തിങ്കളാഴ്‌ച, സെപ്റ്റംബർ 09, 2013


എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു




കാട് കയറുന്നു

വസന്തത്തിനോട് പേരു ചോദിച്ചാല്‍ സ്വാഭാവികമായും അതൊരു മരത്തിന്റെ പേരുപറയും. മരങ്ങള്‍ മരങ്ങളായി തീര്‍ന്നകഥ അതിനോര്‍മ്മയുണ്ട്. തളിര്‍ക്കാനും പൂക്കാനും തണലിട്ട് നില്‍ക്കാനും ഉണങ്ങാനും ഒടിഞ്ഞ് വീഴാനും പറ്റിയ പേരു. മരമായിരുന്നതിന്റെ തഴമ്പുകള്‍ ശേഷിക്കുന്ന കൈകൊണ്ട് കുഴൂര്‍ വിത്സണ്‍ കാട്കയറുന്നു

- കല്‍പ്പറ്റ നാരായണന്‍



എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു 


നാട്ടിലെ
ഒറ്റമരത്തിൽ
പെട്ടുപോയ
കിളിയുടെ
കരച്ചിലാണു
താനെന്ന്
അറിയാമായിരുന്ന
എന്റെകവിത
വസന്തത്തോട്
അതിന്റെ
പേരുചോദിച്ചു
അത് പറഞ്ഞ് തുടങ്ങി

പൂത്ത്കായ്ച്ച് നിൽക്കുന്ന വയ്യങ്കത, അതിന്റെ മുള്ളുള്ള വേദനകൾതട്ടമിട്ട ഗഫ്, അതിന്റെ മിനാരങ്ങൾ, ഉമ്മകൾ കൊണ്ട് ചോന്ന തൊണ്ടി,     അതിന്റെ നനഞ്ഞചുണ്ടുകൾ, ആരുമില്ലാതെ ആടലോടകം, പുള്ളിയുടുപ്പിട്ട് നെല്ലിപ്പുളി, കാറ്റിനെ കാത്ത്പുളിവാക, തെക്കോട്ട് തലവച്ച് ആഞ്ഞിലി ,കോട്ടുവായിട്ട് ചെറുപുന്ന ,ഇലകളിൽ അമ്മൂമ്മമാരുടെ പേരെഴുതിവച്ചിരിക്കുന്ന പേര, അടുപ്പിലൂതുന്ന ഇലന്ത ,കണ്ണ്ചൊറിഞ്ഞ് ഇലപൊങ്ങ് ,ഇരിപ്പ ,പൊട്ടിച്ചിരിച്ച് ആത്ത ,കീറിയ ഉടുപ്പിട്ട ചോലവേങ്ങ, ഇരുമ്പകം, ഓടിക്കിതച്ച് പടപ്പ ,വാലാട്ടുന്ന പട്ടിപ്പുന്ന,ചെരുപ്പിടാതെ പട്ടുതാളി, കൂട്ടത്തിൽ  കേമനായ് തേക്ക്, തെക്കോട്ട, പോയ ജന്മമോർത്ത് നീർവാളം, നീരാൽ, വിതുമ്പിക്കരഞ്ഞ് നീർക്കടമ്പ്, പതിമുകം, മടിപിടിച്ച് തണൽമുരിക്ക്, കരിമരുത്,കരിങ്കുറ, ആറ്റുമയിൽ ,വെള്ളദേവാരം ,കാട്ടുകടുക്ക ,തിന്ന്കൊഴുത്ത് ബദാം, ഓർമ്മ പോയ വഴന, ബോറടിച്ച് വരച്ചി , നാങ്ക്മൈല, നടുവേദനയുമായി യൂക്കാലിപ്പ്റ്റ്സ്, ചുവന്നുറച്ച് രക്തചന്ദനം,  കഷായം ധരിച്ച് രുദ്രാക്ഷം വക്ക, വഞ്ചി, അമ്മവീടിനെയോർത്ത് പറങ്കിമാവ്, വരി, നെടുനാർ, പത്ത്നൂറു പെറ്റ മരോട്ടി, മലങ്കാര,വളംകടിയുമായ് മലമ്പുന്ന ,ലോട്ടറിയെടുക്കുന്ന നെന്മേനിവാക, കയ്പ്പുള്ള ചിരിയുമായ് നെല്ലി


