തിങ്കളാഴ്‌ച, സെപ്റ്റംബർ 16, 2013


ഒരു വള്ളിച്ചെടി

പത്ത്
വർഷത്തിനു ശേഷം
കാണുകയായിരുന്നു ഞങ്ങൾ

ക്ലാസുമുറിയിലും
ഗ്രൗണ്ടിലും
ഓഡിറ്റോറിയത്തിലും
ഞങ്ങൾ

പിന്നെയും ഞങ്ങൾ
ഞങ്ങളുടെ ഭാര്യമാർ
ഞങ്ങളുടെ ഭർത്താക്കന്മാർ
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ഞങ്ങളുടെ വിസിറ്റിംഗ്കാർഡുകൾ

ഞങ്ങൾ
ഞങ്ങളുടെ
ഫോട്ടോയെടുക്കുന്നു
ഞങ്ങൾ
ഞങ്ങളുടെ
വിശേഷങ്ങൾ
പറയുന്നു

ഞങ്ങൾ
ഞങ്ങളുടെ
കാറുകൾ
ഞങ്ങളുടെ
മൊബൈൽഫോണുകൾ

ഞങ്ങളുടെ കുഞ്ഞുങ്ങൾ
വട്ടത്തിലും നീളത്തിലും ഓടുന്നു
ഞങ്ങളുടെ കഞ്ഞുങ്ങൾ
ബലൂണുകൾ വീർപ്പിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ബലൂണുകൾ പൊട്ടിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
പൊട്ടിപൊട്ടിച്ചിരിക്കുന്നു
ഞങ്ങളുടെ കുഞ്ഞുങ്ങൾ
ഐസ്ക്രീമിനായി കരയുന്നു

ഞങ്ങളിൽ നിന്ന്മാറി ഒരു സിഗരറ്റ് വലിക്കണമെന്ന്  വിചാരിക്കുന്നത് തെറ്റല്ല.  കുറച്ച്നേരമെങ്കിലും ഞങ്ങളിൽ നിന്ന്മാറി മാറി നിൽക്കുന്നത് ഒട്ടും തെറ്റല്ല.ഓഡിറ്റോറിയത്തിന്റെ വലതുവശത്തു കൂടെ ഇറക്കത്തിലേക്ക് ഒരു വഴിയുണ്ട്.അതിലേ പോയി. ഒരു സിഗരറ്റ്കത്തിച്ചു. ഇടത്തോട്ട്മാറി, വഴിക്കും ഓഡിറ്റോറിയത്തിനും ഇടയ്ക്കായി പൊന്തക്കരികിൽനിന്ന് മൂത്രമൊഴിച്ചു. 
അപ്പോഴതാ ഞങ്ങളിൽ നിന്നും മാറി, അടുത്തേക്ക്അഭിനയ് വരുന്നു. അവൻ കല്ല്യാണം കഴിച്ചിട്ടില്ല.  സിഗരറ്റും വലിക്കില്ല. അവനെന്നെ പ്രേമത്തോടെ നോക്കുന്നു. അവനെന്റെ അടുത്ത് വന്നു പഴയ ഒരുകവിത ആവേശത്തോടെ ഓർക്കുന്നു. അവന്റെ മുഖത്ത് ആ കവിത എഴുതിയ ആ പഴയ എന്നെ കാണുന്നു.അൽപ്പം ജാള്യതയോടെ ഞാൻ നനവുള്ള മണ്ണിലേക്ക്നോക്കുന്നു.തഴച്ച്നിൽക്കുന്ന ചേമ്പിൻതൈകളെ നോക്കുന്നു . അവിടെ പടർന്ന വള്ളിച്ചെടികളെ നോക്കുന്നു.

അതിൽ ഒരു വള്ളിച്ചെടി
അത്ര തഴച്ച്
അത്ര പച്ചച്ച്
അത്ര ഉത്സാഹത്തിൽ
അത്ര ആവേശത്തിൽ
പടർന്ന്കയറുകയാണു

അത്വരിഞ്ഞ്ചുറ്റിയിരിക്കുന്നത്
ഒരു ഇരുമ്പുകമ്പിയിലാണു
അത് ഇലക്ട്രിക്ക് പോസ്റ്റിന്റെ സ്റ്റേക്കമ്പിയാണു

അത്ര തഴച്ച് , പച്ചച്ച്, ഉത്സാഹത്തോടെ, ആവേശത്തോടെ,
ഇരുമ്പുകമ്പിയെ വരിഞ്ഞുമുറുക്കി
കയറിപ്പോവുകയാണു
മേഘങ്ങളെ തൊടാനായുന്നുണ്ട് അതിന്റെ കയ്യുകൾ
ആകെ സങ്കടമായി
എനിക്ക്കരച്ചിൽ വന്നു

ഞാനാ വള്ളിച്ചെടിയെ വഴിതിരിച്ച് വിട്ടു

ജീവനുള്ള ഒരു പാമ്പിന്റെ
മുകളിലൂടെ ഒരുവള്ളിച്ചെടി പടർന്നാൽ
അത് ആപാമ്പും ആ വള്ളിച്ചെടിയും പരസ്പ്പരം അറിഞ്ഞാൽ
ആരാവും അധികം ആശങ്കപ്പെടുക
പേടിച്ച്പേടിച്ച്അനങ്ങുക
ആരാവും ആദ്യം പിടിവിടുക

അഭിനയ് അപ്പോഴും അടുത്തുണ്ട്
അഭിനയ് ഞങ്ങളെപ്പോലെ ഞങ്ങളല്ല.
കല്ല്യാണം കഴിച്ചിട്ടില്ല. കുഞ്ഞുങ്ങളില്ല
കാറും കാർഡുമില്ല

സിഗരറ്റും വലിക്കില്ല


(ചിത്രം വരയ്ക്കാൻ കഴിയുമായിരുന്നെങ്കിൽ ഇതെഴുതുമായിരുന്നില്ല)


അരുണും സുജീഷുമൊക്കെ ഒരുക്കിയ ഓണപ്പതിപ്പിൽ

6 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പത്തുവര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ ഇതായിരിക്കില്ല വരയ്ക്കുന്നത്

സൗഗന്ധികം പറഞ്ഞു...

നല്ല കവിത

ഓണാശംസകൾ...

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഞാനും ആലോചിക്കയായിരുന്നു ആരായിരിക്കും ആദ്യം..?

ഞാനവയെ ദല്ലാള്‍ കുത്തക മുതലാളിത്തത്തിന്റെ മേലെ കയറുന്ന സാമ്രാജ്യത്തെയായിക്കണ്ടു. അവരൊന്നൂടെ ചേര്‍ത്തു പിടിക്കും.
പിന്നെ കെട്ടിമറിയും.
ഒടുക്കത്തെ സ്നേഹം...
മൗനി ബാബ മനമോഹന വെളുമ്പന്‍ പിന്നെയും ള്ളേ ള്ളേ ന്ന്‍.!

എന്നാലും എന്റെ വിത്സാ, നീയെന്റെ മേലുള്ള ഈ പിടി വിടല്ലേ കെട്ടോ...

ബൈജു മണിയങ്കാല പറഞ്ഞു...

വള്ളിചെടിക്ക് വേര് കാട്ടികൊടുത്ത മൂത്രത്തിന്റെ യാത്ര

Philip Verghese 'Ariel' പറഞ്ഞു...

കൊള്ളാം നന്നായിരിക്കുന്നു വിത്സാ
ഈ കെട്ടി വരിയുന്ന വരികൾ
എഴുതുക അറിയിക്കുക.
ആശംസകൾ

മൌനം പറഞ്ഞു...

മനോഹരം