തിങ്കളാഴ്‌ച, നവംബർ 04, 2013


ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം

എന്റെമ്മ നട്ട പൂന്തോട്ടത്തിൽ
ഞാനാരേയും കയറ്റുകില്ല എന്ന
കുട്ടപ്പന്റെ പാട്ടും കേട്ട്
ദേവസ്സിക്കുട്ടി വെള്ളപൂശുകയാണു

സെമിത്തേരിയുടെ മതിലിനു

പെട്ടെന്ന് സെമിത്തേരി
അമ്മ നട്ട പൂന്തോട്ടമായി
ഇല്ല ഞാനാരേയും കയറ്റുകില്ല
എന്നമർത്തി പാടി
ദേവസ്സിക്കുട്ടി

ഓരോ മുക്കും കൂടുതൽ മുക്കി
ഓരോ വലിയും കൂടുതൽ വലിച്ച്
അമർത്തിയമർത്തി
മതിലിൽ
ആഞ്ഞാഞ്ഞ്
വെള്ളയടിച്ചു

ഇല്ല ഞാനാരേയും കയറ്റുകില്ല
എന്ന പാട്ടിന്റെ തുള്ളികൾ
ദേവസ്സിക്കുട്ടിയുടെ
പണിഷർട്ടിലും
പണിമുണ്ടിലും
കഴുത്തിലും
കയ്യിലും
കാലിലും
മുഖത്തും
പുള്ളിക്കുത്തുകളിട്ടു

ഒരു പെയിന്റർ
പാതിവഴിക്കിട്ട
പുള്ളിക്കുത്തുകളുടെ
ചിത്രമായീ ദേവസ്സിക്കുട്ടി

കുട്ടികൾക്ക് അയാൾ
കാഴ്ച്ചവസ്തുവായി
കുട്ടികളവർ
ദേവസ്സിക്കുട്ടിക്ക് വട്ടം ചുറ്റി

എന്റെമ്മ നട്ട
പൂന്തോട്ടത്തിൽ
ഞാനാരേയും
കയറ്റുകില്ല
എന്ന പാട്ടും
കൂടെ ചുറ്റി

അപ്പോൾ അമ്മ നട്ട പൂന്തോട്ടത്തിൽ
കറുത്ത ചെടികൾ, വെളുത്ത ഇലകൾ
കറുത്ത പൂവുകൾ, വെളുത്ത കായകൾ
കറുത്ത മൊട്ടുകൾ, വെളുത്ത പൂമ്പാറ്റകൾ
കറുത്തതും വെളുത്തതുമായ പൂമ്പൊടികൾ

ഇത്ര അടുത്തായിട്ടും
പൂന്തോട്ടത്തിലേക്ക്
അമ്മ
നടന്നു വരാഞ്ഞതെന്തെന്നോർത്ത്
അപ്പോൾ
ദേവസ്സിക്കുട്ടിക്ക് വട്ടായി

0 0 0

അല്ല
ശരിക്കും
എന്തിനാണു
ദേവസ്സിക്കുട്ടിയുടെ അമ്മയെ
ആളുകൾ
സെമിത്തേരിയിലേക്ക്
എടുത്ത് കൊണ്ട് പോയത്


ശനിയാഴ്‌ച, നവംബർ 02, 2013


ചിത്രകാരീ, നിന്റെയൊരാട്ടിൻ കുട്ടി

വേറെ വഴിയില്ലാത്തതുകൊണ്ടും
അത്രയ്ക്ക് അത്യാവശ്യമായതിനാലും
ചിത്രകാരീ,
നീ
പച്ചപ്ലാവിലയും
തവിട് കലക്കിയ കാടിയും
കൊടുത്ത് കൊഴുപ്പിച്ച
എട്ടാട്ടിൻകുട്ടികളിൽ ഒന്നിനെ
ഞാനെടുക്കുന്നു
കൊണ്ട് പോകുന്നു
അങ്ങാടിച്ചന്തയിൽ
ഞാനതിനെ വിൽക്കും
ഒട്ടും നേരം കളയാതെ
കാര്യം നടത്തും

നീ പച്ചയിലും തവിട്ടിലും
ചാലിച്ച് ചാലിച്ച്
ഓമനിച്ചോമനിച്ച്
കൊഞ്ചിച്ച് കൊഞ്ചിച്ച്
കൊഴുപ്പിച്ച ആ
ആട്ടിൻ കുട്ടിയെ
അറവുകാർക്ക് മാത്രം
കൈമാറില്ല
എന്ന
ഉറപ്പിൽ