ഇലകളാൽ ചിത്രംവരച്ച് കടപ്ളാവ്, വരിതെറ്റിച്ച് കരി, കടംപറഞ്ഞ് കാട്ടുതുവര, തിളച്ച്മറിഞ്ഞ് കാട്ടുതേയില ,പൊട്ടിയൊലിച്ച് കാട്ടുപുന്ന , നെറ്റിയിൽ പൊട്ട് തൊട്ട് കുങ്കുമം ,വിശന്ന് വലഞ്ഞ് വെന്തേക്ക്,  മിസ്കാളടിക്കുന്ന വെള്ളക്കടമ്പ്, ഒറ്റയ്ക്ക് നിൽക്കുന്നകാറ്റാടി, അതിന്റെ ക്ഷീണിച്ച കയ്യുകൾ, പൂത്തുലഞ്ഞ ഇലഞ്ഞി,അതിന്റെ മണമുള്ള ഉടൽ, നെടുവീർപ്പിട്ട് ആൽ, പച്ചവാറ്റിൽ, ഓന്തുമായ് കുന്നായ്മ പറയുന്നപച്ചിലമരം , പനച്ചി, പമ്പരകുമ്പിൾ, ഓർമ്മകൾചൂടി കടമ്പ് ,പലചരക്കുമായ് കുടമരം ,പുന്നപ്പ, പുങ്ങ്, തല നരച്ച ചുരുളി ,ചിന്തുപാട്ടുമായ് ചുവന്നകിൽ, കറുത്തവാറ്റിൽ, കുളകു, കരിഞ്ഞാവൽ, അടിച്ച് ഫിറ്റായി പമ്പരം, , ചോരപ്പയിൻ, ഞമ, കിളികളെ കൊതിപ്പിച്ച് ഞാവൽ, ഞാറ, ഉള്ളം കൈചൊറിഞ്ഞ് അലസിപ്പൂ, ശോകഗാനം മൂളി അശോകം


നാലും കൂട്ടിമുറുക്കി ഏഴിലമ്പാല , ടൈകെട്ടി പീനാറി, പീലിവാക, കാലൊടിഞ്ഞ് പുളിച്ചക്ക, കൂലി ചോദിച്ച് പേഴ്, കുമ്പിൾ, കുരങ്ങാടി , കയ്യുളുക്കി കടുക്ക ,വലിയകാര, വല്ലഭം, ചാവണ്ടി, ഞെട്ടിച്ച് ചിന്നകിൽ, ബ്രേക്ക്പൊട്ടി ചിറ്റാൽ, വിടന, ശീമപ്പഞ്ഞി, പലിശക്കാരൻ ഒടുക്ക് ,മദമൊലിപ്പിച്ച് ഓട, അച്ഛനില്ലാത്ത കടക്കൊന്ന, മക്കളില്ലാത്ത ശിംശപാവ്യക്ഷം, മുഖംചുവന്ന് സിന്ദൂരം, തന്നാരോപാടി കരിന്തകര, കഞ്ചനടിച്ച് വെള്ളപ്പയിൻ,  പൂക്കൾ കാട്ടി പൂത്തിലഞ്ഞി, പുളിച്ച മുഖവുമായ് കുടമ്പുളി


നനഞ്ഞൊലിച്ച് കുളമാവ്, നിന്ന് തിരിയുന്ന കുടമാൻ ,പരലോകത്ത് നിന്ന് പാരി ,മിന്നുന്ന ളോഹയിട്ട് പൂപ്പാതിരി, നാലുകാലിൽ പൂച്ചക്കടമ്പ്, കമ്പിളി പുതച്ച് കുളപ്പുന്ന, നക്ഷത്രഫലംവായിക്കുന്ന കുണ്ഡലപ്പാല, പാച്ചോറ്റി, സ്വയംഭോഗം ചെയ്യുന്ന പെരുമരം, കടലിനെയോർത്ത് പെരുമ്പൽ, കഫക്കെട്ടുമായ് ആനത്തൊണ്ടി ,ആനക്കൊട്ടി,ചെറുതുവര, ഇലവംഗം ,താന്നി, കുറുമ്പുകാട്ടി തിരുക്കള്ളി,കാരപ്പൊങ്ങ്, കെട്ടിപ്പിടിച്ച് കാറ്റാടി ,തുടലി, തെള്ളി, കാര, മലയത്തി,മലവിരിഞ്ഞി ,നാണമില്ലാതെ കശുമാവ് ,കുശുമ്പ് പറഞ്ഞ് കറുക ,വെടിനാർ, മരിക്കാനുറച്ച് ആറ്റുമരുത് ,ചോലയിൽ നിഴലായി വീണൊഴുകി ആറ്റുവഞ്ചി


