ഞായറാഴ്‌ച, ജനുവരി 14, 2018


വെള്ള ഷർട്ട്

( നടൻ വിനായകനു )🌀


വെള്ള  ഷർട്ട്  വാങ്ങാനിറങ്ങി


കടയിലെ  അയാൾ  രണ്ട് മൂന്ന് വെള്ള ഷർട്ടുകൾ ഒരുമിച്ചെടുത്തിട്ടു
ഇത് 1050
സാറിനു നന്നായി ചേരും
ഇതിനോ
800
നല്ലതാ
അതോ
450
എല്ലാം കലക്കനാ


കുറഞ്ഞതൊന്നും  ഇല്ലേ
ഒരു  150 – 200 റേഞ്ചിൽ


അയാളുടെ മുഖത്ത് ഒരു മറ്റേ  ഭാവം


ഉണ്ടോ
ഉണ്ട് , പക്ഷേ


എവിടെ


അയാളുടെ  മുഖത്ത്  ഒരു  തരം  ചിരി


എവിടെ
 വെള്ള  ഷർട്ട്


ഇവിടെയില്ല
ദാ,
പൂക്കടയുടെ അടുത്ത്
ആ മൂലയ്ക്കെഅയാളുടെ ചിരിയിൽ
ഒരു കുഴപ്പം


എന്താ


സാറേ
അത് ,അത് മരിച്ചവരിടുന്നതാ


ആഹാ
വില കുറഞ്ഞതിനാൽ
ആ വെള്ള ഷർട്ടിടുന്നവർ  
മരിക്കുന്നതിനും മുന്നേ മരിക്കുമോ

വില കൂടിയ വെള്ള ഷർട്ടിട്ടവർ
മരിച്ചാലും ജീവിക്കുമോ

കൂടിയ  കൂടിയ ഷർട്ടുകൾ ഇട്ടാൽ
മരിച്ചവർ ജീവിക്കുമോ


മരിച്ച വെള്ള ഷർട്ടും
മരിക്കാത്ത വെള്ള ഷർട്ടും
മുൻപിലങ്ങനെ തൂങ്ങി


ഒടുവിൽ ഒരു കറുത്ത ഷർട്ട് വാങ്ങി


വിലയോ ?


ഇല്ല, പറയാൻ  മനസ്സില്ല


🌀


കുഴൂർ വിത്സൻ
Temple of poetry
13/01/2018

അഭിപ്രായങ്ങളൊന്നുമില്ല: