ച് വിട്ടത്. ഒരു നിലവിളി. അതും പരിചയമുള്ളത്. ശ്വാസം മുട്ടു കൂടിയ മാധവിച്ചോത്തിയെ ആശുപത്രിയിൽ കൊണ്ടുവന്നതായിരുന്നു .കണ്ണ് തുറന്നുവെന്നത് നേരു. ഉറക്കത്തിൽ ഞെട്ടിയുണർന്നതിനു ചരിത്രത്തിലാദ്യമായി ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ട ഷെമീറാണു ഞാൻ 
ഇത് ആദ്യത്തെ സംഭവമൊന്നുമല്ല. നിങ്ങൾക്കറിയാമോ
കേകയിലും കാകളിയിലും ഞാൻ കരഞ്ഞിട്ടുണ്ട്. കളകാഞ്ചിയിൽ തെണ്ടിയിട്ടുണ്ട്. കല്ല്യാണിയിൽ കളവ് പറഞ്ഞിട്ടുണ്ട്. അനുഷ്ഠുപ്പിലും ശാർദ്ദൂലവിക്രീഡിതത്തിലും ചിരിക്കുകയും പൊട്ടിപൊട്ടിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.ശ്ലഥകാകളിയിൽ കൈഭോഗം ചെയ്തിട്ടുണ്ട്. അന്നനടയിൽ ഭോഗിച്ചിട്ടുണ്ട്.നതോന്നതയിൽ ഒഴുക്കിവിട്ടിട്ടുണ്ട്. മഞ്ജരിയിൽ മയങ്ങുകയും മാകന്ദമഞ്ജരിയിൽ മരിക്കുകയും ചെയ്തിട്ടുണ്ട്. മന്ദാക്രാന്തയിൽ വട്ടനായിട്ടുണ്ട്. പേരറിയാത്ത വ്യത്തങ്ങളിൽ പെട്ട് നട്ടം തിരിഞ്ഞിട്ടുണ്ട്. 
ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു  
മുലപ്പാൽ മണക്കുന്ന എന്തോ ഒന്ന്. ഷിന്റോയെന്നോ മറ്റോ ആയിരുന്നു അക്കുറി പേരു. കൊണ്യാക് എന്ന മദ്യം ചിക്കാഗോയിലെ ആ ബാറിൽ നിന്നും കഴിച്ചതിനു ശേഷം പേരുകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട ഒരു അൾത്താരബാലനായിരുന്നു ഞാൻ. ഒരു കുരുവിയുണ്ടായിരുന്നു. അന്നത്തേതിനു ശേഷം കാക്കകളെപ്പോലും കുരുവിയെന്ന് വിളിക്കുന്ന ഒരു ശീലം എന്നിൽ മുളച്ചിരുന്നു. ആ എന്തായാലും ഒരു കുരുവിയുണ്ടായിരുന്നു. ആ കുരുവി വീട് പണിയുകയായിരുന്നു. ചുള്ളിക്കമ്പുകൾ  കുരുവി കൊണ്ട് വരുന്നു. വൈക്കോലിതളുകൾ കൊണ്ട് വരുന്നു. ഫ്ലെക്സിന്റെ മൂല പൊട്ടിയ വാക്ക്. കൊണ്ട് വരുന്നു.കുരുവി ഒരു ചുവന്ന വയർ കൊണ്ട് വരുന്നു. കുരുവി . കൂട് . മരം പി ഒ എന്ന വിലാസത്തിനു ജീവൻ വച്ച് തുടങ്ങുന്നു. ഒരു ദിവസം ഒരാഴ്ച്ച. ഒരു കൊല്ലം. ആ കൊറെക്കാലമെടുത്തു. കുരുവി കൂട് മരം മരം കൂട് കുരുവി. കുരുവീ കുരുവീ നിനക്ക് കുഞ്ഞുങ്ങളൊന്നുമില്ലേ എന്ന് ചോദിച്ചപാടേ അത് പറന്നേ പോയി.അതാ അത് മക്കളെയും കൂട്ടി പെരത്താമസത്തിനു വരുന്നു.  ആ അന്ന് തന്നെ. ടെണ്ടറുകാർ മരം വെട്ടിയിട്ട് ചൂടാറുന്നതിനു മുൻപേ. ഇത്രയും വേണ്ടായിരുന്നു. ഒരു ദിവസമൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു

ഇത് ആദ്യത്തെ സംഭവമൊന്നുമല്ല


ബുധനാഴ്‌ച, ഫെബ്രുവരി 20, 2013


നിരുത്തരവാദപരമായ ഒരു ദിവസം


അത്രയും നിരുത്തരവാദപരമായ  ദിവസമായിരുന്നു  അത്

കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതും , ചിലപ്പോൾ ജനിച്ചിട്ടില്ലാത്തതുമായ
ഒരു ചെടിക്ക് പേരും അതിന്റെ പൂവിനു നിറവും
കായ്കൾക്ക് ആകൃതിയും കൊടുത്താൽ
അതെത്ര നന്നായിരിക്കും എന്ന് വിചാരിച്ചിരിക്കേ