വെള്ളയുടുപ്പിട്ട് മന്ദാരം, വന്ന, രണ്ടും കൽ‌പ്പിച്ച് മഹാഗണി , കണക്കുകൾകൂട്ടുന്ന കരിവേലം,ജാക്കറാന്ത,കുമ്പാല ,കൂട്ടില്ലാതെ കൂവളം, കൂട്ടുകാരുടെ തോളത്ത് കൈയ്യിട്ട് കാട്ടുകമുക് ,കൊല്ലി, പരുവ, പരുവമരം, കള്ളച്ചിരിയുമായ് ക്യഷ്ണനാൽ, എനിക്കാരുമില്ലെന്ന് കൊക്കോ ,കോർക്ക് , പലകപ്പയ്യാനി, മാലയും വളയുമിട്ട് പവിഴമല്ലി, ഒറ്റയ്ക്ക് ഒരു മഴമരം, മാഞ്ചിയം, മുലക്കണ്ണുകാട്ടി മാതളം,ചെമ്മരം ,പശക്കൊട്ടമരം, മലവേമ്പ്, കണ്ണീരൊഴുക്കി ചമത, വട്ട, ഓടിത്തളർന്ന വട്ടക്കുമ്പിൾ, സിഗരറ്റ് വലിക്കുന്ന പൈൻ , പൊരിപ്പൂവണം, കാലുവെന്തതേരകം,തേമ്പാവ്,പല്ലിളിച്ച്ദന്തപത്രി,നരിവേങ്ങ,നവതി, പിറുപിറുത്ത് മഴുക്കാഞ്ഞിരം, അരയാഞ്ഞിലി, കാറ്റുമായി കളിച്ച് അരയാൽ



ചൂടുകാറ്റിനെ ഉമ്മവയ്ക്കുന്നചൂള,അരിനെല്ലി, മാമ്പഴം സങ്കടത്തിൽ ചൊല്ലി മാവ്, ചന്ദനവേമ്പ്, നടുനിവർത്തി പേരാൽ, പുളിവാക, ഉന്നം ,നായ്ത്തമ്പകം നീറിനീറി കർപ്പൂരം, നായ്ക്കുമ്പിൾ, നീർവാക, ചിന്നൻപിടിച്ച പൊങ്ങ്, പുറത്താക്കപ്പെട്ട് പൊട്ടവാക, പൊട്ടിത്തെറിച്ച് പൊരിയൻ, വഴിയാധാരമായ് പൊന്തൻവാക, എന്തോ ഓർത്ത് പ്ലാവ്, തലമൂടി പൂതം, മഞ്ഞപോലെ പച്ചച്ച് ഈത്തപ്പന,തഞ്ചത്തിൽ മഞ്ചാടി, മുള്ളൻവേങ്ങ, മുണ്ട്പൊക്കി മുള്ളിലം, തുള്ളിച്ചാടി മുള്ളിലവ്, മൂങ്ങാപ്പേഴ്, ഇനിയില്ലെന്ന് നീർമരുത്, പട്ടുപോയ നീർമാതളം ,മൂട്ടികായ്, ഇത്തി ,ഇത്തിയാൽ, വെള്ളവേലം, കൽ‌പ്പയിൻ, കല്ലാൽ, വാവോപാടി മഞ്ഞക്കടമ്പ്, മീന്മുള്ളുകളെപേടിച്ച്ചൂണ്ടപ്പന



വളഞ്ഞ്കുത്തി പുന്ന, ചേട്ടനെപേടിച്ച് മട്ടി, പാതിരാപ്പടംകാണുന്ന പാരിജാതം, പാലകൾ, പാലി, തലകുത്തിമറിഞ്ഞ് പാറകം, വിരി ,വിത്തുമായ് അത്തി ,നെഞ്ചുഴിഞ്ഞ് അമ്പഴം , മകനെ പ്രേമിച്ച അയണി, മഞ്ഞക്കൊന്ന, എന്തോതിരഞ്ഞ് മഞ്ഞമന്ദാരം, കണ്ണടച്ച് ചുല്ലിത്തി, കന്മദം ചുരത്തി കല്ലിലവ് , കഴുകനെനോക്കുന്ന മലമന്ദാരം, ഇടിവെട്ടിനെ ശപിച്ച് വെള്ളീട്ടി , വേങ്ങ, വേപ്പ്, വ്രാളി, അകിൽ, നെടുവീർപ്പിട്ട് അക്കേഷ്യ, ബാത്സ, ബ്ലാങ്കമരം, കുത്തിച്ചുമച്ച് ബീഡിമരം,അഗസ്തി, ചമ്മിച്ചിരിച്ച് ചെറുകൊന്ന,കമ്പളി,മുറിവേറ്റ് നാഗമരം.