ചിത്രകാരീ,
നീ സങ്കടപ്പെടരുത്
നിന്റെ ക്യാൻവ്യാസിലെ
കടലിൽ
സൂര്യൻ താഴുമ്പോൾ
സന്ധ്യയങ്ങനെ
കുങ്കുമത്തിൽ കലരുമ്പോൾ
പച്ചപ്പാടത്ത്
മേയാൻ പോയ
എന്റെ തങ്കക്കുടങ്ങളേയെന്ന്
നീട്ടിവിളിച്ച്
നീയോടിയോടി വരുന്നത്
കേൾക്കാമെനിക്ക്
കൂട്ടത്തിൽ കുറുമ്പനായവന്റെ
നെറ്റിയിൽ തൊടാൻ
കുറുക്കിയ ചായത്തിൽ
കണ്ണീരു കലരുന്നത്
കാണാമെനിക്ക്

ചിത്രകാരീ,
വേറെ വഴിയില്ലാത്തതുകൊണ്ടാണു
അത്രയ്ക്ക്
അത്യാവശ്യമുള്ളതുകൊണ്ടാണു

എനിക്ക് വേണമെങ്കിൽ
പത്തര സെന്റിൽ
നീ വരഞ്ഞ ആ
രണ്ട് നില മാളികയിൽ
കയറാമായിരുന്നു
അതിന്റെയുള്ളിലെ
രഹസ്യ അറകളിലെ
നീ പോലും കാണാത്ത
പണ്ടങ്ങൾ
മോഷ്ടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
അതിസുന്ദരിയും
മദഭരിതയുമായ
മുക്കുത്തിയിട്ട
രാജകുമാരിയുടെ
അരഞ്ഞാണം
അടിച്ചെടുക്കാമായിരുന്നു
ഉമ്മ കൊടുത്തവളെ
മയക്കിക്കിടത്തി
അന്തപുരം
കൊള്ളയടിക്കാമായിരുന്നു

അതുമല്ലെങ്കിൽ
നീ വരഞ്ഞ
കരിനാഗങ്ങൾ
കാവൽ നിൽക്കുന്ന
കാവിനുള്ളിൽ കയറി
ആ മാണിക്യവുമെടുത്ത്
നാട് വിടാമായിരുന്നു

അല്ലെങ്കിൽ
നീ വരഞ്ഞ കിളികളെ
വെടിവച്ച് പിടിച്ച്
ചുട്ടു വിൽക്കാമായിരുന്നു
നീ വളർത്തിയ
മഹാഗണികൾ
വെട്ടി വിൽക്കാമായിരുന്നു
നിന്റെ  കണ്ണനെ
കണ്ണുകുത്തിപ്പൊട്ടിച്ച്
പിച്ചയ്ക്കിരുത്തി
പണക്കാരനാകാമായിരുന്നു
അവന്റെ ഗോപികമാരെ
അടിമകളാക്കി
ചുവന്ന തെരുവുകൾക്ക്
കൈമാറാമായിരുന്നു

ചിത്രകാരീ,
ഇതൊന്നുമല്ല
നിന്റെ  എട്ടാട്ടിൻകുട്ടികളിൽ
ഒന്നിനെ ഞാനെടുക്കുന്നു
നല്ല വിലയ്ക്ക്
വിൽക്കുന്നു
നിന്ന നിൽപ്പിൽ
കാര്യം നടത്തുന്നു

ഇപ്പോൾ
ആൾത്താമസമില്ലാത്ത
എന്റെ തലയിൽ
പുതിയ വാടകക്കാർ വന്നാൽ
അവർ
തരക്കേടില്ലാത്ത
മുൻകൂർ പണം തന്നാൽ
ചിത്രകാരീ,
തീർച്ചയായും
എന്ത് വിലകൊടുത്തും
ഞാൻ നിന്റെ
ആട്ടിൻ കുട്ടിയെ
തിരിച്ച് പിടിക്കും

നിന്റെ
ചിത്രത്തിൽ
കൊണ്ട് വന്നു കെട്ടും
അപ്പോൾ
അപ്പോൾ
നീയതിനെ
മറന്നു പോയെന്ന്
പറയരുത്

പച്ചപ്ലാവിലകൾ
തീർന്ന് പോയെന്ന്
പറയരുത്

 

തിങ്കളാഴ്‌ച, ഒക്‌ടോബർ 28, 2013


സ്വപ്നഭാഷണം തപാൽമാർഗ്ഗം

വേദനയുടെ സമുദ്രത്തില്‍
കരയറിയാതെ
ഒരൊറ്റക്കണ്ണന്‍ മത്സ്യമായി
താന്‍ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാള്‍ പ്രണയിനിക്കെഴുതി

പാവപ്പെട്ടവനായ
മുക്കുവന്റെ വലയില്‍ പെട്ട്
സ്നേഹമുള്ള മീന്‍ വില്‍പ്പനക്കാരനിലൂടെ
ഊണുമേശയില്‍
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം

മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തില്‍ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തില്‍ അവള്‍ ചോദിച്ചു

തപാല്‍ സമരം തീര്‍ന്നതിന്റെ
പിറ്റേന്ന്
പഴകിയടര്‍ന്ന്
പൊളിഞ്ഞ് കീറിയ നിലയില്‍
അവള്‍ക്ക് കിട്ടിയ കത്തില്‍
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ

തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെ തന്നെയായിരിക്കും

.

(വി ആർ സുധീഷ് എഡിറ്റ് ചെയ്ത് ഷെൽവിച്ചേട്ടന്റെ മൾബറി പുറത്തിറക്കിയ മലയാളത്തിന്റെ പ്രണയകവിതകളിൽ ഉൾപ്പെട്ടത്. ഉറക്കം ഒരു കന്യാസ്ത്രീ എന്ന ആദ്യപുസ്തകത്തിലെ കവിത)

തിങ്കളാഴ്‌ച, ഒക്‌ടോബർ 14, 2013


മേഘഭോഗം


ആകാശത്തുകൂടെ പറന്നുനടന്ന
ഒരു മേഘത്തെ പിടിച്ചുകെട്ടി
ചവിട്ടിക്കുഴച്ച്
ഒരു തുണ്ടെടുത്ത്
വലിയമുലകളുണ്ടാക്കി

ഒരു തുണ്ടെടുത്ത്
ആഴത്തിൽ നാഭി
ഒരു തുണ്ടിനാൽ
ഓർമ്മയിലെ നിതംബം
തുടകൾ
കക്ഷം
കാല്പാദങ്ങൾ
കൈവിരലുകൾ
യോനി

ആഴത്തിൽ

ആഴത്തിൽ
ആഴത്തിൽ
ഭോഗിച്ചു

തളർന്ന് കിടക്കുമ്പോൾ
അതെന്റെ മേൽ പെയ്തുകൊണ്ടിരിക്കുന്നു
തോരുന്നില്ല

ഉദരത്തിൽ മഴക്കുഞ്ഞുങ്ങളെ വഹിച്ച
ഗർഭിണിയായ ഒരു പെണ്മേഘം തന്നെയായിരുന്നു അത്

തോരുന്നേയില്ല


ശനിയാഴ്‌ച, ഒക്‌ടോബർ 12, 2013


ഇത്തിക്കണ്ണിയും മരവും

അൽപ്പന്മാരും
ഭാവനാശൂന്യരും
ക്രൂരന്മാരുമായിരുന്നു
ഭാഷയിൽ എന്റെ പൂർവ്വികർ

കാടുകയറുന്നു
കാട്ടുമൂല
കാട്ടുനീതി
വെട്ടിവെളുപ്പിച്ച് തന്നെ
അവരെഴുതി

അതൊക്കെ പോകട്ടെ
ഇത്തിക്കണ്ണിയെ
ഇത്തിക്കണ്ണിയെന്ന്
വിളിച്ചതിലാണു ഏറെ സങ്കടം

^

ഇത്തിക്കണ്ണി
മാംസത്തിന്റെ മാംസം ,മജ്ജയുടെ മജ്ജ, ആത്മാവിന്റെ ആത്മാവ്. കെട്ടിപ്പിടിക്കുന്നു. ഉടലിനെ പൊതിയുന്നു. വരിഞ്ഞുമുറുക്കുന്നു. ഉമ്മ കൊടുക്കുന്നു. മുല കുടിക്കുന്നു. മടിയിൽ കിടക്കുന്നു. മാറത്ത് കുഞ്ഞുകാലാൽ ചവിട്ടുന്നു. ഇളംചോപ്പാർന്ന തൊണ്ണുകാട്ടി ചിരിക്കുന്നു. ആഴത്തിലേക്ക് കയറുന്നു. പറ്റിച്ചേരുന്നു. ഇഴുകിയൊന്നാവുന്നു. ഒരു ശരീരം. ഒരാത്മാവ്

ഇത്തിക്കണ്ണിയില്ലാത്ത മരം
മരമില്ലാത്ത ഇത്തിക്കണ്ണി

^

വിശാലമനസ്ക്കരും
ഭാവനാശാലികളും
ദയാലുക്കളുമായിരിക്കും
ഭാഷയിൽ എന്റെ പിൻഗാമികൾ

പരത്തി പരത്തി നുണ പറയുന്നതിനെ
അവർ നാടുകയറുന്നു എന്ന് പറയും
ആർത്തിയും പകയും നിറഞ്ഞവർ
ഓടിച്ചെന്ന് ക്യൂ നിൽക്കുന്നിടത്തെ
നാട്ടുമൂലയെന്ന് വിളിക്കും
മനുഷ്യരേയും മ്യഗങ്ങളേയും ഒന്നാക്കുന്നതിനെ
നാട്ട്നീതിയെന്ന് ഉപമിക്കും
വെളുപ്പിക്കുകയെന്നാൽ
ഇല്ലാതാക്കലാണു എന്നെഴുതും

ഉറപ്പായും
ഇത്തിക്കണ്ണിയെ

ഇത്തിക്കണ്ണിയെന്ന് വിളിക്കും