ചൊവ്വാഴ്ച, സെപ്റ്റംബർ 03, 2013


വർഗ്ഗീസിനു വീടില്ല

വർഗ്ഗീസിനു വീടില്ല
ഓഫീസിലാണു താമസം
യേശുവിന്റെ സ്വന്തം ആളാണു
കഴുത്തിൽ ഒരൊത്ത കൊന്തയുണ്ട്
അതിനൊത്ത മരക്കുരിശും
പണിയില്ലാത്ത ദിവസങ്ങളിൽ
പറമ്പിലായിരിക്കും
മരങ്ങളോടെന്തോ കാര്യമായ ശത്രുതയുണ്ട്
കണ്ണിൽ പെട്ടാൽ പണിതീർന്നു

നമ്മുടെ യേശുവിനെ മരത്തിൽ
തറച്ചിതിനാണോ നിനക്കിത്ര കേടെന്ന്
ഒരിക്കൽ ചോദിച്ചിട്ടുണ്ട്
അക്കേഷ്യയിൽ നിന്ന് ശ്വാസം മുട്ട്
കലശിൽ നിന്ന് ചൊറിയാമ്പുഴു...
എന്റെ ചേട്ടാ, നിങ്ങളെക്കാൾ മരങ്ങളോടെനിക്കാണു
സ്നേഹമെന്നവൻ ഇടയ്ക്കിടെ പറയും

വർഗ്ഗീസ് വെട്ടിയിട്ട മരങ്ങളിലെ
കിളികൾ കൂടന്വേഷിക്കുന്നത്
പല തവണ കണ്ടിട്ടുണ്ട്

ഓഫീസിലേക്കുള്ള വഴികളിലെ
പൊന്തകൾ മുഴുവൻ
വെട്ടിത്തെളിക്കലായിരുന്നു
വർഗ്ഗീസിന്റെ ഇന്നത്ത പണി
എന്തൊരു തെളിച്ചമെന്ന്
സിഗരറ്റ് വലിക്കാൻ ചെന്നപ്പോൾ
അവൻ തെളിച്ചപ്പെട്ടിരുന്നു

പാതിരാത്രി ഡ്യൂട്ടി കഴിഞ്ഞ്
വർഗ്ഗീസ് വെട്ടിത്തെളിച്ച വഴിയിലൂടെ
കാറോടിക്കുകയാണു
ഹെഡ് ലൈറ്റ് വെളിച്ചത്തിൽ

ഒരു മുയൽ അതിന്റെ പൊന്ത
തെരഞ്ഞുകൊണ്ടോടി നടക്കുന്നു


6 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

മുയലിനെയൊന്നും ഗൗനിക്കരുത്.
വഴി ക്ലിയറാണല്ലോ.

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

തെളിഞ്ഞ വഴിയെന്നപോലെ ഈ കവിത മനസ്സിലാകുന്നു. വരികളും വരികള്‍ക്കിടയിലെ വഴികളും.

delegate pudukad പറഞ്ഞു...

avasanam vargheessum muyalum onnupole, veedillathavar.....


arunan പറഞ്ഞു...


KAVITHA ITHANO MR

Shaheer Kunhappa.K.U പറഞ്ഞു...

തെളിച്ചമുള്ള വഴിയിലെ വെളിച്ചമാവുന്ന വാക്കുകൾ .....

Manoj Vellanad പറഞ്ഞു...

നമുക്ക് നമ്മുടെ വഴി.. അതന്നെ...