                                     
നെറ്റിഭൂമിയിൽ മുട്ടിച്ച് ആകാശത്തേക്ക്ക ണ്ണുകളുയർത്തി പാതിരി, കടം വാങ്ങിമുടിഞ്ഞ് അങ്കോലം , കാട്ടുമരോട്ടി ,കുണ്ഡലപ്പാല ,ആറ്റുമരുത് ,പൂവം, എരുമനാക്ക്,കരിങ്ങോട്ട , ശമ്പളമില്ലാതെ വെടിപ്ലാവ്, വെണ്മുരിക്ക്, മഞ്ജനാത്തി, ഞെട്ടിയുണർന്ന് മണിമരുത്, മതഗിരിവേമ്പ്, മകൾക്ക് കൂട്ടുപോകുന്ന കാരാഞ്ഞിലി, കാരകൊങ്ങ് ,കാരപ്പൊങ്ങ്, തിരിച്ച്പോരുന്ന ഇലിപ്പ,സ്വപ്നംകണ്ട് ഉറക്കംതൂങ്ങി ,ഊമ്പിയചിരിയുമായ് ഊറാവ് ,കത്താനൊരുങ്ങി എണ്ണപ്പന,തെഴുത്ത് എണ്ണപ്പൈൻ, ആരെയോകാത്ത് ആഴാന്ത ,തലപൊട്ടി ചോരപത്രി, ശീമപ്പൂള, പൂവൻകാര, മലമ്പുളി, മൂർച്ചയുള്ളവടികളുമായി പുളി


ദുർമ്മേദസ്സുമായി തീറ്റിപ്ലാവ് , മലമ്പൊങ്ങ്, ചൊറിമാന്തിമുരിക്ക്, കൂട്ടുകാരനു ജാമ്യംനിൽക്കുന്നഇരിപ്പ ,ജോലിപോയ ഇരുമ്പകം ,കുങ്കുമപ്പൂ, കരിന്താളി , സ്കൂട്ട്, റോസ് ക്കടമ്പ്,ആമത്താളി ,ആരംപുളി , തിരക്കിൽ പെട്ട് ആറ്റിലിപ്പ , കുരുത്തമുള്ള ഇരുൾ,വെള്ളവാറ്റിൽ ,ചൂളമടിച്ച് മുള,ഉപ്പില ,തൊപ്പിവച്ച് കാട്ടുകൊന്ന ,ഹരിശ്രീയെഴുതി കാഞ്ഞിരം ,ഇടനിലക്കാരനായ ചേര്  ,കക്ഷംകാട്ടി കാട്ടുചെമ്പകം,തണ്ടിടിയൻ, നീറോലി, ബസ് കാത്ത്  ഈഴചെമ്പകം , വീടൊരുക്കി കരിമ്പന,കരിവേങ്ങ ,കവിതയെഴുതുന്ന കരുവാളി, കുഞ്ഞുടുപ്പിട്ട് ഉങ്ങ് ,ഉദി ,പ്ലാശ,കാട്ടിന്ത ,പിന്നെ കാണാമെന്ന് എള്ളമരുത്,  കെട്ടിപ്പിടിക്കാനൊരുങ്ങി ചെമ്പകം