കണ്ടോ , ദേ നിങ്ങളാ ചെടിയിൽ തൊട്ടു
ദേ മറ്റയാൾ പൂവിൽ തൊടുന്നു കായ്ക്കൾ മണക്കുന്നു
ഇനിയും ജനിച്ചിട്ടില്ലാത്ത ഈ  ചെടിയുടെ
വിരിഞ്ഞിട്ടില്ലാത്ത  പൂവ് ഹായ്  അതവള്‍ക്ക് കൊടുക്കണം
എന്ന് വരെ ഒരാൾ  തീരുമാനിച്ചു  കഴിഞ്ഞു
ഇല്ലേ,  ഇക്കാര്യത്തിലെങ്കിലും നുണ പറയരുത്
കൂടുതൽ  കളിച്ചാൽ  ഈ ലോകത്തിൽ
എനിക്ക് മാത്രം സൃഷ്ടിക്കാനാവുന്ന ആ ചെടിയെ ഞാനങ്ങ് വേണ്ടെന്ന് വയ്ക്കും

സാംങ്ഷനായ  ലോൺ  വേണ്ടെന്ന്
ബാങ്ക് മാനേജരോട് മുഖത്തടിച്ച് പറയുന്നപോലെ

ഇത് ഒരു നിരുത്തരവാദപരമായ ദിവസമാണല്ലോ

ഇപ്പോഴത്തെ നിങ്ങളെപ്പോലെ
ഇപ്പോളെനിക്കും ഈ ചെടിയെക്കുറിച്ച്  ,അതിന്റെ പൂവിനെക്കുറിച്ച്
നിറത്തെക്കുറിച്ച്  മണത്തെക്കുറിച്ച്  കായ്കളെക്കുറിച്ച്
വിത്താകേണ്ട കുരുക്കളെക്കുറിച്ച്
കൌതുകവും, അത്ഭുതവും ആശ്ചര്യവും അതിലേറെ സങ്കടവുമുണ്ട്

ശ്ശ്... തൊടല്ലെ  പൂവിനെ  ചെടിയെ  കായിനെ
ഇക്കണക്കിനാണെങ്കിൽ ഞാനെന്റെ വഴിക്ക് പോകും

തീര്‍ത്തും  നിരുത്തരവാദപരമായ  ഒരു  ദിവസമാണിന്ന്

നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു
ഇല്ലേ നിങ്ങളാ ചെടിക്ക്  വെള്ളം കോരാൻ പോയി
വളം വാങ്ങിക്കാൻ പോയി  വേലി കെട്ടാൻ പോയി
എന്തിന് കളകളെ നശിപ്പിക്കുന്ന സ്പ്രേ വരെ വാങ്ങിവച്ചു
ഇല്ലേ ?

സത്യമായിട്ടും ഇനി ഞാൻ പറയില്ല
ഇത് അവസാനത്തേതാണ്

ഇന്ന്  തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ആ ഇതെവിടെ നിന്നും വന്നൂ ഈ പൂമ്പാറ്റകൾ
വരുന്ന വരവ് കണ്ടോ
ഇനിയും ജനിച്ചിട്ടില്ലാത്ത  ഒരു ചെടിയുടെ കാറ്റടിച്ചാൽ മതി
വന്നോളും
പൂമ്പാറ്റകളാണത്രെ പൂമ്പാറ്റകൾ

ആ , നിങ്ങളെ പറഞ്ഞാൽ മതിയല്ലോ
കണ്ണില്‍ക്കണ്ട കാറ്റിനോടും, കാണാത്ത കാറ്റിനോടുമൊക്കെ
പറഞ്ഞപ്പോൾ സമാധാനമായല്ലോ ?
എനിക്ക് മതിയായി ഞാൻ പോവുകയാണ്

ഇത് തീര്‍ത്തും നിരുത്തരവാദപരമായ ഒരു ദിവസമാണ്

ഇനിയും ഇവിടെ നിന്നാൽ
ഇനിയും ജനിച്ചിട്ടില്ലാത്ത  ആ ചെടിയെക്കുറിച്ച് പറഞ്ഞാൽ,
ആ പൂവ് വിരിയിച്ചാൽ കായ്കൾക്ക് തുടം വച്ചാൽ

നിങ്ങൾ വേണമെങ്കിൽ ഓട്ടോ പിടിച്ച്  വരും
എന്റെ  സ്വപ്നത്തിന്റെ നിറം എന്ന് കവിതയെഴുതും
പല പോസിൽ പടങ്ങളെടുത്ത് ഫേയ്സ്ബുക്കിലിടും
ഈ പൂവ് കൊടുക്കാൻ വേണ്ടി മാത്രം ഒരാളെ പ്രേമിക്കും
(ശ്ശൊ അത് കഴിയുമ്പോൾ  അയാൾ ഒറ്റയ്ക്കാവും )
വീണപൂവ് എന്ന കവിത  തപ്പിയെടുത്ത് പോസ്റ്റും

ഞാൻ പോകുന്നു  എനിക്ക്  വെറേ പണിയുണ്ട്

തീര്‍ച്ചയായും ഇത് നിരുത്തരവാദപരമായ ഒരു ദിവസമാണെങ്കിലും


(കൂട്ടുകാരായ ലതീഷ് മോഹൻ, വിഷ്ണുപ്രസാദ്, നസീർ കടിക്കാട്  എന്നീ കവികൾ  ഈ കവിതയിൽ വരുന്നുണ്ട്. അത്  ഒഴിവാക്കാനാവാത്തതാണു. )