കാണാതായത് ഴ യെ ആണു
സ യെ കാണാനില്ലെന്ന്
പി എൻ ഗോപീക്യഷ്ണൻ
മുൻപ് പരസ്യം ചെയ്തിരുന്നു
ലതീഷ് മോഹനാണെങ്കിൽ
ഋ വിനെക്കുറിച്ചാണു പാടിയത്
ഇ യെക്കുറിച്ച് ഞാനും
പക്ഷേ പറയേണ്ടത്
ഴ യെക്കുറിച്ചാണു
നോക്കൂ
ഇപ്പോൾ
മഴയിൽ
ഴ ഇല്ല
പുഴയിൽ
ഴ ഇല്ല
വഴിയിൽ
ഴ ഇല്ല
ഴ യെ
ഞാൻ തിരയാത്ത
ഇടമില്ല
നിഴലിൽ ഇല്ല
അഴയിൽ ഇല്ല
കുഴിയിലും ഇല്ല
വിഴുപ്പിൽ ചികഞ്ഞു
ഇല്ല
ഈ ഴ
എവിടെപ്പോയതായിരിക്കും
ഴ ഇല്ലാത്ത മഴകളിൽ
ഴ ഇല്ലാത്ത പുഴകളിൽ
ഴ ഇല്ലാത്ത വഴികളിൽ
ഒരു കൂട്ടം ആളുകൾ
ഇടറി ഇടറി നടക്കുന്നു
എന്നാലും
ഈ ഴ
എവിടെപ്പോയി
ഇടവഴിയിൽ ഇല്ല
ഴ പെരുവഴിയായോ
ഴ
ഇല്ലാത്തതിനാൽ
ആരെയും
പഴി പറയാനും പറ്റുന്നില്ല
ഴ യാണു ലോകമുണ്ടാക്കിയതെന്ന
അവകാശവാദം
ഇപ്പോൾ ഉന്നയിക്കുന്നതിന്റെ
രാഷ്ട്രീയത്തെക്കുറിച്ച്
നിങ്ങൾക്ക് സംശയമുണ്ടോ ?
മഴയിൽ വേണ്ട
പുഴയിൽ വേണ്ട
വഴിയിൽ വേണ്ട
കഴിക്കാൻ ഴ വേണ്ടേ ?
എന്നിട്ടുമെന്തിനാണു നമ്മൾ
ഴ യെ ഒരു വഴിക്കാക്കിയത്
ഴ യില്ലാത്ത ലോകത്ത്
എനിക്ക് വലിയ ബുന്ദ്ധിമുട്ടുകൾ
തോന്നിത്തുടങ്ങിയിട്ടുണ്ട്
ഴ യുടെ കൂടെ
വഴക്കും പോയതിലാണു സങ്കടം
അതിപ്പോൾ തഴക്കമായെങ്കിലും
ഴ യില്ലാതെ കുഴപ്പത്തിലായ
എന്നെ നോക്കി
ചിരിക്കുന്ന
നിങ്ങളെ
എനിക്ക് കാണാം
ഴ
ഇല്ലെങ്കിലും
കുഴപ്പമില്ല എന്നല്ലേ
കുഴപ്പമില്ല
ഴ യില്ല
മഴയില്ല
പുഴയില്ല
വഴിയില്ല
കഴിയില്ല
ഇല്ല
കുഴപ്പമില്ല
കുഴപ്പമില്ല
കുഴപ്പമില്ല
എന്ന മുദ്രാവാക്യം
പതുക്കെ
പറയാനെങ്കിലും
നമുക്ക് വേണം
ഴ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