കുട്ടികളെകുളിപ്പിക്കുന്ന വെള്ളകിൽ, കുടമറന്ന് പോയ വെള്ളവാക,  പരീക്ഷയിൽ തോറ്റ ആറ്റുതേക്ക് ,കടുത്തകാമമായ് ആറ്റുനൊച്ചി, കാലുകൾ അകത്തി മലന്തുടലി, നെഞ്ചുംവിരിച്ച് മലന്തെങ്ങ്, എണ്ണാൻ പഠിക്കുന്ന മലമഞ്ചാടി, മുലകൾ കാട്ടിമലമ്പരത്തി, ഉന്മത്തനായ് ആവൽ, കരുണ ചൊല്ലുന്ന അരണ, പ്രാന്തുമായ് അമ്പലത്തിലേക്കോടുന്ന അലക്കു, അലക്കോടലക്ക് ചേരു ,ഒളിച്ചോടാനൊരുങ്ങി കുടപ്പന, മതങ്ങളില്ലാത്ത ജാതി, പൊട്ടിച്ചിരിച്ച് സിൽവർഓക്ക്, കുഞ്ഞുങ്ങളെ കാത്തുനിൽക്കുന്ന കാട്ടുവേപ്പ് , മിഠായിനുണഞ്ഞ് സുബാബുൽ, അരിശമായ് പാറപ്പൂള, പേടിച്ച് പിണർ, തെറികൾ കേട്ട് കാത് പൊത്തി ഇത്തി , ഒരിത്തിരിചിരിയുമായ് ഇത്തിയാൽ, മനസ്സിൽ നാദമുരുവിടുന്ന കോവിദാരം,വയറു കാണിച്ച് ഇലക്കള്ളി ,വിടർന്നുലഞ്ഞ് ഇലവ് ,ക്രൗര്യമായ് ഭോഗിക്കും ചടച്ചി ,തണുത്ത വിരലുകളുമായ് ചന്ദനം 

വെട്ടിപ്പിടിച്ച് ചരക്കൊന്ന ,ഓഫീസിൽപോകുന്ന ചീലാന്തി,കൊച്ച് ടീവി കാണുന്ന  ഗുൽഗുലു, മുടികറുപ്പിച്ച ഗുൽമോഹർ,വഴക്കുള്ള മുഖവുമായ് ഇരുൾ, പുലർച്ചെ ഉണർന്ന് കണിക്കൊന്ന, മുഴുവനുറങ്ങി കനല ,നിന്ന് മൂത്രമൊഴിക്കുന്നകരിങ്ങാലി, കനംവച്ച ലിംഗവുമായി കമ്പകം,എന്നെനിറക്കൂഎന്ന കരച്ചിലുമായ് കല്ലാവി ,കാമത്താൽ ഉലഞ്ഞ് കാരാഞ്ഞിലി, ശാന്തനായ് കാരാൽ, പാട്ട്പാടി ഭോഗിക്കുന്ന കാരി ,തളർന്നുറങ്ങുന്ന കാവളം,പൂവിതളുകൾ കാട്ടി തണ്ണിമരം, യോനിയിൽ ചുംബിച്ച് തമ്പകം,ലിംഗം നുണയുന്ന തെള്ളിപ്പയിൻ, ഭോഗാലസ്യത്തിൽ നീർക്കുരുണ്ട, കുഞ്ഞിനു മുലകൊടുക്കുന്ന മലയ, കണ്ണുരുട്ടി കത്തി, വട്ട്പിടിച്ച ഈട്ടി ,അമ്മയെമറന്നചീനി, തൊണ്ണുകാട്ടി കുന്നിവാക ,ഉറക്കത്തിൽ ചിരിക്കുന്ന കുപ്പമഞ്ഞൾ,വിഷം വിഴുങ്ങി ഒതളങ്ങ, പൂത്തുലഞ്ഞ് പൂവരശ്

വസന്തം
അതിന്റെപേരു
പറഞ്ഞ്കൊണ്ടിരുന്നു.
മഴയും
വെയിലും
കാറ്റും
തണുപ്പും
മാറിമാറിവന്നുകൊണ്ടിരുന്നു

വസന്തം
അതിന്റെ
പേരോർത്തെടുത്ത്
പറഞ്ഞുകൊണ്ടിരുന്നു.

കാട് കയറിയ
എന്റെകവിതയെ
ആളുകൾക്ക് പേടിയായി
ആരുംആ വഴിക്ക് വരാതായി

ഒരു പാമ്പ് ഇഴഞ്ഞിഴഞ്ഞു പോകുന്നു
ഒരു മുയൽ അതിനുള്ള വഴിയുണ്ടാക്കി ഓടിയോടിപ്പോകുന്നു.
ഒരു പൊന്തയിൽ നിന്ന് ഒരു പൂത്താങ്കീരി പറന്നുപോകുന്നു





( ശ്രീകുമാർ കരിയാടിന്റെ ഇൻസ്റ്റലേഷൻ എന്ന കവിത, ഈകവിതയ്ക്ക് പ്രചോദനമായിട്ടുണ്ട്.
വഴിവക്കിലെ ഒരാൽമരം എന്ന എന്റെ കവിതയുടെ തുടർച്ചയും.
കേരളത്തിലെ വനവ്യക്ഷങ്ങൾ എന്ന പുസ്തകമെഴുതിയ
ആർ.വിനോദ്കുമാറിനു മരങ്ങളുടെ പേരിനോട് കടപ്പാട് , മരങ്ങളുടെ പേരു പകർത്തുവാൻ ശ്രീലക്ഷ്മിയെന്ന പെൺകുട്ടി കൂടെകൂടിയിരുന്നു.
മരങ്ങളെയറിയാവുന്ന അപ്പന്റെയും കവിതയിലെ കാടായ ഡി.വിനയചന്ദ്രൻമാഷിന്റെയും
ആത്മാക്കൾക്ക് കൂടിയാണു ഈ കവിത )


കാഴ്ചകൾ മേഞ്ഞ വീട് 

കാഴ്ചയ്ക്കു മേൽ കാഴ്ച വീണ് കാഴ്ചകൾ മേഞ്ഞ വീടാണ് കുഴൂർ വിത്സന്റെ  കവിത . ഏണും കോണുമില്ലാത്ത വീട് . ആകാശം വെട്ടിത്തിരുത്തിയിട്ടും തെറ്റിപ്പോകുന്ന തെന്നൽ വീട് . ഒരു ഗതിയും പരഗതിയുമില്ലാത്ത ഭൂമി അതിന്റെ എല്ലാ കുഞ്ഞുങ്ങളേയും കൂട്ടിവന്ന് ആ വീട്ടിൽ താമസിക്കുന്നു . വീട് ചിറകു വെച്ചു പറക്കുന്നു . വീട് തലകുത്തിമറിയുന്നു . വീട് ആർപ്പുവിളിക്കുന്നു . വീട് കീറിപ്പറിയുന്നു. വീട് ഭ്രാന്തു പിടിച്ചോടുന്നു . വീട് കരയുകയും ചിരിക്കുകയും ചെയ്യുന്നു . വീട് ചുംബനമേറ്റു തുടുക്കുന്നു . വീട് പ്രണയിക്കുന്നു . വീട് നിശ്ശബ്ദമാകുന്നു . എല്ലാ വാതിലുകളും തുറന്നുതുറന്ന് വീട് ഒരു തുറസ്സാകുന്നു. ആ തുറസ്സാണ് വില്സന്റെ കവിതയുടെ സംസ്കാര ഭൂപടം . കുത്തിവരച്ചിട്ട ആവാസവ്യവസ്ഥ . അതിന്റെ പകർച്ചയാണു ' കാട് കയറിയ കവിത ' .
വിത്സൺ  എഴുതുന്നു . വസന്തം വരുന്നു. വിത്സൺ എഴുതുന്നില്ല . വസന്തം പോകാതെ നില്ക്കുന്നു . ഞാൻ Pablo Picasso - യെ ഓര്മ്മിക്കുന്നു : “If I paint a wild horse, you might not see the horse... but surely you will see the wildness!” . വിത്സന്റെ വീട് , അഴിച്ചു വിട്ട ഒരു മഴവില്ക്കുതിരയാകുന്നു . ഇടയ്ക്കിടെ , കട്ടിയിരുട്ടിന്റെ തുരങ്കങ്ങളില് അപ്രത്യക്ഷമാകുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തുകൊണ്ട് ഓരോ തുരങ്കം പിന്നിടുമ്പോഴും അതേ കുതിര ഒരുപാടു കുതിരകളായി , ഒരുപാടൊരുപാടു കുതിരകളായി ഭാഷയുടെ വെള്ളിത്തിരയില് നിറഞ്ഞുനിറഞ്ഞു പോകുന്നു.

-സാബു ഷണ്മുഖം


5 അഭിപ്രായങ്ങൾ:

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ഇതിനെന്തോരം കൈകളാ...
ചില്ല താണ് താണ് ഇലകള്‍ ഭൂമിയെ ഉമ്മ വെച്ച് കൊല്ലുന്നു.
'ഡാ'ന്നോ 'ഡോ'ന്നോ,,, വിത്സാ... നീയിതെങ്ങോട്ടാ കയറിപ്പോകുന്നേ..?

ajith പറഞ്ഞു...

ഞാനില്ല ഞാനില്ലാക്കാട്ടിലേയ്ക്ക്....!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

വനപര്‍വ്വം മനോഹരം.

ബൈജു മണിയങ്കാല പറഞ്ഞു...

മരം പോലെ പടര്ന്നു പന്തലിച്ച ഒരു കവിത വരയും ഒരു മരമായിട്ടുണ്ട്

samvidanand പറഞ്ഞു...

<3